This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറൗക്കേനിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറൗക്കേനിയര്‍

Araucanians


ദക്ഷിണചിലിയിലും അര്‍ജന്റീനയിലുമുള്ള ഒരു ഇന്ത്യന്‍ ജനവര്‍ഗം. അറൗക്കേനിയ എന്ന സ്ഥലത്തെ അധിവസിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് ഈ പേരു നല്കപ്പെട്ടിരിക്കുന്നത്. ദക്ഷിണചിലിയില്‍ ബിയോ-ബിയോ, ടോള്‍ട്ടണ്‍ എന്നീ നദികള്‍ക്കിടയിലുള്ള ഭൂവിഭാഗമാണ് അറൗക്കേനിയ. അറൗക്കേനിയരില്‍ ഒരുവിഭാഗം അര്‍ജന്റീനയില്‍ കുടിയേറിപ്പാര്‍ത്തു.

ചിലിയിലെ അറൗക്കേനിയരില്‍ 'പികുന്‍ചേ', 'മാപുചേ', 'ഹ്യൂളിചേ' എന്നു മൂന്നു വിഭാഗങ്ങളുണ്ടായിരുന്നു. സാംസ്കാരികവും അതിലേറെ ഭൂമിശാസ്ത്രപരവുമായിരുന്നു ഈ വിഭജനത്തിനടിസ്ഥാനം. പികുന്‍ചേ ഉത്തരദേശത്തെ അധിവസിച്ചവരും (പികുന്‍ = വടക്ക്; ചേ = ജനങ്ങള്‍), മാപുചേ മധ്യദേശക്കാരും (മാപു=തടം), ഹ്യൂളിചേ ദാക്ഷിണാത്യരും (ഹ്യൂളി=തെക്ക്) ആയിരുന്നു. ഇവരില്‍ പികുന്‍ചേയെ 17-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി സ്പെയിന്‍കാര്‍ കീഴടക്കി. ഹ്യൂളിചേ മറ്റു ഗ്രാമീണ ജനവര്‍ഗങ്ങളുമായി വിലയം പ്രാപിച്ചു. വെള്ളക്കാരായ ആക്രമണകാരികളെ ചെറുത്തുനിന്ന മാപുചേ 1880-82-ലെ യുദ്ധത്തില്‍ കീഴടക്കപ്പെട്ടു. അതിനുശേഷം അവര്‍ ചെറുചെറു സംഘങ്ങളായി ദക്ഷിണ മധ്യചിലിയില്‍ വാസമുറപ്പിച്ചു. യുദ്ധകാലങ്ങളില്‍ മുഖ്യതൊഴില്‍ കാലിവളര്‍ത്തലായിരുന്നു. തന്ത്രപ്രധാനമായ പുതിയപുതിയ സ്ഥലങ്ങളിലേക്കു കൂടെക്കൂടെ അധിവാസകേന്ദ്രം മാറ്റാന്‍ അവര്‍ നിര്‍ബദ്ധരായിരുന്നു. യുദ്ധാനന്തരം സ്ഥിരമായ അധിവാസസ്ഥാനങ്ങളുണ്ടായതോടെ അവര്‍ കാര്‍ഷികവൃത്തി സ്വീകരിച്ചു.

ചിലിയില്‍നിന്ന് അര്‍ജന്റീനയില്‍ കുടിയേറിപ്പാര്‍ത്തവരാണ് അവിടത്തെ അറൗക്കേനിയര്‍. കോളനിവാഴ്ചയുടെ ആക്രമണമായിരുന്നു വന്‍തോതില്‍ നടന്ന കുടിയേറ്റത്തിനു കാരണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍