This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലാഹു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലാഹു

Allah

സര്‍വശക്തനായ ദൈവത്തിന് അറബിഭാഷയില്‍ നല്കപ്പെട്ടിട്ടുള്ള പേര്. ഈ നാമം 'അല്‍', 'ഇലാഹ്' എന്നീ പദങ്ങള്‍ യോജിച്ചുണ്ടായതാണ്. സര്‍വഗുണങ്ങളും ഒത്തുചേര്‍ന്ന ദൈവത്തിന്റെ സ്വയംഭൂവായ നാമമാണ് ഇതെന്ന് ഇസ്ലാംമതഭക്തര്‍ വിശ്വസിക്കുന്നു. ഇസ്ലാമിന്റെ ഉദയത്തിനു മുന്‍പുതന്നെ അറബികള്‍ അല്ലാഹുവെന്ന സര്‍വാധിപതിയായ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. അതോടൊപ്പം പല ഉപദൈവങ്ങളിലും അവര്‍ വിശ്വസിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തിരുന്നു; ഇതിനെ പാടെ തുടച്ചുനീക്കിക്കൊണ്ടാണ് ഇസ്ലാം ഉദയം ചെയ്തത്. ദൈവം ഏകനാണെന്നും അവന്‍ (അല്ലാഹു) ഒഴികെ ആരാധനയ്ക്കര്‍ഹനായി മറ്റൊരു വ്യക്തിയില്ലെന്നും അവന്റെ സന്ദേശവാഹകനാണ് മുഹമ്മദു നബിയെന്നുമുള്ളതാണ് ഇസ്ലാമിക വിശ്വാസപ്രമാണങ്ങളില്‍ പ്രഥമവും പ്രധാനവുമായത്.

അല്ലാഹുവിനെ ഖുര്‍ആനില്‍ ഇപ്രകാരം വിവരിക്കുന്നു: അവന്‍ അല്ലാഹുവാണ്; ഏകനാണ്; അഭയം നല്കുന്നവനും നിരാശ്രയനും അല്ലാഹു മാത്രമാകുന്നു. അവനു സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടെ സന്താനവും അല്ല. അവനു തുല്യനായി ആരുംതന്നെ ഇല്ല (112 : 1-4). സൂറത്തുല്‍ ഫാതിഹയില്‍ പരമകാരുണികനും കരുണാനിധിയും സര്‍വലോകപരിപാലകനും പ്രതിഫലം നല്കപ്പെടുന്ന ദിവസത്തിന്റെ നാഥനുമായ അല്ലാഹുവിനു എല്ലാ സ്തുതിയും (1 : 1-3).

ആയത്തുല്‍കുര്‍സിയില്‍ പ്രസ്താവിക്കുന്നു: അല്ലാഹു, അവനല്ലാതെ ഒരു ദൈവവും ഇല്ല. നിത്യമായി ജീവിക്കുന്നവന്‍; സ്വയം നിലനില്ക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കയില്ല. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാകുന്നു. തന്റെ അനുമതികൂടാതെ അവന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ആരുണ്ട്. മനുഷ്യരുടെ മുന്‍പിലുള്ളതും പിന്നിലുള്ളതുമെല്ലാം അവനറിവുണ്ട്. അവന്റെ അറിവില്‍ ഉള്ള ഒരു കാര്യവും അവന്‍ ഉദ്ദേശിച്ചതല്ലാതെ, മനുഷ്യന്‍ അറിയുകയില്ല. അവന്റെ സിംഹാസനം ആകാശഭൂമികള്‍ ഉള്‍ ക്കൊള്ളുന്നതാണ്. അവയുടെ സംരക്ഷണം അവന് ഒരു ഭാരമായിരിക്കുന്നില്ല. അവന്‍ അത്യുന്നതനാണ്, മഹാനാണ് (2 : 255).

സൂറത്തുയാസീനില്‍ അല്ലാഹുവിനെപ്പറ്റി ഇപ്രകാരം പറയുന്നു: ആകാശഭൂമികളെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ ഈ മനുഷ്യര്‍ക്കു തുല്യരായ മനുഷ്യരെ സൃഷ്ടിക്കുവാന്‍ കഴിവുള്ളവനല്ലെന്നോ? അതേ, അവന്‍ സൃഷ്ടിക്കുവാന്‍ വളരെയേറെ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.

ഒരു കാര്യം ഉദ്ദേശിച്ചാല്‍ 'ഉണ്ടാകുക' എന്നു കല്പിക്കുക മാത്രമാണ് അവന്‍ ചെയ്യുന്നത്; ഉടനെ അതുണ്ടായിത്തീരുന്നു. ആ സ്ഥിതിക്ക് എല്ലാ വസ്തുക്കളുടെയും ആധിപത്യം ആരില്‍ സ്ഥിതിചെയ്യുന്നുവോ ആരുടെയടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുമോ, അവന് സ്തുതി (36: 81-83).

അല്ലാഹുവിന്റെ അസ്തിത്ത്വത്തെപ്പറ്റി അഗാധമായി ചിന്തിക്കുവാന്‍ നബിയും അനുയായികളും ഉദ്യമിച്ചില്ല; അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിക്കുവാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ സദാ കാണുന്നുണ്ടെന്നുള്ള ദൃഢവിശ്വാസം മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കുമെന്നതു നിര്‍വിവാദമാണ്. ഈ വിശ്വാസമായിരുന്നു നബിയുടെയും ആദ്യകാല മുസ്ലിങ്ങളുടെയും മാതൃകാപരമായ ജീവിതത്തിനും വിജയത്തിനും കാരണമായിത്തീര്‍ന്നത്.

മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിതസൗഭാഗ്യത്തിന് നിദാനമായ ഉപദേശങ്ങള്‍ നല്കുവാനായി അല്ലാഹു നിരവധി പ്രവാചകന്മാരെ പല കാര്യങ്ങളിലായി നിയോഗിച്ചു. ആദ്യമനുഷ്യനായ ആദം ആദ്യപ്രവാചകനും മുഹമ്മദു നബി അന്ത്യപ്രവാചകനുമാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. പ്രവാചകന്മാര്‍ക്ക് ദൈവസന്ദേശം എത്തിക്കുന്നതിനും പ്രപഞ്ചത്തിലെ വിവിധ പരിപാടികള്‍ നയിക്കുന്നതിനും അല്ലാഹു 'മലക്കു'കളെ സൃഷ്ടിച്ചു. മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനായി ദിവ്യസന്ദേശങ്ങള്‍ മലക്കുകള്‍ മുഖേന നബിമാര്‍ക്ക് എത്തിച്ചു. അല്ലാഹു മനുഷ്യനായി അവതരിക്കുകയോ, മനുഷ്യന്‍ ദൈവമായി ഉയര്‍ത്തപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഇസ്ലാംമതം പഠിപ്പിക്കുന്നു. അല്ലാഹു അന്ത്യദിനത്തിന്റെ നാഥനാണ്. മനുഷ്യരുടെ പ്രവൃത്തിയുടെ ഗുണദോഷഫലങ്ങള്‍ അനുഭവിക്കുവാന്‍വേണ്ടി സ്വര്‍ഗവും നരകവും അല്ലാഹു സൃഷ്ടിച്ചു. മരണാനന്തരജീവിതത്തെപ്പറ്റിയും ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുണ്ട്.

അല്ലാഹുവിലും മുഹമ്മദുനബിയുടെ ദൗത്യത്തിലും ഉള്ള വിശ്വാസം മുസ്ലിങ്ങളുടെ മൗലികവിശ്വാസമാണ്. ലാ ഇലാഹ് ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് (അല്ലാഹുവല്ലാതെ മറ്റൊരു ദൈവം ഇല്ല. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ് എന്നാണ് ഇതിന്റെ അര്‍ഥം). മുസ്ലിങ്ങള്‍ ദൈവത്തെ സദാ ഓര്‍ക്കുന്നുണ്ട്. ബിസ്മില്ലാഹിര്‍ റഹ്‍മാനിര്‍ റഹിം (കരുണാനിധിയും ദീനദയാലുവുമായ ദൈവത്തിന്റെ പേരില്‍) എന്നു പറയാതെ മുസ്ലിങ്ങള്‍ ഒരു പ്രവൃത്തിയും തുടങ്ങാറില്ല. ഇന്‍ഷാ അല്ലാഹു (ദൈവേച്ഛ അങ്ങനെയാണെങ്കില്‍) എന്ന പദം മുസ്ലിങ്ങള്‍ സാധാരണയായി പ്രയോഗിക്കാറുണ്ട്. അതുപോലെതന്നെ ഉപയോഗിക്കുന്ന ഒരു വാക്യമാണ് അല്ലാഹു അക്ബര്‍ (അല്ലാഹു ഏറ്റവും ഉന്നതന്‍). ഇതാണ് തക്ബീര്‍.

(പ്രൊഫ. കാദിറുണ്ണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B9%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍