This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാനി

Alani

കരിങ്കടലിന്റെ തെ. കിഴക്കുള്ള സ്റ്റെപ്പിപ്രദേശങ്ങളില്‍ വസിച്ചിരുന്ന ഒരു ജനവര്‍ഗം. എ.ഡി. 1-ാം ശ.-ത്തില്‍ പ്രസിദ്ധീകൃതങ്ങളായിട്ടുള്ള ലത്തീന്‍കൃതികളില്‍ ഇവരെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

പില്ക്കാലത്ത് ഇവര്‍ പാര്‍ഥിയന്‍ സാമ്രാജ്യവും റോമന്‍ സാമ്രാജ്യത്തിലുള്‍പ്പെട്ട കാക്കസസ് പ്രവിശ്യകളും ആക്രമിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 370-ല്‍ അലാനികള്‍ ഹൂണന്‍മാരുടെ ആക്രമണത്തിനു വിധേയരായി. ഇക്കൂട്ടരില്‍ ഒരു ഭാഗം പടിഞ്ഞാറോട്ടു നീങ്ങി സുയേബി, വാന്‍ഡല്‍ എന്നീ വര്‍ഗങ്ങളുമായി ഒത്തുചേര്‍ന്ന് 406-ല്‍ ഗാള്‍ കടന്നു. മറ്റൊരു ഭാഗം ഓര്‍ലീന്‍സ്, വാലെന്‍സ് എന്നിവിടങ്ങളില്‍ സ്ഥിരതാമസമുറപ്പിച്ചു. ഭൂരിഭാഗവും ആഫ്രിക്കയിലേക്കു കടക്കുകയുണ്ടായി. 'അലാനികളുടെയും വാന്‍ഡലുകളുടെയും രാജാവ്' എന്നാണ് ആഫ്രിക്കയിലെ വാന്‍ഡല്‍ രാജാവിന്റെ ഔദ്യോഗികനാമം. ഹൂണന്‍മാരുടെ ഭരണത്തിനു വിധേയരായ അലാനിവിഭാഗം കാക്കസസിലെ ഇന്നത്തെ ഒസ്സെറ്റ് ഗോത്രക്കാരുടെ പിതാമഹന്മാരാണെന്നു പറയപ്പെടുന്നു.

കൃഷിസമ്പ്രദായം, അടിമത്തം എന്നിവയെക്കുറിച്ച് അലാനികള്‍ക്ക് അറിവില്ലായിരുന്നുവെന്ന് 4-ാം ശ.-ത്തില്‍ അമ്മിയാനസ് മാര്‍സെല്ലിനസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുതിരമേയ്ക്കലായിരുന്നു ഇവരുടെ മുഖ്യ തൊഴില്‍. ഈ തൊഴിലിലേര്‍പ്പെട്ടുകൊണ്ട് ഓരോ പ്രദേശത്തേക്ക് ഇവര്‍ നീങ്ങിക്കൊണ്ടിരുന്നു. ഇവരുടെ പ്രധാന വിനോദം യുദ്ധമായിരുന്നു. അലാനി വര്‍ഗത്തിനു പ്രത്യേക ക്ഷേത്രങ്ങളോ ആരാധനാസ്ഥലങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ തറയില്‍ പതിച്ചിരിക്കുന്ന ഒരു വാളിനെ ഇവര്‍ ആരാധിച്ചിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%BE%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍