This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറുനൂറ്റുവര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറുനൂറ്റുവര്‍

പ്രാചീന കേരളത്തിലെ അറുനൂറ് അംഗങ്ങളടങ്ങിയ ഒരു പ്രാദേശിക ജനസമിതി. എ.ഡി. ഒന്‍പതാം ശ.-ത്തില്‍ മഹോദയപുരം തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാക്കന്മാരുടെ കാലത്ത് സ്വയംഭരണസ്വഭാവത്തോടുകൂടിയ തറ, ദേശം, നാട് എന്നിങ്ങനെ യുദ്ധകാര്യങ്ങള്‍ക്കായി കേരളം വിഭജിക്കപ്പെട്ടിരുന്നു. ഓരോ നാടുവാഴിയുടെയും അവകാശാധികാരങ്ങളെ അതതു നാടുകളിലെ 'കൂട്ടങ്ങള്‍' നിയന്ത്രിച്ചുവന്നു. നാട്ടുക്കൂട്ടത്തിലെ സംഖ്യ അനുസരിച്ച് മുന്നൂറ്റുവര്‍, അഞ്ഞൂറ്റുവര്‍, അറുനൂറ്റുവര്‍, അയ്യായിരത്തവര്‍ എന്നെല്ലാം ഈ സമൂഹങ്ങള്‍ക്ക് പേരുകള്‍ ഉണ്ടായിരുന്നു. കൂട്ടങ്ങള്‍ അന്നു ജനകീയസ്വഭാവമുള്ള സംഘങ്ങളായിരുന്നു. എ.ഡി. 849-ാമാണ്ട് അയ്യനടികള്‍ കൊടുത്ത തരിസാപ്പള്ളി ശാസനപ്രകാരം കൊല്ലം പട്ടണത്തിന്റെ ഭരണം നിര്‍വഹിച്ചിരുന്നത് 'അറുനൂറ്റുവര്‍' എന്ന സംഘമായിരുന്നു. കരംപിരിവുള്‍പ്പെടെ കൊല്ലം നഗരത്തെ സംബന്ധിച്ചുള്ള പരിപൂര്‍ണാധികാരം അറുനൂറ്റുവര്‍ക്കായിരുന്നുവെന്ന് ഈ ശാസനത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അറുനൂറ്റിമംഗലം, മുന്നൂറ്റിമംഗലം എന്നീ ദേശനാമങ്ങള്‍ക്ക് ഈ കൂട്ടവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നു വ്യക്തമല്ല. വീരരാമവര്‍മയെന്ന വേണാട്ടുരാജാവിന്റെ (1185-1205) വെള്ളായണി ശാസനത്തിലും, കാല്‍ക്കരൈനാട്ടിലുള്ള തൃക്കാക്കര നഗരഭരണത്തെപ്പറ്റിയുള്ള ശാസനത്തിലും പഴയ കീഴ്മലൈ നാടിനെയും മറ്റും പരാമര്‍ശിക്കുന്ന ചില ചരിത്രരേഖകളിലും അറുനൂറ്റുവരെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. എട്ടുവീട്ടില്‍ പിള്ളമാര്‍ അറുനൂറ്റുവരുടെ നേതാക്കന്മാരായിരുന്നുവെന്ന് കെ.പി. പദ്മനാഭമേനോന്‍ അഭിപ്രായപ്പെടുന്നു. 12-ാം ശ.-ത്തിനുശേഷം ഇത്തരം പ്രാദേശികസമിതികള്‍ ക്ഷയിച്ചു; അതോടൊപ്പം അറുനൂറ്റുവരും. നോ: കൂട്ടങ്ങള്‍; നാട്ടുക്കൂട്ടങ്ങള്‍

(അടൂര്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍