This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലമന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലമന്നി

Alamanni

എ.ഡി. ആദ്യശതകങ്ങളില്‍ ഉണ്ടായിരുന്ന ഒരു ജര്‍മാനിക് ജനവര്‍ഗം. ഡിയോ കാസ്സിയസ് ആണ് ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ആദ്യമായി രേഖപ്പെടുത്തിയത്. റോമാ ചക്രവര്‍ത്തിയായിരുന്ന മാര്‍കസ് ഔറേലിയസ് അന്തോനിനസ് ബസ്സിയാനസ് എ.ഡി. 213-ല്‍ അലമന്നി വര്‍ഗത്തെ ആക്രമിച്ചുവെന്നും പില്ക്കാലത്ത് ഇവര്‍ റോമാസാമ്രാജ്യത്തില്‍ പ്രത്യാക്രമണം നടത്തിയെന്നും ഇറ്റലി അവരുടെ ആക്രമണത്തിനിരയായെന്നും പ്രസ്താവങ്ങളുണ്ട്. 260-ല്‍ അലമന്നിവര്‍ഗം അഗ്രി ഡെക്കുമാറ്റസ് കീഴടക്കുകയും കിഴക്കന്‍ ഗാള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സാമ്രാജ്യത്തിന്റെ കാലം മുഴുവന്‍ ഈ ആക്രമണം തുടര്‍ന്നിരുന്നുവെന്നു കാണാം. അഞ്ചാം ശ.-ത്തോടെ ഇക്കൂട്ടര്‍ അല്‍സേസ്, വടക്കന്‍ സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളില്‍ കടക്കുകയും ആ പ്രദേശങ്ങളില്‍ മുഴുവന്‍ ജര്‍മന്‍ ഭാഷ പ്രചരിപ്പിക്കുകയും ചെയ്തു. 495-ല്‍ ക്ലോവിസ്-I (465-511) ഇവരെ കീഴടക്കുകയും ഫ്രാങ്കിഷ് ഡൊമിനിയനോട് ലയിപ്പിക്കുകയും ചെയ്തു.

പ്രാചീനകാലത്ത് ജൂതുംഗി, ലെന്റീനസ്, ബുസിനോ ബാന്റസ് തുടങ്ങിയ വര്‍ഗങ്ങളുടെ ഒരു വന്‍സഖ്യമായിരുന്നു അലമന്നി. യുദ്ധകാലങ്ങളില്‍ ഈ വര്‍ഗങ്ങള്‍ ഒന്നുചേരുമെന്നതൊഴിച്ചാല്‍ ഇവരുടെ ഇടയില്‍ ഐക്യം നിലനിന്നിരുന്നില്ല. 357-ല്‍ സ്റ്റ്രാസ്ബര്‍ഗില്‍ നടന്ന യുദ്ധത്തില്‍ ഈ വര്‍ഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നത് ഇതിനുദാഹരണമാണ്. എങ്കിലും ഈ യുദ്ധത്തില്‍ ജൂലിയന്‍ എന്ന റോമാചക്രവര്‍ത്തി ഇവരെ പരാജയപ്പെടുത്തുകയുണ്ടായി.

അലമന്നിവര്‍ഗത്തിന് ഒരു ഏകീകൃതഗവണ്‍മെന്റുണ്ടായിരുന്നില്ല. ഒരു പ്രത്യേകവര്‍ഗം എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചില യുദ്ധങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. എട്ടാം ശ.-ത്തിന്റെ പൂര്‍വാര്‍ധം വരെ ഈ വര്‍ഗം അപരിഷ്കൃതരായി നിലനിന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍