This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റ്രോപിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ്റ്രോപിന്‍

Atropine

സോളനേസീ (solanaceae) വര്‍ഗത്തില്‍പ്പെട്ട ബെലഡോണ (Belladona), ഹെന്‍ബേന്‍ (Henbane) മുതലായ ചെടികളുടെ ഇലയിലും വേരിലും ഉപസ്ഥിതമായ ഔഷധപ്രയോജനമുള്ള ഒരു ക്ഷാരകല്പം (alkaliod). ഫോര്‍മുല, C17H23NO3. ഇവ ക്രിസ്റ്റലുകളായി ലഭിക്കുന്നു. ദ്ര.അ. 114-116°C. ജലത്തില്‍ അലേയം, ആല്‍ക്കഹോള്‍, ക്ലോറോഫോം എന്നീ ലായകങ്ങളില്‍ അധികമായും ഈഥറില്‍ (ether) മിതമായും ലേയം. രാസപരമായി അറ്റ്രോപിന്‍ ഒരു എസ്റ്റര്‍ (ester) ആണ്. ട്രോപിക് ആസിഡ് (tropic acid) ആണ് അതിലെ ആസിഡ് അംശം, ട്രോപനോള്‍ (tropanol) എന്നത് ആല്‍ക്കഹോള്‍ അംശവും.

ബ്രാന്‍ഡിസ് എന്ന ശാസ്ത്രജ്ഞന്‍ 1819-ല്‍ അറ്റ്രോപിന്‍ പൃഥക്കരിച്ചെടുത്തു. ചെടികളില്‍ നിന്ന് ആദ്യം ലഭിക്കുന്നത് അനേകം ആല്‍ക്കലോയ്ഡുകളുടെ ഒരു മിശ്രിതമാണ്. ക്ലോറൊഫോം ഉപയോഗിച്ചു റിഫ്ലക്സ് (reflux) ചെയ്ത് അറ്റ്രോപിന്‍ ലഭ്യമാക്കാം. ക്ലോറൊഫോമിനു പകരം തണുത്തതും നേര്‍ത്തതുമായ ആല്‍ക്കലിയും ഉപയോഗിക്കാം. ട്രോപിക് ആസിഡ്, ട്രോപിനോണ്‍ എന്നിവ പ്രാരംഭവസ്തുക്കളായി ഉപയോഗിച്ച് സംശ്ലേഷണം വഴിയും ഈ ആല്‍ക്കലോയ്ഡ് നിര്‍മിക്കാം. ഇതിന്റെ തന്മാത്രയിലെ ട്രോപിക് ആസിഡിനെ മറ്റു ആസിഡുകള്‍കൊണ്ടു പ്രതിസ്ഥാപിച്ച് (substitute) വേറെ അനേകം ട്രോപിനുകള്‍ നിര്‍മിക്കാം. അവയില്‍ ഹോമോട്രോപിന്‍ എന്ന വസ്തുവാണ് ഔഷധമെന്ന നിലയില്‍ അധികം പ്രചാരത്തിലുള്ളത്.

നേത്രചികിത്സയില്‍ നേത്രപടലം പരിശോധിക്കുന്നതിനുവേണ്ടി കൃഷ്ണമണി വികസിപ്പിക്കുന്നതിന് അറ്റ്രോപിന്‍തുള്ളികള്‍ കണ്ണിലൊഴിച്ചു കൊടുക്കുന്നു. വായ്, നാസാരന്ധ്രങ്ങള്‍ മുതലായവയില്‍നിന്നു സ്രാവം നിയന്ത്രിക്കുന്നതിന് ഇതിനു കഴിവുള്ളതുകൊണ്ട് ജലദോഷപ്രത്യൌഷധങ്ങളില്‍ ഇതു ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. ആസ്ത്മാ മൂലം ശ്വസനനാളിയിലുണ്ടാകുന്ന കോച്ചിവലിക്കല്‍ ശമിപ്പിക്കുന്നതിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും ആമാശയത്തിലുണ്ടാകുന്ന അധികാമ്ളതയെ നിയന്ത്രിക്കുന്നതിനും കുമിള്‍ വിഷബാധ മാറ്റുന്നതിനും മറ്റും അറ്റ്രോപിന്‍ പ്രയോജനപ്പെടുത്തുന്നു. ചില പ്രത്യേകാവശ്യങ്ങള്‍ക്ക് അറ്റ്രോപിന്‍ കലര്‍ത്തിയ സിഗററ്റ് ഔഷധമായി നിര്‍ദേശിക്കപ്പെടാറുണ്ട്.

അറ്റ്രോപിന്‍ ഒരു പരിധിയില്‍ കവിഞ്ഞാല്‍ വിഷാലുവായി പ്രവര്‍ത്തിക്കും. ശരീരത്തിന്റെ ചൂടു വര്‍ധിക്കുക, കൃഷ്ണമണി കൂടുതല്‍ വികസിച്ച് കാഴ്ച മങ്ങുക, തൊലി വരളുക, ശരീരത്തില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുക, ജ്വരഭ്രാന്തി ഉണ്ടാവുക, മതിഭ്രമം മൂലം മിഥ്യാദൃശ്യങ്ങള്‍ കാണുക എന്നിവയെല്ലാം അറ്റ്രോപിന്‍ വിഷബാധയുടെ ലക്ഷണങ്ങളാണ്. ഉള്ളില്‍ ചെന്ന വിഷബാധയാണെങ്കില്‍ ഗാസ്റ്റ്രിക് ലാവേജ് (gastric lavage) നല്ല ഒരു പ്രതിവിധിയാണ്. ബാഹ്യമായുണ്ടാകുന്ന വിഷബാധയ്ക്കു പിലൊകാര്‍പിന്‍ നല്കുന്നു. ഉത്തേജനവസ്തുവായി കഫീനും, വേണ്ടി വന്നാല്‍ കൃത്രിമശ്വാസോച്ഛ്വാസവും അറ്റ്രോപിന്‍ വിഷബാധയ്ക്കു പ്രതിവിധിയായി നല്കേണ്ടതാണ്.

വളരെ അധികം പഴക്കം അവകാശപ്പെടാവുന്ന ഔഷധങ്ങളില്‍ ഒന്നാണ് അറ്റ്രോപിന്‍. പ്രാചീനഭാരതീയര്‍ക്കും ഇതിന്റെ ഔഷധപ്രയോജനം അറിയാമായിരുന്നു. മുഖശ്രീ വര്‍ധിപ്പിക്കുന്നതിനുവേണ്ടി ബെലഡോണ എന്ന ചെടിയുടെ സത്ത് കണ്ണില്‍ പുരട്ടുന്ന സമ്പ്രദായം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്പെയിനിലെ സ്ത്രീകള്‍ ശീലിച്ചിരുന്നു. അതിലുള്ള അറ്റ്രോപിന്‍ കൃഷ്ണമണികള്‍ക്കു വികാസവും തിളക്കവും നല്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തിരുന്നത്. ചെടിയുടെ പേരായ ബെലഡോണ എന്ന പദത്തിനു ലത്തീന്‍ഭാഷയില്‍ സുന്ദരി എന്നാണര്‍ഥം. അറ്റ്രോപിന്റെ ഉപസ്ഥിതി കൊണ്ടാണ് ഈ ചെടിക്ക് ഈ പേര് സിദ്ധിച്ചിട്ടുള്ളത് എന്നൂഹിക്കാം. നോ: ആല്‍ക്കലോയ്ഡുകള്‍; ബെലഡോണ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍