This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാരശേഖരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലങ്കാരശേഖരം

കേശവമിശ്രന്‍ (17-ാം ശ.) എഴുതിയ സാഹിത്യശാസ്ത്രഗ്രന്ഥം. കാരിക, വൃത്തി, ദൃഷ്ടാന്തങ്ങള്‍ എന്നിങ്ങനെ മൂന്ന് അംശങ്ങളും ഇതിലുണ്ട്. കാവ്യാദര്‍ശം, കാവ്യമീമാംസ, ധ്വന്യാലോകം, കാവ്യപ്രകാശം, വാഗ്ഭടാലങ്കാരം എന്നീ ശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നു പലതും വിവക്ഷിതത്തെ വിശദീകരിക്കുന്നതിനുവേണ്ടി ഇതില്‍ ഉദ്ധരിച്ചിരിക്കുന്നു. ഈ കൃതിക്ക് എട്ട് അധ്യായങ്ങളുണ്ട്; ഓരോ അധ്യായത്തിനും 'രത്നം' എന്ന പേരാണ് ഗ്രന്ഥകാരന്‍ നല്കിയിട്ടുള്ളത്. കാവ്യലക്ഷണങ്ങള്‍, രീതികള്‍, പദങ്ങളുടെ മൂന്നുതരം വ്യാപാരങ്ങള്‍, ദോഷ-ഗുണ-അലങ്കാരങ്ങള്‍, നായികാനായകന്മാരുടെ സ്വഭാവങ്ങള്‍, കവിസങ്കേതങ്ങള്‍, കാവ്യവിഷയങ്ങള്‍, രസനിഷ്പത്തിയില്‍ പദങ്ങളുടെ പങ്ക് എന്നീ വിഷയങ്ങളാണ് എട്ടു രത്നങ്ങളിലായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

16-ാം ശ.-ത്തിന്റെ മധ്യത്തില്‍ ജീവിച്ചിരുന്ന ധര്‍മചന്ദ്രന്‍ എന്ന രാജാവിന്റെ മകനായ മാണിക്യചന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അലങ്കാരശേഖരം രചിച്ചിട്ടുള്ളതെന്നു കേശവമിശ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാവ്യനിര്‍മാണകാരണം പ്രതിഭയാണെന്നും വ്യുത്പത്തിയും അഭ്യാസവും ആണ് ഉപകാരകങ്ങളെന്നും വിശ്വസിക്കുന്ന കേശവമിശ്രന്‍ രസത്തെ കാവ്യാത്മാവായി അംഗീകരിക്കുന്ന ഒരു രസപക്ഷപാതിയാണ്. ഈ ഗ്രന്ഥത്തിലെ കാരിക ശൗദ്ധോദനിയുടേതാണെന്നു വൃത്തിയില്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍ കേശവമിശ്രന്റെ സ്വന്തം സംഭാവന വൃത്തിയും ദൃഷ്ടാന്തങ്ങളും ആണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍