This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്മായര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്മായര്‍

വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങള്‍. ക്രൈസ്തവസഭയില്‍ പൗരോഹിത്യത്തിന്റെ അടയാളം (പട്ടം-tonsure) കെട്ടിയവരെല്ലാം വൈദികരും അല്ലാത്തവര്‍ അല്മായരും ആയി കണക്കാക്കപ്പെടുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മാമോദീസാ (baptism) എന്ന വിശുദ്ധകര്‍മത്തിനോ തത്തുല്യാചാരങ്ങള്‍ക്കോ വിധേയരായശേഷം സഭയില്‍ അച്ചടക്കം പാലിച്ചു ജീവിക്കുന്ന അവൈദികര്‍, വിശ്വാസലംഘനത്താല്‍ സ്വയം 'മഹറോന്‍' എന്ന ബഹിഷ്കരണ നടപടിക്കു വിധേയരാവുകയോ അധികൃതരാല്‍ സഭാഭ്രഷ്ടരാക്കപ്പെടുകയോ ചെയ്യാത്തിടത്തോളം കാലം അല്മായപദവിക്കു യോഗ്യരാകുന്നു. സംസാരഭാഷയില്‍ അല്മായരെ അയ്മേനികള്‍, അല്‍മേനികള്‍ എന്നെല്ലാം പറയാറുണ്ട്.

ക്രൈസ്തവസഭയുടെ ആരംഭകാലങ്ങളില്‍ അല്മായരും വൈദികരും തമ്മില്‍ പ്രകടമായ സ്ഥാനവ്യത്യാസം ഉണ്ടായിരുന്നില്ല. ഏഴാം ശ. മുതല്‍ അവര്‍ വൈദികര്‍ക്കു താഴെയാണെന്ന ചിന്തയുടെ സൂചനകള്‍ പ്രകടമായിത്തുടങ്ങി. എങ്കിലും മെത്രാന്‍മാരുടെ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ അല്മായര്‍ ശ്രമിച്ചതിനെപ്പറ്റിയുള്ള ചരിത്രരേഖകള്‍ നിലവിലുണ്ട്. സഭയും രാഷ്ട്രവും (Church and State) തമ്മിലുള്ള ഉരസലുകള്‍ വൈദിക-അവൈദിക വിഭാഗചിന്താഗതിയുമായി പരോക്ഷമായി ബന്ധപ്പെട്ടിരുന്നു. സഭാവസ്തുക്കള്‍ കൈയടക്കാന്‍ രാജ്യഭരണാധികാരികളും രാഷ്ട്രത്തിന്റെമേല്‍ സമ്മര്‍ദം ചെലുത്താന്‍ സഭാധികാരികളും ശ്രമിച്ചിരുന്നു. എങ്കിലും പൊതുവേ സഭയുമായി രമ്യതയില്‍ കഴിയാനാണ് അല്മായര്‍ ശ്രമിച്ചുവന്നത്.

9-12 വരെയുള്ള ശ.-ങ്ങളില്‍ വൈദികരാണ് ലത്തീന്‍ഭാഷ കൈകാര്യം ചെയ്തിരുന്നത്. ലത്തീന്‍ പഠിച്ചിരുന്നവരെ മാത്രം അഭ്യസ്തവിദ്യരായി കണക്കാക്കിയിരുന്ന അക്കാലത്ത് വിദ്യാഭ്യാസമണ്ഡലം പൊതുവേ വൈദികരുടെ കൈവശമായിരുന്നു. അല്മായരുടെ വിദ്യാഭ്യാസക്കുറവും സാമ്പത്തിക പരിമിതികളും സഭാകാര്യങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതില്‍ നിന്നും അവരെ അകറ്റിനിര്‍ത്തി. മതപ്രസംഗത്തിന് അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. 12-ാം ശ.-ത്തോടുകൂടി നിയമം, വൈദ്യശാസ്ത്രം എന്നിവയില്‍ അല്മായര്‍ പ്രാവീണ്യം സമ്പാദിച്ചുതുടങ്ങി. കൂടാതെ കാനോന്‍ നിയമങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അവര്‍ക്ക് അനുവാദം ലഭിച്ചു. ആദ്യകാല സഭാപിതാക്കന്മാര്‍ (Fathers of the Church) ആയ സിപ്രിയന്‍, ബാസില്‍, ഗ്രിഗറി, ജെറോം, അഗുസ്തീനോസ് മുതലായ വിശുദ്ധന്മാര്‍ അല്മായരായിട്ടാണ് ദൈവശാസ്ത്രപഠനം ആരംഭിച്ചത്. അല്മായരുടെ വിദ്യാഭ്യാസപുരോഗതി, വിവിധ ദര്‍ശനശാഖകളുടെ വളര്‍ച്ച, യൂറോപ്യന്‍ നവോത്ഥാനം, യുദ്ധങ്ങള്‍ എന്നിവ 1300-നും 1500-നും ഇടയ്ക്കുള്ളകാലത്തെ അവരുടെ അവകാശാധികാരങ്ങളില്‍ പരിവര്‍ത്തനം ഉളവാക്കി. വൈദികനോടുചേര്‍ന്ന് അല്മായരും ബലിയര്‍പ്പിക്കുന്നു എന്ന് പീറ്റര്‍ ഡാമിയന്‍ സിദ്ധാന്തിച്ചു. 'അല്മായര്‍ അടങ്ങിയ സഭയാകുന്ന ശരീരത്തിന്റെ തലയാണ് ക്രിസ്തു; സഭയുടെ മണവാളനാണ് ക്രിസ്തു' എന്നിങ്ങനെയുള്ള ചിന്താഗതികള്‍ക്കും പ്രാബല്യം സിദ്ധിച്ചു. 20-ാം ശ.-ത്തില്‍ അല്മായര്‍ക്കായി ഒരു ദൈവശാസ്ത്രം തന്നെ കെട്ടിപ്പടുക്കാന്‍ ശ്രമം ഉണ്ടായി.

കേരളത്തില്‍, ക്രൈസ്തവസഭയുടെ ആദ്യകാലങ്ങളില്‍ പൗരോഹിത്യം ചില കുടുംബങ്ങളുടെ മാത്രം കുത്തകയായിരുന്ന കാലഘട്ടത്തില്‍ ആ കുടുംബാംഗങ്ങളായ അല്മായര്‍ക്കു ഗണ്യമായ സ്ഥാനം സഭയുടെ ഭരണകാര്യങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നു കത്തോലിക്ക-പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളെ അപേക്ഷിച്ച് പ്രോട്ടസ്റ്റന്റ് സഭകളില്‍ അല്മായര്‍ക്കു പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നു. ആരാധന, മതപ്രസംഗം, ഭരണകാര്യങ്ങള്‍ മുതലായവയില്‍ പ്രോട്ടസ്റ്റന്റ് സഭകളില്‍ അല്മായര്‍ താരതമ്യേന ഇന്നു വലിയ പങ്ക് വഹിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍