This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ്റിക്ക

Attica


ഗ്രീസിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഉപദ്വീപ്; വിസ്തീര്‍ണം: 1,600 ച.കി.മീ. വ.ഭാഗത്തുള്ള ബിയോഷ്യാ (Boeotia) ജില്ലയില്‍നിന്ന് അറ്റിക്കയെ വേര്‍തിരിക്കുന്നതു സിതേറോണ്‍ പര്‍വതനിരയാണ്. പാര്‍ണസ് എന്ന വേറൊരു പര്‍വതവും അറ്റിക്കയിലുണ്ട്. ഇതിനു ചുറ്റുമായി ഏജിയന്‍കടല്‍ കിടക്കുന്നു. സെഫിസസുനദിയുടെ തീരപ്രദേശങ്ങള്‍ ഒരുവിധം സമഭൂമിയാണ്. അറ്റിക്കയുടെ മിക്ക ഭാഗങ്ങളും പാറക്കെട്ടുള്ള വനപ്രദേശങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. കൃഷിക്ക് ഉപയുക്തമായ വളമുള്ള ഭൂമി അധികമില്ലെങ്കിലും ഒലിവ്, അത്തി, മുന്തിരി മുതലായവ അറ്റിക്കയില്‍ നന്നായി വളരുന്നു. അമിതമായ ചൂടും തണുപ്പും ഇല്ലാത്ത ഹിതകരമായ കാലാവസ്ഥയാണ് അറ്റിക്കയിലുള്ളത്. മഴ പ്രായേണ കുറവായതിനാലും ഭൂമി കൃഷിക്ക് ഉതകുന്നതല്ലാത്തതിനാലും അറ്റിക്കയിലെ ജനങ്ങള്‍ ആദ്യകാലംമുതല്‍ വാണിജ്യവും വ്യവസായവും കൊണ്ടാണ് ഉപജീവനം നിര്‍വഹിച്ചുപോന്നത്. മാര്‍ബിള്‍ക്കല്ലുകളും കളിമണ്ണും ധാരാളമുള്ളതിനാല്‍ ശില്പകലയും മണ്‍പാത്രവ്യവസായവും വികസിച്ചിട്ടുണ്ട്. പ്രകൃതിരമണീയമായ ഒരു കടല്‍ത്തീരവും തെളിഞ്ഞ ആകാശവും അറ്റിക്കയുടെ പ്രത്യേകതകളാണ്. കടല്‍ത്തീരം മുറിഞ്ഞുകിടക്കുന്നതിനാലും അനവധി ദ്വീപുകള്‍ സമീപത്തു കടലില്‍ ഉള്ളതിനാലും അറ്റിക്കയിലെ ജനങ്ങള്‍ക്കു നല്ല നാവികപാരമ്പര്യം ഉണ്ട്. തുറമുഖങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു പൈറിയസ് ആണ്. ആഥന്‍സിന്റെ പ്രശസ്തിയെ വര്‍ധിപ്പിച്ചിട്ടുള്ള ഒരു പ്രധാന ഘടകം ഈ തുറമുഖമാണെന്നു പറയാം.

ചരിത്രം. ചരിത്രാതീതകാലത്തുതന്നെ ഗ്രീക്കുകാര്‍ അറ്റിക്കയില്‍ കുടിയേറിപ്പാര്‍ത്തു. അയോണിയരില്‍പ്പെട്ട ഗ്രീക്കുഗോത്രങ്ങളാണ് അറ്റിക്കയില്‍ വാസമുറപ്പിച്ചത്. ആദ്യകാലത്ത് അറ്റിക്കയില്‍ ധാരാളം ചെറുനഗരങ്ങള്‍ ഉണ്ടായിരുന്നു. ആഥന്‍സ്, എല്യൂസിസ്, മാരത്തോണ്‍ മുതലായ നഗരരാഷ്ട്രങ്ങള്‍ ആഥന്‍സിന്റെ നേതൃത്വത്തില്‍ ഏകരാഷ്ട്രമായി രൂപംകൊണ്ടു. അറ്റിക്കയിലെ ജനങ്ങള്‍ക്കെല്ലാം തത്ഫലമായി ആഥന്‍സുനഗരത്തിലെ പൗരത്വം ലഭ്യമായി. ചരിത്രപ്രസിദ്ധമായ രാഷ്ട്രീയപരിവര്‍ത്തനം അറ്റിക്കയില്‍ കൈവരുത്തിയത് ബി.സി. 13-ാം ശ.-ത്തില്‍ ആഥന്‍സിലെ രാജാവായിരുന്ന തീസിയസ് ആയിരുന്നെന്നു തൂസിഡൈഡിസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീസിയസ് ഒരു ചരിത്രപുരുഷന്‍ അല്ലെന്നും ദേവന്മാരില്‍ ഒരാളായിരുന്നുവെന്നുമാണ് ഐതിഹ്യം. ഏതായാലും ചരിത്രാതീതകാലത്തു സംഭവിച്ച ഈ ലയനം നിമിത്തം അറ്റിക്കയുടെ ചരിത്രം പില്ക്കാലത്ത് ആഥന്‍സിന്റേതുമായി അഭേദ്യമാംവിധം ബന്ധിക്കപ്പെട്ടു. നോ: ആഥന്‍സ്

(പ്രൊഫ. വി. ടൈറ്റസ് വര്‍ഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍