This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലങ്കാരം

അലങ്കാരം എന്ന പദത്തിനു വ്യുത്പത്തിഭേദമനുസരിച്ച് വിഭിന്നാര്‍ഥങ്ങള്‍ ഉണ്ട്. അലംകരിക്കുന്നത് (അലംകരോതി ഇതി അലങ്കാരഃ) എന്ന് കര്‍ത്തൃപ്രധാനമായും, അലങ്കരിക്കപ്പെടുന്നത് (അലംക്രിയതേ ഇതി അലങ്കാരഃ) എന്ന് കര്‍മപ്രധാനമായും, യാതൊന്നുകൊണ്ട് അലങ്കരിക്കുന്നുവോ അത് (അലംക്രിയതേ അനേന ഇതി അലങ്കാരഃ) എന്ന് കരണപ്രധാനമായും, അലങ്കരിക്കല്‍ (അലങ്കരണം അലങ്കാരഃ) എന്ന് ഭാവപ്രധാനമായും പ്രസ്തുത ശബ്ദത്തെ വ്യാഖ്യാനിക്കാം. കരണവ്യുത്പത്തികൊണ്ട് ഈ ശബ്ദം യമകം, ഉപമ തുടങ്ങിയ ശബ്ദാര്‍ഥാലങ്കാരങ്ങളെ ഗ്രഹിക്കുന്നതിനു സഹായിക്കുന്നു. അലങ്കാരം കാവ്യശരീരത്തിന്റെ ബാഹ്യസൗന്ദര്യകാരകമായ ധര്‍മമാണ്-ഹാരാദികള്‍ രമണീയമായ ഒരു നായികയുടെ ശരീരത്തിന് എന്നപോലെ. കാവ്യത്തിന് അനുപേക്ഷണീയമായ ഒന്നല്ല അലങ്കാരമെങ്കിലും രാമണീയകം വര്‍ധിപ്പിച്ചു കാവ്യത്തെ കൂടുതല്‍ ചമത്കാരജനകമാക്കുന്നതില്‍ അതിനു ഗണ്യമായ ഒരു പങ്കുണ്ട്.

സഹൃദയരായ അനുവാചകരുടെ ഹൃദയത്തില്‍ ഭാവനയെ തട്ടിയുണര്‍ത്തി തന്റെ വിവക്ഷിതം ഗ്രഹിപ്പിക്കുന്നതിനു സമര്‍ഥമായ രീതിയില്‍ കവി അര്‍ഥത്തിലും ശബ്ദത്തിലും ആവിഷ്കരിക്കുന്ന ചില ഭംഗിവിശേഷങ്ങളാണ് അലങ്കാരങ്ങള്‍. സാമ്പ്രദായികാലങ്കാരികന്മാരില്‍ മുമ്പനായ ഭാമഹനാണ് അലങ്കാരത്തിന്റെ സ്വരൂപം ആദ്യമായി നിര്‍ദേശിക്കുന്നത്. 'വക്രോക്തി'യാണ് ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അലങ്കാരത്തിന്റെ ജീവന്‍. വക്രോക്തി എന്ന പദം ഇവിടെ പ്രയോഗിച്ചിട്ടുള്ളത് ആ പേരിലുള്ള ഒരു പ്രത്യേകാലങ്കാരത്തെ ഉദ്ദേശിച്ചല്ല; പ്രത്യുത യാതൊന്നിന്റെ അഭാവത്തില്‍ അലങ്കാരം എന്നൊന്നില്ലയോ ആ ധര്‍മത്തെക്കുറിക്കുന്നതിനുവേണ്ടിയാണ്. അര്‍ഥങ്ങള്‍ക്കു ചമത്കാരമുണ്ടാകുന്നതു വക്രോക്തി മൂലമാണ് എന്ന് ഇദ്ദേഹം നിഷ്കര്‍ഷിക്കുന്നു.

അലങ്കാരങ്ങള്‍ കാവ്യശോഭാകരങ്ങളായ ധര്‍മങ്ങളാണെന്നു ദണ്ഡി പ്രസ്താവിച്ചിരിക്കുന്നു. കാവ്യത്തിന് സൗന്ദര്യം ജനിപ്പിക്കുന്നതെന്തും അദ്ദേഹത്തിന്റെ മതത്തില്‍ അലങ്കാരങ്ങളാണ്. എന്നാല്‍ വാമനന്‍ അതിനോടു യോജിക്കുന്നില്ല. കാവ്യശോഭാകരങ്ങളായ ധര്‍മങ്ങള്‍ ഗുണങ്ങളാണ്; അലങ്കാരങ്ങള്‍ ആ ശോഭയെ അധികമാക്കുന്നവ മാത്രമാണ് എന്നത്രെ അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ അലങ്കാരശബ്ദത്തിന് അദ്ദേഹം വളരെ വ്യാപകമായ ഒരര്‍ഥംകൂടി നിര്‍ദേശിക്കുന്നുണ്ട്: 'കാവ്യം ഗ്രാഹ്യം അലങ്കാരാത്; സൗന്ദര്യമലങ്കാരഃ' എന്നു പറയുമ്പോള്‍ കാവ്യശോഭാകരങ്ങളായ എന്തും അലങ്കാരമാകുന്നു. പക്ഷേ, സാമ്പ്രദായികാലങ്കാരങ്ങളെക്കുറിച്ച് ആദ്യം പറഞ്ഞതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

രുദ്രടന്റെ പക്ഷത്തില്‍ അലങ്കാരം 'അഭിധാനപ്രകാരവിശേഷം', അതായത് കവിപ്രതിഭയില്‍നിന്നും സമുദിതമായ ഉക്തിവിശേഷം മാത്രമാണ്. ധ്വനികാരനായ ആനന്ദവര്‍ധനനും ഈ അഭിപ്രായത്തെ പിന്താങ്ങി, 'വാഗ്വികല്പങ്ങള്‍ അനന്തങ്ങളാണ്, തല്‍പ്രകാരങ്ങള്‍ തന്നെയാണ് അലങ്കാരങ്ങള്‍' എന്നു പറഞ്ഞിരിക്കുന്നു. വൈദഗ്ധ്യശാലിയായ കവിയുടെ കഥനരീതിതന്നെ വക്രോക്തിഭാസുരമാണ്; തന്മൂലം വക്രോക്തിയാണ് അലങ്കാരം എന്നത്രെ കുന്തകന്റെ അഭിപ്രായം. ധ്വനിപക്ഷപാതിയായ മമ്മടന്‍ അലങ്കാരത്തെ ശരീരത്തിലണിയുന്ന ഹാരാദിയോടാണ് ഉപമിച്ചിട്ടുള്ളത്. രസത്തെ പോഷിപ്പിക്കാന്‍ അലങ്കാരങ്ങള്‍ അത്യന്താപേക്ഷിതങ്ങളല്ല; പോഷിപ്പിച്ചുകൂടാ എന്നില്ലതാനും. രസമില്ലാത്തിടത്തും അലങ്കാരങ്ങളുണ്ടാകാം. ഇതാണ് അദ്ദേഹത്തിന്റെ മതം. അലങ്കാരത്തിന്റെ സ്വരൂപത്തെക്കുറിച്ച് ആചാര്യന്‍മാര്‍ക്കുണ്ടായിരുന്ന ധാരണയും നിഷ്കര്‍ഷയും ഇത്രയുംകൊണ്ടു മനസ്സിലാക്കാം.

അലങ്കാരങ്ങളുടെ വര്‍ഗീകരണം. ഉക്തിപ്രകാരങ്ങള്‍ അനേകമാകയാല്‍ തത്തദ്രൂപങ്ങളായ അലങ്കാരങ്ങളെ എണ്ണി തിട്ടപ്പെടുത്തുവാന്‍ പ്രയാസമുണ്ട്. എങ്കിലും സൂക്ഷ്മചിന്തനത്തില്‍, ചില അലങ്കാരങ്ങള്‍ക്ക് ആധാരഭൂതമായ തത്ത്വം ഒന്നുതന്നെയാണെന്നു കാണാവുന്നതാണ്. ഉദാഹരണമായി ഉപമ, അനന്വയം, പ്രതീപം മുതലായവ സാദൃശ്യമൂലകങ്ങളായ തത്ത്വങ്ങളിലധിഷ്ഠിതമാണ്. ഈ അലങ്കാരങ്ങളില്‍ ചിലതില്‍ സാദൃശ്യം വാച്യമാണെങ്കില്‍ മറ്റു ചിലതില്‍ പ്രതീകമാനമാണ്. അപ്പോള്‍ അടിസ്ഥാനപരമായ തത്ത്വത്തെ ആശ്രയിച്ച് അലങ്കാരങ്ങളെ ഭിന്നവര്‍ഗങ്ങളിലായി പ്രതിഷ്ഠിക്കാന്‍ വിഷമമില്ല.

ഈ വര്‍ഗീകരണപ്രക്രിയ ഭാമഹനില്‍ തന്നെ ബീജമാത്രമായി ദര്‍ശിക്കുവാന്‍ സാധിക്കും; എങ്കിലും ഉദ്ഭടനാണ് അങ്ങനെയൊരു നിര്‍ദേശം പ്രത്യക്ഷത്തില്‍ ആദ്യമായി മുന്നോട്ടു വച്ചത്. എട്ടു വര്‍ഗങ്ങളിലായി വിഷയാനുസാരം ഇദ്ദേഹം അലങ്കാരങ്ങളെ നിരൂപണം ചെയ്തിട്ടുണ്ട്: പുനരുക്തവദാഭാസം, ഛേകം, വൃത്തി, ലാടം, അനുപ്രാസം, ദീപകം, ഉപമ, പ്രതിവസ്തൂപമ എന്നിങ്ങനെ എട്ട് അലങ്കാരങ്ങള്‍ ആദ്യത്തെ വര്‍ഗത്തിലും ആക്ഷേപം, അര്‍ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി തുടങ്ങിയ അലങ്കാരങ്ങള്‍ രണ്ടാമത്തെ വര്‍ഗത്തിലുമായി; അങ്ങനെ പോകുന്നു അലങ്കാരവിഭജനരീതി. ഇതു ശാസ്ത്രീയമായ ഒരു സമ്പ്രദായമാണെന്നു പറഞ്ഞുകൂടാ.

അലങ്കാരവര്‍ഗീകരണത്തില്‍ ശാസ്ത്രീയമായ സമീപനം ആദ്യമായി പ്രദര്‍ശിപ്പിച്ചത് രുദ്രടനാണ്. ഇദ്ദേഹം മുന്‍പുള്ളതിനെക്കാള്‍ കൂടുതലായി പല അലങ്കാരങ്ങളും നിര്‍ദേശിക്കയുണ്ടായി. അലങ്കാരങ്ങളുടെ ആധാരതത്ത്വങ്ങള്‍ പരിശോധിച്ച രുദ്രടന്‍ അര്‍ഥാലങ്കാരങ്ങളെ വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം എന്നിങ്ങനെ നാലു വര്‍ഗങ്ങളായി വിഭജിച്ചു: വാസ്തവോക്തിമൂലകങ്ങളായ അലങ്കാരങ്ങള്‍ 23, സാമ്യോക്തിമൂലകങ്ങള്‍ 21, അതിശയോക്തിമൂലകങ്ങള്‍ 12, ശ്ലേഷമൂലകങ്ങള്‍ 10 എന്നിങ്ങനെ. ഏ.ആര്‍. രാജരാജവര്‍മയുടെ ഭാഷാഭൂഷണം രുദ്രടന്റെ ഈ മതത്തെ അംഗീകരിച്ചിരിക്കുന്നു എന്ന് താഴെപ്പറയുന്ന വരികള്‍ വ്യക്തമാക്കുന്നുണ്ട്.

'ഓര്‍ത്താലതിശയം, സാമ്യം,

വാസ്തവം, ശ്ലേഷമിങ്ങനെ

അലങ്കാരങ്ങളെത്തീര്‍പ്പാന്‍

നാലുതാനിഹ സാധനം.'

രുദ്രടനുശേഷം രുയ്യകന്‍ അര്‍ഥാലങ്കാരങ്ങളെ അഞ്ചു വര്‍ഗങ്ങളാക്കി തിരിച്ചു-സാദൃശ്യഗര്‍ഭം (28), വിരോധഗര്‍ഭം (12), ശൃംഖലാബദ്ധം (4), ന്യായമൂലം (17), ഗൂഢാര്‍ഥപ്രതീതിമൂലം (3) എന്നിങ്ങനെ. എന്നാല്‍ സ്വഭാവോക്തി, ഭാവികം, ഉദാത്തം, സംസൃഷ്ടി, സംകരം എന്നീ അഞ്ച് അലങ്കാരങ്ങളെയും രസഭാവസംബന്ധികളായ അലങ്കാരങ്ങളെയും (രസവത്, പ്രേയസ്, ഊര്‍ജസ്വി, സമാഹിതം, ഭാവോദയം, ഭാവസന്ധി, ഭാവശബളത) അദ്ദേഹം ഒരു വര്‍ഗത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. അലങ്കാരങ്ങളുടെ മൂലതത്ത്വനിരൂപണം ഇവിടെ താരതമ്യേന കൂടുതല്‍ യുക്തിയുക്തമായിട്ടുമുണ്ട്.

ഏകാവലിയില്‍ വിദ്യാധരന്‍ അര്‍ഥാലങ്കാരങ്ങളെ സ്ഥൂലദൃഷ്ടിയില്‍ നാലു വര്‍ഗങ്ങളായും സൂക്ഷ്മദൃഷ്ടിയില്‍ ഒന്‍പതു വര്‍ഗങ്ങളായും വിഭജിച്ചിരിക്കുന്നു. വസ്തുപ്രതീതി, ഔപമ്യപ്രതീതി, രസഭാവപ്രതീതി, അസ്ഫുടപ്രതീതി എന്നിങ്ങനെയാണ് സ്ഥൂലദൃഷ്ട്യാ ഉള്ള വിഭജനം. സാധര്‍മ്യമൂലകം, അധ്യവസായമൂലകം, വിരോധമൂലകം, ശൃംഖലാവൈചിത്ര്യ മൂലകം, അപഹ്നവമൂലകം തുടങ്ങിയവയാണ് സൂക്ഷ്മമായ വര്‍ഗീകരണം.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് അലങ്കാരങ്ങളെ വര്‍ഗീകരിക്കുന്നതില്‍ അലങ്കാരശാസ്ത്രകാരന്മാര്‍ തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും അഭിമതത്തിനും നിരക്കുന്ന രീതിയില്‍ അതതു കാലത്തു പ്രയത്നിച്ചിട്ടുണ്ട് എന്നാണ്. നിശ്ശേഷം ദോഷപൂര്‍ണമെന്ന് ഒന്നിനെയും വിശേഷിപ്പിച്ചുകൂടാ. ഉള്ളതില്‍വച്ച് ഏറ്റവും ശാസ്ത്രീയമെന്നു പറയാവുന്നത് രുയ്യകന്റെ വര്‍ഗീകരണമാണ്.

സാമ്പ്രദായികാലങ്കാരദര്‍ശനത്തോടൊപ്പം അലങ്കാരശാസ്ത്രപരിധിയില്‍പ്പെട്ട രസദര്‍ശനത്തിലും ക്രമാനുസൃതമായ വികാസമുണ്ടായിട്ടുണ്ട്. നാടകങ്ങളുടെ ലോകത്തില്‍ മാത്രം പ്രധാന തത്ത്വമായി ഒതുങ്ങിനിന്നിരുന്ന രസം കാവ്യപ്രപഞ്ചത്തിലും സമുന്നതസ്ഥാനം ഉറപ്പിച്ചു. അതു സാഹിത്യത്തിന്റെ പരമമായ തത്ത്വമായി അംഗീകരിക്കപ്പെട്ടു. ഭരതനാല്‍ സമുദ്ഘാടിതമായി, ഭാമഹന്‍ മുതല്‍ ജഗന്നാഥപണ്ഡിതന്‍ വരെയുള്ള ആചാര്യന്മാരാല്‍ പരാമൃഷ്ടവും പരിപുഷ്ടവുമായാണ്, രസദര്‍ശനചരിത്രം വികസിച്ചത്. നോ: അലങ്കാരശാസ്ത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍