This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്കുപണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്കുപണി

വസ്ത്രങ്ങള്‍ നനച്ച് ശുചിയാക്കുന്ന സമ്പ്രദായത്തിന് മൊത്തത്തിലുള്ള പേര്. തൂക്കിയെടുത്ത് അടിക്കുക എന്നാണ് അലക്കുക എന്ന വാക്കിന്റെ അര്‍ഥം. വസ്ത്രങ്ങള്‍ അടിച്ചു നനച്ചു വെളിപ്പിക്കുന്ന രീതിക്കാണ് ഇന്ന് അലക്ക് എന്ന പദം സാമാന്യേന ഉപയോഗിക്കുന്നത്. വസ്ത്രം ധരിക്കുമ്പോള്‍ പൊടി, ഈര്‍പ്പം, കരി തുടങ്ങിയ അന്തരീക്ഷമാലിന്യങ്ങളോടൊപ്പം വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്, രാസപദാര്‍ഥങ്ങള്‍ ഇവയെല്ലാം നൂലിഴകളുടെ ഇടയിലും നൂലില്‍ അടങ്ങിയിട്ടുള്ള നാരുകളിലും പറ്റിപ്പിടിച്ചിരിക്കും. വെള്ളത്തില്‍ കഴുകിയാല്‍ ഇതില്‍ കുറെ അംശം ജലത്തില്‍ ലയിച്ചും മറ്റു കുറെ അംശം ലയിക്കാതെതന്നെയും വസ്ത്രത്തില്‍ നിന്നു മാറിപ്പോകും. എന്നാല്‍ വസ്ത്രങ്ങള്‍ ജലത്തിലിട്ട് നല്ലതുപോലെ ഉലയ്ക്കുകയും സമ്മര്‍ദം ചെലുത്തുകയും അപമാര്‍ജകങ്ങള്‍ (detegents) ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിന്റെ സൂക്ഷ്മാംശങ്ങള്‍ വരെ ഇളകിമാറി അവ ശുചിയാകുന്നു.

ചരിത്രം. മനുഷ്യന്‍ തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങിയതു മുതല്‍ അവ വൃത്തിയാക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. കഴുകി വൃത്തിയാക്കുന്നതോടൊപ്പം വസ്ത്രങ്ങള്‍ ചുളിവുനിവര്‍ത്തി ഭംഗിയാക്കാനും തുടങ്ങി. അതിപ്രാചീനമായ ഈ കല ബി.സി. 2000-ത്തോടുകൂടി ചില രാജ്യങ്ങളില്‍ വളരെ പുരോഗതി പ്രാപിച്ചു. അലക്കുപണിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ഒന്നു തന്നെയാണെങ്കിലും ഇതിന്റെ പ്രക്രിയയ്ക്ക് ആവശ്യമായ സാമഗ്രികളും രീതികളും അനുദിനം വ്യത്യാസപ്പെട്ടുവന്നു. അവികസിതരാജ്യങ്ങളിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഇന്നും പ്രാചീനമായ അലക്കുസമ്പ്രദായം തന്നെ തുടര്‍ന്നുവരുന്നുണ്ട്. തുണികള്‍ അടുത്തുള്ള ജലാശയങ്ങളില്‍ കൊണ്ടുപോയി കല്ലില്‍ അടിച്ചും കുത്തിപ്പിഴിഞ്ഞും അലക്കുന്നതാണ് ഏറ്റവും പഴയ രീതി. സോപ്പും മറ്റു കൃത്രിമ അപമാര്‍ജകങ്ങളും കണ്ടുപിടിക്കുന്നതിനുമുന്‍പ് തുണി അലക്കി വൃത്തിയാക്കുന്നതിനുവേണ്ടി ചാരം, ചില ചെടികളുടെ കായ് (ഉദാ. ഉറുഞ്ചിക്കായ്) എന്നിവ ഉപയോഗപ്പെടുത്തിയിരുന്നു. തെങ്ങിന്റെ മടല്‍ കരിച്ച് ചാരം എടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് കുറേനേരം വച്ചശേഷം തെളിയുമ്പോള്‍ ആ ലായനി ഊറ്റി എടുത്താണ് അലക്കിനു നമ്മുടെ നാട്ടില്‍ മുന്‍പ് ഉപയോഗിച്ചിരുന്നത്. ചാരത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസിയം കാര്‍ബണേറ്റാണ് അഴുക്കുകളയാനുള്ള കഴിവു പ്രദാനം ചെയ്യുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിന് ചാരം ഉപയോഗിച്ചിരുന്നു. 17-ാം ശ.-മുതല്‍ അവിടെ സാര്‍വത്രികമായി സോപ്പിന്റെ ഉപയോഗം പ്രചരിച്ചിരുന്നുവെങ്കിലും മിക്ക കുടുംബിനികളും അലക്കുന്നതിനു ചാരവെള്ളം (lye-letch) ഉപയോഗിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അടിയില്‍ ദ്വാരങ്ങളുള്ള ഒരു പാത്രം മറ്റൊരു പാത്രത്തിന്റെ മുകളില്‍ ഉറപ്പിക്കുന്നു. ദ്വാരങ്ങളുള്ള പാത്രത്തില്‍ ചാരം നിറച്ച് വെള്ളം ഒഴിക്കുമ്പോള്‍ ചാരത്തിലുള്ള പൊട്ടാഷ് ലവണങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു ദ്വാരത്തിലൂടെ താഴെയുള്ള പാത്രത്തില്‍ വീഴും. ഈ വെള്ളം സോപ്പുചേര്‍ത്തോ അല്ലാതെയോ ആണ് അവര്‍ ഉപയോഗിച്ചിരുന്നത്.

അലക്കുപണി:ഒരു ഗ്രാമീണ ദൃശ്യം

ചില ചെടികളുടെ കായ്കളില്‍ അടങ്ങിയിട്ടുള്ള കാര്‍ബണികയൌഗികങ്ങള്‍ പതയുന്ന സ്വഭാവമുള്ളതായതുകൊണ്ട് അവ അരിഞ്ഞ് വെള്ളത്തിലിട്ടു പതച്ച് തുണി വൃത്തിയാക്കാന്‍ ഉപയോഗിക്കാറുണ്ട്. അധികം അഴുക്കു പിടിച്ച വസ്ത്രങ്ങള്‍ ചാണകവെള്ളത്തില്‍ കൂടെക്കൂടെ മുക്കി ഉണക്കിയശേഷം പുഴുങ്ങി അലക്കുന്നരീതി കേരളത്തില്‍ മുമ്പുണ്ടായിരുന്നു.

തുണികള്‍ കല്ലില്‍ അടിച്ചു നനയ്ക്കുന്നതുകൂടാതെ കാലുകൊണ്ട് ചവുട്ടി കഴുകുക, നീളമുള്ള തടികൊണ്ട് തുണിയില്‍ തല്ലുക എന്നീ രീതികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ഇന്നും തുടര്‍ന്നുവരുന്നു. മുക്കാലിയില്‍ ഘടിപ്പിച്ച പിസ്റ്റണും (ഡോളി: dolly) അലക്കുപണിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഡോളി തുണിനനച്ചുവച്ചിരിക്കുന്ന പാത്രത്തില്‍ ആഴ്ത്തിവച്ചശേഷം പിസ്റ്റണ്‍ താഴേക്കും മുകളിലേക്കും പ്രവര്‍ത്തിപ്പിക്കുന്നു. ഈ പ്രക്രിയകൊണ്ട് തുണി നന്നായി ചലിച്ച് അഴുക്ക് ഇളകും. ഈ തത്ത്വം ഉപയോഗിച്ചുതന്നെ അനായാസവും വൈദ്യുതികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നതുമായ അലക്കുയന്ത്രങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ പശയിട്ട് ഭംഗിയാക്കുന്ന രീതിയും വളരെ മുന്‍പുതന്നെ തുടര്‍ന്നുവന്നുവെങ്കിലും ഗോതമ്പില്‍ നിന്നോ അരിയില്‍ നിന്നോ മറ്റു ധാന്യങ്ങളില്‍ നിന്നോ തയ്യാറാക്കിയ നല്ലതരം പശ കണ്ടുപിടിച്ചത് 16-ാം ശ.-ത്തോടുകൂടി മാത്രമാണ്. ഇത് ആദ്യമായി പ്രചരിച്ചത് ഹോളണ്ടിലാണ്. പശയില്‍ പലതരം നിറങ്ങളും കലര്‍ത്തിവന്നു. നീലയും മഞ്ഞയുമായിരുന്നു ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്ന നിറങ്ങള്‍. പശയുണ്ടാക്കുന്ന രീതി വിശദീകരിക്കുന്നതിനു വേണ്ടി 1564-ല്‍ മാഡം ഡിന്ദഹാം ഫാന്റര്‍പ്ലാസ്സെ എന്ന ഡച്ചുവനിത ഇംഗ്ലണ്ടില്‍ പോവുകയും അഞ്ചു പവന്‍ പ്രതിഫലം പറ്റിക്കൊണ്ട് ഈ രീതി വിവരിച്ചുകൊടുക്കുകയും ചെയ്തുവെന്നു പറയുമ്പോള്‍ അക്കാലത്ത് ഈ സമ്പ്രദായത്തിന് എന്തുപ്രാധാന്യം കല്പിച്ചിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്.

വസ്ത്രങ്ങള്‍ ചുളിവു നിവര്‍ത്തി എടുക്കുന്നതിനും പല രീതികള്‍ മനുഷ്യന്‍ പരീക്ഷിച്ചുവന്നു. മിനുസമുള്ള കല്ല് ചൂടാക്കി തുണിയില്‍ പൊതിഞ്ഞോ കല്ലോ ചിരട്ടക്കനലുകളോ പാത്രത്തില്‍ നിറച്ച് അതുകൊണ്ടോ വസ്ത്രത്തിനുമീതേ അമര്‍ത്തിത്തേക്കുകയായിരുന്നു ആദ്യകാലത്തെ രീതി. മിനുസമുള്ള കണ്ണാടിയും തേയ്ക്കുന്നതിന് ഉപയോഗിച്ചിരുന്നു. 17-ാം ശ. മുതല്‍ പാശ്ചാത്യലോകത്ത് തേപ്പുപെട്ടി ഉപയോഗിച്ചുതുടങ്ങി. ചൂടാക്കിയ ലോഹം ഈ പെട്ടിയില്‍ ഇട്ടാണ് അന്നു തേപ്പുപണി നടത്തിവന്നത്.

അലക്കുപണി കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ചില വിഭാഗങ്ങള്‍ തന്നെയുണ്ട്. കേരളത്തിലെ വ(മ)ണ്ണാന്‍, വെളുത്തേടത്തുനായര്‍ എന്നീ സമുദായങ്ങളില്‍പ്പെട്ടവര്‍ ഇതില്‍പ്പെടുന്നു. അലക്കുപണി വ്യാവസായികമായി പുരോഗമിച്ചതോടെ ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ തന്നെ മറ്റു സമുദായക്കാരും ഈ തൊഴിലില്‍ ഏര്‍പ്പെട്ടുവരുന്നുണ്ട്. അലക്ക് ഇപ്പോള്‍ ഭേദപ്പെട്ട ഒരു വ്യവസായമായിത്തീര്‍ന്നിട്ടുണ്ട്.

ആധുനികം. പലതരം തുണിത്തരങ്ങളുടെ ആവിര്‍ഭാവം, മനുഷ്യന്റെ ജീവിതചര്യയില്‍ വന്ന വ്യതിയാനങ്ങള്‍, യന്ത്രസാമഗ്രികളുടെ കണ്ടുപിടിത്തം എന്നീ കാരണങ്ങള്‍കൊണ്ട് അലക്ക് ഒരു കലയെന്ന നിലയില്‍ വളരെ സങ്കീര്‍ണവും പുരോഗമനോന്മുഖവുമായിത്തീര്‍ന്നു. ധാരാളം കൃത്രിമ-അപമാര്‍ജകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ജലീയലായനിക്കുപകരം ജലേതരലായനികള്‍ ഉപയോഗിച്ചു ചെയ്യുന്ന അജലധാവനം (dry cleaning) ഒരു വമ്പിച്ച വ്യവസായമായി പുരോഗമിച്ചിരിക്കുന്നു.

രീതികള്‍ പലതരം. പരുത്തിവസ്ത്രങ്ങള്‍ കാരത്തില്‍ മുക്കി ആവിക്കുവച്ച് പുഴുങ്ങി എടുത്ത് അലക്കി വൃത്തിയാക്കാമെങ്കിലും റയോണ്‍, കമ്പിളി, പട്ട് തുടങ്ങിയ തുണിത്തരങ്ങള്‍ക്ക് ഈ പ്രയോഗം പറ്റിയതല്ല. കമ്പിളിവസ്ത്രങ്ങള്‍ അടിച്ചു നനച്ചാല്‍ അതിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും ചുരുങ്ങുകയും ചെയ്യും. റയോണ്‍നൂല്‍ ഈര്‍പ്പം വലിച്ചെടുത്തു വീര്‍ക്കുന്നതുകൊണ്ട് അതിന്റെ ഇഴകള്‍ക്കു ബലം കുറയും. അതിനാല്‍ കമ്പിളി, റയോണ്‍ തുടങ്ങിയ മേല്ത്തരം തുണികള്‍ അടിച്ചുനനയ്ക്കാതെ ഞെക്കി കഴുകി എടുത്തുവരുന്നു. നിറംപോകാത്ത പരുത്തി ത്തുണികളില്‍ 210°F വരെ ചൂട് പ്രയോഗിക്കാവുന്നതാണ്. ചായം മങ്ങുന്ന തുണിത്തരങ്ങള്‍ ചെറിയ ചൂടുള്ള വെള്ളത്തില്‍ കഴുകുകയാണ് പതിവ്. അപമാര്‍ജകങ്ങള്‍ തുണിയിലെ അഴുക്കു നീക്കികളയുന്നതിനും ചൂട് ഈ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. നൈലോണ്‍ തുണിത്തരങ്ങള്‍ അധികം ചൂട് താങ്ങുകയില്ല. അതുപോലെ തന്നെ ചൂടുകൂടുതലാണെങ്കില്‍ കമ്പിളിത്തുണികള്‍ ചുരുങ്ങുകയും ചെയ്യും.

അലക്കുകാരം (bleaching powder) തുണിക്കു കേടുവരുത്തുന്നതുകൊണ്ട് അതു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. അലക്കുകാരം തണുത്ത വെള്ളത്തില്‍ കലര്‍ത്തുകയും അധികനേരം വസ്ത്രങ്ങള്‍ ആ ലായനിയില്‍ ഇടാതെ ശ്രദ്ധിക്കുകയും വേണം. ഈ ലായനിയില്‍ ഇട്ട തുണികള്‍ നന്നായി കഴുകിയശേഷമേ ഉണക്കാന്‍ പാടുള്ളു. ചൂടുവെള്ളത്തില്‍ അലക്കുകാരം ക്ഷണനേരം കൊണ്ട് ശക്തിയായി പ്രവര്‍ത്തിക്കുകയും തുണിയുടെ ഇഴകളെ ബലഹീനമാക്കുകയും ചെയ്യും. ഇത്രയൊക്കെ ശ്രദ്ധിച്ചാല്‍ തന്നെയും അലക്കുകാരം തുണികള്‍ക്കു കേടുവരുത്തും. പട്ട്, കമ്പിളി തുടങ്ങിയ തുണികള്‍ ബ്ളീച്ചുചെയ്യുന്നതിനു ഹൈഡ്രജന്‍ പെറോക്സൈഡ് ഒരു നല്ല വസ്തുവാണ്. തുണിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ നീക്കം ചെയ്യുന്നതിനും ഇത് ഉപകരിക്കുന്നു.

വസ്ത്രങ്ങളിലെ കറകള്‍ നീക്കം ചെയ്യുന്നതിനു വളരെയധികം രാസവസ്തുക്കള്‍ ഇന്നു കണ്ടുപിടിച്ചിട്ടുണ്ട്. മഷി, കൊഴുപ്പ് (grease), സസ്യക്കറകള്‍, രക്തം, ചായ, കാപ്പി എന്നിവയുടെ കറകള്‍ വസ്ത്രങ്ങളില്‍ കാണുക സാധാരണമാണ്. ഇവ നീക്കംചെയ്യാന്‍ പ്രത്യേകം പ്രത്യേകം വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്.

പശയിടല്‍. തുണികള്‍ക്കു പശയിടുന്നതിനു രണ്ടു രീതികളാണ് സ്വീകരിച്ചുകാണുന്നത്. ചെറിയതോതില്‍ മാത്രമേ പശ വേണ്ടൂ എന്നുണ്ടെങ്കില്‍ കുറുക്കിയെടുത്ത പശയിലോ കഞ്ഞിവെള്ളത്തിലോ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചശേഷം തുണിമുക്കുന്നു. പരുത്തിത്തുണിക്കൊണ്ടുള്ള ഉടുപ്പുകളുടെ കോളറിനും കാക്കിത്തുണിത്തരങ്ങള്‍ക്കും പശയിടുമ്പോള്‍ പശ അവയില്‍ പുരട്ടി വെള്ളം തളിച്ചശേഷം തേപ്പുപെട്ടികൊണ്ട് തേച്ച് ചേര്‍ക്കുകയാണ് പതിവ്. വെള്ളത്തുണികള്‍ക്കു പശയോടൊപ്പം നീലവും കലര്‍ത്തുന്നു. ആധുനികകാലത്ത് ശാസ്ത്രീയമായി തയ്യാര്‍ ചെയ്ത പശ (strach) സുലഭമാണ്.

ഇസ് തിരിയിടല്‍

ഇസ്തിരിയിടല്‍. തുണികളില്‍ ചുളിവു വീഴാതെയിരിക്കുന്നതിനും അവയുടെ വടിവ് നഷ്ടപ്പെടാതെ ധരിക്കുന്നതിനും ആണ് ഇസ്തിരിയിടുന്നത്. നൈലോണിന്റെയും ചുളിവു വീഴാത്ത മറ്റു കൃത്രിമ തുണിത്തരങ്ങളുടെയും കണ്ടുപിടിത്തം ഈ ജോലി വളരെ കുറച്ചിരിക്കുന്നു. നൈലോണ്‍ നാരുകള്‍ താരതമ്യേന വളരെ കുറച്ച് ഈര്‍പ്പം മാത്രമേ വലിച്ചെടുക്കുകയുള്ളു. ഉണങ്ങിക്കഴിയുമ്പോള്‍ അവയുടെ ആകൃതിക്ക് യാതൊരു വ്യത്യാസവും വരുന്നില്ല എന്നതുകൊണ്ട് ഇസ്തിരിയിടല്‍ ഒഴിവാക്കാന്‍ കഴിയും. കൃത്രിമ തുണിത്തരങ്ങളുടെ കണ്ടുപിടിത്തത്തിനു മുന്‍പുതന്നെ ചില പരുത്തിത്തുണികള്‍ ഈ ഗുണം ഉണ്ടാകത്തക്കവിധത്തില്‍ നിര്‍മിച്ചുവന്നിരുന്നു. തുണിയുടെ ഉപരിതലം അധികം ഈര്‍പ്പം വലിച്ചെടുക്കാത്തരീതിയില്‍ തയ്യാറാക്കുകയാണ് ഈ രീതി. ഓരോതരം തുണികള്‍ക്കും വേണ്ട ചൂടിന്റെ അളവ് വ്യത്യസ്തമാണ്. ചൂടുകൂടിയാല്‍ റയോണ്‍, നൈലോണ്‍ എന്നിവ ചേര്‍ത്ത തുണിത്തരങ്ങള്‍ കരിഞ്ഞുപോകും. ഏറ്റവും കുറഞ്ഞ ചൂടിലാണ് റയോണ്‍ ഇസ്തിരിയിടേണ്ടത്. കുറച്ചുകൂടി ചൂട് പട്ടിനും കമ്പിളിക്കും അതിലും കൂടുതല്‍ പരുത്തിത്തുണികള്‍ക്കും ആവാം; ലിനന്‍ തുണികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ചൂട് വേണ്ടത്. ഈ വ്യത്യാസം അനുസരിച്ച് ഓരോന്നിനും വേണ്ടത്ര അളവ് ചൂടുതരാന്‍ സൌകര്യപ്പെടുത്തിയിട്ടുള്ള വൈദ്യുത ഇസ്തിരിപ്പെട്ടികള്‍ (Thermostatic irons) ലഭ്യമാണ്.

ഇലക് ട്രിക് വാഷിങ് മെഷീന്‍

അലക്കുപണിയുടെ സമയവും ആയാസവും കുറയ്ക്കുന്നതിനുള്ള ഏറ്റവും ആധുനികമായ ഉപകരണമാണ് വൈദ്യുതികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന അലക്കുയന്ത്രം (Electric washing machine). വസ്ത്രങ്ങള്‍ കഴുകിവൃത്തിയായി ഉണങ്ങി പുറത്തെത്തുന്നതരത്തിലുള്ള സംവിധാനങ്ങള്‍ ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. നോ: അജലധാവനം; അപമാര്‍ജകങ്ങള്‍; ഇസ്തിരിപ്പെട്ടി; സോപ്പ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍