This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലര്‍ജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലര്‍ജി

Allergy

ചില ബാഹ്യവസ്തുക്കളോട് ശരീരത്തിനുള്ള അതിസംവേദന പ്രതിക്രിയ. 1906-ല്‍ ക്ലെമന്‍സ് ഫൊന്‍ പിര്‍ഖെ (Clemens von Pirquet) 'വ്യത്യസ്തമായ പ്രതിക്രിയ' എന്നര്‍ഥം വരുന്ന ഈ വാക്കു പ്രയോഗിച്ചു. ഇന്ന് അലര്‍ജി എന്ന വാക്ക് കുറച്ചുകൂടി ചുരുങ്ങിയ അര്‍ഥത്തിലാണു പ്രയോഗിക്കപ്പെടുന്നത്. അന്യവസ്തുവിനോടുള്ള അതിസംവേദനതയെ മാത്രമേ (അധഃസംവേദനതയെ അല്ല) അലര്‍ജിയായി കണക്കാക്കാറുള്ളു.

അലര്‍ജിയുടെ കാരണത്തെപ്പറ്റി വിഭിന്നങ്ങളായ അനേകം സിദ്ധാന്തങ്ങളുണ്ട്. എന്നാല്‍ അവയില്‍ ഒന്നുംതന്നെ ഈ പ്രതിഭാസത്തെ തൃപ്തികരമാംവിധം വിശദീകരിക്കുന്നില്ല. അലര്‍ജിഹേതു(allergen)വും ശരീരകോശങ്ങളില്‍ ഉണ്ടാകുന്ന ആന്റിബോഡി(antibody)യും തമ്മിലുള്ള പ്രതിക്രിയയുടെ ഫലമായാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നത്. അലര്‍ജിഹേതു ശരീരകോശങ്ങളില്‍ ഏല്പിക്കുന്ന ആഘാതത്തിന്റെ ഫലമായി ശരീരത്തിനുള്ളില്‍ ചില വസ്തുക്കള്‍ സ്വതന്ത്രമാകുന്നു. ഇവയില്‍ പ്രധാനം ഹിസ്റ്റമീന്‍ (histamine) ആണ്. ഈ വസ്തു മൃദുലപേശികളെ ശക്തമായി സങ്കോചിപ്പിക്കുകയും കാപ്പിലറികളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അസറ്റൈല്‍ കൊളീന്‍ (acetyl choline), സീറോട്ടോണിന്‍ (serotonin), ഹെപ്പാരിന്‍ (heparin) തുടങ്ങിയ പല രാസവസ്തുക്കളും ശരീരത്തിനുള്ളില്‍ സംജാതമാകുന്നു.

ഏതൊരു ബാഹ്യവസ്തുവും അലര്‍ജിഹേതുകമാകാം. എന്നാല്‍ പ്രധാനമായവ ഔഷധങ്ങള്‍, പൂമ്പൊടികള്‍, മൃഗങ്ങളുടെ രോമം, കാഷ്ഠങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, രാസവസ്തുക്കള്‍, രോഗാണുക്കള്‍, ആഹാരപദാര്‍ഥങ്ങള്‍ തുടങ്ങിയവയാണ്.

അലര്‍ജി പല രൂപങ്ങളില്‍ പ്രത്യക്ഷമാകാറുണ്ട്. രോഗലക്ഷണങ്ങള്‍ മൂന്നു വസ്തുതകളെ ആശ്രയിച്ചിരിക്കുന്നു: 1. അലര്‍ജിഹേതുവിന്റെ പ്രവേശനമാര്‍ഗം.

2. അലര്‍ജിഹേതുവിനു ചില ശരീരഭാഗങ്ങളോടോ, അവയവങ്ങളോടോ ഉള്ള പ്രതിപത്തി.

3. വ്യക്തിയുടെ പ്രത്യേകമായ അതിസംവേദനത.

അലര്‍ജി ഉണ്ടാകുന്നതില്‍ പാരമ്പര്യത്തിന് ഒരു പ്രമുഖ പങ്കുണ്ട്. ഒരേ അലര്‍ജിഹേതുതന്നെ പലരിലും പലതരം ലക്ഷണങ്ങളാണു സൃഷ്ടിക്കുന്നത്.

അനാഫിലാക്സിസ് (Anaphylaxis). ഒരന്യപ്രോട്ടീന്‍ ഒരു ജന്തുവില്‍ രണ്ടാമത്തെ തവണ കുത്തിവയ്ക്കുന്ന ഉടനെ ആ ജന്തുവിലുണ്ടാകുന്ന സ്ഫോടനാത്മകമായ പ്രതിപ്രവര്‍ത്തനങ്ങള്‍. 1898-ല്‍ ചാള്‍സ് റിക്കറ്റ് (Charles Ricket) വ്ളാങ്കിന്റെ സീറം ഒരു ജന്തുവില്‍ രണ്ടാമത്തെ തവണ കുത്തിവച്ചപ്പോള്‍ ഉണ്ടായ മാരകമായ ഈ പ്രതിപ്രവര്‍ത്തനത്തെ അനാഫിലാക്സിസ് എന്നു നാമകരണം ചെയ്തു. ഈ പ്രതിപ്രവര്‍ത്തനം ഓരോ സ്പീഷിസിലും ഓരോ രീതിയിലാണുണ്ടാകുക. ഏതൊരന്യപ്രോട്ടീനും ഈ അവസ്ഥ ഉണ്ടാക്കാം. അന്യപ്രോട്ടീന്റെ ആദ്യത്തെ കുത്തിവയ്പ് കഴിഞ്ഞ ഉടനെതന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നു. ശരീരം മുഴുവന്‍ നീരുവരിക, ചൊറിച്ചില്‍ അനുഭവപ്പെടുക, ശ്വാസവിമ്മിട്ടം വരിക, രക്തമര്‍ദം കുറയുക, തളര്‍ച്ച, ശക്തിക്ഷയം തുടങ്ങിയവയാണു ലക്ഷണങ്ങള്‍. അടിയന്തരമായി ചികിത്സിച്ചില്ലെങ്കില്‍ ക്രമേണ അബോധാവസ്ഥയും തുടര്‍ന്ന് മരണവും സംഭവിച്ചേക്കാം.

സാധാരണമായി കുതിരസീറം കലര്‍ന്നിട്ടുള്ള ഡിഫ്ത്തീരിയ, ടെറ്റനസ്, ആന്റിസീറങ്ങള്‍, പെനിസിലിന്‍ തുടങ്ങിയ ഔഷധങ്ങളാണ് മനുഷ്യരില്‍ അനാഫിലാക്സിസ് ഉണ്ടാക്കുന്നത്.

ഭക്ഷണ അലര്‍ജി. ഭക്ഷണപദാര്‍ഥങ്ങളിലെ ചില പ്രോട്ടീ നുകളോടുള്ള അതിസംവേദനത കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. സാധാരണയായി ചിലതരം ഇറച്ചികള്‍, ചെമ്മീന്‍, ഞണ്ട്, കക്കയിറച്ചി, മുട്ട, പാല് എന്നിവയാണ് അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണസാമഗ്രികള്‍. ഭക്ഷണം കഴിച്ചയുടനെയോ, അല്പം കഴിഞ്ഞോ ശരീരത്തില്‍ തടിപ്പുകള്‍ വരിക, ചൊറിച്ചില്‍, പനി, തലവേദന, വയറുവേദന, വയറിളക്കം, സന്ധിതോറും നീര്, ആസ്ത്മ, ഹേ ഫീവര്‍ (Hay fever) എന്നിവയെല്ലാം ലക്ഷണങ്ങളാകാം.

ഔഷധ അലര്‍ജി. ഒരു പ്രത്യേക ഔഷധത്തോടുള്ള അതിസംവേദനത. ഏതൊരു ഔഷധവും അലര്‍ജിക്കു കാരണമാകാം. അതിസംവേദനതയുള്ള വ്യക്തികളില്‍ ഔഷധം വിഭിന്നമായ ഫലമാണുണ്ടാക്കുക. ഉദാഹരണമായി ബാര്‍ബിറ്റുറേറ്റുകള്‍ സാധാരണ ഉറക്കം ഉണ്ടാക്കുന്നു. എന്നാല്‍ ബാര്‍ബിറ്റുറേറ്റുകളോട് അലര്‍ജിയുള്ള വ്യക്തികളില്‍ ഇതു ശരീരത്തില്‍ തടിപ്പുകളാണുണ്ടാക്കുക. പെനിസിലിനോടുള്ള അലര്‍ജി നിരവധി പേരില്‍ കാണുന്നുണ്ട്.

ഹേ ഫീവര്‍. കണ്ണ്, മൂക്ക്, ശ്വസനവ്യൂഹം എന്നീ അവയവങ്ങളിലെ ശ്ളേഷ്മസ്തരങ്ങളെ ബാധിക്കുന്ന അലര്‍ജിയാണിത്. വേനല്ക്കാലത്തും ശരത്കാലാരംഭത്തിലും ആണ് ഇതു തുടങ്ങുക. പൂമ്പൊടികളോടുള്ള അതിസംവേദനതയുടെ ഫലമാണിത്. ചില പ്രത്യേക കുടുംബങ്ങളില്‍ ഇത് എല്ലാ അംഗങ്ങളെയും ബാധിക്കാറുണ്ട്. കണ്ണും മൂക്കും ചൊറിച്ചിലും, വെള്ളമൊലിക്കലുമാണ് തുടക്കം. തുടര്‍ന്ന് തുമ്മല്‍, മൂക്കടപ്പ്, ചുമ, തലവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാകുന്നു. ഇത് ആഴ്ചകളോളം നീണ്ടുനിന്നെന്നുവരാം. കാലാവസ്ഥ മാറുന്നതോടെ രോഗം തനിയെ ഭേദമാകുന്നു. രോഗബാധയുണ്ടാകുന്ന കാലങ്ങളില്‍ കടല്‍ത്തീരത്തിലേക്കു താമസം മാറ്റുകയോ അലര്‍ജിഹേതുവായ പൂമ്പൊടിക്കെതിരായി പ്രതിരോധകുത്തിവയ്പു നടത്തുകയോ ചെയ്യുന്നത് രോഗനിരോധനത്തിനു സഹായിക്കുന്നു. ആന്റിഹിസ്റ്റമീന്‍ (Antihis-tamine) ഔഷധങ്ങള്‍ തത്കാലാശ്വാസം നല്കും.

ആസ്ത്മ (Asthma). ആവേഗമായുണ്ടാകുന്ന (Paroxysmal) ഉച്ഛ്വാസവിമ്മിട്ടം. ശ്വസനികകളിലെ (Bronchioles) വര്‍ത്തുളപേശിയുടെ സങ്കോചഫലമായി ശ്വസനികകള്‍ ചുരുങ്ങുകയും അവയ്ക്കുള്ളിലെ ശ്ലേഷ്മസ്തരം വീര്‍ക്കുകയും ശ്ളേഷ്മസ്രാവമുണ്ടാകുകയും ചെയ്യുന്നതില്‍ നിന്നാണു ശ്വാസവിമ്മിട്ടം ഉണ്ടാകുന്നത്. ഏതൊരു അന്യപ്രോട്ടീനും ആസ്ത്മയുണ്ടാക്കാം. എന്നാല്‍ പ്രധാനമായവ പൂമ്പൊടികള്‍, ബാക്ടീരിയാ ടോക്സിനുകള്‍, ആഹാരപദാര്‍ഥങ്ങള്‍ എന്നിവയാണ്. മാനസികഘടകങ്ങള്‍ക്ക് ഈ രോഗം ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന പങ്കുണ്ട്. ശ്വസനികകളെ വികസിപ്പിക്കുന്ന ഔഷധങ്ങള്‍ (Bronchodilators), ആന്റിഹിസ്റ്റമീനുകള്‍ എന്നിവ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. കോര്‍ട്ടിസോണ്‍ (Cortisone) ചിലപ്പോള്‍ ആസ്ത്മയുടെ ചികിത്സയ്ക്ക് ഉപയോഗപ്രദമാകാറുണ്ട്.

സ്പര്‍ശ-അലര്‍ജി (Contact Allergy). അലര്‍ജി ഹേതു ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നതുകൊണ്ടുണ്ടാകുന്ന അലര്‍ജി. എക്സീമ ഈ വര്‍ഗത്തില്‍പ്പെട്ട ഒരു രോഗമാണ്.

(ഡോ. ആര്‍. രഥീന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍