This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അറബിസാഹിത്യം

Arabic Literature

അറേബ്യന്‍ ഉപദ്വീപിലെയും ഉത്തരാഫ്രിക്കന്‍ രാഷ്ട്രങ്ങളിലെയും മാതൃഭാഷയായ അറബിയില്‍ എഴുതപ്പെട്ട സാഹിത്യം. ഖുര്‍ആനും ഇസ്ലാമികാരാധനാക്രമങ്ങളും പ്രണയനം ചെയ്തിട്ടുള്ളത് അറബിയിലാണ്. എ.ഡി. അഞ്ചാം ശ.- മുതല്‍ വൃത്തഗന്ധികളായ പഴഞ്ചൊല്ലുകളിലും നാടോടിപ്പാട്ടുകളിലുംകൂടി രൂപംകൊണ്ടു തുടങ്ങിയ അറബി സാഹിത്യം, ഖുര്‍ആനിന്റെ നിബന്ധനത്തോടുകൂടി വ്യക്തിത്വമുള്ള ഒരു സാഹിത്യമായി രൂപംപൂണ്ടു. 20-ാം ശ.-മായപ്പോഴേക്കും സിറിയന്‍-ലെബനീസ് സാഹിത്യകാരന്മാരായ ഖലീല്‍ ജിബ്രാന്‍ (1883-1931). അമീര്‍ റിഹാനി (?-1940) തുടങ്ങിയവര്‍, യു.എസ്. മുതലായ വിദൂരദേശങ്ങളില്‍ പോയി താമസിക്കുകയും സാഹിത്യപ്രവര്‍ത്തനം നടത്തുകയും ചെയ്തതിനാല്‍ പശ്ചിമാര്‍ധഗോളവും അറബിയുടെ അതിപ്രസരത്തിനു വിധേയമായിട്ടുണ്ട്.

വിവിധ പ്രാദേശികശൈലികളിലുള്ള ആദ്യകാല അറബിഭാഷ അറേബ്യന്‍ അര്‍ധദ്വീപില്‍ ഒതുങ്ങിനിന്നേയുള്ളു. അതു ഖുര്‍ആനിന്റെ ഭാഷയായപ്പോള്‍ 'ഖുറൈശിശൈലി' ഒഴിച്ചുള്ളതെല്ലാം തളരുകയും മുസ്ലിങ്ങളുടെ ഭാഷയെന്ന നിലയ്ക്ക് അറബികള്‍ കീഴ്പ്പെടുത്തിയ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു. ഇസ്ലാമിന്റെ സുവര്‍ണകാലമെന്നറിയപ്പെടുന്ന ഏഴു മുതല്‍ 13 വരെയുള്ള ശ.-ങ്ങളില്‍ അതു വിജ്ഞാനത്തിന്റെ ഭാഷയായി. ലോകത്തുണ്ടായിരുന്ന വിജ്ഞാനങ്ങളെല്ലാംതന്നെ അറബിഭാഷയില്‍ ലഭ്യമായിത്തുടങ്ങിയത് ഈ ഘട്ടത്തിലാണ്.

പ്രാചീനഘട്ടം (ജാഹീലിയ്യാ കാലം).

അറബി സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രാചീനകാലം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് തൊട്ടുമുന്‍പുള്ള 100-150 വര്‍ഷങ്ങളാണ്. ഇത് ജാഹീലിയ്യാ കാലം എന്നാണറിയപ്പെടുന്നത്. അക്കാലത്തെ അറബികള്‍ പൊതുവേ നിരക്ഷരരായതിനാല്‍ അന്നത്തെ ഗദ്യങ്ങള്‍ക്ക് ലിഖിതരൂപങ്ങളില്ല. പിന്നീട് ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുശേഷം രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ അവ സമാഹരിച്ചിട്ടുണ്ടെങ്കിലും അധികമൊന്നും ലഭ്യമല്ല. പ്രാസമുള്ള ചില പഴമൊഴികളും ഹിതോപദേശങ്ങളും ഈരടികളും അവശേഷിക്കുന്നു. ഏറ്റവും പഴയ ഏതാനും കാവ്യശകലങ്ങളും ചമത്കാരത്തോടുകൂടിയ നാടോടിപ്പാട്ടുകളും ലഭിച്ചിട്ടുണ്ട്. സെമിറ്റിക് ഭാഷകളില്‍ വളരെ പുരാതനമെന്നു കരുതപ്പെടുന്ന ബൈബിളിലെ ജോബി (ഇയ്യോബി)ന്റെ പുസ്തകം (Book of Job)രചിക്കപ്പെട്ടത് അറബിഭാഷയിലാണ്. പിന്നീടാണ് അതു ഹീബ്രുവിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. 80 മുതല്‍ 120 വരെ വരികള്‍ ഉള്‍ ക്കൊള്ളുന്ന ഖസ്വീദ എന്ന പേരിലുള്ള കവിതകളായിരുന്നു പ്രാചീന അറബികള്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് ഊഹിക്കാം. യുവരാജാവും കവിയുമായിരുന്ന ഇംറഉല്‍ഖൈസ് ആവിഷ്കരിച്ച രൂപഘടനയാണ് ഈ ആദ്യകാലഗീതങ്ങളില്‍ പൊതുവേ കണ്ടുവരുന്നത്. കാമിനിയില്‍നിന്നും അകന്ന കാമുകന്റെ വ്യാകുലത, മരുഭൂമിക്കപ്പുറത്ത് അതിവിദൂരതയില്‍ കഴിയുന്ന പ്രാണേശ്വരിയെ തിരക്കിപ്പോകേണ്ടതിന് ഉപയുക്തമായ കുതിരയുടെയോ ഒട്ടകത്തിന്റെയോ ഗുണവിശേഷങ്ങള്‍, യാത്രയില്‍ അഭിമുഖീകരിക്കേണ്ട വൈതരണികള്‍, മാര്‍ഗവര്‍ണന, കവി പ്രീണിപ്പിക്കാന്‍ ഉദ്ദേശിക്കുന്നയാളിനെ സ്തുതിച്ചുകൊണ്ടുള്ള ഗീതം ഈ രീതിയിലാണ് ഇവയുടെ സംവിധാനം. ആയിരക്കണക്കിനുള്ള ഖസ്വീദകളുടെ ഘടനകളില്‍ ചില ഐകരൂപ്യങ്ങള്‍ കാണാമെങ്കിലും ആശയത്തിലും സമ്പ്രദായത്തിലും സവിശേഷമായ വൈവിധ്യം ദൃശ്യമാണ്.

ഹജ്ജ്കാലങ്ങളില്‍ മക്കയുടെ അടുത്തുള്ള ഉക്കാസ് എന്ന സ്ഥലത്തുവച്ച് നടത്തിയിരുന്ന മേളയില്‍ അസ്ത്രപ്രയോഗം, കുതിരപ്പന്തയം തുടങ്ങിയവപോലെ കവിതാരചനാമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു എന്നും ഏറ്റവും മെച്ചപ്പെട്ട കവിത തങ്കലിപിയില്‍ എഴുതി കഅബാ ദേവാലയത്തിന്റെ ചുമരുകളില്‍ ഒരു കൊല്ലം തൂക്കിയിട്ടിരുന്നു എന്നും ഈ ആചാരത്തില്‍നിന്നുമാണ് അത്തരം കവിതകള്‍ക്ക് മുഅല്ലക (ലംബിതം) എന്ന പേര് ലഭിച്ചതെന്നും പൊതുവില്‍ വിശ്വസിക്കപ്പെടുന്നു.

ഭൂതപ്രേതാദികളുമായി ബന്ധപ്പെട്ട്, സാധാരണക്കാര്‍ക്കു ലഭിക്കാത്ത വിവരങ്ങള്‍ അറിയുന്നവന്‍ എന്ന അര്‍ഥത്തിലുള്ള 'ശാഇര്‍'എന്ന നാമമാണ് കവിക്ക് അറബികള്‍ നല്കിയിരുന്നത്. സമാധാനകാലത്തെ നേതാവും യുദ്ധകാലത്തെ ഉപദേഷ്ടാവും ഗോത്രഭാവിയെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നവനും എന്ന നിലയ്ക്ക് ഉന്നതമായ സ്ഥാനം അവര്‍ കവിക്കു നല്കിയിരുന്നു. പുതിയ മേച്ചില്‍സ്ഥലവും മരുപ്പച്ചയും കണ്ടുപിടിക്കാനും താവളങ്ങള്‍ തിരഞ്ഞെടുക്കാനും അവര്‍ കവിയുടെ ഉപദേശം തേടിയിരുന്നു. പുതുതായി ഒരാള്‍ കവിത രചിച്ചാല്‍ അതു കൊണ്ടാടുന്നതിനായി കവിയുടെ ഗോത്രം വിപുലമായ സദ്യകള്‍ നടത്തിയിരുന്നു.

കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ച് അതില്‍നിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന പതിവും അക്കാലത്തെ കവികള്‍ക്കിടയില്‍ സാധാരണമായിരുന്നു. അത്തരക്കാരായ ഹമ്മാദുര്‍ റാവിയ്യ, ഖലഹുല്‍ അഹ്മര്‍ എന്നിവര്‍വഴിയാണ് ഇംറഉല്‍ഖൈസ്, ഥറഫ, അംറിബ്നുകുല്‍സൂം, ഹാരിസിബ്നു ഹില്ലിസ്വ, അന്‍തറത് ബ്നു ശദ്ദാദ്, സുഹൈര്‍ ബ്നു അബീസല്‍മ, ലബീദ് ബ്നു റബീഹ, നാബീഗ റൂബിയാനി, അഅ്ഷ, അല്‍ഖമ തുടങ്ങിയവരുടെ പദ്യങ്ങള്‍ ലഭ്യമായത്. അബൂ തമാമിന്റെ ഹമാസ, മുഫഗുഇലിയ്യാത്ത്, അബുല്‍ഫറജൂല്‍ ഇസ്ഫഹാനിയുടെ കിത്താബുല്‍ അഗാനി, ഇബ്നു ഖുതൈബയുടെ കിതാബുശ്ശിഅരി വ ശ്ശൂഅറാഅ്, ഇബ്നു അബ്ദുറബ്ബിഹിയുടെ ഇഖ്ദുല്‍ഫരീദ് എന്നിവ ഈ ഗായകന്മാരിലൂടെ ലഭിച്ച കവിതകളുടെ വിലപ്പെട്ട സമാഹാരങ്ങളാണ്.

ഖുര്‍ആന്‍ കവിതകളുടെ ശത്രുവാണെന്ന് ഒരു ആക്ഷേപമുണ്ട്. 'കവികള്‍ ഊഹാപോഹങ്ങളുടെ താഴ്വരയിലൂടെ ചുറ്റി അലയുന്നു; അവര്‍ പ്രവര്‍ത്തിക്കാത്തത് പറയുകയും ചെയ്യുന്നു' എന്ന ഒറ്റ വാക്യമൊഴിച്ചാല്‍ ഖുര്‍ആനില്‍ കവികള്‍ ക്കെതിരായ പരാമര്‍ശമൊന്നുമില്ല.

പ്രവാചകന്റെയും ഖലീഫമാരുടെയും കാലഘട്ടം (609-661).

മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നതോടെ ഈ ഘട്ടം ആരംഭിക്കുന്നു. പ്രാചീന കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി കവിതകളിലെക്കാള്‍ ഏറെയായി ഗദ്യത്തിലാണ് ഏറ്റവും സ്വാധീനം പ്രകടമായത്. ഈ കാലഘട്ടത്തിലെ ഏറ്റവും വിശിഷ്ട സാഹിത്യം വിശുദ്ധ ഖുര്‍ആന്‍ ആണ്. നബിയുടെയും നാല് ഖലീഫമാരുടെയും പൊതു പ്രസംഗങ്ങളും ഔദ്യോഗികാവശ്യങ്ങള്‍ക്കായി അവര്‍ അയച്ച കത്തുകളുമടങ്ങുന്നതാണ് അക്കാലത്തെ പ്രധാന ഗദ്യരചനകള്‍. ഇസ്ലാമിന്റെ ദ്വിതീയ സ്രോതസ്സായ ഹദീസുകളാണ് മറ്റൊരു ഗദ്യരചന.

അക്കാലത്തെ കവിതകളില്‍ ഖുര്‍ആന്റെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഹസ്സാനുബിനു സാബിത്, അബ്ദുല്ലാഹിബ്നു റവാഹ, സുഫ്യാനുബ്നു ഹാരിസ്, അംറുബ്നു ആസ് തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന അറബി കവികള്‍.

ഖുര്‍ആനും ഹദീസും. കലാഭംഗിയോടെ ആശയങ്ങളെ ഗദ്യരൂപത്തിലും ആവിഷ്കരിക്കാമെന്ന് അറബിസാഹിത്യം തെളിയിച്ചത് ഖുര്‍ആനില്‍ക്കൂടിയാണ്. ജിബ്രീല്‍ എന്ന മലക്ക് (ദൈവദൂതന്‍) മുഖേന മുഹമ്മദ് നബിക്ക് വെളിവാക്കിക്കൊടുത്ത ദൈവവാക്യങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ജീവിതമൂല്യം, ലക്ഷ്യം, മതം, സംസ്കാരം തുടങ്ങിയവയെപ്പറ്റിയുള്ള അറിവുകള്‍ മുഴുവനും അതിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ അതിന്റെ പശ്ചാത്തലത്തില്‍ വിവിധ വിജ്ഞാനശാഖകള്‍ വികസിപ്പിച്ചെടുക്കാന്‍ മുസ്ലിങ്ങള്‍ ഒരുമ്പെട്ടു. 'ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്നും, പര്‍വതങ്ങള്‍ എങ്ങനെ നാട്ടപ്പെട്ടുവെന്നും, ഭൂമി എങ്ങനെ (അധിവാസയോഗ്യമായി) പരത്തപ്പെട്ടുവെന്നും അവര്‍ കാണുന്നില്ലേ?' ഖുര്‍ആനിന്റെ ഈ ചോദ്യമാണ് ജന്തുശാസ്ത്രം, വാനശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂവിജ്ഞാനീയം തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും അവരെ പ്രേരിപ്പിച്ചത്. ഖുര്‍ആന്‍ പഠനമാണ് പൊതുവിജ്ഞാനമായി മുസ്ലിങ്ങള്‍ കരുതിവന്നത്. സാഹിത്യത്തിന്റെ പാരമ്യത്തിലുള്ള ഖുര്‍ആനിനെ മനുഷ്യനിര്‍മിതങ്ങളായ സാഹിത്യങ്ങള്‍ക്കു വെല്ലാന്‍ സാധിക്കുകയില്ലെന്നുള്ള ഉറച്ച വിശ്വാസമാണ് തങ്ങളുടെ സാഹിത്യസൃഷ്ടിക്കു മൂലമാതൃകയായി അതിനെ കൈക്കൊള്ളാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്. ലോകമുസ്ലിങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്ന പ്രബലമായ ഒരു കണ്ണിയാണ് ഖുര്‍ആന്‍. നോ: ഖുര്‍ആന്‍

പ്രവാചകചര്യകളായ ഹദീസും അവയുടെ മഹത്തായ ആറു ശേഖരങ്ങളും സാഹിത്യത്തിനു നല്കിയ സംഭാവന അമൂല്യമാണ്. പ്രാസമൊത്ത പഴമൊഴികള്‍ അറബിയില്‍ പ്രസിദ്ധങ്ങളാണ്. ഇബ്നുനബാത്തതുല്‍മിസ്റി (മ. 985) യുടെ അത്തരത്തിലുള്ള ഖുത്ബകള്‍ (വെള്ളിയാഴ്ച പ്രസംഗം) കേരളത്തിലെ മിക്ക പള്ളികളിലും ഇന്നും നിര്‍വഹിക്കപ്പെടുന്നു. അര്‍ഥസമ്പുഷ്ടങ്ങളായ ഖുര്‍ആന്‍ വാക്യങ്ങളും ഹിതോപദേശങ്ങള്‍ നിറഞ്ഞ പ്രവാചകവചനങ്ങളും സാഹിത്യനിപുണരും വാഗ്മികളും മാതൃകയായി സ്വീകരിച്ചു. തന്‍മൂലം അറേബ്യയിലും അറബി ദേശീയഭാഷയായുള്ള മറ്റു പ്രദേശങ്ങളിലും അവയുടെ രീതിയെ വ്യവഹാരഭാഷയായി മുസ്ലിങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഭാഷയുടെ പരിണാമ പ്രക്രിയയെ ഇതു വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഇതുകാരണം 15 ശ.-ങ്ങള്‍ പഴക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഇന്നും സുഗ്രഹമായിരിക്കുന്നു.

ഉമവിയ്യാ കാലഘട്ടം (650-750).

ഖലീഫ ഹിഷാമിബ്നു അബ്ദുല്‍ മലിക്കിന്റെ ആസ്ഥാനകവിയായിരുന്ന ഗിയാസിബ്നു അഖ്ത്തല്‍ എന്ന ക്രിസ്ത്യാനിയും, ഫറസ്രിഖ്, ജരീര്‍, ദുര്‍റുമ്മ എന്നിവരുമായിരുന്നു ഈ കാലത്തെ പ്രധാന കവികള്‍. ഇവരില്‍ ഫറസ്രിഖും ജരീറും ഹിജാഅ (ആക്ഷേപകാവ്യം) രചനയിലാണ് അവരുടെ സാമര്‍ഥ്യം പ്രധാനമായും പ്രകടിപ്പിച്ചിട്ടുള്ളത്. ഒരേ ഗോത്രത്തില്‍ പ്പെട്ടവരെങ്കിലും അവര്‍ ബദ്ധവൈരികളായിരുന്നു. സാഹിത്യപരമായി ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഈ ആക്ഷേപകാവ്യങ്ങള്‍ക്കു വളരെ പ്രചാരമുണ്ടായിരുന്നു. ഇംറഉല്‍ഖൈസ് വിഭാവനം ചെയ്ത ചട്ടക്കൂടിന്റെ സ്വാധീനതയില്‍നിന്നും ഇവരുടെ കാവ്യങ്ങള്‍ മുക്തമായിരുന്നില്ല. നാലാം ഖലീഫ അലിയുടെ കുടുംബത്തോടുള്ള പ്രത്യേക ബഹുമാനവും പ്രതിപത്തിയുംകൊണ്ട് രചിതമായ ഒരു കവിതയും അതിനു സഹിക്കേണ്ടിവന്ന ജയില്‍ ജീവിതവും ഫറസ്രിഖിനെ ഒരു വീരകവിയാക്കി.

മക്കയിലെ അംറിബിനു അബൂറാബിഅയുടെ പ്രേമഗാനങ്ങളും ജമീലിന്റെ ലൈലാ മജ്നൂവും, ഖലീഫമാരായ മാര്‍യസീദ് കന്റെയും (680-83) വലീദ് IIന്റെയും (743-44) മദിരോത്സവഗാനങ്ങളും നായാട്ടുപാട്ടുകളും എടുത്തപറയത്തക്കവയാണ്. പദപ്രയോഗങ്ങളും അലങ്കാരധോരണിയും നിറഞ്ഞവയായിരുന്നു ദുര്‍റുമ്മയുടെ കാവ്യങ്ങള്‍.

അബ്ബാസിയ്യാ കാലഘട്ടം (750-1258).

അറബി സാഹിത്യത്തിന്റെ സുവര്‍ണകാലമാണ് അബ്ബാസിയ്യാ കാലഘട്ടം. ബാഗ്ദാദ് ആസ്ഥാനമാക്കി നിലവില്‍വന്ന അബ്ബാസിയ്യാഭരണകൂടത്തിനും സമൂഹത്തിനും അനറബി ഭാവമായിരുന്നു ഉണ്ടായിരുന്നത്. പേര്‍ഷ്യന്‍, അറബി, തുര്‍ക്കി, ഗ്രീക്ക്, ആര്യന്‍, സെമിറ്റിക്ക് തുടങ്ങിയ നാഗരികതകള്‍ ഇഴുകിച്ചേര്‍ന്ന ഒരു സാമൂഹിക ജീവിതം അവിടെ രൂപംകൊണ്ടു. അതിന്റെ സ്വാധീനം അറബി ഭാഷയിലും സാഹിത്യത്തിലും പ്രകടമായി. വൈദേശിക വിജ്ഞാനങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതും ഈ കാലത്താണ്.

ഹാറൂന്‍ അല്‍-റഷീദിന്റെ സന്തതസഹചാരിയും കൊട്ടാരത്തിലെ വിദൂഷകനുമായിരുന്ന അബൂനുവാസ് (മ. 810) പഴമയുടെ ചട്ടക്കൂടില്‍നിന്നും അറബിക്കവിതയെ മോചിപ്പിക്കുകയും വിശാലമായ പുതിയ മേഖലകള്‍ അതിനു കാട്ടിക്കൊടുക്കുകയും ചെയ്തു. 15 പദ്യങ്ങളില്‍ കവിയാത്ത ചെറു കാവ്യങ്ങളിലൂടെ ശൃംഗാരവും മദ്യാസക്തിയും ഹാസ്യവും എല്ലാം സാമാന്യഭാഷയില്‍ ഇദ്ദേഹം ആവിഷ്കരിച്ചു. ഇദ്ദേഹത്തിന്റെ സമകാലീനനായ അബുല്‍ അത്താഹിയ ലാളിത്യത്തിന്റെ കവിയായിരുന്നു. സുഖലോലുപത ഉപേക്ഷിച്ച് നരകശിക്ഷയെക്കുറിച്ചു ചിന്തിക്കാന്‍ ഇദ്ദേഹം ആഹ്വാനം ചെയ്തു. ഈജിപ്തിലെ സൂഫിവര്യനായ ഇബ്നുല്‍ഫരീദ് (1181-1235) ഒരു മിസ്റ്റിക് കവി എന്ന നിലയില്‍ പ്രശസ്തനായിരുന്നു. അന്ധകവിയായ അബുല്‍ അഅ്‍ലാ അല്‍- മഅര്‍റി (973-1051) തത്ത്വചിന്തയും നിരാശതാബോധവും പ്രകാശിപ്പിച്ചു. പഴയ പാരമ്പര്യത്തിലെ ഒടുവിലത്തെ കവി ആലിപ്പോവിലെ ഹമദാനി ആണ്. കാവ്യഭംഗി, ചമത്ക്കാരം, ഉദാത്താലങ്കാരങ്ങള്‍ എന്നിവകൊണ്ട് ഉന്നതനായി കരുതപ്പെടുന്ന കവിയാണ് അല്‍-മുതനബി (915-65). സൂക്തങ്ങള്‍ എന്ന നിലയ്ക്ക് പ്രചാരത്തിലുള്ള നിരവധി പദ്യങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങള്‍ക്ക് നാല്പതോളം വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെന്ന വസ്തുത അവയുടെ സ്വാധീനതയ്ക്കും മാഹാത്മ്യത്തിനും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികാരത്തിലേറിയ അന്നുതന്നെ വധിക്കപ്പെട്ട ഖലീഫാ ഇബ്നുല്‍ മുഅത്‍സ് (മ. 908) ആശയത്തിലും ആവിഷ്കാരത്തിലും നൂതനത പുലര്‍ത്തിയ കവിയും നിരൂപകനുമാണ്.

സ്പെയിനില്‍.

അറബിസാഹിത്യം സ്വതന്ത്രവ്യക്തിത്വത്തോടുകൂടി സ്പെയിനില്‍ വേരുറച്ചുതുടങ്ങുന്നത് ഒന്‍പതാം ശ-.ത്തോടുകൂടിയാണ്. അചിരേണ അറബി കവിത ജനകീയപ്രസ്ഥാനമായി അവിടെ വളര്‍ന്നു. അമുസ്ലിങ്ങളായ ആയിരക്കണക്കിന് അറബിക്കവികള്‍ ഒരു കാലത്ത് സ്പെയിനിലുണ്ടായിരുന്നു. പൗരാണിക ചട്ടക്കൂടിനെ ഉല്ലംഘിച്ച് മുന്നേറിയ സ്പാനിഷ് കവികളില്‍ പ്രമുഖന്‍ ഇബ്നു സൈദൂന്‍ (1003-71) ആണ്. അല്‍-മുവഷഹ്, സജല്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്പാനിഷ് അറബിഗാനങ്ങളില്‍ നാടന്‍ശൈലികള്‍ക്കായിരുന്നു പ്രാമുഖ്യം. ഇവയുടെ വശ്യതകാരണം ആഫ്രിക്കയിലൂടെ പൗരസ്ത്യ അറബി സാമ്രാജ്യത്തില്‍ അവ സര്‍വത്ര വ്യാപിച്ചതിനു പുറമേ ഇതര ഭാഷകളെയും സമൂഹങ്ങളെയുംകൂടി വശീകരിച്ചിട്ടുണ്ടെന്നും ഇറ്റലിയില്‍ പ്രചുരപ്രചാരത്തിലുള്ള ബാലേഗാനങ്ങള്‍ ഉദാഹരിച്ചുകൊണ്ട് പ്രൊഫ. ഹിറ്റി അഭിപ്രായപ്പെടുന്നു. തആലിബിയുടെ (മ. 1038) യത്തീമത്തുദ്ദഹ്റ്, ഇബ്നു സഈദുല്‍ അന്തലൂസിയുടെ റുഅയത്തുന്‍മുബസ് സീരീന്‍, ഫത്ത്ഹിബ്നു ഖാക്കാന്റെ ഖലാഇദുല്‍ അഖ്യാന്‍ എന്നിവ പ്രസിദ്ധ സ്പാനിഷ്-അറബി പദ്യസമാഹാരങ്ങളാണ്. കവികളെ ബഹുമാനിക്കുന്ന സമ്പ്രദായം ഇസ്ലാമും തുടര്‍ന്നുപോന്നു. ഖലീഫമാരും അവരെ അനുകരിച്ച് ഉദ്യോഗസ്ഥന്‍മാരും മാടമ്പിമാരും കവികളെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു.

ആധാരഗ്രന്ഥങ്ങള്‍.

ഖുര്‍ആന്‍ പഠനത്തിനു സഹായകമായിട്ടാണ് മറ്റു വിജ്ഞാനങ്ങളെ അറബികള്‍ കരുതിയിരുന്നതും പ്രോത്സാഹിപ്പിച്ചിരുന്നതും. വ്യാകരണത്തെ സംബന്ധിച്ചിടത്തോളം ഇതു പ്രത്യേകം പ്രസക്തമാണ്. ഏഴാം ശ.-ത്തില്‍ ഇറാക്കില്‍ രൂപംപൂണ്ട രണ്ടു സൈനികകേന്ദ്രങ്ങള്‍-ബസറയും കൂഫയും-വളരെ വേഗം വലിയ പട്ടണങ്ങളും വിജ്ഞാനകേന്ദ്രങ്ങളുമായി മാറി. വിജ്ഞാനങ്ങളില്‍ പൊതുവായും വ്യാകരണശാസ്ത്രത്തില്‍ പ്രത്യേകമായും ഇവ തമ്മില്‍ ആരോഗ്യകരമായ കിടമത്സരങ്ങള്‍ നടന്നിരുന്നു. കാലക്രമേണ ബാഗ്ദാദ് ഈ വിഷയങ്ങളില്‍ ഒരു പ്രതിയോഗിയും പിന്നീട് നേതൃകേന്ദ്രവും ആയി വളര്‍ന്നു. ആദ്യത്തെ അറബിവ്യാകരണഗ്രന്ഥം രചിച്ചത് ബസറക്കാരനായ സീബവൈഹി ആണ്. തുടര്‍ന്ന് അബു ഉബൈദ, അസ്മഈ, ഇബ്നു ദുറൈദ് എന്നിവര്‍ നവീനങ്ങളായ ആശയങ്ങളും തത്ത്വങ്ങളും അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചു. കാവ്യശാസ്ത്രത്തെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഖലീല്‍ എന്ന പണ്ഡിതനാണ്. തന്മൂലം ഖലീലിന്റെ ശാസ്ത്രം എന്നുകൂടി ഇതിനു പേരുണ്ടായി. ഇബ്നു ദുറൈദ് എട്ടാം ശ.-ത്തില്‍ ഒന്നാമത്തെ അറബിനിഘണ്ടു രചിച്ചു; തുടര്‍ന്ന് മറ്റൊന്ന് ജൌഹരിയും. 10-ാം ശ.-ത്തില്‍ ഇബ്നു ഹാരിസ് ഇവരെ അനുഗമിച്ചു.

ലിസാനുല്‍ അറബ് (അറബിഭാഷ) എന്ന പേരില്‍ ഒരു മഹാനിഘണ്ടു 1311-ല്‍ ഇബ്നു മന്‍സൂര്‍ പ്രസിദ്ധീകരിച്ചു. 15 വാല്യങ്ങളുള്ള ഇതിന്റെ പുതിയ പതിപ്പ് ഇന്നും പ്രചാരത്തിലിരിക്കുന്നു. ഫിറോസാബാദിയുടെ ഖാമൂസ്, മുര്‍തസാസാബീദിയുടെ താജൂല്‍ അറൂസ് എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധങ്ങളാണ്. 1790-ല്‍ എഡ്വേഡ്‍ലേന്‍ ഒരു മഹാനിഘണ്ടു (Lane's Lexicon) നിര്‍മിച്ചത് മുഖ്യമായും താജൂല്‍ അറൂസിനെ ആശ്രയിച്ചാണ്.

പ്രബന്ധങ്ങള്‍.

ഇബ്നു അല്‍ മുഖഫ്ഫഅ (മ. 750) പഞ്ചതന്ത്രത്തെ കലീലവദിംന എന്ന പേരില്‍ അറബിയിലേക്കു വിവര്‍ത്തനം ചെയ്തു. അബ്ദുല്‍ ഹമീദ് അല്‍-കാത്തിബ് (മ. 751), ജാഹിള്‍, (മ. 868) ഇബ്നു ഖുതൈബറ്റ, അബുല്‍ അഅ്‍ലാ അല്‍-മഅര്‍റി മുതലായവരാണ് പ്രാമാണികന്മാരായ പ്രബന്ധ കര്‍ത്താക്കള്‍. മഖാമത്ത് എന്ന പേരിലറിയപ്പെടുന്ന ഒരു ലഘു നാടകീയ കഥയുടെ രചയിതാവ് പേര്‍ഷ്യക്കാരനായ ഹമദാനിയാണ്. ഇറാക്കുകാരനായ ഹരീരി ഈ പ്രസ്ഥാനത്തെ അനുകരിച്ചു. ഭരണകൂടത്തെയും സമൂഹത്തെയും വിമര്‍ശിക്കാന്‍ ഈ സാഹിത്യരൂപം ഇതരഭാഷകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അല്‍-ഫുലൈലത്തിന്‍ വലൈല (ആയിരത്തൊന്നു രാവുകള്‍) എന്ന അറബിക്കഥയാണ് സ്മരണീയമായ മറ്റൊരു കൃതി. പഹ്‍ലവി, ഹീബ്രു തുടങ്ങിയ ഭാഷകളിലും ഗ്രീസ്, ഇന്ത്യ, ഈജിപ്ത് മുതലായ നാടുകളിലും പല ശ.-ങ്ങളായി പ്രചാരത്തിലിരുന്നതും പുതുതായി രൂപംകൊണ്ടതും ആയ നാടോടിക്കഥകള്‍ സമാഹരിച്ച ഈ കൃതിയുടെ ആവിര്‍ഭാവം 15-ാം ശ.-ത്തിലാണ്. നോ: ആയിരത്തൊന്നു രാവുകള്‍

ചരിത്രരചന.

വംശപരമ്പരാചരിത്രങ്ങളും ഗോത്രേതിഹാസങ്ങളും വാമൊഴിയായി അറബിനാടുകളില്‍ പണ്ടുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഖലീഫാ അബൂബക്കര്‍, വംശചരിത്രവിജ്ഞാനത്തില്‍ നിപുണനായിരുന്നു. ഹദീസ് പഠനത്തോടനുബന്ധിച്ച് അവയില്‍ പരാമൃഷ്ടമായ വ്യക്തികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ പഠനം ആവശ്യമായി; അസ്മാ ഉര്‍രിജാല്‍ എന്ന പേരില്‍ ഇത് ഒരു ശാസ്ത്രത്തിന്റെ നിലവാരത്തിലേക്കുയര്‍ന്നു. ഇബ്നു ഇസ്ഹാഖ് ആണ് അറിയപ്പെട്ടിട്ടുള്ള ഏറ്റവും പ്രാചീനനായ അറബിചരിത്രകാരന്‍, ഇദ്ദേഹത്തിന്റെ കൃതികളിലെ ചില ഭാഗങ്ങള്‍ ഇബ്നു ഹിഷാമിന്റെ ചരിത്രകൃതികളില്‍ ഉദ്ധരിച്ചിട്ടുള്ളതു മാത്രമേ അവശേഷിച്ചിട്ടുള്ളു. പ്രവാചകന്‍ നടത്തിയ സമരങ്ങളെക്കുറിച്ച് അല്‍വാഖിദി സവിസ്തരം രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാചകന്റെ ചില അനുയായികളുടെ ജീവിതചരിത്രവും ഇബ്നുസ്സഅദ് എഴിതിയിട്ടുണ്ട്. 15 ഭാഗങ്ങളിലായി അത്തബരീ (838-923) ലോകചരിത്രം എഴുതിയത് പൂര്‍ണരൂപത്തില്‍ ലഭ്യമാണ്. മിസ്കവൈഹി (1030), ഇബ്നുല്‍ കസീര്‍ (1234), അബുല്‍ ഫിദാ (1331), അല്‍-വാഖിദി മുതലായവര്‍ ഹിജ്റയ്ക്കുശേഷം നടന്ന കാലക്രമമനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്ലിം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് നേരില്‍ക്കണ്ട വസ്തുതകള്‍ മസ്ഊദി (956) രേഖപ്പെടുത്തി. ഇന്ത്യ, ഗ്രീസ്, പേര്‍ഷ്യ എന്നീ രാഷ്ട്രങ്ങള്‍ ചരിത്രപരമായി മാത്രമാണ് ചിത്രീകരിക്കപ്പെട്ടത്. ഉസാമയുടെ ആത്മകഥ ജി.ആര്‍. പോര്‍ട്ടര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് (1929). ഇതില്‍ സലാഹുദ്ദീന്‍ അയ്യൂബിയെ(സുല്‍ത്താന്‍ സാലഡിന്‍, 1138-93)ക്കുറിച്ചും കുരിശുയുദ്ധത്തെ സംബന്ധിച്ചും ഉള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. സാമൂഹികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്നു ഖല്‍ദുന്‍ (1332-1406) ആണ് ഒടുവിലത്തെ മഹാനായ ചരിത്രകാരന്‍. ഇദ്ദേഹത്തിന്റെ മുഖദ്ദിമ(ആമുഖം)യില്‍ ഒരു രാഷ്ട്രത്തിന്റെ ജനനം, വളര്‍ച്ച, തളര്‍ച്ച, നാശം എന്നിവയില്‍ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥയ്ക്കുമുള്ള സ്വാധീനത വിലയിരുത്തിയിട്ടുണ്ട്. സ്പെയിനിലെ അല്‍-മഖര്‍റി അതുവരെ എഴുതപ്പെട്ട ചരിത്രങ്ങളെല്ലാം ക്രോഡീകരിച്ച് ഒരു സംക്ഷിപ്ത വിവരണം നല്കുന്നു. ഇബ്നുഖല്ലികാന്‍ (1211-82) രചിച്ച വഫയാത്തുല്‍ അയാന്‍ (പ്രധാനികളുടെ ചരമം) എന്ന ഗ്രന്ഥം രാഷ്ട്രനേതാക്കളുടെ ഒരു ജീവചരിത്രനിഘണ്ടുവായി കണക്കാക്കപ്പെടുന്നു. സിസ്സേന്‍ ഇത് നാലു വാല്യങ്ങളിലായി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട് (പാരീസ്, 1843-71).

ഭൂമിശാസ്ത്ര കൃതികള്‍.

വടക്കേ ആഫ്രിക്കയില്‍ ജനിച്ച് സ്പെയിനില്‍ കുടിയേറിപ്പാര്‍ത്ത അറബിവംശജനായ അല്‍- ഇദ്റിസി (1110-66) പ്രസിദ്ധനായ അറബി ഭൂമിശാസ്ത്രജ്ഞനാണ്. ഇദ്ദേഹം വൃത്താകൃതിയിലുള്ള ഒരു വെളളിത്തകിടില്‍ ഭൂമിയുടെ രൂപം കൊത്തി, രാജാവായ റോജര്‍ IIന് സമ്മാനിച്ചു. ലോകസഞ്ചാരികളായ പാശ്ചാത്യ മുസ്ലിങ്ങളില്‍ പ്രധാനപ്പെട്ടവര്‍ ഇബ്നുജുബൈറും (1145-1217) ടാന്‍ജീര്‍കാരനായ ഇബ്നുബത്തൂത്തയും (1304-77) ആണ്. 1183-85 കാലത്തെ ഈജിപ്ത്, ഇറാക്ക്, സിറിയ എന്നിവയെ സംബന്ധിച്ച അനവധി വിവരങ്ങള്‍ ഇബ്നുബത്തൂത്ത നല്കുന്നുണ്ട്. ഇബ്നുബത്തൂത്ത നാലു ഹജ്ജുകള്‍ നിര്‍വഹിക്കുകയും അതിനിടയ്ക്ക് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കു പുറമേ ശ്രീലങ്ക, ബംഗാള്‍, കേരളം, ചൈന, മധ്യആഫ്രിക്ക, കോണ്‍സ്റ്റാന്റിനോപ്പിള്‍, റഷ്യ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയുമുണ്ടായി; മറ്റു ഗ്രന്ഥങ്ങളിലൊന്നും കാണാത്ത ധാരാളം വിവരങ്ങള്‍ ഇദ്ദേഹം തന്റെ യാത്രാവിവരണങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

സഞ്ചാരികളുടെയും തീര്‍ഥാടകരുടെയും മാര്‍ഗദര്‍ശനത്തിനായി ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ സമ്പൂര്‍ണമായി രേഖപ്പെടുത്തുന്ന പ്രാമാണിക ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് ഒന്‍പതാം ശ.-ത്തിലാണ്. മസ്ഊദിയാണ് ഇത്തരം ഗ്രന്ഥകാരന്മാരില്‍ പ്രമുഖന്‍. മസാലിക്കുല്‍ മോലിക്ക് (950, നാടുകളിലെ മാര്‍ഗങ്ങള്‍) എന്ന ഗ്രന്ഥം വിവിധ മുസ്ലിം രാഷ്ട്രങ്ങളുടെ സൂക്ഷ്മ വിവരങ്ങള്‍ നല്കുന്നുണ്ട്. ആദ്യത്തെ സഞ്ചാരഗ്രന്ഥം രചിച്ചത് സമറ(സുര്‍റമന്റആ)യിലെ തപാല്‍ വകുപ്പ് മേധാവിയായിരുന്ന ഇബ്നു ഖുര്‍ദ അബിഹ് ആണ്. 20 കൊല്ലത്തെ നീണ്ട സഞ്ചാരഗവേഷണപഠനങ്ങളെ ആസ്പദമാക്കി രചിച്ച അല്‍മഖ്ദീസിയുടെ ഗ്രന്ഥം വിവിധ സ്ഥലങ്ങളിലെ കാലാവസ്ഥകളെ സംബന്ധിച്ച് ഗണ്യമായ വിവരം നല്കുന്നു. യാഖൂത്തുര്‍റൂമി(1179-1229)യുടെ മുഅജമുല്‍ ബുല്‍ദാന്‍ (നാടുകളുടെ നിഘണ്ടു) സ്ഥലങ്ങളെ അകാരാദിയില്‍ ചിട്ടപ്പെടുത്തി വിവരങ്ങള്‍ നല്കുന്ന ഒരു വിജ്ഞാനകോശമാണ്.

തത്ത്വശാസ്ത്രവും ശാസ്ത്രസാഹിത്യവും.

തത്ത്വചിന്തയിലും ശാസ്ത്രങ്ങളിലും അറബികള്‍ നേടിയെടുത്ത ഔന്നത്യം ശ്രദ്ധേയമാണ്. ഗ്രീക്കുകാരുടെ ഗ്രന്ഥങ്ങളിലൂടെയാണ് ഈ വിഷയത്തില്‍ പ്രാഥമിക വിജ്ഞാനം അവര്‍ക്കു കിട്ടിയത്. എട്ടാം ശ.-ത്തിന്റെ അന്ത്യത്തോടുകൂടി ബാഗ്ദാദ് ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമായി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ അറബികളില്‍ നാമ്പിട്ട ജ്ഞാനാന്വേഷണം ഹാറൂന്‍ അല്‍-റഷീദിന്റെ (763-809)യും മകന്‍ മഅ്മൂനിന്റെയും കാലത്ത് പുഷ്കലമായി. വിജ്ഞാനങ്ങള്‍ വിവിധ നാടുകളില്‍ നിന്നും സംഭരിച്ച് അറബിഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്ന കാലഘട്ടമായിരുന്നു അത്. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ആര്‍ക്കിമിഡീസ്, ടോളമി, ഗാലന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെല്ലാം ഇസ്ലാമിക നാടുകളിലേക്കൊഴുകി. ഹുനൈനിബ്നു ഇസ്ഹാഖ് (1809-73) എന്ന സുറിയാനി ക്രിസ്ത്യാനി ഈ പ്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു. നക്ഷത്രശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ താബിത് ഇബ്നു ഖുര്‍റയുടെ പരിശ്രമഫലമായി വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈജിപ്തിലെയും ഇന്ത്യയിലെയും ശാസ്ത്രങ്ങളും തത്ത്വചിന്തകളും ഈ വിധത്തിലാണ് അറബിയില്‍ ക്രോഡീകരിക്കപ്പെട്ടത്. ഈ സംരംഭത്തിന് ഭരണമേധാവികളുടെ പ്രോത്സാഹനം നിര്‍ലോഭം ലഭിക്കുകയുണ്ടായി.

അറബിശാസ്ത്രജ്ഞന്മാര്‍ പല മാര്‍ഗങ്ങളിലൂടെയും ഗവേഷണപഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. ഗ്രീസിലെയും ഇന്ത്യയിലെയും നക്ഷത്രവിജ്ഞാനീയം അല്‍ഖ്വാരിസ്മി(850)യുടെ പരിശ്രമഫലമായി ഏകീകരിക്കപ്പെടുകയും അതു സ്പെയിന്‍ മുതല്‍ ചൈനവരെ പ്രചാരത്തില്‍ വരികയും ചെയ്തു. ബീജഗണിതത്തിന്റെ പിതാവാണ് ഇദ്ദേഹം. അല്‍-ജിബ്ര എന്ന പേരില്‍ തദ്വിഷയകമായി ഇദ്ദേഹം രചിച്ച ഒരു ഉപന്യാസത്തില്‍ നിന്നുമാണ് അല്‍-ജിബ്ര (algebra) എന്ന പേര് ഈ ശാസ്ത്രത്തിനു ലഭിച്ചത്. പേര്‍ഷ്യക്കാരനായ അല്‍ബിറൂനി(973-1048)യും ഈ വിഷയത്തില്‍ പലസംഭാവനകളും നല്കിയിട്ടുണ്ട്. ഘജീനിയിലും ഭാരതത്തിലും ജീവിച്ച ഇദ്ദേഹം ഖാനുനുല്‍ മസ്ഊദി എന്ന ഗണിതഗ്രന്ഥവും താരീഖ് അല്‍-ഹിന്ദ് എന്ന ഇന്ത്യാചരിത്രവും രചിച്ചു. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായ അല്‍ബിറൂനിയുടെ ഇന്ത്യ (Al-Biruni's India), ഇന്ത്യയിലേക്കു പുറപ്പെടുന്ന യൂറോപ്യര്‍ക്ക് മാര്‍ഗദര്‍ശകമായിരുന്നു. മതം, തത്ത്വശാസ്ത്രം, സാഹിത്യം, ചരിത്രം മുതലായ വിഷയങ്ങള്‍ മുതല്‍ ഭാരതത്തിലെ വിവിധ ജനവിഭാഗങ്ങളില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വരെ വളരെ വിശദമായി വിവരിക്കുന്ന പ്രസ്തുതഗ്രന്ഥം വിദേശീയര്‍ക്കു മാത്രമല്ല ഇന്ത്യക്കാര്‍ക്കും പ്രയോജനകരമാണ്. മദ്യത്തെയും മദിരാക്ഷിയെയും പാടിപ്പുകഴ്ത്തിയ ഉമര്‍ ഖയ്യാമാണ് പേര്‍ഷ്യക്കാരനായ മറ്റൊരു പ്രധാന ഗണിതശാസ്ത്രപടു. താരീഖ്-അല്‍-ജലാലി എന്ന പേരില്‍ ഇദ്ദേഹം നിര്‍മിച്ച പഞ്ചാംഗം ഗ്രിഗോറിയന്‍ പഞ്ചാംഗത്തെക്കാള്‍ കൃത്യമാണെന്നു പറയപ്പെടുന്നു. അല്‍-ഖ്വാരിസ്മിയുടെ നക്ഷത്രസ്ഥാനപട്ടിക സ്പെയിന്‍കാരന്‍ ആയ അല്‍മജ്‍രീഥി (1007) പുനഃപ്രസാധനം ചെയ്തു. അസ്സാര്‍ഖാലി എന്ന പണ്ഡിതനും ഈ വിഷയത്തില്‍ പ്രസിദ്ധനാണ്. ഇവരുടെ കൃതികള്‍ യൂറോപ്യന്‍ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

വൈദ്യശാസ്ത്രം, രസതന്ത്രം എന്നിവയില്‍ അറബികളുടെ നേട്ടങ്ങള്‍ വളരെ വിലപ്പെട്ടവയാണ്. മിതശീതോഷ്ണ മേഖലയില്‍ നേത്രരോഗങ്ങള്‍ പൊതുവില്‍ കാണപ്പെടുന്നതുകൊണ്ട് നേത്രചികിത്സ പ്രത്യേകശാസ്ത്രമായി ഇവരുടെ ഇടയില്‍ വികസിച്ചു. ഹുനൈനുബ്നു ഇസ്ഹാഖ് എന്ന പ്രസിദ്ധ പരിഭാഷകന്‍ നേത്രചികിത്സയെക്കുറിച്ച് എഴുതിയ പുസ്തകം ഈ വിഷയത്തിലുള്ള ആദ്യകാല സംഭാവനകളില്‍ ഒന്നായി ഗണിക്കപ്പെടുന്നു. അലിയ്യിബ്നു സഫ്ലുര്‍റബ്ബാനു ആബരി രചിച്ച ഒരു ചികിത്സാശാസ്ത്രമാണ് അറബിയിലുള്ള ഏറ്റവും പഴയ വൈദ്യഗ്രന്ഥം. തബരിയുടെ ശിഷ്യനാണ് പ്രസിദ്ധനായ റാസി അബൂബക്കര്‍ മുഹമ്മദിബ്നു സകരിയ്യ അര്‍റാസി (869-925). ബാഗ്ദാദ് ആശുപത്രിയിലെ മുഖ്യവൈദ്യനായിരുന്ന ഇദ്ദേഹത്തിന്റെ കിത്താബുല്‍ മന്‍സൂരി എന്ന 10 വാല്യങ്ങളുള്ള വൈദ്യശാസ്ത്രഗ്രന്ഥം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'വസൂരിയും ചപ്പട്ടയും' (Small pox and Chicken pox) എന്ന ഒരു ഉപന്യാസത്തിലൂടെ ഈ രോഗങ്ങളെ ഇദ്ദേഹം തരംതിരിച്ചുകാണിച്ചു. രസതന്ത്രശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന റാസിയുടെ പ്രധാന ഗ്രന്ഥം അല്‍-ഹാവിയ്യ (ബൃഹത്ത്) ആണ്. വൈദ്യശാസ്ത്രജ്ഞാനായ മറ്റൊരാളാണ് അലിയ്യിബ്നുല്‍ അബ്ബാസ് (ആലി അബ്ബാസ്-994). ഇദ്ദേഹത്തിന്റെ കിത്താബുല്‍ മാലികി എന്ന ഗ്രന്ഥത്തിലാണ്, ദേഹത്തിലുള്ള സൂക്ഷ്മധമനികളെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചിട്ടുള്ളത്. ഇതിന്റെ പരിഭാഷ (Liber Regius) കുരിശുയുദ്ധസേനകള്‍ തങ്ങളുടെ നാട്ടിലേക്കു കൊണ്ടുപോയതായി പറയപ്പെടുന്നു. ഇബ്നു സീനാ (അവിസെന്ന) യുടെ ഖാനൂന്‍ എഴുതപ്പെടുന്നതുവരേക്കും ഏറ്റവും നല്ല വൈദ്യഗ്രന്ഥമായി സ്വീകരിക്കപ്പെട്ടിരുന്നത് ഇതാണ്.

വൈദ്യം, തത്ത്വചിന്ത, കവിത, മതവിജ്ഞാനം, തര്‍ക്കം, ഗണിതം, പദാര്‍ഥവിജ്ഞാനം തുടങ്ങിയ ശാഖകളില്‍ തന്റെ മുന്‍ഗാമികളെയും സമകാലികരെയും ഒരുപോലെ കവച്ചുവച്ച പണ്ഡിതനാണ് ഇബ്നുസീന (980-1037). വിവിധ രോഗങ്ങളെ തരംതിരിച്ചറിയാനുള്ള വിദ്യ, വെള്ളം, വായു, മണ്ണ് എന്നിവയിലൂടെ രോഗം പരക്കുന്ന ക്രമം തുടങ്ങി പല പൊതുവിജ്ഞാനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇദ്ദേഹം രചിച്ച ഖാനൂന്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും അവയ്ക്കെല്ലാം അനേകം പതിപ്പുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വൈദ്യത്തിലും തത്ത്വജ്ഞാനത്തിലും ഒന്നുപോലെ പ്രാമുഖ്യം നേടിയ സ്പെയിനിലെ ഇബ്നുര്‍ റുഷ്ദ് (അവറോസ്, 1126-98) ഒരാള്‍ക്ക് രണ്ടാം തവണ വസൂരി ബാധിക്കില്ല എന്ന് കുല്ലിയ്യാത്തുന്‍ ഫിത്തിബ്ബി എന്ന ഗ്രന്ഥത്തിലൂടെ സമര്‍ഥിച്ചു. പ്രശസ്ത തത്ത്വജ്ഞാനിയായ ഇബ്നു മൈമുന്‍ (മൈമോനൈസസ്, 1135-1204), സലാഹുദ്ദീന്‍ അയ്യൂബി(സുല്‍ത്താന്‍ സാലഡിന്‍, 1138-93)യുടെ ആസ്ഥാനഭിഷക് ആയിരുന്നു. ഇദ്ദേഹത്തിന്റെ അല്‍-ഫുസുലു ഫിത്തിബ്ബി ഒരു വൈദ്യശാസ്ത്ര ഗ്രന്ഥമാണ്. കൊട്ടാരവൈദ്യനായ അബുല്‍ഖാസിം (അല്‍ബുക്കാസിസ്, 1013) ശസ്ത്രക്രിയാവിദഗ്ധന്‍ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ കൃതിയില്‍ അന്നുവരെ അറിയപ്പെട്ടിരുന്ന വിജ്ഞാനങ്ങളെല്ലാം സമാഹരിക്കപ്പെട്ടിരുന്നു. ഇതും യൂറോപ്യന്‍ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

രസതന്ത്രത്തിന്റെ പിതാവായ ജാബിര്‍ ഇബ്നുഹയ്യാന്‍ ഈ വിഷയത്തില്‍ 22 ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുല്‍ ബൈത്താര്‍ എന്ന സ്പെയിന്‍കാരന്റേതാണ് ഏറ്റവും പ്രസിദ്ധമായ സസ്യശാസ്ത്രഗ്രന്ഥം. ഒരു വൈദ്യഗ്രന്ഥത്തിനു പുറമേ 1,400 ഒറ്റമൂലികളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതില്‍ പറയുന്ന 200-ല്‍പ്പരം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിനുമുന്‍പ് അജ്ഞാതമായിരുന്നു.

മതവിജ്ഞാനീയം.

അബ്ബാസിയ്യാ കാലഘട്ടത്തില്‍ മതവിജ്ഞാനസാഹിത്യത്തിനു കാര്യമായ പുരോഗതി ഉണ്ടായി. തഫ്സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം), ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ ശാഖകളിലാണ് പ്രധാനമായും വിജ്ഞാന സാഹിത്യം വികസിച്ചത്.

ഇബ്നു ജരീരിത്ത്വബരി, സഅ്ലബി, ഫഖ്റുദ്ദീന്‍ റാസി തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രമുഖ ഖുര്‍ആന്‍ വ്യാഖാതാക്കള്‍. നബി വചനങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ക്രോഡീകരിക്കുകയും ചെയ്തതും ഇക്കാലത്താണ്. മാലിക്ബ്നു അനസ്, അഹ്മദ്ബ്നു ഹമ്പല്‍, ബുഖാരി, മുസ്ലിം, തിര്‍മദി, നസാഈ, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങിയവരായിരുന്നു ഈ മേഖലയിലെ പ്രമുഖര്‍. ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ നാല് പ്രമുഖ ചിന്താസരണികള്‍ രൂപപ്പെട്ടതും അബ്ബാസിയ്യാ കാലഘട്ടത്തിലാണ്.

തുര്‍ക്കികാലഘട്ടം (1273-1798).

അബ്ബാസിയ്യാ ഭരണത്തിന്റെ പതനം മുതല്‍ 19-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടമാണിത്. രാഷ്ട്രീയവും സാമൂഹികവുമായി ഏറെ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്ന ഈ കാലഘട്ടം അറബി സാഹിത്യത്തിലെ ഇരുണ്ടകാലമാണ്. മംഗോളിയരുടെ അധിനിവേശം അറേബ്യയുടെ സാംസ്കാരിക-വിജ്ഞാന പൈതൃകത്തെ പൂര്‍ണമായും തകര്‍ത്തു. മംഗോളിയന്‍ സൈന്യങ്ങള്‍ ഒന്നായി ബാഗ്ദാദില്‍ പ്രവേശിച്ച് (1258) കൊള്ളയും കൊലയും നടത്തിയതിന്റെ ഫലമായി എണ്ണമറ്റ വിജ്ഞാനസമ്പത്തുകള്‍ നഷ്ടമായി. ഇരുളടഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ അങ്ങനെ കഴിഞ്ഞു; 16-ാം ശ.-ത്തില്‍ തുര്‍ക്കികള്‍ അറബികളെ കീഴടക്കി ഭരിക്കാന്‍ തുടങ്ങി. വിജ്ഞാനം കൈവിട്ട അറബികള്‍ക്ക് പഴയ പാരമ്പര്യത്തിലെത്താന്‍ പിന്നീട് ഇതേവരെ സാധിച്ചിട്ടില്ല; അധികാരം നഷ്ടപ്പെട്ടതോടുകൂടി വിഘടിച്ച ജനത പിന്നീട് ഒന്നിച്ചിട്ടുമില്ല.

17, 18 ശ.-ങ്ങളില്‍ ഈജിപ്ത്, സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഏതാനും ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ മികച്ചതാണെന്നു പറയാന്‍ നിവൃത്തിയില്ല. ബുദ്ധിപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളില്‍ ഇക്കാലമായപ്പോഴേക്കും യൂറോപ്യന്‍ നാടുകള്‍ വളരെയേറെ മുന്നോട്ടുപോയി. 19-ാം ശ.-ത്തോടുകൂടി ക്രിസ്ത്യന്‍ മിഷനറിമാര്‍ ബെയ്റൂട്ടില്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. യൂറോപ്പിന്റെ നവോത്ഥാനഫലങ്ങള്‍ അതില്‍ ഏറെക്കുറെ പ്രതിഫലിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പണ്ഡിതന്മാരായ ജുര്‍ജി സൈദാന്‍, യഅ്കൂബ് എന്നിവരുടെ ഗ്രന്ഥങ്ങളിലൂടെ യൂറോപ്യന്‍ വിജ്ഞാനത്തിന്റെ സ്വാധീനത ഇസ്ലാമിക രാജ്യങ്ങളില്‍ പൊതുവിലും ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും വ്യാപിക്കാന്‍ തുടങ്ങി. ഇതിന്റെ കൂടുതല്‍ അതിപ്രസരമുണ്ടായത് ഈജിപ്തിലാണ്. ഭരണമേധാവികളായ ഖദീവുകളും പണ്ഡിതന്മാരായ മുഹമ്മദലി, ഇസ്മായില്‍ എന്നിവരും പാശ്ചാത്യപരിഷ്കാരങ്ങളും വിജ്ഞാനങ്ങളും ഉള്‍ ക്കൊള്ളുവാന്‍ നേതൃത്വം നല്കി. ശാസ്ത്രീയഗ്രന്ഥങ്ങളും കഥകളും നാടകങ്ങളും ദിനപത്രങ്ങളും പുറത്തുവരാന്‍ തുടങ്ങി. യാഥാസ്ഥിതികരെയും ഉത്പതിഷ്ണുക്കളെയും തമ്മില്‍ കൂട്ടിയിണക്കാന്‍ ശ്രമിച്ച ആളാണ് ശൈഖ് മുഹമ്മദ് അബ്ദു.

ആധുനികകാലം.

മധ്യകാലത്തോടെ തകര്‍ന്ന അറബി സാഹിത്യത്തിന് ഒരു പുനര്‍ജനി ഉണ്ടാകുന്നത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഈ കാലഘട്ടം 'നവോത്ഥാന കാലഘട്ടം' എന്നാണറിയപ്പെടുന്നത്. പ്രധാനമായും പാശ്ചാത്യ നാഗരികതകളുമായുള്ള സമ്പര്‍ക്കത്തിന്റെ സ്വാധീനഫലമായിരുന്നു ഈ നവോത്ഥാനം. ഇതിന് തുടക്കമിട്ടത് ലബനനിലായിരുന്നു. പിന്നീട് അത് സിറിയയിലേക്കും ഈജിപ്തിലേക്കും വ്യാപിച്ചു. ഫ്രാന്‍സില്‍ വിദ്യാഭ്യാസം നേടിയ രിഫാ അത്ത് അല്‍-ത്വിഹ്ത്വാഹി തലീമാക് എന്ന കൃതി അറബിഭാഷയിലേക്കു വിവര്‍ത്തനം ചെയ്തത് ആധുനിക ഗദ്യസാഹിത്യത്തിന്റെ തുടക്കമായിരുന്നു. ഈജിപ്തിലെ 'ബൂലാക്' പ്രസ്സിന്റെ സംസ്ഥാപനം ഈ നവോത്ഥാന പ്രക്രിയയെ സ്വാധീനിച്ചു. ക്ലാസ്സിക്കല്‍ ഭാഷാശൈലിയില്‍ നിന്നു മോചനം നേടാനുള്ള വ്യഗ്രത, ഗ്രാമീണഭാഷ (അല്ലുഗത്തുല്‍ ആമ്മിയ്യ) സാഹിത്യരചനോപാധിയാക്കണമെന്ന വാദത്തിനു കളമൊരുക്കി. പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരായിരുന്നു ഇതിനു വേണ്ടി വാദിച്ചത്. സിറിയയില്‍ നിന്നു ധാരാളം എഴുത്തുകാര്‍ ഈജിപ്തിലേക്കൊഴുകി. മറ്റൊരു കൂട്ടര്‍ അമേരിക്കയില്‍ കുടിയേറി. ഈ കുടിയേറ്റസ്ഥലത്തെ സാഹിത്യകാരന്മാര്‍ ആരംഭിച്ച പത്രമാസികകള്‍ അറബിഭാഷയിലും സാഹിത്യത്തിലും വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. നജീബ്തര്‍റദ്, ബിഷാറ ഷദീദ്, താനിയൂസ് അബ്ദു എന്നിവര്‍ ലിവാന്റില്‍ (സിറിയാ-ലബനന്‍ പ്രദേശം) അനേകം ഫ്രഞ്ചുകൃതികള്‍ക്കു പരിഭാഷകളിലൂടെ പ്രചാരം നല്കി.

യാഥാസ്ഥിതികരായ അസ്ഹരികള്‍, അലങ്കാര പ്രാസാദികളൊഴിവാക്കണമെന്ന പക്ഷക്കാരായ മിതവാദികള്‍, ഗ്രാമീണ ഭാഷയ്ക്കു വേണ്ടി വാദിച്ച തീവ്രവാദികള്‍, മിതവാദികളോടനുഭാവമുള്ള സിറിയന്‍ എഴുത്തുകാര്‍ എന്നിങ്ങനെ 19-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ഈജിപ്തില്‍ നാലു പ്രമുഖ സാഹിത്യ വിഭാഗക്കാരുണ്ടായിരുന്നു. ഫത്ഹീ സുഗ്ലൂലിന്റെ പരിഭാഷകളിലും കാസീം അമീനിന്റെ ഗ്രന്ഥങ്ങളിലും ലളിതവും അര്‍ഥസംപുഷ്ടവുമായ ഭാഷയാണു കാണുന്നത്. അറബി സാഹിത്യത്തിലെ ചെറുകഥ, നോവല്‍, നാടകം എന്നീ സാഹിത്യശാഖകളുടെ ആവിര്‍ഭാവത്തിനു കാരണമായതു പാശ്ചാത്യകൃതികളുടെ പരിഭാഷകളാണ്.

ചെറുകഥ.

ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യന്‍ കൃതികള്‍ അറബിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ ചെറുകഥാസാഹിത്യത്തിന്റെ ഉദ്ഭവം കുറിച്ചു. പാശ്ചാത്യ ഗ്രന്ഥകാരന്മാരില്‍ മോപ്പസാങ്, എമിലി സോള, ബെല്‍സാക് എന്നിവരാണ് ചെറുകഥാരചനയെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. സലീം അല്‍-ബുസ്താനിയുടെ ചെറുകഥയായ റംയ മിന്‍ ഗൈരി റാമിന്‍ 1870-ല്‍ പ്രസിദ്ധീകരിച്ചതോടെ ചെറുകഥകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. സാഹിത്യമൂല്യമുള്ള രചനകളുടെ കര്‍ത്താക്കളില്‍ പ്രഥമഗണനീയരായിട്ടുള്ളത് അല്‍-മന്‍ഫലൂത്വീ, ഖലീല്‍ ജിബ്രാന്‍, മിഖായീല്‍ നുഅയ്മാ എന്നിവരാണ്. ഇറാക്കില്‍ മഹ്‍മൂദ് അഹ്‍മദ്, അന്‍വര്‍ തുടങ്ങിയവരും അമേരിക്കയില്‍ അബ്ദുല്‍ മസീഹ് ഹദ്ദാദും പേരെടുത്തു.

അല്‍-മാസിനി

ഈജിപ്തില്‍ 1919-ലെ വിപ്ലവത്തിനു തൊട്ടുമുന്‍പ് മുഹമ്മദ് തൈമൂറി (1892-1921)ലൂടെയാണ് ആധുനിക ചെറുകഥ ജന്മമെടുത്തത്. ഇദ്ദേഹത്തിന്റെ കഥാസമാഹാരമായ മാ തറാഹുല്‍ ഉയൂന്‍ അറബി കഥാഖ്യാനത്തിലെ സാമൂഹിക യാഥാതഥ്യവാദത്തിന്റെ തുടക്കമായിരുന്നു. ഈസാ അബീദ്, ഷഹ്ഹാത്താ അബീദ്, മഹ്‍മൂദ് തൈമൂര്‍, മഹ്‍മൂദ് ത്വാഹിര്‍ ലാഷീന്‍, യഹ്യാ ഹക്കീ, അഹ്‍മദ് ഖൈറാത്ത് സഈദ്, ഹസന്‍ മഹ്‍മൂദ് തുടങ്ങിയവര്‍ ആധുനിക ചെറുകഥാസാഹിത്യരംഗത്തെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഈജിപ്ഷ്യന്‍ എഴുത്തുകാരാണ്. എന്നാല്‍ ഏറ്റവും പ്രമുഖനായ അറബി ചെറുകഥാകൃത്തായി അറിയപ്പെടുന്നത് മഹ്‍മൂദ് തൈമൂര്‍ (1894-1973) ആണ്. ചെറുകഥ കൂടാതെ നോവല്‍, നാടകം, യാത്രാവിവരണം, ഉപന്യാസങ്ങള്‍, പഠനങ്ങള്‍ എന്നീ മേഖലകളിലായി ഇദ്ദേഹം ധാരാളം കൃതികള്‍ രചിച്ചു. അല്‍-ഷെയ്ഖുജുംഅ, അമ്മു മുത്തവല്ലി, അല്‍-ഷെയ്ഖു സയ്യിദുല്‍ അബീദ്, കല്‍ബു ഗാനിയ, ഫിര്‍ഔന്‍ അല്‍-സഗീര്‍ തുടങ്ങി ധാരാളം ചെറുകഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

മറ്റു സാഹിത്യശാഖകളില്‍ പ്രവീണരായ ഇബ്രാഹീം അബ്ദുല്‍ കാദിര്‍ അല്‍-മാസിനി, തൗഫീക്കുല്‍ ഹക്കീം, നജീബ് മഹ്ഫൂള് (1911-2006) എന്നിവര്‍ ചെറുകഥാകൃത്തുക്കള്‍ എന്ന നിലയിലും പ്രശസ്തരാണ്. സുന്ദൂക്കു ദുന്‍യാ, ഖുയുഥുല്‍ അന്‍ കബൂത്, മിനന്നാഫിദ എന്നിവ മാസിനിയുടെ കഥാസമാഹാരങ്ങളാണ്. മറ്റു കഥാകാരന്മാരില്‍ നിന്നു വ്യത്യസ്തമായി പ്രശ്നങ്ങളോടു മനഃശാസ്ത്രപരമായ സമീപനമാണു തൗഫീക്കുല്‍ ഹക്കീം കൈക്കൊണ്ടത്. അഹ്ദുല്‍ ഷെയ്ത്വാന്‍, അല്‍-അമീറത്തുല്‍ ഗസ്ബാ തുടങ്ങിയ കൃതികള്‍ തൗഫീക്കുല്‍ ഹക്കീമിന്റെ വ്യത്യസ്ത രചനാശൈലിക്കും വീക്ഷണത്തിനും ഉദാഹരണങ്ങളാണ്. നോവലിസ്റ്റും നോബല്‍ സമ്മാനിതനുമായ നജീബ് മഹ്ഫൂള് ചെറുകഥാരംഗത്തും മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഹംസുല്‍ ജുനൂന്‍ എന്ന ചെറുകഥാസമാഹാരം 1938-ലാണു പ്രസിദ്ധീകരിച്ചത്.

രണ്ടാം ലോകയുദ്ധം കഴിഞ്ഞുള്ള ദശകങ്ങളില്‍ അറബി ചെറുകഥാരംഗത്തു വമ്പിച്ച പുരോഗതിയുണ്ടായി. പലസ്തീന്‍ പ്രശ്നം പോലുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഈ പുരോഗതിക്ക് ആക്കം കൂട്ടി. പലസ്തീന്‍കാരായ ജബ്രാ ഇബ്രാഹിം ജബ്രാ, ഗസ്സാന്‍ കനഫാനി, സിറിയക്കാരായ സക്കരിയ്യാ താമിര്‍, ഫുആദ് അല്‍-ഷാഇബ്, ഇറാക്കുകാരായ അബ്ദുല്‍ ഹഖ് ഫാസില്‍, ദുന്നൂന്‍ അയൂബ്, ഈജിപ്തുകാരായ യൂസുഫ് ഇദ്രീസ്, യൂസുഫ് അല്‍-ഷാറൂനി, സുഹൈര്‍ അല്‍-കലമാവി തുടങ്ങിയവര്‍ പ്രശസ്തരായ അറബി ചെറുകഥാകൃത്തുക്കളില്‍ പ്പെടുന്നു.

നോവല്‍.

ലക്ഷണമൊത്ത നോവലുകള്‍ രചിക്കപ്പെടുന്നതിനു മുന്‍പുതന്നെ അറബി സാഹിത്യത്തിന്റെ മുഖ്യകേന്ദ്രമായ ഈജിപ്തില്‍ പല ആഖ്യായികകളും എഴുതപ്പെട്ടിരുന്നു. പൗരാണിക കൃതികളായ മക്കാമാത്തിന്റെയും അല്‍ഫു ലൈലാവ ലൈലായുടെയും (ആയിരത്തൊന്ന് രാവുകള്‍) സ്വാധീനം ഇവയില്‍ തെളിഞ്ഞു കാണാം. അഹ്‍മദ് ഷൌക്കിയുടെ വറക്കത്തുല്‍ ആസ് , ഹാഫിള് ഇബ്രാഹീമിന്റെ പയാലീ സത്വീഹ്, അല്‍-മുവൈലീഹിയുടെ ഹദീസ് ഈസിബ്നു ഹിഷാം തുടങ്ങിയവ ഉദാഹരണങ്ങളാണ്. സമൂഹിക വിമര്‍ശനവും പരിഷ്കരണവുമാണ് ഈ കൃതികളുടെയെല്ലാം ലക്ഷ്യം. ആധുനിക ഈജിപ്ഷ്യന്‍ സാഹിത്യത്തിലെ ആദ്യത്തെ സാമൂഹിക നോവല്‍ ആണു ഹദീസ് ഈസ്-ബിന്‍ ഹിഷാം. മുസ്തഫാ ലുത്ഫീ അല്‍-മന്‍ ഫലൂത്തി പാശ്ചാത്യ കഥാതന്തുക്കളെ പ്രബോധക ലക്ഷ്യത്തോടെ സ്വന്തം ശൈലിയില്‍ ആഖ്യായികകളായി അവതരിപ്പിച്ചിട്ടുണ്ട്.

അഹ്‍മദ് ഷൗക്കി

പത്രപ്രവര്‍ത്തനം, സാഹിത്യ-സാംസ്കാരിക-ചരിത്രപഠനങ്ങള്‍ എന്നീ രംഗങ്ങളില്‍ പ്രശസ്തനായ ജോര്‍ജ് സൈദാന്‍ (1914-) ചരിത്രാഖ്യായികകളുടെ രചനയിലും പേരെടുത്ത എഴുത്തുകാരനാണ്. പൗരാണികവും ആധുനികവുമായ ഇസ്ലാമിക ചരിത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആഖ്യായികകളുടെ മുഖ്യമായ ആധാരം. ഫതാത്തു ഗസ്സാന്‍, അദ് റാഉ കുറൈഷ്, അല്‍- അബ്ബാസ്, ഫത്ത് ഹുല്‍ അന്ദലുസ്, അല്‍-ഇങ്കുലാബുല്‍ ഉസ്മാനി തുടങ്ങിയവ സൈദാന്റെ കൃതികളാണ്. പാരമ്പര്യാധിഷ്ഠിത രചനാശൈലിയില്‍ നിന്നു വിഭിന്നമായി പാശ്ചാത്യാഭിമുഖ്യമുള്ള നോവല്‍ രചനാസമ്പ്രദായം പ്രത്യക്ഷപ്പെടുന്നതു ഡോ. മുഹമ്മദ് ഹുസൈന്‍ ഹൈക്കലി (1888-1956)ന്റെ സൈനബ് എന്ന നോവലിലൂടെയാണ്. 1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി കലാമൂല്യമുള്ള ആദ്യത്തെ നോവലെന്നു കരുതപ്പെടുന്നു. തുടര്‍ന്നു നിരവധി നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈസാ അബീദിന്റെ സുരയ്യാ, മഹ്‍മൂദ് തൈമൂറിന്റെ അല്‍-അത്വ് ലാല്‍, ഡോ. ത്വാഹാ ഹുസൈന്‍ രചിച്ച അദീബ് ദുഅഉല്‍ കര്‍വാന്‍, അല്‍-മാസിനിയുടെ ഇബ്രാഹീമുല്‍ കാത്തിബ് അല്‍ അക്കാദിന്റെ സാറ, തൗഫീക്ക് അല്‍-ഹക്കിമിന്റെ ഉസ്ഫൂറുന്‍ മിനഷ്ഷര്‍ക്കി, ഔദത്തുര്‍റൂഹ് , നജീബ് മഹ്ഫൂളിന്റെ അബ്സുല്‍ അക്ക്ദാര്‍ തുടങ്ങിയ നോവലുകള്‍ പ്രസിദ്ധങ്ങളാണ്. അറബി സാഹിത്യത്തിലാദ്യമായി നോബല്‍ സമ്മാനം നല്കപ്പെട്ടത് 1988-ല്‍ നജീബ് മഹ്ഫൂളിനാണ്.

ജോര്‍ജ് സൈദാന്‍

1919-ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിനു ശേഷമുണ്ടായ രാഷ്ട്രീയ സാമൂഹികാന്തരീക്ഷം നോവലിനെ കൂടുതല്‍ പ്രചാരമുള്ള സാഹിത്യരൂപമാക്കിത്തീര്‍ത്തു. കാലഘട്ടത്തിന്റെ ആത്മസത്ത ഉള്‍ ക്കൊണ്ട എഴുത്തുകാരില്‍ പ്രമുഖര്‍ യൂസുഫുസ്സിബാഇ, ഇഹ്സാന്‍ അബ്ദുല്‍ ഖുദ്ദൂസ് എന്നിവരാണ്. പാശ്ചാത്യസാഹിത്യത്തിലെ നവീനസാങ്കേതിക രൂപങ്ങള്‍ പല അറബി എഴുത്തുകാരെയും ആകര്‍ഷിച്ചു. ലബനനിലെ സുഹൈല്‍ ഇദ്രീസ് 'എക്സിസ്റ്റെന്‍ഷ്യലിസം' അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഹയ്യുല്‍ ദാത്തീനി സാഹിത്യരംഗത്തു കാര്യമായ സ്വാധീനം ചെലുത്തി. തൗഫീഖ് യൂസുഫ് അല്‍-അവാദ്, അബ്ദുല്‍ മാലിക് നൂരി, അബ്ദുസ്സലാം അല്‍ ഉജൈലി എന്നിവരും പ്രമുഖ നോവലിസ്ററുകളാണ്. ഈജിപ്ഷ്യന്‍ ഗ്രാമീണ ജീവിതം നാടന്‍ ഭാഷയില്‍ നോവലിലേക്കു പകര്‍ത്തിയ ഗ്രന്ഥകാരനാണ് അബ്ദുല്‍ റഹിമാന്‍ അല്‍ ഷര്‍ക്കാവി.

നാടകം.

ആധുനിക നാടകസാഹിത്യം അറബി ലോകത്ത് ഉടലെടുത്തത് നെപ്പോളിയന്റെ ഈജിപ്താക്രമണത്തിനു ശേഷമുള്ള നവോത്ഥാന കാലഘട്ടത്തിലാണ്. ഇസ്മായീല്‍ പാഷയുടെ കാലത്താണ് ആധുനിക നാടകം ഈജിപ്തില്‍ അരങ്ങേറിയത്. ആധുനിക നാടകകലയെ അറബിലോകത്തേക്കു കൊണ്ടുവന്നത് ലബനന്‍കാരനായ മാറൂന്‍ നക്കാഷ് ആണ്. 1848-ല്‍ മാറൂന്‍ ബയ്റൂത്തില്‍ അറബി നാടകത്തിനുദയം കുറിച്ചു.അല്‍-ഹസൂദു സ്സലിത്വ് ആണ് ഇദ്ദേഹത്തിന്റെ ഒടുവിലത്തെ നാടകം. ഈജിപ്തില്‍ നാടകത്തിനു നാന്ദി കുറിച്ചത് യഅക്കൂബ് ബിന്‍ സന്നൂഅ് ആണ്. 1870-ല്‍ ഇദ്ദേഹം 'നാഷണല്‍ തിയെറ്റര്‍' എന്ന നാടകസംഘം ആരംഭിക്കുകയും സ്വയം രചിച്ച 32 നാടകങ്ങളും മറ്റു പല വിവര്‍ത്തന നാടകങ്ങളും അവതരിപ്പിക്കുകയുമുണ്ടായി. അല്‍ സദാക്ക ഇദ്ദേഹത്തിന്റെ മികച്ച നാടകങ്ങളിലൊന്നാണ്.

മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍

മുഹമ്മദ് ഉസ്മാന്‍ ജലാല്‍ (1828-1898) നാടകരചയിതാവും വിവര്‍ത്തകനുമാണ്. ഈജിപ്ഷ്യന്‍ ദേശീയതയും സാമൂഹിക ജീവിതവും വരച്ചുകാട്ടിയ ഇദ്ദേഹം 'ദേശീയ നാടകങ്ങളുടെ പിതാവ്' എന്നറിയപ്പെടുന്നു. 1884-ല്‍ അബൂ ഖലീല്‍ അല്‍-കബ്ബാനിയുടെ നേതൃത്വത്തിലുള്ള സിറിയന്‍ നാടകസംഘത്തിന്റെ ആഗമനം ഈജിപ്തില്‍ നാടകത്തോടുള്ള അഭിനിവേശത്തിന് ആക്കം കൂട്ടി. മത്റാന് നജീബുല്‍ ഹദ്ദാദ്, ഫറഹ് അന്തോന്‍ തുടങ്ങിയവരും പ്രശസ്തരായ നാടകകൃത്തുക്കളാണ്. സംഗീത നാടകങ്ങളാവിഷ്കരിക്കുന്നതില്‍ പ്രസിദ്ധന്‍ അല്‍-ഷെയ്ഖ് സലാമാ അല്‍-ഹിജാസി (1852-1917) ആയിരുന്നു. ഫ്രാന്‍സില്‍ നിന്ന് അഭിനയം പഠിച്ച് 1852-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ജോര്‍ജ് അബ്യദിന്റെ നാടകസംഘം അവതരിപ്പിച്ച ചരിത്ര നാടകങ്ങള്‍ ഈ രംഗത്തു പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു. സാഹിത്യമൂല്യമുള്ള ആദ്യത്ത ഗദ്യനാടകം 1892-ല്‍ ഇബ്രാഹീം റംസി എഴുതിയ അല്‍-മുഅ്തമിദ് ബിന്‍ അബ്ബാദ് എന്ന ചരിത്ര നാടകമാണെന്നു കരുതപ്പെടുന്നു. 1893-ല്‍ അഹ്‍മദ് ഷൌക്കി രചിച്ച അലിബിക് അല്‍-കബീര്‍ ആണു സംഗീത നാടകങ്ങളുടെ തുടക്കം. ഖലീല്‍, അല്‍ യാസിജി എന്നിവര്‍ ഈ രംഗത്തു പ്രശസ്തരായി. ഗദ്യപദ്യ സംഭാഷണങ്ങള്‍ ഇടകലര്‍ന്ന നാടകങ്ങളും ധാരാളമുണ്ടായി. 1915-ല്‍ ഇബ്രാഹീം റംസി രചിച്ച അബ്ത്വാല്‍ അല്‍ മന്‍സൂറ ഇതിന് ഉദാഹരണമാണ്.

അല്‍-അക്കാദ്

അറബി നാടക സാഹിത്യം പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരനായ തൗഫീക്കുല്‍ ഹക്കീമിന്റെ (1903- ) രചനകളിലൂടെ പുതിയ മാനങ്ങള്‍ കണ്ടെത്തി. അഹ്‍ലുല്‍ കഹ്ഫ് എന്ന നാടകമാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. റസാസത്തുന്‍ ഫില്‍ കല്‍ബി, ഷഹ്റസാദ്, അല്‍-ഖുറൂജു മിനല്‍ ജന്ന, റിഹ്‍ലത്തുല്‍ ഗദ്, ഔദത്തുഷ്ഷബാബ് തുടങ്ങിയ ധാരാളം നാടകങ്ങള്‍ ഇദ്ദേഹം രചിച്ചു. തൗഫീക്കുല്‍ ഹക്കീമിന്റെ കാലടികളെ പിന്തുടര്‍ന്നു ദേശീയ വീക്ഷണത്തോടെ നാടകങ്ങളെഴുതിയ ഈജിപ്ഷ്യന്‍ എഴുത്തുകാരനാണ് 1969-ല്‍ അന്തരിച്ച അലി അഹമ്മദ് ബാകസീര്‍. അഖ്നാത്തൂന്‍, നെഫര്‍റ്റിറ്റീ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചരിത്ര നാടകങ്ങളാണ്.

ഉപന്യാസം.

ഉപന്യാസങ്ങളോട് ഏകദേശം സാമ്യമുള്ള 'രിസാല' എന്ന സാഹിത്യരൂപം പൗരാണിക അറബിഭാഷാസാഹിത്യത്തിലുണ്ടായിരുന്നെങ്കിലും ആധുനിക സാഹിത്യത്തിലെ ഉപന്യാസരചനയോട് അതു പലതരത്തിലും വ്യത്യാസപ്പെട്ടിരുന്നു. ഇതര ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, പത്രമാസികകളുടെ പ്രചാരം, സിറിയന്‍ എഴുത്തുകാരുടെ പ്രവാഹം എന്നിവയെല്ലാം ഉപന്യാസ രചനയ്ക്കു കൂടുതല്‍ സഹായകമായി. ഈജിപ്തിലെ ഉപന്യാസകാരില്‍ പ്രമുഖന്‍ ഷെയ്ഖ് മുഹമ്മദ് അബ്ദുഹു ആയിരുന്നു. അല്‍-വക്കാഇയുല്‍ മിസ്രിയ്യാ എന്ന പത്രത്തിലൂടെ ആധുനിക രചനാസമ്പ്രദായത്തിന് ഇദ്ദേഹം പ്രചാരം നല്കി. മുഹമ്മദ് അബ്ദുഹുവിന്റെയും കൂട്ടരുടെയും ശ്രമം ഫലപ്രാപ്തിയിലെത്തിയത് അല്‍-മന്‍ഫലൂത്തി (1876-1924)യുടെ ഗദ്യരചനാശൈലിയിലൂടെയാണ്. ഇദ്ദേഹത്തിന്റെ അന്‍അളറാത്ത് എന്ന ഉപന്യാസ സമാഹാരം കാലഘട്ടത്തിന്റെ ചൈതന്യമുള്‍ ക്കൊണ്ട കലാമൂല്യമുള്ള ഉപന്യാസ രചനയുടെ ഉത്തമോദാഹരണമാണ്.

ഡോ.അഹ്‍മദ് അമീന്‍

1919-ലെ വിപ്ലവാനന്തരം ഗദ്യസാഹിത്യരംഗത്ത് അഭൂതപൂര്‍വമായ പുരോഗതിയുണ്ടായി. പത്രമാസികകളുടെ വര്‍ധിച്ചതോതിലുള്ള ആവിര്‍ഭാവം ഗദ്യശാഖയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അസ്സിയാസാ, അല്‍-ബലാഗ്, കൗക്കബുഷ്ഷര്‍ക്ക്, അല്‍-ജിഹാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ രാഷ്ട്രീയത്തിനു പ്രാധാന്യം നല്കിയപ്പോള്‍ അല്‍-ഹിലാല്‍, അല്‍-ഉസൂല്‍, അല്‍-രിസാല, അല്‍-മജല്ലത്തുല്‍ ജദീദ തുടങ്ങിയവ സാഹിത്യ സാംസ്കാരിക മേഖലയ്ക്കാണ് ഊന്നല്‍ നല്കിയത്. ആധുനിക ഉപന്യാസകാരന്മാരില്‍ അഗ്രഗണ്യനായ ഡോ. താഹാ ഹുസൈന്‍ (1889-1974) രചിച്ച അല്‍-അയ്യാം സാഹിത്യ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ കൃതിയാണ്. ഹദീസുല്‍ അര്‍ബിആഅ ഇദ്ദേഹത്തിന്റെ ഉപന്യാസ സമാഹാരമാണ്. ബുദ്ധിപരമായ സംവാദമാണ് അല്‍-അക്കാദിന് (1889-1964) ഇഷ്ടം. സാഅത്തുന്‍ ബൈനല്‍ കുത്തുബി ആണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഉപന്യാസ ഗ്രന്ഥം. മുഹമ്മദ് ഹുസൈന്‍ ഹൈക്ക (1888-1956)ലിന്റെ ഫി ഔക്കാത്തില്‍ ഫറാഗ്, അല്‍-മാസീനിയുടെ ഹസംദുല്‍ ഹഷീം, കബ്ദുല്‍ രീഹ് എന്നിവയും ഉപന്യാസ സമാഹാരങ്ങളാണ്. മൂസാ സലാമാ (1887-1957), അഹ്‍മദ് ഹസന്‍ അല്‍-സയ്യാത്ത്, മുസ്തഫാ സാദിക്ക് അല്‍-റാഫിഈ എന്നിവരും ഉപന്യാസരംഗത്തെ പരിപോഷിപ്പിച്ചു. ഡോ. അഹ്‍മദ് അമീനി (1886-1953)ന്റെ ഇസ്ലാമിക ചരിത്ര സാംസ്കാരിക പഠനങ്ങളായ ഫജ്റുല്‍ ഇസ്ലാം, ളുഹല്‍ ഇസ്ലാം, ളുഹ്റുല്‍ ഇസ്ലാം എന്നീ ഗ്രന്ഥങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്.

അമീന്‍ അല്‍-റയ്ഹാനി

മഹ്ജര്‍ സാഹിത്യകാരന്മാരില്‍ പ്രമുഖനാണ് അമീന്‍ അല്‍-റയ്ഹാനി (1876-1940). അല്‍-മഹാലഫത്തു സ്സുലാസിയ്യ, അന്തുമുഷ്ഷുഅറാ തുടങ്ങിയ അനേകം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. റെയ്ഹാനിയ്യാത്ത് എന്ന ഉപന്യാസ സമാഹാരമാണു പ്രശസ്തമായ കൃതി.

ബാലസാഹിത്യം.

അധികം പ്രചാരം സിദ്ധിച്ചിട്ടില്ലാതിരുന്ന ബാലസാഹിത്യരംഗം 1959-ല്‍ അന്തരിച്ച കാമില്‍ കീലാനിയുടെ ബാലസാഹിത്യ കൃതികളുടെ ആവിര്‍ഭാവത്തോടെയാണു പുരോഗതിയുടെ പാത തുറന്നത്. പ്രചാരത്തിലുണ്ടായിരുന്ന അപൂര്‍വം ബാലസാഹിത്യ കൃതികളുടെ ന്യൂനതകളൊഴിവാക്കി ശുദ്ധവും ലളിതവുമായ ഭാഷയില്‍ സ്വരചിഹ്നങ്ങള്‍ നല്കിയാണ് ഇദ്ദേഹം ഈ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. അധികവും സചിത്രകഥകളായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ നിന്നുള്ള യക്ഷിക്കഥകളും ഷെയ്ക്സ്പിയര്‍ കഥകളും കുട്ടികള്‍ക്കായി ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. ഏകദേശം നൂറ്റിയന്‍പതോളം ബാലസാഹിത്യ കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അറബിസാഹിത്യം, കേരളത്തില്‍.

അറബി രാജ്യങ്ങളും കേരളവുമായുള്ള സാംസ്കാരിക ബന്ധത്തിനു വളരെ പഴക്കമുണ്ട്. വളരെ മുന്‍പു മുതല്‍ തന്നെ അറബിഭാഷയ്ക്ക് കേരളത്തില്‍ കുറച്ചൊക്കെ പ്രചാരം സിദ്ധിക്കാന്‍ തുടങ്ങി. പ്രാചീന കേരളത്തിലെ പല രാജാക്കന്മാര്‍ക്കും അറബിഭാഷാജ്ഞാനം ഉണ്ടായിരുന്നു; ചില കൊട്ടാരങ്ങളില്‍ അറബിഭാഷ അറിയാവുന്ന ദ്വിഭാഷികള്‍ ഉണ്ടായിരുന്നു. അറബിക്കച്ചവടക്കാര്‍ മുഖേനയും മതപ്രവാചകര്‍ വഴിയും കേരളത്തില്‍ ഇസ്ലാംമതം പ്രചരിച്ചതോടെ അറബിഭാഷയുടെ പ്രചാരം ഇവിടെ വര്‍ധിക്കാനാരംഭിച്ചു. ഇസ്ലാമിലെ പ്രാര്‍ഥന, ബാങ്ക്‍വിളി, വെള്ളിയാഴ്ചപ്രസംഗം, വിവാഹച്ചടങ്ങുകള്‍ എന്നിവ അറബിഭാഷയിലായതുകൊണ്ട് മുസ്ലിങ്ങളില്‍ നല്ലൊരു വിഭാഗം അറബിഭാഷ പഠിക്കുവാന്‍ നിര്‍ബന്ധിതരായി.

പ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്തൂത്ത (ഇദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത് 1342-ലാണ്) കേരളം സന്ദര്‍ശിച്ചപ്പോള്‍ ധര്‍മടത്തുവച്ച് ഫഖീഹ് ഹുസൈന്‍ എന്ന മതപണ്ഡിതനെ കണ്ടതായി വിവരിച്ചിട്ടുണ്ട്. ഹുസൈന്‍ മുസ്ലിങ്ങളുടെ വിവാഹച്ചടങ്ങുകളെ വിവരിക്കുന്ന ഖൈദുല്‍ ജാമിഅ എന്നൊരു അറബിഗ്രന്ഥം രചിക്കുകയും കേരളത്തില്‍ അത് അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് 600 കൊല്ലത്തിലധികം പഴക്കമുണ്ട്. പ്രസ്തുത ഗ്രന്ഥത്തിന് കേരളത്തിലല്ലാതെ മറ്റൊരിടത്തും പ്രചാരമില്ല. ഒരു കേരളീയന്‍ എഴുതിയ ഒന്നാമത്തെ അറബിഗ്രന്ഥം ഇതാണെന്ന് അനുമാനിക്കാം. കോഴിക്കോട് പ്രാചീനകാലത്ത് അറബിവ്യാപാരികളുടെയും പണ്ഡിതന്മാരുടെയും ഒരു സങ്കേതമായിരുന്നു. സൗദി അറേബ്യ എന്നറിയപ്പെടുന്ന 'ഹിഫിജാസി'നു പുറമേ സിറിയ, ഈജിപ്ത് തുടങ്ങിയ ഭൂവിഭാഗങ്ങളില്‍നിന്നു വന്ന അറബിപണ്ഡിതന്മാര്‍ അന്നു കോഴിക്കോട്ടും മലബാറിന്റെ മറ്റു പല ഭാഗങ്ങളിലും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കോഴിക്കോട് ഖാസിയായിരുന്ന ഖാസി ജമാലുദീന്‍ മുഹമ്മദ് (ഹിജ്റ, 1025) ഒരു സദുപദേശഗ്രന്ഥം അറബിപദ്യത്തിലെഴുതിയിട്ടുണ്ട്. കോഴിക്കോട്ടു തന്നെയുള്ള ഒരു അബ്ദുല്‍ അസീസ് അറബിഭാഷയില്‍ എഴുതിയ ഫത്ത്ഹുല്‍മുബീന്‍ എന്ന കവിത അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഖാസി അബ്ദുല്‍ അസീസ് ഹിജ്റ 923-ല്‍ നിര്യാതനായി. അറബിസാഹിത്യത്തിനു പൊന്നാനിയിലെ മഖ്ദൂമുകള്‍ ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്. പൊന്നാത്ര വലിയ സൈനുദീന്‍ മഖ്ദൂം (ഹിജ്റ, 873-928) എഴുതിയ ഹിദായത്തുല്‍ അത്കിയായുടെ കൈയെഴുത്തുപ്രതികള്‍ ഇന്ത്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പല ഗ്രന്ഥാലയങ്ങളിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തിനു ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ അബ്ദുല്‍ അസീസ് മസ് ലക് എന്ന പേരിലും, മലേഷ്യന്‍ സ്വദേശിയും മക്കയില്‍ താമസക്കാരനുമായിരുന്ന മുഹമ്മദുനൂയില്‍ ജാവി മറ്റൊരു പേരിലും എഴുതിയ വ്യാഖ്യാനങ്ങള്‍ ഈജിപ്തില്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രചാരം സിദ്ധിച്ച ആദ്യത്തെ കേരളീയ ഗ്രന്ഥം ഇതാണെന്നു കരുതപ്പെടുന്നു.

മുസ്ലിം അനുഷ്ഠാനങ്ങളെപ്പറ്റി ചെറിയ സൈനുദീന്‍ മഖ്ദൂം എഴുതിയ ഫത്ത്ഹുല്‍മുഈന്‍ പല തവണ കേരളത്തിലും ഈജിപ്തിലും സിംഗപ്പൂരിലും മുദ്രിതമായിട്ടുണ്ട്. (സയ്യദിബകരി ഇ ആനത്ത് എന്ന പേരിലും സയിദുബാ അലവിസകാഫ് തര്‍ശീഹ എന്ന പേരിലും ഈ കൃതിക്ക് എഴുതിയ വ്യാഖ്യാനങ്ങള്‍ പ്രസിദ്ധങ്ങളാണ്). ഇതേ ഗ്രന്ഥകര്‍ത്താവ് എഴുതിയ ഇര്‍ശാദു, തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്നീ കൃതികള്‍ക്കും അറബിസാഹിത്യത്തില്‍ ഗണ്യമായ സ്ഥാനമുണ്ട്. അറബിക്കടലില്‍വച്ച് പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ സാമൂതിരിയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്, വിജയനഗറിലെ (ബീജപ്പൂര്‍) രാജാവായ അലി ആദില്‍ഷാ ഒന്നാമന് എഴുതിയ ദീര്‍ഘമായ കത്താണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. കേരളത്തെ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഇതില്‍ വിവരിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം 19-ാം ശ.-ത്തില്‍ ഓറിയന്റല്‍ ട്രാന്‍സ്ലേഷന്‍ ഫണ്ട് (Oriental Translation Fund) വകയായി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസുകാരുടെ ചരിത്രം ഉള്‍ ക്കൊള്ളുന്ന ഈ കൃതി ലിസ്ബനിലും അച്ചടിക്കപ്പെട്ടിട്ടുണ്ട്. പ്രസിദ്ധ പേര്‍ഷ്യന്‍ ചരിത്രകാരനായ ഹിരിശ്ത കേരളചരിത്രം എഴുതിയത് ഈ പുസ്തകത്തെ ആസ്പദമാക്കിയാണ്.

1278-ല്‍ ജീവിച്ചിരുന്ന വെളിയങ്കോട് ഉമല്‍ഖാസി അറബി സാഹിത്യകാരനും കവിയും ആയിരുന്നു. വിവിധ വിഷയങ്ങളെ ആധാരമാക്കി ഇദ്ദേഹം അനവധി അറബിക്കവിതകള്‍ എഴുതിയിട്ടുണ്ട്. പൂവാര്‍ സ്വദേശിയായിരുന്ന നൂഹ്കണ്ണ് മുസല്യാര്‍ പ്രസിദ്ധനായ ഒരു അറബി കവിയായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഖാസിയും മുദര്‍ര്യസുമായിരുന്ന കൈപ്പറ്റ അഹമ്മദുകുട്ടി മുസല്യാര്‍ ഫത്ത ഉല്‍ഖയ്യും എന്ന അറബി കാവ്യത്തിനും വലിയ സൈനുദ്ദീന്‍, മഖ്ദൂമിന്റെ മുര്‍ശിദു എന്ന ഗ്രന്ഥത്തിനും അറബിഭാഷയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൌലവി അറബിഭാഷയില്‍ മൗലികഗ്രന്ഥങ്ങള്‍ രചിക്കുകയും ഈജിപ്തില്‍നിന്നും പുറപ്പെട്ടിരുന്ന അല്‍മനാര്‍ മുതലായ അറബിപ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി സ്വദേശിയായിരുന്ന കെ.എം. മൗലവി എന്ന പണ്ഡിതന്‍ മൗലാനാ അബൂല്‍ കലാം ആസാദിന്റെ പത്രാധിപത്യത്തില്‍ കൊല്‍ക്കത്തയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന അല്‍-ഹിലാല്‍ എന്ന മാസികയിലും മക്കയില്‍നിന്നും പുറപ്പെട്ടിരുന്ന ഇമ്മുല്‍ഖുറാ എന്ന പത്രത്തിലും ഈജിപ്തില്‍നിന്നും പുറപ്പെട്ടിരുന്ന അല്‍-ഫത്താഹ് എന്ന പത്രത്തിലും അല്‍-മനാര്‍ എന്ന മാസികയിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. മങ്കടയിലെ ഖാസിയായിരുന്ന ഉണ്ണീന്‍ മുസല്യാരും അഹമ്മദു ശീറാസിയും പദ്യത്തിലും ഗദ്യത്തിലും ഏതാനും അറബി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എടപ്പാള്‍ മുദര്‍ര്യസും ഖത്തീബുമായിരുന്ന പരാവുണ്ടന്‍ സെയ്തുട്ടി മുസല്യാര്‍ പ്രാമാണികനായ അറബി എഴുത്തുകാരനായിരുന്നു. പട്ടാമ്പിക്കടുത്ത ചപ്പാട്ടുകര ഖാസിയായിരുന്ന പോക്കര് മുസല്യാരും അദ്ദേഹത്തിന്റെ മകന്‍ മൊയ്തുകുട്ടി മുസല്യാരും കൊല്ലത്തെ ഒരു അറബി പണ്ഡിതനായിരുന്ന പി.പി. കുഞ്ഞഹമ്മത് മൗലവി ഫലക്കിയും അറബിഭാഷയ്ക്ക് പല സംഭാവനകളും നല്കിയിട്ടുണ്ട്. ആയഞ്ചേരി ജമാലുദീന്‍ മൗലവിയും മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശി പി.വി. മുഹമ്മദു മൗലവിയും കക്കിടിപ്പുറം മൗലവി അബ്ദുല്ല നൂറാനിയും ആധുനിക അറബിക്കവികളാണ്. കോഴിക്കോട്ടു വലിയ ഖാസി ശിഹാബുദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കാസര്‍കോട് ഖാസിയായിരുന്ന അബ്ദുല്ല ഹാജി, അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്‍ ഖാദര്‍ മുസല്യാര്‍, അഹമ്മദ് മുസല്യാര്‍, തിരൂരങ്ങാടി മൗലാനാ കുഞ്ഞഹമ്മദു ഹാജി തുടങ്ങിയവരുടെ പേരുകളും കേരളത്തിലെ അറബി സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമാണ്. വിവിധ വിഷയങ്ങളിലായി ഇവര്‍ അനവധി അറബിഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. പാങ്ങില്‍ അഹമ്മദുകുട്ടി മുസല്യാര്‍, പള്ളിപ്പുറം അബ്ദുല്‍ കാദര്‍ മുസല്യാര്‍, കന്നപ്പള്ളി ഹൈദര്‍ മുസല്യാര്‍, കൊച്ചനൂര്‍ ആലി മൗലവി, ഫലക്കി മുഹമ്മദു മൗലവി, വന്തേറിയിലെ പരൂര് കുഞ്ഞഹമ്മദു മുസല്യാര്‍, പഴയങ്ങാടി കുഞ്ഞഹമ്മദു ഹാജി, ചാവക്കാട്ടു ബുഖാറയില്‍ കോയമ്മക്കോയ തങ്ങള്‍, കോയക്കുട്ടിക്കോയ തങ്ങള്‍, പുതിയ കടപ്പുറം മുഹമ്മദാലി മുസല്യാര്‍, അദ്ദേഹത്തിന്റെ പുത്രന്‍ കുഞ്ഞഹമ്മദു മൗലവി തുടങ്ങിയവരുടെ അറബി സാഹിത്യസേവനങ്ങളെക്കുറിച്ചും എടുത്തുപറയേണ്ടതുണ്ട്.

1921-ല്‍ മലബാര്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന കട്ടിലശ്ശീരി മുഹമ്മദു മുസല്യാര്‍ ശ്രദ്ധേയനായ അറബി കവിയായിരുന്നു. ഫ്രഞ്ചധീനപ്രദേശമായ കാരയ്ക്കലില്‍ അഭയാര്‍ഥിയായി താമസിച്ചിരുന്നപ്പോള്‍ ഇദ്ദേഹം അറബിഭാഷാപ്രചാരണത്തിനായി അവിടെ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ചാലിയത്ത് അഹമദുകോയ മുസല്യാര്‍ മറ്റൊരു അറബി എഴുത്തുകാരനും കവിയുമായിരുന്നു. ഹൈദരാബാദ് നൈസാമിനെക്കുറിച്ച് അറബിഭാഷയില്‍ ഒരു കവിത എഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിന് 150 രൂപ പ്രതിമാസപെന്‍ഷന്‍ നല്കപ്പെട്ടിരുന്നു. സെയ്തലവിക്കോയ തങ്ങളാണ് കേരളത്തിനു പുറത്തും പ്രസിദ്ധിയാര്‍ജിച്ച ഒരു അറബി സാഹിത്യകാരന്‍. സെയ്തലവിക്കോയ തങ്ങളും അദ്ദേഹത്തിന്റെ മകന്‍ പൂക്കോയ തങ്ങളും കോഴിക്കോട്ടെ ശൈഖ്ജിഫ്രി തങ്ങളും ഒട്ടേറെ അറബിപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഫാറൂഖ് അറബികോളജിന്റെ സ്ഥാപകന്‍ മൗലവി അബുസ്സബാഹ് ഈജിപ്തില്‍ പോയി അറബിഭാഷയും സാഹിത്യവും പഠിച്ചിരുന്നു. ഇദ്ദേഹം ഏതാനും അറബി പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും കര്‍ത്താവുകൂടിയാണ്. പുളിക്കല്‍ അറബി കോളജിന്റെ സ്ഥാപകന്മാരായ എം.സി.സി. സഹോദരന്മാര്‍ ചില അറബി പാഠപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ അറബി അധ്യാപകസംഘടന അല്‍ബുഷ്റാ എന്ന ഒരു അറബിമാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.

ഖുര്‍ആന്‍ വിവര്‍ത്തനം.

കണ്ണൂര്‍ അറയ്ക്കല്‍ കൊട്ടാരത്തിലെ മായന്‍കുട്ടി എളയ അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ച തര്‍ജുമത്തു തഫ്സീറില്‍ ഖുര്‍ആന്‍ ആണ് കേരളത്തിലെ പ്രഥമ ഖുര്‍ആന്‍ വിവര്‍ത്തനഗ്രന്ഥം. ഇത് 6 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം വാല്യം ഹി. 1287-ലും 6-ാം വാല്യം ഹി. 1294-ലും പുറത്തുവന്നു. ശുദ്ധമായ മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷയ്ക്കുള്ള ശ്രമം നടത്തിയത് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയത്രെ. സി.എന്‍. അഹമ്മദ് മൗലവിയുടെ വിവര്‍ത്തനം 2 വാല്യങ്ങളായാണ്. മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുടെ വിവര്‍ത്തനവും ഖുര്‍ആനിലെ ഓരോ വാക്കിന്റെയും അര്‍ഥത്തോടെ മുഹമ്മദ് അമാനി മൗലവി തയ്യാറാക്കിയ പരിഭാഷയും കെ. ഉമര്‍ മൗലവിയുടെ വിവര്‍ത്തനവും മലയാള പരിഭാഷയില്‍ കൂടുതല്‍ പ്രചാരമുള്ളവയാണ്.

മൗലാനാ മൗദൂദി തയ്യാറാക്കിയ ഖുര്‍ആന്റെ ഉര്‍ദുപരിഭാഷയായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാള വിവര്‍ത്തനം ഖുര്‍ആന്‍ അവതരണത്തിന്റെ ചരിത്ര പശ്ചാത്തല വിവരണംകൂടി ഉള്‍ പ്പെട്ടതാണ്. ഇത് വിപുലമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ്. കുഞ്ഞുമുഹമ്മദ് പറപ്പൂരും ചെറിയ മുണ്ടം അബ്ദുല്‍ ഹമീദും ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയും ഖാളി ഷിഹാബുദ്ദീന്‍ ഇമ്പിച്ചികോയ തങ്ങള്‍ വിവര്‍ത്തനം ചെയ്ത സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷയും ഹാഫിസ് പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവിയുടെ ഖുര്‍ആന്‍ തര്‍ജുമയും മലയാളത്തില്‍ ലഭ്യമായ ഏതാനും വിവര്‍ത്തന ഗ്രന്ഥങ്ങളാണ്.

നിഘണ്ടുക്കള്‍.

പ്രൊഫ. വി.മുഹമ്മദും പ്രൊഫ. അബുസബാഹും ചേര്‍ന്നു രചിച്ച അല്‍-മന്‍ഹല്‍ എന്ന അറബി മലയാളനിഘണ്ടു ഈ രംഗത്തെ വിലപ്പെട്ട സംഭാവനയാണ്. ഹക്കീം കുഞ്ഞാമു മൗലവി എഴുതിയ അല്‍ഫറാ ഇദു എന്ന നിഘണ്ടുവും പ്രസിദ്ധീകൃതമായിട്ടുണ്ട്. എം.വി. കുഞ്ഞഹമ്മദു മൗലവി മുസല്ലസാതുല്ലുഗ എന്ന പേരില്‍ ഒരു നിഘണ്ടു തയ്യാറാക്കിയത് മുദ്രിതമായിട്ടുണ്ട്.

(പ്രൊഫ. പി.എം. അബ്ദുല്‍ റഹ്‍മാന്‍;എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ് ഫലകി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍