This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലലിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലലിസം

Allelism

സമജാത ക്രോമസോമുകളില്‍ (homologous chromosomes) ഒരു പ്രത്യേകസ്ഥാനത്തു കാണപ്പെടുന്ന ജീന്‍ജോടികളാണ് അലിലോമോര്‍ഫുകള്‍ (allelomorphs); (സെന്‍ട്രോമിയറിനോട് (centromere) ബന്ധപ്പെടുത്തിയാണ് ഈ സ്ഥാനനിര്‍ണയം നടത്തുക); ഇങ്ങനെ ജീനുകള്‍ അലിലോമോര്‍ഫുകളായി കാണപ്പെടുന്ന അവസ്ഥയാണ് അലലിസം. അലിലോമോര്‍ഫുകള്‍ ഒരേ സ്വഭാവത്തിന്റെ ഭിന്നപ്രകൃതികളെ (contrasting characters) പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന് 'നീളം' എന്ന സ്വഭാവത്തിന്റെ (character) രണ്ടു രൂപഭേദങ്ങളാണ് നീളംകൂടിയ അവസ്ഥയും (Tall) കുറുകിയ അവസ്ഥയും (Dwarf). സമജാത ക്രോമസോമുകളില്‍ ഒരു പ്രത്യേകസ്ഥാനത്തുള്ള അലിലോമോര്‍ഫുകളാണ് ഈ ഭിന്നപ്രകൃതികള്‍ക്കു കാരണം. അലിലോമോര്‍ഫുകള്‍ തമ്മിലുള്ള ഈ വ്യത്യാസത്തിനു നിദാനം ഉത്പരിവര്‍ത്തനം(mutation) ആണ്.

ക്രോമസോമിന്റെ കണ്ടുപിടിത്തത്തിനു മുന്‍പ് ഗ്രെഗര്‍ യോഹന്‍ മെന്‍ഡല്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്‍ തന്റെ പാരമ്പര്യശാസ്ത്രനിരീക്ഷണങ്ങള്‍ വിവരിക്കുന്നതിനായി ലിംഗകോശങ്ങളില്‍ കാണപ്പെടുന്ന ചില 'ഘടക'(factor)ങ്ങളെ ക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഈ ഘടകങ്ങളാണ് ഇന്ന് 'ജീന്‍' (Gene) എന്ന പേരില്‍ അറിയപ്പെടുന്നത്. ക്രോമസോമുകളെയും അവയുടെ സ്വഭാവവിശേഷങ്ങളെയുംപറ്റി നടത്തിയ നിരീക്ഷണങ്ങള്‍ പാരമ്പര്യശാസ്ത്രപഠനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ പഠനങ്ങളുടെ ഫലമായാണ് മെന്‍ഡല്‍ 'ഘടകം' എന്നു വിശേഷിപ്പിച്ച 'ജീന്‍' യഥാര്‍ഥത്തില്‍ ക്രോമസോമില്‍ കാണപ്പെടുന്ന അതിസൂക്ഷ്മ ഭാഗങ്ങളാണെന്നും (ultramicroscopic particles), അവ പ്രജനനസമയത്ത് ഒരു തലമുറയില്‍

നിന്നും അടുത്ത തലമുറയിലേക്കു പകരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇവയെ 'പാരമ്പര്യവാഹകര്‍' എന്നു വിളിക്കുന്നു.

ഓരോ ക്രോമസോമിലും പതിനായിരക്കണക്കിനു ജീനുകള്‍ ഉണ്ടാകാം. എന്നാല്‍ ഇവയെല്ലാം രേഖാരൂപേണയാണ് (linear arrangement) ക്രോമസോമില്‍ കാണപ്പെടുക. ആണിന്റെ കോശങ്ങളില്‍ കാണപ്പെടുന്ന ക്രോമസോമുകളുടെ 'ഇണകള്‍' പെണ്ണിന്റെ കോശങ്ങളിലുണ്ടായിരിക്കും. പ്രത്യുത്പാദനസമയത്തു പുംബീജം അണ്ഡവുമായി ചേരുമ്പോള്‍ ഈ ഇണക്രോമസോമുകള്‍ ഒരുമിക്കുകയാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഇപ്രകാരമുള്ള 'ജോടി'കളെ സമജാത ക്രോമസോമുകള്‍ എന്നു വിളിക്കുന്നു. ഈ സമജാത ക്രോമസോമുകളിലെ ജീനുകളുടെ സ്ഥാനം ഒരുപോലെയായിരിക്കും. 'A' ക്രോമസോമില്‍ കാണപ്പെടുന്ന ജീന്‍ 'A1'-ന്റെ അലിലോമോര്‍ഫ് 'a1', 'A' യുടെ സമജാതമായ 'a' ക്രോമസോമില്‍ 'A1'-ന് തത്തുല്യമായ സ്ഥാനത്തായിരിക്കുമെന്നര്‍ഥം. ഈ അവസ്ഥാവിശേഷം എല്ലാ ജീനുകള്‍ക്കും ബാധകമാണ്. ഒരു ജീവിയുടെ പ്രത്യേക സ്വഭാവവിശേഷങ്ങള്‍ക്കുള്ള പ്രധാനകാരണവും ജീനുകളുടെ അലലിസം തന്നെ. നോ: മെന്‍ഡല്‍; ഗ്രെഗര്‍ യോഹന്‍; ജനിതക ശാസ്ത്രം; ക്രോമസോം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%B2%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍