This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാരമത്സ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലങ്കാരമത്സ്യങ്ങള്‍

Ornamental fishes


ആകര്‍ഷകമായ നിറങ്ങളും തനതായ സവിശേഷതകളുമുള്ള മത്സ്യങ്ങള്‍. അലങ്കാര മത്സ്യങ്ങളായി കണക്കാക്കപ്പെടുന്ന വിവിധ സ്പിഷീസ് മത്സ്യങ്ങള്‍ വലുപ്പത്തില്‍ മാത്രമല്ല വളരുന്ന ജലത്തിന്റെ ഗുണമേന്മ, താപനില, ഇരതേടല്‍, ഭക്ഷണം, ആക്രമണശീലം തുടങ്ങിയവയിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്.

മൂന്നാം ലോക രാജ്യങ്ങളിലാണ് അലങ്കാര മത്സ്യക്കൃഷി ഏറ്റവും വ്യാപകമായിട്ടുള്ളത്. മൊത്തം അലങ്കാര മത്സ്യോത്പാദനത്തിന്റെ 2/3 ഭാഗവും ഈ രാജ്യങ്ങളിലാണ്. അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനരംഗം ഇന്ന് ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഇവ വളരുന്ന പരിസ്ഥിതിയുടെ സംരക്ഷണവും നിലനില്പും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കീടനാശിനികളുടെയും മറ്റു രാസപദാര്‍ഥങ്ങളുടെയും അടിഞ്ഞുകൂടല്‍ മൂലം ആഴക്കടലുകളിലെയും തടാകങ്ങളിലെയും മത്സ്യസമ്പത്തു നശിച്ചുകൊണ്ടിരിക്കുന്നു. അമിതമായ മത്സ്യബന്ധനവും തോട്ടപൊട്ടിച്ചും രാസവസ്തുക്കളുപയോഗിച്ചുമുള്ള മീന്‍പിടുത്തവും മത്സ്യസമ്പത്തിന്റെ നാശത്തിനു വഴിതെളിക്കുന്നു.

അലങ്കാരമത്സ്യങ്ങള്‍
അലങ്കാരമത്സ്യങ്ങള്‍

ഇന്ത്യയില്‍ ഏതാണ്ട് 2500 ഇനം മത്സ്യങ്ങളുള്ളതില്‍ 326 ജീനസുകളിലെ 930-ല്‍ അധികം ഇനങ്ങളും ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ വളരുന്നവയാണ്. ഇന്ത്യയില്‍ അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനവും വിപണനവും ലോകത്തിലാകമാനമുള്ളതിന്റെ പത്തു ശതമാനമേ വരൂ. ഇതില്‍ത്തന്നെ 90 ശ.മാ. ശുദ്ധജല അലങ്കാര മത്സ്യങ്ങളും പ്രത്യേകം വളര്‍ത്തപ്പെടുന്നവയാണ്. ഇത് സമുദ്രജല മത്സ്യങ്ങളുടെ 25 ⁄8000 ഭാഗം വരും. വിലയേറിയ സമുദ്രജല അലങ്കാരമത്സ്യങ്ങളെ പ്രത്യേകം വളര്‍ത്തി സങ്കരണ പരീക്ഷണങ്ങളിലൂടെ വര്‍ധിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു. പവിഴപ്പുറ്റുകള്‍ക്കു സമീപം സമൃദ്ധമായി കാണുന്ന മുള്ളന്‍ ചിറകുകളുള്ള ഒരിനം അലങ്കാരമത്സ്യമാണ് വിപണനരംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്നത്. പേള്‍സ്കേന്‍, ഒറാന്‍ഡ, കാലിക്കോ, സെലസ്റ്റിയല്‍, ഫാന്‍ടെയില്‍, ബ്ലാക്മൂര്‍, ടെലിസ്ക്കോപ്പിക്, ബബ്ബിള്‍, ലയണ്‍ ഷുബ്കിന്‍ തുടങ്ങിയ സ്വര്‍ണമത്സ്യങ്ങളും മാലാഖ മത്സ്യങ്ങളും വിവിധയിനം മോളി മത്സ്യങ്ങളും ഗപ്പികളും ശൗരാമികളും പ്ലാറ്റികളും ചിത്രശലഭ മത്സ്യങ്ങളും സീബ്രാ മത്സ്യങ്ങളും പെട്ടി മത്സ്യങ്ങളും സയാമീസ് മത്സ്യങ്ങളും പ്രിയപ്പെട്ടവതന്നെ. നിറങ്ങളും വരകളും ശല്ക്കങ്ങളും ഇത്തരം മത്സ്യങ്ങളെ ആകര്‍ഷകമാക്കുന്നു. കൊതുകുകളെയും കൂത്താടികളെയും തിന്നു നശിപ്പിക്കുന്ന ഗപ്പി, ഗാംബൂസിയ എന്നിവയും പായലുകള്‍ തിന്നു തീര്‍ക്കുന്ന ഗ്രാസ്കാര്‍പ്പും ജയന്റ് ഗൗരാമിയും മനുഷ്യരാശിയുടെ നിലനില്പിനു തന്നെ ആവശ്യമായിരിക്കുകയാണ്.

അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനവും, മത്സ്യകൃഷിയും വിപപണനവും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്നു. സ്ഥിതി വിവരക്കണക്കുകളനുസരിച്ച് വിവിധ രാജ്യങ്ങള്‍ വര്‍ഷം തോറും കയറ്റുമതിയിനത്തില്‍ അനേകം ദശലക്ഷം ഡോളറിന്റെ ലാഭമുണ്ടാക്കുന്നു. 1985 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ അലങ്കാര മത്സ്യക്കയറ്റുമതിയില്‍ വര്‍ഷംതോറും 14 ശതമാനം വീതം വളര്‍ച്ചയുണ്ടായതായി കണക്കാക്കിയിട്ടുണ്ട്.

ഇന്ത്യോനേഷ്യയില്‍ നിന്ന് യു.എസ്സ്., ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് അലങ്കാരമത്സ്യങ്ങള്‍ കയറ്റുമതിചെയ്യുന്നു. ഇവയില്‍ ആംഫ്രിപ്രിയോണ്‍ മത്സ്യം, ഡാസില്ലസ്, ചുവന്ന ലാബ്രസെ തുടങ്ങിയവ മുന്‍പന്തിയിലാണ്. 'ഡോക്ടര്‍മാരെപ്പോലെ രോഗികളെ പരിശോധിക്കുന്ന' ഡോക്ടര്‍ മത്സ്യവും (Labrodiae dimidiatus) തലസ്സോമ ലുനേര്‍ (Thalassoma lunare) ഇനവും ഇന്തോനേഷ്യയില്‍ സാധാരണ കാണപ്പെടുന്നവയാണ്.

ചിലയിനം അലങ്കാര മത്സ്യങ്ങളെ അവയുടെ ആവാസ വ്യവസ്ഥയില്‍നിന്ന് മാറ്റി അക്വേറിയങ്ങളിലും മറ്റും വളര്‍ത്തുന്നു. നോ: അക്വേറിയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍