This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലൂവിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലൂവിയം

Alluvium

പ്രവാഹജലത്താല്‍ വഹിക്കപ്പെട്ട് ഗതിക്ഷയംമൂലം നിക്ഷേപിക്കപ്പെടുന്ന എക്കലും മണലും ചരലും കലര്‍ന്ന പദാര്‍ഥം. നദീമുഖങ്ങളിലും പ്രളയബാധിത തടപ്രദേശങ്ങളിലും ആണ് ഇത്തരം നിക്ഷേപങ്ങള്‍ അധികമായി കണ്ടുവരുന്നത്. ചരല്‍, മണല്‍, പശമണ്ണ് എന്നിവ ക്രമമായി ഈ പ്രദേശങ്ങളില്‍ അടുക്കപ്പെട്ടിരിക്കും. മിക്കപ്പോഴും ജൈവവസ്തുക്കള്‍ ഇതില്‍ സമൃദ്ധമായി കലര്‍ന്നിട്ടുണ്ടാവും.

ഓരോ തവണയും വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ എക്കലും വണ്ടലും അടിയുന്നു. ഇങ്ങനെ ഉണ്ടാകുന്ന പുതുമണ്ണ് വലുതായ രാസികപരിവര്‍ത്തനങ്ങള്‍ക്കും മൂല്യശോഷണത്തിനും വിധേയമാകുന്നില്ല. തന്‍മൂലം ഇവ വളക്കൂറിന്റെ കാര്യത്തില്‍ മികച്ചുനില്ക്കുന്നു. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളൊക്കെത്തന്നെ എക്കല്‍നിലങ്ങളാണ്. സിന്ധുഗംഗാസമതലം, ഈജിപ്തിലെ നൈല്‍നദീതടം, യു.എസ്സിലെ മിസിസിപ്പിതടം, ചൈനയിലെ ഹ്വയാങ്ഹോതടം തുടങ്ങി നിരവധിപ്രദേശങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഏതാണ്ട് അടുത്തകാലംവരെയും എല്ലാ ജലോഢനിക്ഷേപങ്ങള്‍ക്കും പൊതുവേ അലൂവിയം എന്നു പറഞ്ഞുപോന്നു. എന്നാല്‍ 1830 മുതല്‍ ലിയലിന്റെ നിര്‍ദേശത്തെ ആദരിച്ച് പ്രവാഹജലനിക്ഷേപങ്ങളെ മാത്രം സൂചിപ്പിക്കുവാനാണ് ഭൂവിജ്ഞാനികള്‍ ഈ പദം ഉപയോഗിക്കുന്നത്. സദൃശപ്രകൃതികളായ തടാകനിക്ഷേപങ്ങള്‍, സമുദ്രനിക്ഷേപങ്ങള്‍ എന്നിവയില്‍നിന്നും അലൂവിയത്തെ വേര്‍തിരിക്കുന്നതു നിക്ഷേപണത്തിലെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ഇവയ്ക്കിടയിലുള്ള അതിര്‍ത്തിനിര്‍ണയനം സുസാധ്യമല്ല. ഉദാഹരണമായി ഡെല്‍റ്റകളുടെ സീമാന്തപ്രദേശത്ത് എക്കല്‍മണ്ണ് തടാകനിക്ഷേപങ്ങളോ സമുദ്രനിക്ഷേപങ്ങളോ ആയ മണ്ണുമായി കൂടിക്കലര്‍ന്നു കാണുന്നു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് എക്കല്‍, മണല്‍, ചരല്‍ എന്നിവ വലുപ്പച്ചെറുപ്പമനുസരിച്ച് നദീമാര്‍ഗത്തിനടുത്തോ ദൂരെയോ ആയി നിക്ഷേപിക്കപ്പെടുന്നു. തൂക്കായി ചരിഞ്ഞ പ്രദേശങ്ങളില്‍ നിന്നും കുത്തിയൊലിച്ച് സമതലങ്ങളിലേക്കൊഴുകുന്ന നദികള്‍ കോണാകൃതിയിലോ, വിശറിപോലെ പരന്നതോ ആയ എക്കല്‍ ഭൂരൂപങ്ങള്‍ക്കു രൂപം നല്കുന്നു. നദികള്‍ തടാകത്തിലോ സമുദ്രത്തിലോ ലയിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന എക്കല്‍ത്തിട്ടുകളാണ് ഡെല്‍റ്റകള്‍. നദീതടങ്ങളിലെ എക്കല്‍നിക്ഷേപങ്ങള്‍ ചിലപ്പോള്‍ തട്ടുകളായി അടുക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നു. നദിയുടെ പരിണാമചക്രത്തില്‍ അനുഭവപ്പെടുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് നിക്ഷേപത്തിന്റെ സ്വഭാവവും മാറിക്കൊണ്ടിരിക്കുമെന്നതാണ് ഇതിനു കാരണം.

ഹിമാനികള്‍ ഉരുകിയൊലിച്ചുണ്ടാകുന്ന വെള്ളപ്പൊക്കംമൂലവും അലൂവിയം നിക്ഷേപിക്കപ്പെടാം. ഇവ എസ്കര്‍ (esker) തുടങ്ങിയ സവിശേഷഭൂരൂപങ്ങള്‍ സൃഷ്ടിക്കുന്നു. നദീജന്യനിക്ഷേപങ്ങളില്‍നിന്നും വ്യത്യസ്തമായ രൂപഭാവങ്ങളാവും ഇത്തരം ഹിമാനീഭവനിക്ഷേപങ്ങള്‍ക്കുണ്ടായിരിക്കുക.

അലൂവിയം നിക്ഷേപങ്ങള്‍ മിക്കപ്പോഴും സ്വര്‍ണം, പ്ലാറ്റിനം, രത്നക്കല്ലുകള്‍ തുടങ്ങിയവയുടെ പ്ളേസര്‍ നിക്ഷേപങ്ങള്‍ (placer deposits) ഉള്‍ക്കൊണ്ടുകാണുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ തകരനിക്ഷേപങ്ങള്‍ (zinc deposits) അലൂവിയം പ്രദേശത്താണു കണ്ടെത്തിയിട്ടുള്ളത്.

(ഡോ. പി.കെ. രാജേന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B5%82%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍