This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലഹാബാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലഹാബാദ്

ഉത്തര്‍പ്രദേശില്‍ ഗംഗ, യമുന എന്നീ നദികളുടെ സംഗമസ്ഥാനത്തുള്ള നഗരവും ഇതേ പേരുള്ള ജില്ലയുടെ ആസ്ഥാനവും. ഡല്‍ഹിക്ക് 587.5 കി.മീ. തെ.കിഴക്കും ലഖ്നൗവിന് 17 കി.മീ. തെ.കി. ആയും സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ വിസ്തീര്‍ണം: 63.07 ച.കി.മീ. ആണ്; ജനസംഖ്യ: 10,50,000 (2001).

ഡല്‍ഹി-കൊല്‍ക്കത്ത റെയില്‍പ്പാതയും മുംബൈ-കൊല്‍ക്കത്ത റെയില്‍പ്പാതയും സന്ധിക്കുന്നത് അലഹാബാദിലാണ്. റെയില്‍പ്പാതകളുടെ തെക്കും വടക്കുമായി നഗരത്തിനു രണ്ടു ഭാഗങ്ങളുണ്ട്. സൈനികപ്പാളയവും 'സിവില്‍ ലൈനും' ഉള്‍പ്പെടുന്നതാണ് വടക്കുഭാഗം. തെക്കുഭാഗം ഇടുങ്ങിയ തെരുവുകളോടുകൂടിയതും വര്‍ധിച്ച ജനസാന്ദ്രതയുള്ളതുമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഈ ഭാഗത്തിന്റെ നില പൊതുവേ മെച്ചപ്പെട്ടിട്ടുണ്ട്. ചെറുകിടവ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടുവരുന്നു; പ്രത്യേകിച്ച് ഇരുമ്പുപെട്ടികളുടെ നിര്‍മാണം. സിവില്‍ലൈനും സൈനികപ്പാളയവും ദീര്‍ഘചതുരമാതൃകയിലുള്ള ആസൂത്രിതനഗരമാണ്. ചരിത്രപ്രാധാന്യമുള്ള ഒട്ടനവധി സ്മാരകങ്ങളും സൗധങ്ങളും ഈ നഗരത്തിലുണ്ട്. മയോഹാള്‍, കാഴ്ചബംഗ്ലാവ് തുടങ്ങിയവയും പ്രാമാണ്യമര്‍ഹിക്കുന്നു. അലഹാബാദ് സര്‍വകലാശാല(1887)യുടെ ആസ്ഥാനവും ഇവിടെയാണ്. കാര്‍ഷിക കോളജ്, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ് എന്നിവയുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനവും അലഹാബാദ് ആണ്. മോത്തിലാല്‍ നെഹ്റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും ഇവിടെയാണ്.

കുംഭമേളയുടെ ഒരു ദൃശ്യം

ഉത്തര്‍പ്രദേശിലെ ഒരു പ്രധാന ഗതാഗതകേന്ദ്രം കൂടിയാണ് അലഹാബാദ്. അമൃതസരസ്-കൊല്‍ക്കത്ത ഹൈവേ ഈ നഗരംവഴി കടന്നുപോകുന്നു. വാരാണസി-കന്യാകുമാരി ഹൈവേയുമായി റോഡുമാര്‍ഗം ബന്ധിച്ചിരിക്കുന്നു. ഉത്തരേന്ത്യയിലെയും മധ്യ-ഇന്ത്യയിലെയും മിക്ക നഗരങ്ങളുമായും ബസ് സര്‍വീസുകളുണ്ട്. 1959-നു ശേഷം, തെരഞ്ഞെടുക്കപ്പെടുന്ന നഗരസഭകളാണ് ഈ പട്ടണത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.

ഒരു തീര്‍ഥാടനകേന്ദ്രമെന്ന നിലയ്ക്കാണ് അലഹാബാദിന്റെ പ്രാധാന്യം. ചിരപുരാതനമായ പ്രയാഗാനഗരമാണ് ഇപ്പോഴത്തെ അലഹാബാദ്. ഗംഗ, യമുന എന്നിവയ്ക്കൊപ്പം സരസ്വതി എന്ന സാങ്കല്പികനദിയും കൂടിച്ചേരുന്ന 'ത്രിവേണി' സംഗമസ്ഥാനമായിട്ടാണ് പ്രയാഗാ അറിയപ്പെട്ടിരുന്നത്. വര്‍ഷംതോറും മാഘ (മകര) മാസത്തില്‍ ആഘോഷിക്കപ്പെടുന്ന 'മാഘ മേള'യില്‍ അനേകായിരം തീര്‍ഥാടകര്‍ പങ്കെടുക്കുന്നു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഈ ഉത്സവം കുംഭത്തിലെ അമാവാസിദിവസം ആഘോഷിക്കപ്പെടുന്നു. 'കുംഭമേള' എന്നു വിളിക്കപ്പെടുന്ന പ്രസ്തുത ഉത്സവത്തില്‍ പങ്കുകൊള്ളുവാന്‍ ഭാരതമൊട്ടാകെയുള്ള ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ എത്തിച്ചേരും. ആറു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെടുന്ന 'അര്‍ധകുംഭമേള'യും പ്രസിദ്ധമാണ്.

ത്രിവേണിയെക്കൂടാതെ, അക്ഷയവടം, സോമേശ്വരം, ബലദേവക്ഷേത്രം, നാഗവാസുകിക്ഷേത്രം, ഭരദ്വാജാശ്രമം, ബിന്ദുമാധവക്ഷേത്രം, പ്രതിഷ്ഠാന്‍പൂര്‍ എന്നീ ആരാധനാകേന്ദ്രങ്ങളും പ്രസിദ്ധിപെറ്റവയാണ്; മുസ്ലിങ്ങളുടേതായ ജുമാമസ്ജിദിനും വലുതായ പ്രാധാന്യമുണ്ട്. സൗരസംഭവങ്ങള്‍ (Solar events) ഗ്രീനിച്ചിലെക്കാള്‍ കൃത്യം അഞ്ചരമണിക്കൂര്‍ മുന്‍പ് ഇവിടെ നടക്കുന്നതിനാല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിന്റെ 'റെഫറന്‍സ് പോയിന്റ്' ആണ് ഈ നഗരം.

ചരിത്രം. 'അല്ലാഹുവിന്റെ ആസ്ഥാനം' എന്നര്‍ഥം വരുന്ന അലഹാബാദ് എന്ന പേര് മുഗള്‍ഭരണകാലത്താണു ഈ നഗരത്തിന് ലഭിച്ചത്. സംഗമത്തിനഭിമുഖമായി ചുവന്ന കല്ലുകൊണ്ടു നിര്‍മിച്ച തന്റെ കോട്ടയെ അക്ബര്‍ ചക്രവര്‍ത്തി 'ഇല്ലാഹാബാസ്' എന്നു വിളിച്ചു (1572). ഷാജഹാന്‍ അതിനെ അലഹാബാദ് എന്നാക്കി.

നഗരത്തില്‍ കാണുന്ന അശോകസ്തംഭം ബി.സി. 240-ലെ ശിലാലിഖിതം വഹിക്കുന്നതാണെന്നു ഫാഹിയാന്‍ (എ.ഡി. 414) രേഖപ്പെടുത്തിയിട്ടുണ്ട്. ഫാഹിയാന്റെ സന്ദര്‍ശനകാലത്ത് ഈ നഗരം കോസലരാജ്യത്ത് ഉള്‍പ്പെട്ടിരുന്നു. ഏഴാം ശ.-ത്തില്‍ സഞ്ചരിച്ച ഹിയൂന്‍സാങ്ങിന്റെ രേഖകള്‍പ്രകാരം, അലഹാബാദില്‍ ബുദ്ധമതത്തിനും ബ്രാഹ്മണമതത്തിനും തുല്യപ്രചാരമുണ്ടായിരുന്നു. നഗരമധ്യത്തിലെ സുപ്രസിദ്ധമായ ഹിന്ദുക്ഷേത്രത്തിന്റെയും അതിനു മുന്നിലുള്ള 'അക്ഷയ' വടവൃക്ഷത്തിന്റെയും വിവരണങ്ങള്‍ ഹിയൂന്‍സാങ് നല്കിക്കാണുന്നു.

സംഗമത്തിനഭിമുഖമായി ഗംഗയുടെ മറുകരയിലുള്ള പ്രതിഷ്ഠാന്‍പൂരില്‍ പുരാതനമായ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. ഇവിടം പുരൂരവസ്സിന്റെ രാജധാനിയായിരുന്നുവെന്നു കരുതപ്പെടുന്നു. ആദ്യം കോസലരാജ്യത്തിന്റെ ഭാഗമായിരുന്ന അലഹാബാദ്, പിന്നീടു ഗുപ്തസാമ്രാജ്യത്തിന്റെ ഭാഗമായി. സമുദ്രഗുപ്തന്റെ വിജയസൂചകങ്ങളായ സ്തംഭങ്ങളും ഇവിടെയുണ്ട്.

അക്ബറുടെ കാലത്ത് ഈ നഗരം പൂര്‍വാധികം അഭിവൃദ്ധിപ്പെട്ടു. സലിം രാജകുമാരന്‍ (ജഹാംഗീര്‍) തന്റെ പിതാവായ അക്ബറെ എതിര്‍ത്ത് 1599 മുതല്‍ 1604 വരെ അലഹാബാദില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ജഹാംഗീറിന്റെ പുത്രന്‍ ഖുസ്രു വധിക്കപ്പെട്ടതും ഇവിടെവച്ചാണ്; അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്ത 'ഖുസ്രുബാഗ്' പൊതുവിലുള്ള ഒരുദ്യാനമായി നിലനിന്നുപോരുന്നു.

മുഗള്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം അലഹാബാദിന്റെ പ്രാമാണ്യം ക്രമേണ ക്ഷയിച്ചു. 1801-ല്‍ അയോധ്യ (അവധ്) നവാബിന്റെ പക്കല്‍നിന്നും ബ്രിട്ടീഷധീനതയിലായി. 1857-ലെ വിപ്ലവകാരികളുടെ ശക്തിദുര്‍ഗങ്ങളിലൊന്നായിരുന്നു ഇവിടം. ഒരു റെയില്‍വേകേന്ദ്രമായി വളര്‍ന്ന അലഹാബാദ് 1901-ല്‍ യുണൈറ്റഡ് പ്രോവിന്‍സിന്റെ തലസ്ഥാനമായി; 1949-ല്‍ തലസ്ഥാനപദവി നഷ്ടപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍ അലഹാബാദ് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

അലഹാബാദ് ജില്ല. ഗംഗാ-യമുന സംഗമത്തിനു ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന ജില്ല. വിസ്തീര്‍ണം: 7,252 ച.കി.മീ. ജനസംഖ്യ: 49,41,510 (2001). നദികള്‍മൂലം മുന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് നദികള്‍ക്കിടയിലായുള്ള 'ദോആബ്' പ്രദേശം ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണ്. വ. ഭാഗം കുളങ്ങളും കായലുകളും നിറഞ്ഞ ചതുപ്പുപ്രദേശമാണ്. തെ. ഭാഗത്തെ ചരിവുതലം, വിന്ധ്യന്‍ ഉന്നതപ്രദേശത്തിന്റെ നദീതീരത്തേക്കുള്ള തുടര്‍ച്ചയായി കരുതാം. ജില്ല പൊതുവേ ഒരു കാര്‍ഷികമേഖലയാണ്. ജനങ്ങളില്‍ 80 ശ.മാ.വും കര്‍ഷകരാണ്. നെല്ല്, ബാര്‍ലി, മില്ലെറ്റ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍.

അലഹാബാദ് ജില്ലയും ഡിവിഷനും അടുത്തകാലത്തു പുനഃസംഘടിപ്പിക്കുകയുണ്ടായി. അലഹാബാദ് ഡിവിഷനിലെ ഇത്താവാ, ഫറൂക്കാബാദ് എന്നീ ജില്ലകള്‍ കാണ്‍പൂര്‍ ഡിവിഷനോടു ചേര്‍ക്കുകയും കാണ്‍പൂര്‍ ജില്ലയില്‍നിന്ന് കാണ്‍പൂര്‍ ദേശത്തെ അടര്‍ത്തിമാറ്റുകയും കാണ്‍പൂര്‍ എന്നൊരു ഡിവിഷന്‍ പുതുതായി രൂപീകരിക്കുകയും ചെയ്തു. അലഹാബാദ് ജില്ലയുടെ ചില പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് കൗശാംബി എന്നൊരു ജില്ല രൂപീകരിച്ചു. അലഹാബാദ്, കൌശാംബി, ഫത്തേപ്പൂര്‍ എന്നു മൂന്നു ജില്ലകളാണ് ഇപ്പോള്‍ അലഹാബാദ് ഡിവിഷനിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍