This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലാപ്രൈമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്ലാപ്രൈമ

Alla Prima

ഒരിക്കല്‍ നിറംപിടിപ്പിച്ച സ്ഥാനത്ത് വീണ്ടും സ്പര്‍ശിച്ചു നിറം കൂട്ടുകയോ കുറയ്ക്കുകയോ മിനുസപ്പെടുത്തുകയോ ചെയ്യാതെ ഒറ്റ ഇരുപ്പില്‍ത്തന്നെ ചിത്രം പൂര്‍ത്തിയാക്കുന്ന രചനാസമ്പ്രദായം. ഇറ്റാലിയന്‍ഭാഷയില്‍ അല്ലാ പ്രൈമ (Alla Prima) എന്ന സമസ്തപദത്തിന് ഒന്നാമതായി എന്നേ അര്‍ഥമുള്ളു. വരയ്ക്കുവാനുള്ള പ്രതലത്തില്‍ അടിസ്ഥാനവര്‍ണലേപനം ചെയ്യുകയോ വരയ്ക്കുവാനുള്ള ചിത്രത്തിന്റെ രൂപരേഖ അടയാളപ്പെടുത്തുകയോ ചെയ്യാതുള്ള ഈ സമ്പ്രദായം ഒരു വികലതയോ ചാപല്യമോ ആയി മാത്രമേ 18-ാം ശ. വരെ കരുതപ്പെട്ടിരുന്നുള്ളു. എന്നാല്‍ 19-ാം ശ.-ത്തിനുശേഷം ഛായാചിത്രരചനയിലെ ഒരു പ്രസ്ഥാനമായി ഈ സമ്പ്രദായത്തിനു യൂറോപ്പില്‍ അംഗീകാരം ലഭിച്ചു. ആദ്യം ഇറ്റലിയിലും പിന്നീട് ഫ്രാന്‍സിലും തുടര്‍ന്നു യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും ഈ സമ്പ്രദായത്തിനു പ്രചാരമുണ്ടായി. ഈ ചിത്രരചനാപ്രസ്ഥാനം ഇറ്റലിയില്‍ രൂപംകൊണ്ടതുകൊണ്ട് ഇറ്റാലിയന്‍ഭാഷയിലെ 'അല്ലാപ്രൈമ' എന്ന പ്രയോഗം തന്നെ പേരായി വന്നു. ഫ്രാന്‍സ്ഹള്‍സ് 1633-ല്‍ വരച്ച ദി അണ്‍നോണ്‍ മാന്‍ (The Unknown Man), എഡ്വേര്‍ഡ് മാനെ 1879-ല്‍ വരച്ച ദ് വെയിട്രസ് (The Waitress), വിന്‍സെന്റ് വാന്‍ഗോഗ് 1889-ല്‍ വരച്ച ഒരു ചെവി അറുത്തുമാറ്റപ്പെട്ട നിലയിലുള്ള ഇദ്ദേഹത്തിന്റെ സ്വന്തം ചിത്രം എന്നിവ അല്ലാപ്രൈമയ്ക്ക് ഉദാഹരണങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍