This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലബാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലബാമ

Alabama

യു.എസ്സിലെ ഒരു സംസ്ഥാനം. വ. അക്ഷാ. 30° 13' മുതല്‍ 35° വരെയും, പ. രേഖാ. 84° 51' മുതല്‍ 88° 28' 03" വരെയും വ്യാപിച്ചുകിടക്കുന്ന അലബാമയുടെ അതിര്‍ത്തികള്‍ വ. ടെനീസി, കി. ജോര്‍ജിയ, പ. മിസിസിപ്പി, തെ. ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളാണ്. തെക്കേ അതിര്‍ത്തിയില്‍ ഒരു ചെറിയ ഭാഗം മെക്സിക്കോ ഉള്‍ക്കടലാണ്. 1819 ഡി. 14-ന് സംസ്ഥാനപദവി ലഭിച്ച അലബാമ യു.എസ്. ഘടകസംസ്ഥാനങ്ങളില്‍ വലുപ്പംകൊണ്ട് 29-ാമത്തേതാണ്. വിസ്തീര്‍ണം: 1,35,000 ച. കി.മീ.. തലസ്ഥാനം: മോണ്ട്ഗോമറി. ജനസംഖ്യ: 44,47,000 (2000).

വാലി ഹെഡി(valley)ല്‍ സെക്കോയ ഗുഹകളി(Sequoyan Caverns)ലെ'മാരവില്‍ ജലപാതം'(Rainbow Falls)

ഭൂപ്രകൃതി അനുസരിച്ച് ഈ സംസ്ഥാനത്തെ തീരസമതലം, മധ്യസമതലം, ഉന്നതപ്രദേശം എന്നിങ്ങനെ മൂന്നായി വിഭജിക്കാം; ഏതാണ്ട് സമാന്തരമായി കി. പടിഞ്ഞാറായുള്ള മേഖലകളാണ് ഇവ. സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ ഭൂപ്രകൃതി അപ്പലേച്ചിയന്‍ നിരകളുടെ അതിക്രമണംകൊണ്ട് നിമ്നോന്നതമാണ്. സാന്‍ഡ്, റാക്കൂണ്‍ എന്നീ മലനിരകളും അവയ്ക്കിടയിലെ താഴ്വരകളുമാണ് ഉന്നതപ്രദേശം. വ. കിഴക്കേകോണിലുള്ള ചീഹാപര്‍വതം (734 മീ.) ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭാഗം. ടെനീസി, കൂസ എന്നീ നദികളും അവയുടെ പോഷകനദികളുമാണ് ഈ പ്രദേശത്തെ മുഖ്യ ജലസ്രോതസ്സുകള്‍. മധ്യസമതലം ഫലഭൂയിഷ്ഠമായ പ്രയറി പ്രദേശത്തിന്റെ ഒരു ശാഖയാണ്. ഇവിടത്തെ മണ്ണ് പരുത്തിക്കൃഷിക്ക് ഉത്തമമാണ്; തന്മൂലം ഇവിടം 'പരുത്തിമേഖല' എന്ന് അറിയപ്പെടുന്നു. മധ്യസമതലത്തിനു തെക്ക് മെക്സിക്കന്‍ ഉള്‍ക്കടലിലേക്കു ക്രമേണ ചരിഞ്ഞിറങ്ങുന്ന തീരസമതലമാണ്.

സംസ്ഥാനത്തുകൂടി ഒഴുകുന്ന പ്രധാനനദികള്‍ ടോംബിഗ്ബി, ബ്ലാക്വാരിയര്‍, അലബാമ, കൂസ, ടെനീസി, ചട്ടാഹുച്ചി എന്നിവയാണ്. ഇവയില്‍ അലബാമ സംസ്ഥാനത്തിന്റെ തെ. പടിഞ്ഞാറു ഭാഗത്തേക്കൊഴുകി ടോംബിഗ്ബിയുമായി സംയോജിക്കുകയും പിന്നീട് രണ്ടു കൈവഴികളായി (മോബിള്‍, ടെന്‍സാവ്) പിരിഞ്ഞ് മോബിള്‍ ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്യുന്നു. ഈ കൈവഴികള്‍ കപ്പല്‍ ഗതാഗതത്തിന് അനുയോജ്യമാണ്.

ഉള്‍ക്കടല്‍ തീരത്ത് ഉല്ലാസത്തിനുവേണ്ടി മീന്‍പിടിക്കുന്നു

നദികളെക്കൂടാതെ ഏതാനും തടാകങ്ങളും ഈ സംസ്ഥാനത്തുണ്ട്. അവയെ മീന്‍വളര്‍ത്താനും ഉല്ലാസകേന്ദ്രങ്ങളായും ഉപയോഗിക്കുന്നു. നദീമാര്‍ഗങ്ങള്‍ ഗതാഗതയോഗ്യമാക്കി വികസിപ്പിച്ചിട്ടുണ്ട്. വിദ്യുച്ഛക്തി ഉത്പാദനവും ജലസേചന പദ്ധതികളും പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

അലബാമയിലെ ജലപാതകളുടെ മൊത്തം നീളം 1980 കി. മീ. വരും. പ്രധാന നദികളെ കൃത്രിമത്തോടുകള്‍ വഴി പരസ്പരം ബന്ധിച്ചിരിക്കുന്നു. ജലഗതാഗതം പ്രമുഖഖനികളോളം വ്യാപിച്ചിട്ടുണ്ട്.

സമശീതോഷ്ണകാലാവസ്ഥയുള്ള അലബാമയില്‍ ശ.ശ. ചൂട് 7.8°C (ജനു.) 26.7°C (ജൂലൈ) ആണ്. വര്‍ഷപാതം ശ.ശ. 165 സെ.മീ. അപൂര്‍വമായി മഞ്ഞു വീഴ്ചയുമുണ്ട്.

സംസ്ഥാനത്തെ മുഖ്യവിള പരുത്തിയാണ്. ശാസ്ത്രീയകൃഷിസമ്പ്രദായങ്ങള്‍ വ്യാപകമായിട്ടുണ്ട്. വിവിധയിനം ധാന്യങ്ങള്‍, നിലക്കടല, പയറുവര്‍ഗങ്ങള്‍ എന്നിവയും സമൃദ്ധമായി കൃഷിചെയ്തുവരുന്നു. പൊതുവേ വളക്കൂറുള്ള മണ്ണാണ്. മേച്ചില്‍സ്ഥലങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കന്നുകാലിസംരക്ഷണത്തിനാണ് പരുത്തിക്കൃഷിയെക്കാള്‍ പ്രാധാന്യം. മാടുകളെ പോഷിപ്പിച്ച് മാംസവ്യവസായത്തിന് ഉപയുക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ 2/3 ഭാഗത്തോളം വരുന്ന വനങ്ങള്‍ ശാസ്ത്രീയരീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സമ്പദ്പ്രധാനങ്ങളായ ഓക്, ഹിക്കോറി, സൈപ്രസ്, വാല്‍നട്ട്, മേപ്പിള്‍, ബീച്ച്, ബെര്‍ച്, മാഗ്നോലിയ തുടങ്ങിയ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. തന്മൂലം തടിവ്യവസായം ഗണ്യമായി വികസിച്ചിട്ടുണ്ട്.

മികച്ച ധാതുസമ്പത്തുള്ള ഒരു പ്രദേശമാണ് അലബാമ. മാങ്ഗനീസ്, അഭ്രം, ലിഗ്നൈറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ഉപ്പ്, കാവി, സിലിക്കേറ്റ്, ഗ്രാഫൈറ്റ്, ബോക്സൈറ്റ്, കളിമണ്ണ്, ഇരുമ്പ്, കല്‍ക്കരി, കയോലിന്‍, ആസ്ബെസ്റ്റോസ്, പെട്രോളിയം, പ്രകൃതിവാതകം, മാര്‍ബിള്‍ എന്നിവയുടെ സമ്പന്നനിക്ഷേപങ്ങള്‍ സുലഭമായി ഉണ്ട്. ഇരുമ്പയിര്, കല്‍ക്കരി, ചുണ്ണാമ്പുകല്ല് എന്നീ മൂന്ന് അവശ്യഘടകങ്ങളും ഒരിടത്തുനിന്നും ലഭിക്കുന്ന ബെര്‍മിങ്ഹാം ഉരുക്കുവ്യവസായത്തിന്റെ മാതൃകാകേന്ദ്രമാണ്. അലബാമയിലെ വാരിയര്‍, കൂസ എന്നീ കല്‍ക്കരി നിക്ഷേപങ്ങള്‍ ലോകത്തുള്ള ഏറ്റവും വലിയ ഖനികളില്‍പ്പെടുന്നു. വെള്ള മാര്‍ബിളിന്റെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപം അലബാമയിലെ സെയ്‍ലാകാഗ്വയാണ്. സംസ്ഥാനത്തെ ധനാഗമമാര്‍ഗങ്ങളില്‍ ധാതുക്കള്‍ക്കു പ്രമുഖമായ ഒരു സ്ഥാനമുണ്ട്.

പ്രധാനനഗരങ്ങള്‍ ബെര്‍മിങ്ഹാം, മോബിള്‍, മോണ്ട്ഗോമറി, ഗാഡ്സ്ഡെന്‍, ടസ്കലൂസ്, ഫ്ളോറന്‍സ്, ഷെഫീല്‍ഡ്, ടസ്കംബിയ, ഹണ്ട്സ്വില്‍ എന്നിവയാണ്. ബെര്‍മിങ്ഹാം ഇരുമ്പുരുക്കു കേന്ദ്രമാണ്. മോബിള്‍ തടിവ്യവസായം, കപ്പല്‍നിര്‍മാണം, പരുത്തിത്തുണി നിര്‍മാണം എന്നിവയില്‍ മുന്നിട്ടുനില്ക്കുന്നു. മോട്ടോര്‍കാര്‍ നിര്‍മാണം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ മോണ്ട്ഗോമറിയും വ്യവസായ പ്രമുഖമാണ്. നെയ്ത്തുവ്യവസായവും പുരോഗതി നേടിയിട്ടുണ്ട്. ഗാഡ്സ്ഡെന്‍, ഉരുക്ക്, നെയ്ത്ത്, റബ്ബര്‍ എന്നീ വ്യവസായങ്ങളില്‍ മുന്നിട്ടു നില്ക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B4%AC%E0%B4%BE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍