This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിസാറിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലിസാറിന്‍

Alizarin

മഞ്ചെട്ടി (Madder) എന്ന ചെടിയുടെ വേരില്‍നിന്നു ലഭിക്കുന്ന ഒരു ചായം. ഘടനാപരമായി ഇത് 1-2 ഡൈ ഹൈഡ്രോക്സി ആന്‍ഥ്രാക്വിനോണ്‍ (1-2 dihydroxy anthraquinone) ആണ്; ഫോര്‍മുല, C14H8O4-. ചെടിക്ക് അറബിഭാഷയില്‍ 'അലിസാറി' എന്നു പേരുണ്ട്. അലിസാറിന്‍ എന്ന പേരിന്റെ ഉദ്ഭവം അതില്‍നിന്നാണ്. ഈ പദാര്‍ഥം റൂബെറിഥ്രിക് അമ്ലം (ruberythric acid) എന്ന ഗ്ലൂക്കോസൈഡിന്റെ (glucoside) രൂപത്തിലാണ് ചെടിയില്‍ ഉപസ്ഥിതമായിരിക്കുന്നത്. നേര്‍ത്ത അമ്ലങ്ങളോ എന്‍സൈമുകളോ ഉപയോഗിച്ച് ജലീയവിശ്ലേഷണം വഴി അലിസാറിന്‍ ചെടിയില്‍നിന്ന് വേര്‍തിരിച്ചെടുക്കാം.


റൂബെറിഥ്രിക് അമ്ലം + ജലം →

അലിസാറിന്‍ + ഗ്ലൂക്കോസ് + സൈലോസ്

പുരാതനകാലം മുതല്‍തന്നെ മഞ്ചെട്ടിയുടെ വേരില്‍ നിന്നു ചുവപ്പുനിറം പിടിപ്പിക്കുന്നതിനുള്ള ചായം ഉത്പാദിപ്പിച്ചിരുന്നു. വേരിന്റെ സത്തിന് ചായത്തിന്റെ സ്വഭാവമുണ്ടാകുവാന്‍ കാരണം അലിസാറിന്‍, പര്‍പ്യൂറിന്‍ എന്നീ രണ്ടു രാസപദാര്‍ഥങ്ങളാണ്. ഈ സത്ത് കിണ്വനത്തിനു വിധേയമാക്കിയും അലിസാറിന്‍ ഉണ്ടാക്കിയിരുന്നു. ഈ രഞ്ജകവസ്തുവിന്റെ പ്രാധാന്യം മൂലം ഇത് രസതന്ത്രജ്ഞരുടെ സവിശേഷശ്രദ്ധയ്ക്കു പാത്രമായിട്ടുണ്ട്. സംശ്ലേഷണംവഴി ഇതു ലഭിക്കുവാന്‍ പല പരിശ്രമങ്ങളും നടക്കുകയുണ്ടായി. 1868-ല്‍ ഗ്രേബി (Graebe), ലീബര്‍മാന്‍ (Liebermann) എന്നിവര്‍ ഡൈബ്രോമോ ആന്‍ഥ്രാക്വിനോണ്‍ (dibromoanthraquinone) എന്ന പദാര്‍ഥത്തെ പൊട്ടാഷ് (KOH) ചേര്‍ത്ത് ഉരുക്കി അലിസാറിന്‍ നിര്‍മിച്ചു. പക്ഷേ, ഈ രീതി വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായില്ല. ഇന്ന് ഈ ചായം വന്‍തോതിലുണ്ടാക്കുന്നത് ആന്‍ഥ്രാക്വിനോണില്‍നിന്നാണ്. ആന്‍ഥ്രാക്വിനോണിനെ 140°C-ല്‍ പുകയുന്ന സള്‍ഫ്യൂറിക് അമ്ലംകൊണ്ട് സള്‍ഫൊണേഷന് (sulphonation) വിധേയമാക്കി ലഭിക്കുന്ന ബീറ്റാ ആന്‍ഥ്രാക്വിനോണ്‍ സള്‍ഫോണിക് അമ്ലത്തെ സോഡിയം ഹൈഡ്രോക്സൈഡുകൊണ്ട് ഉപചരിച്ച് സോഡിയം ലവണം ലഭ്യമാക്കുന്നു. ഈ ലവണത്തെ ആവശ്യമുള്ള സോഡിയം ക്ലോറേറ്റ് കലര്‍ത്തിയ സോഡിയം ഹൈഡ്രോക്സൈഡുമായി 200°C-ല്‍ ഉരുക്കി യോജിപ്പിച്ച് അലിസാറിന്‍ ലഭ്യമാക്കുന്നു. ഇതു ശുദ്ധീകരിച്ചെടുക്കുവാന്‍ ഉത്പതനം (sublimation) എന്ന മാര്‍ഗമാണ് സ്വീകരിക്കാറുള്ളത്. അരുണനിറത്തില്‍ പരലുകളായി ലഭിക്കുന്ന ഇതിന്റെ ദ്രവണാങ്കം 290°C ആണ്.

അലിസാറിന്‍ ജലത്തില്‍ അലേയവും ആല്‍ക്കഹോളില്‍ ലേയവുമാണ്. ഇത് സോഡിയം ഹൈഡ്രോക്സൈഡ് ലായനിയില്‍ അലിഞ്ഞ് നീലലോഹിത (purple) നിറം ഉളവാക്കുന്നു. സിങ്ക്-ചൂര്‍ണം ചേര്‍ത്ത് സ്വേദനം ചെയ്താല്‍ ആന്‍ഥ്രസീന്‍ ലഭിക്കുന്നു. മൃദുവായ ഓക്സീകരണം കൊണ്ട് പര്‍പ്യൂറിന്‍ എന്ന മറ്റൊരു ചായവും തീവ്രമായ ഓക്സീകരണം കൊണ്ട് ഥാലിക് അമ്ലവും അലിസാറിന്‍ ലഭ്യമാക്കുന്നു. ഇതു മറ്റു ഫിനോളുകളെപ്പോലെ അസറ്റിക് അമ്ലവുമായി പ്രവര്‍ത്തിച്ച് ഡൈ അസറ്റേറ്റ് തരുന്നു. അലിസാറിന്‍ ഓറഞ്ച്, അലിസാറിന്‍ ബ്ലൂ, അലിസാറിന്‍ ബ്ലൂ ട, അലിസാറിന്‍ റെഡ് ട എന്നീ ചായങ്ങള്‍ അലിസാറിനില്‍നിന്ന് വ്യുത്പാദിപ്പിക്കാവുന്നവയാണ്.

വിശിഷ്ടമായ മോര്‍ഡാന്റ് ചായ(mordant dyes)ങ്ങളില്‍ ഒന്നാണ് അലിസാറിന്‍. മോര്‍ഡാന്റിലുള്ള ലോഹം അനുസരിച്ച് പല നിറങ്ങളും ലഭ്യമാക്കുന്നതിന് ഇതിനു കഴിവുണ്ട്. ഉദാഹരണമായി അലുമിനിയം ഉപയോഗിച്ചാല്‍ ഒരു പ്രത്യേകതരം ചുവപ്പും (turkey red) ഫെറിക് അയണ്‍ ആണെങ്കില്‍ കരിവയലറ്റും കാല്‍സിയം, ബേരിയം എന്നിവയ്ക്ക് നീലവും നിറങ്ങള്‍ കിട്ടും. പരുത്തിത്തുണികളില്‍ ചായമിടുന്നതിന് അലുമിനിയവും അയണും മര-ഉരുപ്പടികളില്‍ ചായമിടുന്നതിന് അലുമിനിയവും ക്രോമിയവും ഹൈഡ്രോക്സൈഡുകളുടെ രൂപത്തില്‍ മോര്‍ഡാന്റുകളായി ഉപയോഗിക്കുന്നു. അലിസാറിന്‍ ഒരു വിരേചകം കൂടിയാണ്. നോ: ചായങ്ങള്‍; ചായം മുക്കലും മുദ്രണവും

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍