This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാരസാരസംഗ്രഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലങ്കാരസാരസംഗ്രഹം

ഉദ്ഭടന്റെ അലങ്കാരശാസ്ത്രഗ്രന്ഥം. ഭാമഹന്റെ കാവ്യാലങ്കാരത്തിന് ഉദ്ഭടന്‍ രചിച്ചിട്ടുള്ള ഭാമഹവിവരണം എന്ന വ്യാഖ്യാനത്തിന്റെ ഒരു സംഗ്രഹം മാത്രമാണ് ഈ കൃതിയെന്നു വേണം വിചാരിക്കുക. ആറധ്യായ(വര്‍ഗ)ങ്ങളിലായി എഴുപത്തിഒന്‍പതോളം കാരികകളില്‍ നാല്പത്തൊന്ന് അലങ്കാരങ്ങള്‍ക്കു നിര്‍വചനവും ഉദാഹരണവും കൊടുത്തിരിക്കുന്നു. ഗ്രന്ഥകാരന്റെതന്നെ കുമാരസംഭവം കാവ്യത്തില്‍നിന്നാണ് ഉദാഹരണപദ്യങ്ങള്‍ ഉദ്ധരിച്ചിട്ടുള്ളത്. പുനരുക്തവദാഭാസം, ഛേകാനുപ്രാസം, അനുപ്രാസം, ലാടാനുപ്രാസം, രൂപകം, ഉപമ, ദീപകം, പ്രതിവസ്തൂപമ, ആക്ഷേപം, അര്‍ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി, അതിശയോക്തി, യഥാസംഖ്യം, ഉത്പ്രേക്ഷ, സ്വഭാവോക്തി, പ്രേയസ്, രസവത്, ഊര്‍ജസ്വി, പര്യായോക്തം, സമാഹിതം, ഉദാത്തം, ശ്ളിഷ്ടം, അപഹ്നുതി, വിശേഷോക്തി, വിരോധം, തുല്യയോഗിത, അപ്രസ്തുതപ്രശംസ, വ്യാജസ്തുതി, നിദര്‍ശന, ഉപമേയോപമ, സഹോക്തി, സങ്കരം, അനന്വയം, സസന്ദേഹം, സംസൃഷ്ടി, ഭാവികം, കാവ്യലിംഗം, ദൃഷ്ടാന്തം എന്നിവയാണ് വിചിന്തനത്തിനു വിഷയീഭവിച്ചിട്ടുള്ള അലങ്കാരങ്ങള്‍. മിക്കവാറും ഭാമഹന്റെ വിഷയവിന്യാസക്രമം തന്നെയാണ് ഉദ്ഭടനും അനുവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍ യമകം, ഉപമാരൂപകം, ഉത്പ്രേക്ഷാവയവം തുടങ്ങി ഏതാനും അലങ്കാരങ്ങള്‍ വര്‍ജിക്കയും പുനരുക്തവദാഭാസം, സങ്കരം, കാവ്യലിംഗം, ദൃഷ്ടാന്തം എന്നിങ്ങനെ ചിലതു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. പല അലങ്കാരങ്ങളുടെയും നിര്‍വചനത്തില്‍, മുന്‍ഗാമിയുടെ ഭാഷതന്നെയാണ് ഉദ്ഭടന്‍ ഉപയോഗിച്ചിരിക്കുന്നത്. അലങ്കാരസാരസംഗ്രഹത്തിന് പ്രതീഹാരേന്ദുരാജന്റെ ലഘുവൃത്തി എന്നൊരു വ്യാഖ്യാനം ഉണ്ട്. നോ: ഉദ്ഭടന്‍; ഭാമഹന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍