This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലോപ്പതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലോപ്പതി

Allopathy

ഒരു ചികിത്സാസമ്പ്രദായം. ഓരോ രോഗവും ശരീരത്തില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. വേണ്ടവിധം ചികിത്സിച്ച് ഈ ലക്ഷണങ്ങളെ മാറ്റുകയും പകരം രോഗസംക്രമണത്തിനെതിരായ ഒരവസ്ഥ ശരീരത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്ന ചികിത്സാരീതികളില്‍ ഒന്നാണ് അലോപ്പതി. രോഗകാരണങ്ങള്‍ കണ്ടുപിടിച്ച് അവയെ ഇല്ലാതാക്കുന്നതിനുവേണ്ട ചികിത്സകള്‍ നടത്തി രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാക്കുന്ന ഈ ചികിത്സാരീതിയില്‍ രോഗാണുവിജ്ഞാനീയം, ആന്റിബയോട്ടിക്സ്, എന്‍ഡോക്രൈനോളജി മുതലായ ചില നവീനസരണികളും ശസ്ത്രക്രിയയും അനുക്രമം വികാസം പ്രാപിച്ചുവന്നു.

ചരിത്രം.ആദിമജനതയുടെ ചികിത്സാരീതികള്‍ ചില ലഘുതത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അവര്‍ ചികിത്സകളെല്ലാംതന്നെ മാന്ത്രികവിദ്യ വഴിയോ പ്രായോഗിക പരിജ്ഞാനം വഴിയോ ആണ് നടത്തിയിരുന്നത്. എണ്ണ ഉപയോഗിച്ചുള്ള തിരുമ്മല്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. വയറിളക്കാനും ഛര്‍ദിപ്പിക്കാനുമുള്ള ഔഷധങ്ങളും അന്ന് നിലവിലിരുന്നു.

ഈജിപ്ഷ്യന്‍ ചികിത്സാരീതി ഒരു കാലത്ത് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നതായിക്കാണുന്നു. ആരോഗ്യരക്ഷ, ആഹാരരീതി എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയവരായിരുന്നു അന്നത്തെ വൈദ്യന്മാര്‍. തേന്‍, ഉപ്പ്, സ്നേഹദ്രവ്യങ്ങള്‍, തലച്ചോറ്, കരള്‍, ഹൃദയം, മൃഗങ്ങളുടെ രക്തം തുടങ്ങിയവയാണ് ഔഷധങ്ങളായി ഉപയോഗപ്പെടുത്തിയിരുന്നത്.

മെസപ്പൊട്ടേമിയയിലും ചികിത്സാരീതികള്‍ വളരെ അഭിവൃദ്ധിപ്പെട്ടിരുന്നു. ഭൂതപ്രേതാദികളാണ് രോഗകാരണങ്ങള്‍ എന്നായിരുന്നു അവരുടെ വിശ്വാസം. കടുക്, കായം, ടര്‍പെന്റയിന്‍, ആവണക്കെണ്ണ മുതലായവ അവര്‍ ഔഷധങ്ങളായി ഉപയോഗിച്ചുവന്നു.

ഇന്ത്യയിലാകട്ടെ, വൈദികകാലം തൊട്ടുതന്നെ ശാസ്ത്രീയവും സമ്പന്നവുമായൊരു വൈദ്യശാസ്ത്രം നിലവിലുണ്ടായിരുന്നു. ശസ്ത്രക്രിയയില്‍പ്പോലും അത് മറ്റു രാജ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായിരുന്നിട്ടുണ്ട്. 15-ഉം, 16-ഉം ശ. വരെ ആരോഗ്യരക്ഷയ്ക്ക് ഭാരതം ആശ്രയിച്ചുവന്നതും ഇതിനെ മാത്രമായിരുന്നല്ലോ. നോ: ആയുര്‍വേദം

യൂറോപ്പില്‍ ആദ്യമായി ശാസ്ത്രീയമായ ചികിത്സ തുടങ്ങിയത് ഗ്രീസിലാണ്. മെസപ്പൊട്ടേമിയയില്‍നിന്നു ശരീരഘടനയെക്കുറിച്ചുള്ള പരിജ്ഞാനം നേടാനും ശാസ്ത്രീയാടിസ്ഥാനത്തില്‍ അവയെ വളര്‍ത്താനും ഗ്രീസിലെ ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞു. പേര്‍ഷ്യയില്‍നിന്നും ഇന്ത്യയില്‍ നിന്നും ഗ്രീസിന് പല ചികിത്സാപദ്ധതികളും ലഭിച്ചിട്ടുണ്ട്. പലയിടത്തുനിന്നും ഗ്രീസിനു ലഭ്യമായ വിജ്ഞാനം ഒരു ശാസ്ത്രശാഖയായി അഭിവൃദ്ധി പ്രാപിച്ചു. ബി.സി. 5-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റിസ് ആണ് യവനചികിത്സാസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഹിപ്പോക്രാറ്റിസിന്റെ പ്രതിജ്ഞ (Hippocratic oath) പ്രസിദ്ധമാണ്. അതനുസരിച്ച് വൈദ്യന്‍ തന്റെ ഗുരുവിനെ അച്ഛനായും അദ്ദേഹത്തിന്റെ മക്കളെ സഹോദരീസഹോദരന്മാരായും ഗണിക്കണം; ഗുരുവിന് വൈദ്യന്‍ ആപത്തില്‍ ഉപകരിക്കണം; തന്റെ വിദ്യ അന്യരിലേക്കു പകരണം; വൈദ്യന്‍ കൊടുക്കുന്ന ഔഷധം ആര്‍ക്കും ദോഷത്തിനു കാരണമാകരുത്; മാരകൌഷധങ്ങള്‍ കൊടുക്കാന്‍ പാടില്ല. ശസ്ത്രക്രിയയില്‍ അതിനിപുണനായിരുന്ന ഹിപ്പോക്രാറ്റിസിന്റെ ചികിത്സാരീതി ആധുനികപദ്ധതികളുമായി അദ്ഭുതകരമായ സാധര്‍മ്യം വഹിക്കുന്നു.

ഹിപ്പോക്രാറ്റിക് പരമ്പരയിലെ വൈദ്യന്മാര്‍ ഒരു ശാഖയിലും പ്രത്യേക പരിജ്ഞാനം നേടിയിരുന്നില്ല. അവര്‍ ശരീരത്തിനു സ്വയം രോഗവിമുക്തമാകുവാനുള്ള പ്രത്യേക കഴിവ് മനസ്സിലാക്കി ചില്ലറ ഔഷധങ്ങള്‍, പഥ്യം മുതലായവ നിര്‍ദേശിക്കുന്നതല്ലാതെ കടുത്ത ഔഷധങ്ങള്‍ നല്കാറില്ല. ഹിപ്പോക്രാറ്റിസിന്റെ പല തത്ത്വസംഹിതകളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലുകളായി നിലകൊള്ളുന്നു.

ഹിപ്പോക്രാറ്റിസിനുശേഷം ഗ്രീക് വൈദ്യന്മാരില്‍ പ്രമുഖന്‍ അരിസ്റ്റോട്ടലായിരുന്നു. മൂന്നു 'ഹ്യൂമറു'കളുടെ (രക്തം, കഫം, പിത്തം) ഒരു സങ്കരമാണു ശരീരമെന്നും ഇവയുടെ സമനില രോഗമില്ലായ്മയും അസമനില രോഗവുമാണെന്നും അദ്ദേഹം സമര്‍ഥിച്ചു.

അരിസ്റ്റോട്ടലിനുശേഷം അലക്സാണ്ട്രിയ ഒരു വൈദ്യശാസ്ത്രകേന്ദ്രമായി മാറി. അവിടത്തെ ആചാര്യന്മാരില്‍ ഒരാളായ ഹീറോഫിലിസ് ശരീരഘടനാവിജ്ഞാനീയ(Anatomy)ത്തിന്റെയും ഇറാസിസ്ട്രാറ്റസ് ശരീരക്രിയാവിജ്ഞാനീയ(Physiology)ത്തിന്റെയും ജനയിതാക്കളാണെന്നു കരുതപ്പെടുന്നു. യൂറോപ്പില്‍ മനുഷ്യശരീരം പരസ്യമായി ആദ്യം ശസ്ത്രക്രിയാവിധേയമാക്കിയത് ഹീറോഫിലിസ് ആയിരുന്നു (ശവം കീറി പരിശോധിച്ചു പഠിക്കാനും പല ഉയര്‍ന്ന ശസ്ത്രക്രിയകള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ ഭാരതത്തില്‍ ബി.സി. 5-ാം ശതകത്തില്‍ത്തന്നെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ സുശ്രുതസംഹിതയെ ഉദ്ധരിച്ച് അഭിപ്രായപ്പെടുന്നു; ഹീറോഫിലിസിന് സു. 300 വര്‍ഷം മുന്‍പ്). മസ്തിഷ്കം സിരാകേന്ദ്രമാണെന്നും നാഡികള്‍ പ്രജ്ഞാവാഹി (sensory), ചേഷ്ടാവാഹി (motor) എന്നിങ്ങനെയും, രക്തധമനികള്‍ ധമനി (artery), സിര (vein) എന്നിങ്ങനെയും രണ്ടുതരം വീതമുണ്ടെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

മധ്യകാലഘട്ടത്തിലെ വൈദ്യശാസ്ത്രചരിത്രത്തില്‍ കഴിഞ്ഞകാലരീതികളെ മുറുകെപ്പിടിക്കുന്നവരായിരുന്നു കൂടുതല്‍ വൈദ്യന്മാരും. എന്നാല്‍ അപൂര്‍വം ചിലര്‍ പുതിയ ചിന്താസരണികളവലംബിച്ചു പുതുമകള്‍ തേടി പുറപ്പെട്ടു. റോജര്‍ ബേക്കണും (1220-92) ആല്‍ബര്‍ട്ട്സ് മാഗ്നസും (1192-1280) ഈ ഘട്ടത്തില്‍ വൈദ്യശാസ്ത്രത്തെ വളരെയധികം സ്വാധീനിച്ചിട്ടുള്ള രണ്ടു വ്യക്തികളാണ്. സ്വന്തം പരീക്ഷണനിരീക്ഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന അനുമാനങ്ങളായിരുന്നു ഇവര്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുത്തത്. ഇറ്റലിയായിരുന്നു ഈ പുതിയ ചിന്താഗതിയുടെ പ്രഭവസ്ഥാനം. സ്വയം ശസ്ത്രക്രിയ നടത്തി അനുമാനങ്ങളിലെത്തിച്ചേര്‍ന്ന മോണ്ടിനോ ദെ ലൂസ്സി (1207?-1326) ബൊളോഞ്ഞയില്‍ വൈദ്യശാസ്ത്രാധ്യാപകനായിരുന്നു. ശരീരഘടനാശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രായോഗികഗ്രന്ഥം ഇദ്ദേഹത്തിന്റേതാണ് (1316). സ്വന്തം അനുഭവനിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി ഗ്രന്ഥരചന നടത്തിയ മറ്റൊരു സമര്‍ഥനായ ഭിഷഗ്വരനും ശസ്ത്രക്രിയാവിദഗ്ധനുമായിരുന്നു ഗിദേ ഷോളിക് (1300-68). അദ്ദേഹത്തിന്റെ ദ് ഗ്രേറ്റ് സര്‍ജറി എന്ന ഗ്രന്ഥം ശസ്ത്രക്രിയയുടെ പുരോഗതിയില്‍ അസാമാന്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

വൈദ്യശാസ്ത്രത്തില്‍ നവോത്ഥാനത്തിന്റെ സമ്മര്‍ദം മുഴുവനായി അനുഭവപ്പെട്ടു തുടങ്ങിയത് 14-ാം ശ.-ത്തോടെയായിരുന്നു. വൈദ്യശാസ്ത്രത്തില്‍ പരിഷ്കാരമുണ്ടാക്കണം എന്ന് ആഗ്രഹിച്ചവര്‍ ശരീരശാസ്ത്രത്തെയും ശരീരഘടനാശാസ്ത്രത്തെയുമാണ് ആദ്യമായി ശ്രദ്ധിച്ചുതുടങ്ങിയത്.

ശരീരഘടനാശാസ്ത്രപഠനത്തില്‍ വെസേലിയസ് (1514-64) എന്ന മഹാന്റെ നാമം അവിസ്മരണീയമാണ്. ഇദ്ദേഹത്തിന്റെ ഓണ്‍ ദ് ഫാബ്രിക് ഒഫ് ഹ്യൂമന്‍ ബോഡി എന്ന ശരീരഘടനാശാസ്ത്രഗ്രന്ഥം ചരിത്രത്തില്‍ ആദ്യമായി ഗാലന്റെ (എ.ഡി. 130-200) തെറ്റുകള്‍ സധൈര്യം ചൂണ്ടിക്കാട്ടി. അന്നുവരെ ഗാലന്റെ അഭിപ്രായങ്ങളില്‍നിന്നും വ്യതിചലിക്കുവാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. ഗബ്രിയേല്‍ ഫലോപ്പിയസ് (1523-62), ഹൈറോനിമസ് ഫബ്രീഷിയസ് (1537-1619) എന്നിവര്‍ വെസേലിയസ് തുടങ്ങിവച്ച പാതയിലൂടെ വളരെദൂരം മുന്നോട്ടു പോയി. ഹൈറോനിമസ് ഫബ്രീഷിയസ് സിരകളിലെ വാല്‍വുകളെക്കുറിച്ചു നടത്തിയ പഠനങ്ങളില്‍ (De Venarum Ostiolis 1603) നിന്നാണ് വില്യം ഹാര്‍വി രക്തചംക്രമണത്തെ(blood circulation)ക്കുറിച്ച് ബോധവാനായത്. ശരീരഘടനാശാസ്ത്രത്തില്‍ ഇപ്രകാരമുണ്ടായ പുതിയ വീക്ഷണഗതികളില്‍നിന്നും മുതലെടുത്തതു മുഴുവന്‍ ശസ്ത്രക്രിയാവിഭാഗമായിരുന്നു. നാല് ഫ്രഞ്ച് രാജാക്കന്മാരുടെ ഭിഷഗ്വരനായിരുന്ന അംബ്രോയ് പാറെ (1510-90) എന്ന ശസ്ത്രക്രിയാവിദഗ്ധന്‍ 'ആധുനികശസ്ത്രക്രിയയുടെ പിതാവ്' എന്നറിയപ്പെടുന്നു. 30 വര്‍ഷം പട്ടാളസേവനം നടത്തിയ പാറെ പട്ടാളക്കാര്‍ക്കു വെടിയുണ്ടകളേറ്റുണ്ടായ മുറിവുകളിലും പൊള്ളലുകളിലുംനിന്ന് ആശ്വാസം നല്കാന്‍ തക്കവിധമുള്ള ബാന്‍ഡേജുകള്‍ കെട്ടിക്കൊടുത്തിരുന്നു. രോഗികളുടെ ശുശ്രൂഷയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചുതുടങ്ങിയത് ഇദ്ദേഹമാണ്. ഈ കാലയളവില്‍ത്തന്നെ തെര്‍മോമീറ്ററും കണ്ടുപിടിക്കപ്പെട്ടു (1731). സാങ്ക്റ്റോറിയസ് (1561-1636) എന്ന ഭിഷഗ്വരന്‍ ശരീരത്തിലെ ഉപാപചയക്രിയ(Metabolism)കളുടെ പഠനത്തിന് അടിസ്ഥാനമിട്ടു.

രോഗികള്‍ക്കു സസ്യൗഷധങ്ങള്‍ക്കു പകരം രസതന്ത്രപരമായ ഔഷധങ്ങള്‍ കൊടുത്തു തുടങ്ങിയ പാരാസെല്‍സസ് (1490-1541) നവോത്ഥാനവൈദ്യചരിത്രത്തിലെ മറക്കാന്‍ പാടില്ലാത്ത ഒരു വ്യക്തിയാണ്. സാംക്രമികരോഗങ്ങളെക്കുറിച്ചും സിഫിലിസിനെക്കുറിച്ചും പഠനങ്ങള്‍ നടത്തിയ ഫ്രക്കാസ്റ്ററോ (1478-1553) എന്ന ഭിഷഗ്വരന്റെ ആശയങ്ങള്‍ അദ്ഭുതകരമാംവിധം ആധുനികങ്ങളായിരുന്നു. പല രോഗങ്ങളുടെയും വളരെ ചെറിയ വിത്തുകള്‍ സ്പര്‍ശനം മൂലമോ വായുവിലൂടെയോ പകരുന്നവയാണെന്ന് ഇദ്ദേഹം കരുതിയിരുന്നു.

16-ാം ശ.-ത്തില്‍ വൈദ്യശാസ്ത്രത്തിനു ഗണ്യമായ പുരോഗതിയുണ്ടായി. ഈ പുരോഗതിക്കു കാരണം പലയിടത്തും പടര്‍ന്നുപിടിച്ച സാംക്രമികരോഗങ്ങളാണ്. സാംക്രമികരോഗങ്ങളെപ്പറ്റിയുള്ള അറിവു വര്‍ധിച്ചതോടൊപ്പം പുതിയ ഔഷധങ്ങളും കണ്ടുപിടിക്കപ്പെട്ടു. ചില രോഗങ്ങള്‍ ചില കാലങ്ങളില്‍ മാത്രം ഉണ്ടാവുകയും വ്യാപിക്കുകയും ചെയ്യുമെന്നും മനസ്സിലായിത്തുടങ്ങി. രോഗസംക്രമണത്തിനുള്ള സാധ്യതകള്‍തന്നെ പഠനവിഷയമായിത്തീര്‍ന്നു; തത്ഫലമായി രോഗാണുക്കളാണ് രോഗകാരണമെന്നും കണ്ടുപിടിക്കപ്പെട്ടു. ലൂയി പാസ്ചറുടെ പേര് ഈ രംഗത്ത് അവിസ്മരണീയമാണ്.

17-ാം ശ.-ത്തിന്റെ പുതിയ സംഭാവനകള്‍ സൂക്ഷ്മദര്‍ശിനിയിലൂടെയുള്ള പരിശോധനകളും യഥാര്‍ഥ രസതന്ത്രത്തിലേക്കുള്ള പരിവര്‍ത്തനവുമായിരുന്നു. ശരീരഘടനാശാസ്ത്രവും ശരീരശാസ്ത്രവും ഇന്നത്തെ രൂപത്തിലായത് ഇതിനുശേഷം മാത്രമാണ്.

ശരീരത്തെ ഒരു യന്ത്രത്തിന്റെ രൂപത്തില്‍ വ്യാഖ്യാനിക്കാനുള്ള പ്രവണത ക്രമേണ വര്‍ധിച്ചുവന്നു. ഇവിടെ ദെക്കാര്‍ത്തെ (1596-1650) എന്ന ഫ്രഞ്ചുശാസ്ത്രകാരന്റെ സംഭാവനകളാണ് ശ്രദ്ധേയം. ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മൌലികമായി സഹായിക്കുന്നത് സിരാപടലമാണെന്ന് ഇദ്ദേഹം സ്ഥാപിക്കുകയുണ്ടായി.

ശരീരലവണങ്ങളെപ്പറ്റിയും ധാരാളം പഠനങ്ങള്‍ നടക്കുകയുണ്ടായി. അമ്ലങ്ങളും ക്ഷാരങ്ങളും കൊണ്ട് ശരീരപ്രവര്‍ത്തനങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു. ഉമിനീര്, പിത്തനീര്, ചില ഗ്രന്ഥികളിലെ സ്രവങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അറിവും ഈ കാലഘട്ടത്തില്‍ ലഭ്യമായി.

18-ാം ശ.-ത്തിലാണ് വൈദ്യവിദ്യാഭ്യാസം കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ചത്. ക്ളിനിക്കല്‍ രീതിയിലുള്ള (രോഗികളെ കിടത്തി ചികിത്സിക്കുന്ന രീതി) അധ്യാപനത്തിനു തുടക്കം കുറിച്ചത് ബോര്‍ഹാഫ് (1668-1738) എന്ന ജര്‍മന്‍ ഡോക്ടറാണ്. ഇദ്ദേഹത്തിന്റെ ശിഷ്യനായ ഹാലര്‍ (1708-77) ശ്വാസോച്ഛ്വാസം, എല്ലിന്റെ ഘടന, പിത്തനീരിന്റെ പ്രവര്‍ത്തനം, ഭ്രൂണത്തിന്റെ വളര്‍ച്ച എന്നിവയെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തി. ഏതെങ്കിലും ഉത്തേജനം (stimulus) നല്കിയാല്‍ മാംസപേശികള്‍ ചലിക്കുകയും വീണ്ടും പഴയപടി ആകുകയും ചെയ്യുമെന്ന് ഹാലര്‍ തെളിയിച്ചു. ശരീരകല(tissue)കളുടെ പ്രവര്‍ത്തനം, രക്തസമ്മര്‍ദം തുടങ്ങിയവ ഇക്കാലത്തുതന്നെ പരീക്ഷിച്ചറിഞ്ഞു. പിത്തനീരിനു ദഹനപ്രക്രിയയില്‍ കനത്ത സ്വാധീനമുണ്ടെന്ന് റൂമര്‍ (1683-1757) എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു.

വൈദ്യുതശക്തി ശരീരത്തിലുണ്ടാക്കിത്തീര്‍ക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗാല്‍വനി (1737-98) എന്ന ശാസ്ത്രകാരന്‍ പഠനങ്ങള്‍ നടത്തി. തുടര്‍ച്ചയായി വൈദ്യുതോത്തേജനം നല്കിയാല്‍ ഒരു മാംസപേശിയെ തുടരെ ചുരുക്കുവാന്‍ സാധിക്കുമെന്ന് നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ 19-ാം ശ.-ത്തില്‍ മാത്രമാണ് ചികിത്സാതന്ത്രത്തില്‍ വിദ്യുച്ഛക്തിക്കു സ്ഥാനം ലഭിച്ചത്.

സ്റ്റെതസ്കോപ്പുപോലെ രോഗനിര്‍ണയനത്തിനു വേണ്ട പരിശോധനോപകരണങ്ങള്‍ ക്രമേണ കണ്ടുപിടിക്കപ്പെട്ടു. റെനെ ലെന്നെക് (1781-1826) എന്ന ഒരു ഭിഷഗ്വരനാണ് സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് (1819). മുന്‍പ് സങ്കല്പിക്കാന്‍ പോലും സാധിക്കാതിരുന്ന ശസ്ത്രക്രിയകള്‍ ചെയ്തുതുടങ്ങിയതും 18-ാം ശ.-ത്തിലാണ്. പ്രസവസംബന്ധമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ അവ സഹായിച്ചു. ശസ്ത്രക്രിയയില്‍ ഒരു നൂതനാധ്യായം എഴുതിച്ചേര്‍ത്ത മഹാനാണ് ജോണ്‍ ഹണ്ടര്‍ (1728-93).

18-ാം ശ.-ത്തിന്റെ മധ്യത്തോടെ പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യവും മനസ്സിലായിത്തുടങ്ങി. അക്കാലത്തുതന്നെ ഇംഗ്ലണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലും അനേകം പുതിയ ആശുപത്രികള്‍ പണികഴിപ്പിക്കുകയും പഴയവ പുതുക്കുകയും ചെയ്തു.

ജെയിംസ് ലിന്‍ഡ് (1716-94) എന്ന ഒരു നാവികസേനാ ഡോക്ടറാണ് സ്കര്‍വിക്ക് ആദ്യമായി ഫലപ്രദമായ ചികിത്സ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ എ ട്രീറ്റിസ് ഓണ്‍ ദ് സ്കര്‍വി (1753) എന്ന പേരില്‍ പ്രസിദ്ധീകൃതമായി.

അക്കാലത്തു പരിശീലനം സിദ്ധിച്ച നേഴ്സുമാര്‍ ഉണ്ടായിരുന്നില്ല. ജര്‍മനിയിലെ തിയഡോര്‍ ഫില്‍ഡന്‍ ആണ് നേഴ്സുമാര്‍ക്കു പരിശീലനം നല്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് (1833). ആധുനികരീതിയിലുള്ള രോഗാതുരപരിചരണവിദ്യാലയം തുടങ്ങിയത് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മഹതിയായിരുന്നു. ശാസ്ത്രീയവും സുശിക്ഷിതവുമായ നഴ്സിങ് വൈദ്യശാസ്ത്രപുരോഗതിയിലെ ഒരു നാഴികക്കല്ലാണ്.

ആശുപത്രികളില്‍ ചികിത്സപോലെതന്നെ പ്രധാനമാണ് ശുചിത്വവും. ആധുനിക വൈദ്യശാസ്ത്രത്തില്‍ ശുചിത്വത്തിനുള്ള സ്ഥാനത്തിനു ശാസ്ത്രീയാടിസ്ഥാനം നല്കിയത് ജോസഫ് ലിസ്റ്റര്‍ (1827-1912) ആണ്. ശസ്ത്രക്രിയകളില്‍ രോഗാണുസംക്രമണം ഉണ്ടാകാതിരിക്കുന്നതിനുള്ള ഉപാധി കണ്ടുപിടിച്ചതും ഇദ്ദേഹം തന്നെ. പഴുപ്പുണ്ടാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കുകയാണ് ലിസ്റ്ററിന്റെ കണ്ടുപിടിത്തത്തിന്റെ അടിസ്ഥാനതത്ത്വം. വായുവിലും ശസ്ത്രക്രിയ ചെയ്യുന്ന ആളിന്റെ കരങ്ങളിലും ശസ്ത്രക്രിയോപകരണങ്ങളിലുംകൂടി രോഗാണുസംക്രമണം ഉണ്ടാകാമെന്ന് ഇദ്ദേഹം കണ്ടുപിടിച്ചു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍, തുണികള്‍, പഞ്ഞി മുതലായവ ചൂടു മൂലവും ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും കരങ്ങള്‍ അണുനാശകൌഷധങ്ങള്‍ മൂലവും ജീവാണുരഹിതമാക്കുന്നു. ശരീരത്തില്‍ ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗവും അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുന്നു. ലിസ്റ്ററിന്റെ ഈ കണ്ടുപിടിത്തങ്ങള്‍ വൈദ്യശാസ്ത്രപുരോഗതിയെ അദ്ഭുതകരമാംവിധം സഹായിച്ചിട്ടുണ്ട്.

കണ്ണിന്റെയും ഭ്രൂണത്തിന്റെയും ഘടനയെപ്പറ്റിയുള്ള അറിവു ലഭിച്ചത് 19-ഉം 20-ഉം ശ.-ങ്ങളിലാണ്. യൊഹാന്‍സ് മുള്ളര്‍ (1801-58) എന്ന ശാസ്ത്രജ്ഞന്റെ പഠനങ്ങള്‍ ഭ്രൂണശാസ്ത്രവളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കുകയുണ്ടായി. ഒരു സംവേദനനാഡി (sensory nerve) ഒരു തരത്തിലുള്ള ഉത്തേജനത്തെ മാത്രമേ തലച്ചോറിലെത്തിക്കുകയുള്ളു എന്നത് അവയിലൊന്നാണ്. ഈ ഉത്തേജനം മറ്റു നാഡികള്‍ക്കു നല്കിയാല്‍ അവ അവയുടെതായ സംവേദനത്തിന്റെ രൂപത്തില്‍ മാത്രം അതു തലച്ചോറിലെത്തിക്കുന്നു.

ജര്‍മന്‍ശരീരശാസ്ത്രത്തിന് അടിത്തറപാകിയ രണ്ടു പേരില്‍ ഒരാളായ ജസ്റ്റസ് ഫോണ്‍ ലൈബിഗ് (1803-73) ശരീരപ്രക്രിയകള്‍ക്കിടയില്‍ യൂറിയ എന്നൊരു വസ്തു ഉണ്ടാകുമെന്നും ശരീരോഷ്മാവിനു കാരണം ദഹനക്രിയകളാണെന്നും കണ്ടുപിടിച്ചു. വൈദ്യശാസ്ത്രത്തില്‍ പ്രായോഗികാധ്യാപനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി അത് ആദ്യമായി ആരംഭിച്ചതും ഇദ്ദേഹംതന്നെ. ശരീരം ഒരു യന്ത്രമാണെന്നും ആ യന്ത്രത്തിന്റെ ഭിന്നഭാഗങ്ങള്‍ പരസ്പരാശ്രിതങ്ങളാണെന്നും ക്ലോഡ് ബര്‍ണാഡ് (1813-78) എന്ന ഫ്രഞ്ച് ശരീരശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

സുഷുമ്നയില്‍നിന്നു പുറപ്പെടുന്ന നാഡികള്‍ സംജ്ഞാവാഹി(afferent)കളും ചേഷ്ടാവാഹി(efferent)കളും ആണെന്നു കണ്ടുപിടിച്ചത് സര്‍ ചാള്‍സ് ബെല്‍ (1774-1842) ആണ്. ഇദ്ദേഹത്തിന്റെ ന്യൂ ഐഡിയ ഒഫ് ദി അനാറ്റമി ഒഫ് ദ് ബ്രെയ് ന്‍ (1811) ഇന്നും ന്യൂറോളജിയുടെ പ്രമാണഗ്രന്ഥമായി കരുതപ്പെടുന്നു. സംജ്ഞാവാഹികള്‍ ഇന്ദ്രിയസംവേദനങ്ങളെ തലച്ചോറിലെത്തിക്കുകയും ചേഷ്ടാവാഹികള്‍ തലച്ചോറില്‍നിന്ന് ആജ്ഞകളെ അതാത് അവയവങ്ങളിലെത്തിക്കുകയും ചെയ്യുന്നു. ശരീരകലകളെക്കുറിച്ചും കോശങ്ങളെക്കുറിച്ചുമുള്ള പഠനം തുടര്‍ന്നു നടന്നു. രക്തത്തിലെ ശ്വേതകോശങ്ങള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു. രോഗാണുപഠനവും പരോപജീവികളെ(Parasites)പ്പറ്റിയുള്ള പഠനവും പ്രത്യേക ശാസ്ത്രശാഖകളായി വളര്‍ന്നു. മന്ത്, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നതു കൊതുകുകളാണെന്നും അവയ്ക്കു കാരണം ചില സൂക്ഷ്മജീവികളാണെന്നും കണ്ടുപിടിക്കപ്പെട്ടു.

ശരീരവും മനസ്സും തമ്മില്‍ അവിഭാജ്യമായ ബന്ധമുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികപ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമായി വര്‍ത്തിക്കുന്നു. രോഗം മാനസികമാണോ ശാരീരികമാണോ എന്നു നിര്‍ണയിക്കാനുള്ള കഴിവ് ആധുനിക വൈദ്യശാസ്ത്രത്തിനുണ്ട്. വൈദ്യശാസ്ത്ര പുരോഗതിയുടെ ഏറ്റവും വലിയ വിജയം രോഗകാരണം കണ്ടെത്തുവാനും രോഗം നിര്‍ണയിക്കാനുമുള്ള അതിന്റെ കഴിവാണ്. രണ്ടാം ലോകയുദ്ധത്തോടെ മനുഷ്യരാശി അണുയുഗത്തിലേക്കു കടന്നിരിക്കുന്നു. രോഗത്തോടുള്ള മനുഷ്യന്റെ പോരാട്ടചരിത്രത്തില്‍ പുതിയ പുതിയ ആന്റിബയോട്ടിക്കുകള്‍ (Antibiotics) ഉണ്ടാക്കുന്ന വിപ്ളവം അദ്ഭുതാവഹമാണ്. അണുശക്തി, ലേസര്‍ശക്തി എന്നിവവരെ ഇന്ന് രോഗവിമോചനത്തിന് ഉപയോഗിച്ചുവരുന്നു. നോ: ആയുര്‍വേദം; ആരോഗ്യവിജ്ഞാനീയം, ആയുര്‍വേദത്തില്‍; വൈദ്യവിദ്യാഭ്യാസം; ഹോമിയോപ്പതി

(ഡോ. കമലാഭായി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍