This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കരണകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലങ്കരണകല

Decorative Art

ഏതൊരു വസ്തുവിനെയും അതിന്റെ സ്വാഭാവികരൂപത്തെക്കാള്‍ ആകര്‍ഷകമാക്കുകയും സുന്ദരമായി മോടിപിടിപ്പിക്കുകയും ചെയ്യുന്നതാണ് കല. അലങ്കരണം ഒരു കലാവിദ്യയായി വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കലാവിഭജനത്തില്‍ അലങ്കരണകല (Decorative Art) എന്നൊരു വിഭാഗംതന്നെ ഉണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ കലയുടെ പൊതുസ്വഭാവങ്ങളില്‍ അലങ്കരണമാണു മുഖ്യമെങ്കിലും പ്രാഥമികലക്ഷ്യം അലങ്കരണമായിട്ടുള്ള കലകളെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തുന്നത്.

കൊത്തുപണി, വാസ്തുവിദ്യ, ആഭരണനിര്‍മാണം, ചിത്രകല, അംഗസംസ്കാരം, ചിത്രത്തുന്നല്‍ ഇവയെല്ലാംതന്നെ വ്യാപകാര്‍ഥത്തില്‍ അലങ്കരണകലയുടെ പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നതാണ്. അപ്പോള്‍ അവയുടെ മൗലികധര്‍മം എന്ന പോലെതന്നെ പ്രയുക്തകലയുടെ ധര്‍മവും അവ നിറവേറ്റും. ലളിതകലയുടെ ഒരു ഭാഗമായി രൂപമെടുത്തു വികസിച്ചിട്ടുള്ള രൂപവിന്യാസകലകള്‍ക്കു (design art) മൊത്തത്തില്‍ അലങ്കരണകല എന്ന സംജ്ഞയാണ് നല്കിയിരിക്കുന്നത്. രൂപവിന്യാസകലതന്നെ ഘടനാപരം (structural) എന്നും അലങ്കരണപരം (decorative) എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.

ആദ്യകാലപ്രകാശനങ്ങള്‍. അലങ്കരണകലയ്ക്കുവേണ്ടി എന്നു വ്യക്തമാക്കപ്പെട്ടിട്ടുള്ള നിരവധി ദൃഷ്ടാന്തങ്ങള്‍ ലളിതകലകളില്‍ അത്യുദാത്തങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളവയില്‍നിന്നു കണ്ടെത്താവുന്നതാണ്. പ്രാചീന ഗ്രീക്കുകലയിലെ പാര്‍ത്തിനോണ്‍ മാര്‍ബിള്‍സ് (Parthenon marbles), മധ്യകാലഫ്രാന്‍സിലെ ഷാര്‍ത്രെ പ്രതിമകള്‍ (Chartres sculptures), 14-ാം ശ.-ത്തിലെ ഇറ്റലിയിലെ ഗിയോട്ടോ ഫ്രസ്കോകള്‍ (Giotto Frescoes) ഇവയെല്ലാംതന്നെ വാസ്തവത്തില്‍ വാസ്തുശില്പാലങ്കാരങ്ങളായിരുന്നു. ഇതില്‍നിന്നും അലങ്കരണകലയിലെ ചില ദൃഷ്ടാന്തങ്ങള്‍ പൊതുസമ്മതപ്രകാരം ലളിതകലകളില്‍ ഉള്‍പ്പെടുത്താവുന്ന സ്വഭാവത്തോടുകൂടിയവയാണെന്നുവന്നു. അവയുടെ ബുദ്ധിപരവും വികാരപരവുമായ ഉള്ളടക്കം കേവലം അലങ്കരണകല എന്ന സംജ്ഞ ഉപയോഗിച്ചു വേര്‍തിരിക്കുക അനുചിതമായിരിക്കും. ഈ സാഹചര്യത്തില്‍ ഒരു വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്; അലങ്കരണകലയെന്നോ ലളിതകലയെന്നോ പറഞ്ഞു വേര്‍തിരിക്കത്തക്കവണ്ണം ഒരു കലാസൃഷ്ടിയും പ്രാചീനലോകത്തോ പൗരസ്ത്യദേശങ്ങളിലോ മധ്യകാലയൂറോപ്പിലോ ഉണ്ടായിട്ടില്ല. ഒരേ പ്രഗല്ഭചിത്രകാരന്‍തന്നെ സുന്ദരകലയിലുള്‍പ്പെടുന്ന മനോഹരമായ അള്‍ത്താരാഫലകങ്ങളും അലങ്കരണകലയില്‍ ഉള്‍പ്പെടുത്തുന്ന പതാകയും നിര്‍മിക്കുന്നു.

യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തോടുകൂടി കലാകാരനെയും കരകൌശലക്കാരനെയും ആദ്യമായി വേര്‍തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് കലയിലും രണ്ടു വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടായത്. ഈ ആധുനിക വീക്ഷണം വച്ചുകൊണ്ട് പ്രാചീന കലാരൂപങ്ങളെ നോക്കുമ്പോഴുണ്ടാകുന്ന വിഭേദബോധം പലപ്പോഴും വ്യക്തിഗതവും അപൂര്‍ണവുമായിരിക്കും. അലങ്കരണകലയുടെ അടിസ്ഥാനം അലങ്കാരമാണ്; അലങ്കാരത്തിന്റെ ആത്യന്തികമായ അനുപേക്ഷണീയത പരിധിയും പരിമിതിയുമുള്ള പ്രതലമാണ്; ഉദാഹരണമായി ഒരു പാത്രത്തിന്റെ ബാഹ്യഭാഗം ഒരു പദാര്‍ഥത്തിന്റെ രൂപമോ ഉപരിതലമോ മെച്ചപ്പെടുത്തുന്നതില്‍ക്കൂടിയാണ് രൂപംകൊള്ളുന്നത്. ഇതു പ്രധാനമായി രണ്ടു വിധത്തിലാകാം: ഒട്ടിച്ചുചേര്‍ത്തോ നിറംമാറ്റം വരുത്തിയോ. ഇവ രണ്ടും അലങ്കരിക്കപ്പെട്ട പദാര്‍ഥത്തിന്റെ ഘടനയുമായി നോക്കുമ്പോള്‍ ആപേക്ഷികമായി ഒരു ദ്വിമാനവീക്ഷണമേ നല്കുകയുള്ളൂ. ഒട്ടിച്ചുചേര്‍ക്കുന്ന പ്രക്രിയയില്‍ മാതൃകാനിര്‍മാണം, വര അടുക്കല്‍, ഒന്നിക്കല്‍, കിഴിക്കല്‍, കാസ്റ്റ് ചെയ്യല്‍ (Modeling,Carving,Embossing,Forging and Casting) എന്നിവയും നിറംപിടിപ്പിക്കുന്ന പ്രക്രിയയില്‍ വര്‍ണലേപനം (Painting), വച്ചു ചേര്‍ക്കല്‍ (Inlay), നെയ്ത്ത് (Weaving) തുടങ്ങിയവയും ഉള്‍പ്പെടും. ചുമര്‍ചിത്രങ്ങളും അലംകൃത പ്രതിമാശില്പങ്ങളും മറ്റും ഉയര്‍ന്നതരം വാസ്തുശില്പങ്ങളില്‍ മാത്രമല്ല കളിമണ്‍രൂപനിര്‍മാണം ഉള്‍പ്പെടെയുള്ള സാധരണ കലകളിലും കാണാന്‍ കഴിയും.

പ്രാചീന കാലത്ത്. മനുഷ്യന്‍ ദേഹം മറയ്ക്കാനും ഗൃഹങ്ങളും ഗൃഹോപകരണങ്ങളും നിര്‍മിക്കാനും തുടങ്ങിയ കാലംമുതല്‍ അലങ്കരണപ്രവണത അവന്റെ ബുദ്ധിഭാവനകളെ അനല്പമായി സ്വാധീനിച്ചുതുടങ്ങിയിരുന്നു. മോഹഞ്ജോദരോവിലും ഹാരപ്പയിലുംനിന്നു ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളെല്ലാം ബഹുമുഖമായ ചമത്കാരവിശേഷങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടു തികച്ചും ആസൂത്രിതമായ രീതിയില്‍ നിര്‍മിതമായ കലാസൃഷ്ടികളുടെ ഭാഗങ്ങളാണ്. ലോകമെമ്പാടുമുള്ള പ്രാചീന ഗുഹാഭിത്തികളിലെ ആലേഖ്യങ്ങളും കേവലം പ്രയോജനത്തെ അതിലംഘിക്കുന്ന മനുഷ്യനിലെ കലാഭിരുചിയുടെ ഉദാത്തനിദര്‍ശനങ്ങളാണ്. ഈജിപ്തിലെ പ്രാചീന ശവകുടീരങ്ങളിലും കല്ലറകളിലും നിന്നു ലഭിച്ചിട്ടുള്ള മിക്ക പദാര്‍ഥങ്ങളും ക്രിസ്തുവിനു മുന്‍പ് 3,000 വര്‍ഷങ്ങളിലേറെ പഴക്കം കല്പിക്കാവുന്ന കലാസൃഷ്ടികളെ ഉദാഹരിക്കുന്നു. പ്രാചീനകാലത്തെ എബ്രായരും കല്‍ദേയരും അസ്സീറിയരും ബാബിലോണിയരും പേര്‍ഷ്യക്കാരും ലോഹപ്പണികളിലും - പ്രത്യേകിച്ച് സ്വര്‍ണം, വെള്ളി, ഇരുമ്പ്-കളിമണ്‍പാത്രനിര്‍മാണത്തിലും അതിവിദഗ്ധരായിരുന്നുവെന്നു തെളിയുന്നു. എ.ഡി. ആദ്യശതകങ്ങളില്‍ പേര്‍ഷ്യ ഭരിച്ചിരുന്ന സസ്സേനിയന്‍ രാജവംശത്തിന്റെ കാലഘട്ടത്തില്‍ പട്ടുവസ്ത്രങ്ങളില്‍ അത്യാകര്‍ഷകമായി പക്ഷിമൃഗാദികളുടെ ചിത്രങ്ങള്‍ തുന്നിച്ചേര്‍ക്കുന്നതില്‍ ജനങ്ങള്‍ അസുലഭമായ വിരുതു കാണിച്ചിരുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടുകൂടി (7-ാം ശ.) മധ്യപൂര്‍വദേശത്തിലെ കലാപ്രവണതകള്‍ പുതിയ രൂപപരിണാമങ്ങള്‍ കൈക്കൊണ്ട് ഏതാണ്ട് ഇന്ത്യ മുതല്‍ സ്പെയിന്‍വരെയുള്ള വിശാലമായ ഭൂവിഭാഗങ്ങളില്‍ വ്യാപിച്ചു പ്രചരിക്കാന്‍ ഇടയായി. കളിമണ്‍പാത്രങ്ങളും കമ്പിളിത്തുണികളും മുതല്‍ വാസ്തുശില്പങ്ങളുടെ ബൃഹദ്മാതൃകകള്‍വരെ ഇസ്ലാ[[Image: യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തോടുകൂടി കലാകാരനെയും കരകൌശലക്കാരനെയുംമിക സ്വാധീനം കാണിക്കുന്നുണ്ട്.

കളിമണ്‍ ശില്പങ്ങളിലും ലോഹപ്പാത്രങ്ങളിലുമാണ് ചൈന, ജപ്പാന്‍ തുടങ്ങിയ പ്രാചീന ജനപദങ്ങളിലെ കലാഭിരുചി ആദ്യം വികാസംകൊണ്ടത്. സ്ഫടികവസ്തുക്കളുടെ നിര്‍മാണം ഒരു ഗാര്‍ഹികവ്യവസായമായി വളരെമുന്‍പുതന്നെ അവിടങ്ങളില്‍ വ്യാപിച്ചു. ഓടുകൊണ്ട് മുഖംനോക്കുന്ന കണ്ണാടികള്‍ നിര്‍മിക്കുന്നതിലും ചൈനാക്കാര്‍ അതിവിദഗ്ധരായിരുന്നു. പട്ടുനൂല്‍പ്പുഴുക്കൃഷിക്കു ജന്മം നല്‍കിയ ചൈനതന്നെ മൃദുലദുകൂലങ്ങളുടെ നിര്‍മാണചരിത്രത്തിലും പ്രഥമസ്ഥാനം വഹിക്കുന്നു. 'ചീനാംശുക'ങ്ങള്‍ ഭാരതമുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ വളരെ പണ്ടുതന്നെ പ്രചരിച്ചിരുന്നതായി ആദ്യകാലസാഹിത്യകൃതികളില്‍ പല പരാമര്‍ശങ്ങളുമുണ്ട്.

പ്രാചീന യവനലോകത്തിലെ (റോമന്‍സാമ്രാജ്യത്തിലെയും) കലാസവിശേഷതകള്‍ക്ക് മുഖ്യ ദൃഷ്ടാന്തങ്ങള്‍ വാസ്തു-പ്രതിമാശില്പങ്ങളാണ്. ഗോഥിക് കലയുടെ കാലഘട്ടത്തിന് (10-15 ശതകങ്ങള്‍) ശേഷമുള്ള യൂറോപ്യന്‍കലയെ അനല്പമായി സ്വാധീനിച്ച ഒന്നാണ് ഗ്രീസില്‍ വളരെ നേരത്തേ ഒരു കലാവിഭാഗമായി വികസിച്ച ചിത്രത്തുന്നല്‍ (decorative stitching). അക്കാന്തസ് ഇല(acanthus leaf)യുടെ മാതൃകയിലുള്ള ചിത്രങ്ങള്‍ ഗ്രീസിലെ പഴയ കളിമണ്‍പാത്രങ്ങളില്‍ മുതല്‍ വമ്പന്‍ സൗധങ്ങളില്‍വരെ കാണാം. ചുവപ്പും കറുപ്പും ചായങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് അവര്‍ ഉപയോഗിച്ചിരുന്നത്. യവനദൈവങ്ങളും പുരാണകഥാരംഗങ്ങളും ചിത്രീകരിക്കപ്പെട്ടിട്ടുള്ള മണ്‍-ലോഹപ്പാത്രങ്ങളും ധാരാളമായി കണ്ടുകിട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍, രത്നക്കല്ലുകള്‍ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ രൂപഭംഗി നല്കി നിര്‍മിക്കുന്നതിലും പ്രാചീനയവനരും റോമാക്കാരും ഉന്നത മാനദണ്ഡം പുലര്‍ത്തിയിരുന്നു.

വ്യാവസായികവിപ്ലവത്തിനുശേഷം. വാസ്തുവിദ്യയുടെ വികാസപരിണാമങ്ങളില്‍നിന്നുമാണ് അലങ്കരണകല സാവധാനം ഒരു പ്രസ്ഥാനമായി രൂപംകൊണ്ടത്. വ്യാവസായികവിപ്ലവം കരകൗശലപ്രസ്ഥാനത്തെ സ്വാധീനിക്കുകയും യന്ത്രസജ്ജീകരണങ്ങള്‍ വന്‍തോതിലുള്ള ഉത്പാദനത്തിനു വഴി ഒരുക്കുകയും ചെയ്തപ്പോള്‍ കരകൗശലംകൊണ്ടു നിര്‍മിച്ചുവന്ന കൗതുകപദാര്‍ഥങ്ങള്‍പോലും കുറഞ്ഞ നിരക്കില്‍ സമൃദ്ധമായി വിപണിയില്‍ എത്തിച്ചേരുവാന്‍ ഇടയായി. കലയുടെ പല മേഖലകളിലും എന്നപോലെ രൂപവിന്യാസകലയിലും യന്ത്രവത്കരണം സ്വാധീനം ചെലുത്തുകയുണ്ടായി. അലങ്കരണകല എന്ന പദം പാശ്ചാത്യലോകത്ത് ആദ്യമായി പ്രയോഗത്തില്‍വന്നത് 1791-ലാണ്. അതേത്തുടര്‍ന്നു കലയുടെ വിവിധ മേഖലകളില്‍ അനുദിനം ഉണ്ടായ പരിവര്‍ത്തനങ്ങളുടെ ഫലമായി ജോഷിയോ വെഡ്ജ്വുഡിന്റെ (1730-95) എട്രൂസ്കന്‍ പാത്രങ്ങള്‍ തൊട്ട് 19-ാം ശ. മുതല്‍ യന്ത്രസഹായത്തോടെ നിര്‍മിച്ചുപോരുന്ന കലാരൂപങ്ങള്‍വരെ അലങ്കരണകലയില്‍ ഉള്‍പ്പെടുത്താമെന്നായിട്ടുണ്ട്. രൂപവിന്യാസങ്ങള്‍ക്കു പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ആധുനിക കലാവബോധം അലങ്കരണകലയെ രൂപവിന്യാസകലയുടെ പരിധിക്കുള്ളില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇന്ന് അലങ്കരണകലയും പ്രയുക്ത കലാവിഭാഗത്തിന്റെ (Applied art) ഒരു ഭാഗമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. നിരപ്പും മിനുസവുമുള്ള ഒരു പ്രതലത്തിലേക്കു പകര്‍ത്താവുന്ന രൂപവിന്യാസചിത്രങ്ങള്‍ യന്ത്രസഹായത്താല്‍ വന്‍തോതില്‍ നിര്‍മിച്ചുപോരുന്നു. രൂപവിന്യാസകലയ്ക്കു പ്രാധാന്യം ലഭിക്കുന്നത് ഈ സാഹചര്യത്തിലാണ്. ക്രമേണ രൂപവിന്യാസകല ഉള്‍പ്പെടെയുള്ള അലങ്കരണകലകളെല്ലാം വ്യാവസായികകല എന്ന വിപുലമായ ഒരു കലാവിഭാഗത്തില്‍ ഉള്‍പ്പെടാനിടയായി. ഈ വ്യതിയാനം കരകൗശലപ്രസ്ഥാനങ്ങളില്‍ പ്രതികരണങ്ങള്‍ ഉളവാക്കി. ഇതിനു നേതൃത്വം നല്കിയത് വില്യം മോറിസ് (1834-96) ആണ്. ഉത്പന്നങ്ങളുടെ വിതരണത്തെ ത്വരിതപ്പെടുത്തുന്നതിന് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരണമായി അവയെ രൂപപ്പെടുത്തി അലങ്കരിച്ച് ആകര്‍ഷകമാക്കുന്നത് പ്രയോജനപ്പെടുമെന്ന വ്യവസായികളുടെ നിഗമനം ശരിയാണെന്നു തെളിഞ്ഞതോടെ അലങ്കരണകലയുടെ വികാസവും വളര്‍ച്ചയും ദ്രുതഗതിയിലായി.

10-ാം ശ.-ത്തില്‍ യൂറോപ്പിലാകെ പ്രചരിച്ചുതുടങ്ങിയ ഗോഥിക് സംസ്കാരം വാസ്തുവിദ്യാരംഗത്ത് ചെലുത്തിയ സ്വാധീനതയാണ് പാശ്ചാത്യലോകത്ത് അലങ്കരണകലയുടെ ആരംഭം കുറിച്ചത്. ജ്യാമിതീയരൂപങ്ങളുടെ ആര്‍ജവസ്വഭാവത്തിനു പ്രാമുഖ്യം നല്കിക്കൊണ്ടുള്ള രൂപവിന്യാസങ്ങളില്‍നിന്നാരംഭിച്ച്, വക്രരേഖകളുടെ സമ്യക്കായ സംയോജനത്തില്‍ ആവിഷ്കൃതമായ രൂപവിന്യാസങ്ങളില്‍ കൂടി പുരോഗമിച്ച് വികസിച്ച വാസ്തുവിദ്യയിലെ അലങ്കരണാംശം യൂറോപ്യന്‍ നാഗരിക സംസ്കാരത്തെ വളര്‍ത്തിയെടുത്തു. മനോഹരങ്ങളായ കമാനങ്ങളും പുഷ്പഫലദലവല്ലീവിന്യസനങ്ങളുംകൊണ്ട് അലംകൃതങ്ങളായ വാസ്തുശില്പങ്ങളും ഗൃഹോപകരണങ്ങളും അവയെ മോടിപിടിപ്പിക്കുന്ന ചായക്കൂട്ടുകളും നിറം പിടിപ്പിച്ച കണ്ണാടികള്‍കൊണ്ടുള്ള രൂപവിന്യാസങ്ങളും എല്ലാം വാസ്തുവിദ്യാരംഗത്തെ നേട്ടങ്ങളാണ്.

ആഭരണങ്ങളില്‍. പ്രാചീനകാലം മുതല്‍ ലോഹങ്ങളും കല്ലുകളും ഉപയോഗിച്ച് പല ആകൃതിയിലും വലുപ്പത്തിലും ഉണ്ടാക്കിയിട്ടുള്ള ആഭരണങ്ങള്‍ അലങ്കരണാര്‍ഥം മനുഷ്യര്‍ ഉപയോഗിച്ചുവന്നു. വാസ്തുവിദ്യാരംഗത്ത് ഉടലെടുത്തുവന്ന രൂപവിന്യാസപരിണാമങ്ങള്‍ക്കു സമാന്തരമായ പരിഷ്കൃതി ആഭരണനിര്‍മിതിയിലും ഉണ്ടായിക്കൊണ്ടിരുന്നു. ശരീരസൗന്ദര്യസംവര്‍ധകങ്ങളായിട്ടാണ് ആടയാഭരണങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ഇതേലക്ഷ്യം വച്ചുകൊണ്ട് ശരീരത്തില്‍ വടുക്കള്‍ ഉണ്ടാക്കുക, ശരീരഭാഗങ്ങള്‍ തുളയ്ക്കുക, ഛേദിക്കുക, പല്ലുരാകുക, കണ്ണില്‍ മഷി എഴുതുക, ദേഹത്തില്‍ ലേപനങ്ങള്‍ പുരട്ടുക, നിറം പിടിപ്പിക്കുക, തൂവല്‍ തുടങ്ങിയവ അണിയുക എന്നിവയും ചെയ്തുവരുന്നു.

പരവതാനികള്‍, മറകള്‍ എന്നിവ നെയ്യുന്നതിലും തുന്നുന്നതിലും രൂപവിന്യാസകലയ്ക്ക് കടന്നുചെല്ലുവാന്‍ കഴിഞ്ഞു; ഗൃഹാന്തര്‍ഭാഗങ്ങള്‍ അലങ്കരിക്കുന്നതിലും രൂപവിന്യാസകല സ്വാധീനം ചെലുത്തുന്നുണ്ട്; അതുപോലെ ഗൃഹോപകരണങ്ങളുടെ നിര്‍മിതിയില്‍ മാത്രമല്ല ക്രമീകരണത്തിലും ഈ കലയുടെ സ്വാധീനം കൂടുതല്‍ പ്രകടമായിവന്നു. വസ്ത്രനിര്‍മാണത്തിലും ഇതു പരമപ്രധാനമായ പങ്ക് നിര്‍വഹിച്ചുപോരുന്നു. തുണിത്തരങ്ങള്‍ നെയ്യുന്നതിലും നിറംപിടിപ്പിക്കുന്നതിലും വരകളും നിറങ്ങളുംകൊണ്ട് ആകര്‍ഷകമായ ചിത്രവേലകള്‍ ചെയ്യുന്നതിലും മാത്രമല്ല അവ തുന്നി ആവശ്യാനുസരണം ഉടയാടകള്‍ ഉണ്ടാക്കുന്നതിലും രൂപവിന്യാസകല സുപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ചുരുക്കത്തില്‍ ആധുനിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും അലങ്കരണകലയ്ക്ക് അവഗണിക്കാന്‍ കഴിയാത്ത സ്ഥാനം ലഭിച്ചിരിക്കുന്നു.

ഭാരതത്തില്‍. ഭാരതീയ കലാവിമര്‍ശകര്‍ ഈദൃശമായ ഒരു വര്‍ഗീകരണത്തിനു മുതിര്‍ന്നിട്ടില്ലെങ്കിലും കലയുടെ പ്രയുക്തസ്വഭാവം മനസ്സിലാക്കി കലാവിഭജനം നിര്‍വഹിച്ചിട്ടുണ്ട്. അവരില്‍ പ്രമുഖനായ വാത്സ്യായനന്‍ കലകളെ 64 ആയിട്ടാണ് വിഭജിച്ചിട്ടുള്ളത്; ഇവയില്‍ 20 എണ്ണത്തിലേറെ അലങ്കരണകലയില്‍ പെടുന്നവയാണ്. മറ്റുള്ളവയും ആകര്‍ഷകസ്വഭാവമുള്ളവയായതുകൊണ്ട് ഒരുതരത്തില്‍ അലങ്കരണകലയുടെ ധര്‍മമാണ് അവയും അനുഷ്ഠിക്കുന്നതെന്നു പറയാം. പൌരസ്ത്യ കലാമര്‍മജ്ഞരെല്ലാംതന്നെ ഈ ധര്‍മം മനസ്സിലാക്കിയിട്ടുള്ളവരാണ്. അലങ്കരണകല എന്നൊരു പ്രത്യേക വിഭാഗത്തിനു രൂപം നല്കാതിരുന്നതു തന്നെ എല്ലാ കലയുടെയും ആത്യന്തികലക്ഷ്യം ആനന്ദവും ലക്ഷണം പരസ്പരാകര്‍ഷണവും ആയതുകൊണ്ടായിരിക്കാം. അലങ്കാരം കലയുടെ എല്ലാ വിഭാഗങ്ങളിലും അനുപേക്ഷണീയമായിട്ടാണ് ഭാരതീയര്‍ കരുതിവരുന്നത്. സാഹിത്യത്തിലും സംഗീതത്തിലും ചിത്രകലയിലും വാസ്തുവിദ്യയിലും നൃത്തനൃത്യാദികളിലും എല്ലാംതന്നെ അലങ്കാരത്തിന്-മോടിപ്പിടിപ്പിക്കലിന്-സ്ഥാനമുണ്ട്. ചില കലകളില്‍ അതു ലക്ഷ്യവും മറ്റു ചിലതില്‍ ലക്ഷണവും വേറെ ചിലതില്‍ ലക്ഷ്യലക്ഷണങ്ങളുമാണ് എന്നുമാത്രം. നോ: അംഗസംസ്കാരം; അറുപത്തിനാലു കലകള്‍; ആഭരണങ്ങള്‍; എംബ്രോയിഡറി; ഗൃഹാലങ്കാരം; ചിത്രരചന; ചുമര്‍ചിത്രങ്ങള്‍; ടേപ്പസ്റ്റ്രി; ദന്തശില്പകല; പ്രതിമാശില്പം; മണ്‍പാത്രനിര്‍മാണം; മൊസൈക്ക്; ദന്തശില്പകല; വര്‍ണസ്ഫടികങ്ങള്‍; വാസ്തുശില്പം; സ്വര്‍ണപ്പണി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍