This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിസംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറബിസംഗീതം

Arabic Music

അറബികളുടെ സംഗീതം. മധ്യപൗരസ്ത്യദേശത്തെ സെമിറ്റിക് ഗോത്രത്തില്‍ പ്പെട്ട ജനസമൂഹങ്ങളുടേതില്‍നിന്ന് ഉരുത്തിരിഞ്ഞ ഒരു സംഗീതശൈലിയാണ് അറബികളുടേത്.

അറബിസംഗീതത്തിന്റെ ചരിത്രത്തെ പ്രധാനമായി നാലു ഘട്ടങ്ങളായി തിരിക്കാം:

1.ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പ്

2.ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ 16-ാം ശ. വരെ

3.16 മുതല്‍ 19 വരെ ശ.-ങ്ങളില്‍

4.ആധുനികം

1. ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പ്. ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പുള്ള അറബികളുടെ സംഗീതത്തെക്കുറിച്ച് വ്യക്തമായ അറിവു നല്കുന്ന രേഖകളൊന്നും ലഭ്യമല്ല. എങ്കിലും പ്രാചീന അറബിസംഗീതത്തിനു രണ്ടു പ്രധാന ധാരകള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അവയില്‍ ഒന്ന് അപരിഷ്കൃതരായ നാടോടികളുടെ നാടന്‍ ഗാനാലാപനശൈലിയും മറ്റേത് പരിഷ്കൃതരായ നഗരവാസികളുടെ സങ്കീര്‍ണസംഗീതശൈലിയുമാണ്. ഈ രണ്ടു ശൈലികളിലും ഉപകരണസംഗീതത്തെക്കാള്‍ വായ്പ്പാട്ടിനായിരുന്നു പ്രാധാന്യം നല്കിയിരുന്നത്. സെമിറ്റിക് ജനവര്‍ഗങ്ങളുടെ ഇടയില്‍ പൊതുവേ പ്രചാരത്തില്‍ ഇരുന്ന ചില സംഗീതോപകരണങ്ങള്‍ തന്നെയായിരുന്നു അറബികളും ഉപയോഗിച്ചിരുന്നത്. അറബിക്കവിതയോട് തോളുരുമ്മിയാണ് അറബിസംഗീതം വികിസച്ചത്. മരുഭൂമിയിലെ പ്രതികൂലസാഹചര്യങ്ങളുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിന്റെ ഫലമായി രൂപപ്പെട്ട ജീവിതദര്‍ശനമായിരുന്നു അറബിക്കവിതകളില്‍ മുഖ്യമായും പ്രതിഫലിച്ചിരുന്നത്. അത്തരം ജീവിതസ്പര്‍ശികളായ കാവ്യങ്ങളുടെ സംഗീതാത്മകങ്ങളായ ആവിഷ്കരണങ്ങളായിട്ടാണ് ആദ്യകാല അറബിസംഗീതം രൂപമെടുത്തത്. വിലാപഗാനങ്ങള്‍ സ്ത്രീകളാണ് ആലപിച്ചുവന്നത്; മദിരാലയസംബന്ധികളായ ആഖ്യാനഗാനങ്ങള്‍ ബാലികമാരും. മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ അന്നു സംഗീതത്തിനു വളരെ പ്രാധാന്യം നല്കിയിരുന്നു. താളക്രമമനുസരിച്ചുള്ള വായ്പ്പാട്ടിനു വാദ്യോപകരണങ്ങള്‍ അകമ്പടി സേവിച്ചുവന്നു.

2.ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ 16-ാം ശ. വരെ. ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തോടുകൂടി അറബിസംഗീതത്തിന്റെ സ്വച്ഛന്ദമായ പുരോഗതിക്കു വിഘ്നങ്ങളുണ്ടായി. ഏഴും എട്ടും ശ.-ങ്ങളില്‍ അറബികള്‍ക്കു നേരിടേണ്ടിവന്ന വൈദേശികാധിപത്യം പേര്‍ഷ്യന്‍-ബൈസാന്തിയന്‍ സംസ്കാരങ്ങളുടെ മികച്ച ഭാവങ്ങളുമായി ഇടപഴകുന്നതിന് അറബിജനതയ്ക്ക് സൗകര്യമുണ്ടാക്കി. അതിന്റെ ഫലമായി പേര്‍ഷ്യന്‍ സംഗീതത്തിന്റെ സ്വാധീനത്തിന് അറബിസംഗീതം വിധേയമായി. എങ്കിലും സംഗീതത്തിനും സംഗീതജ്ഞന്മാര്‍ക്കും സമൂഹത്തില്‍ പണ്ടുണ്ടായിരുന്നതില്‍ക്കവിഞ്ഞ മാന്യത ലഭിച്ചു. എന്നാല്‍, യാഥാസ്ഥിതിക വിഭാഗത്തില്‍ പ്പെട്ടവര്‍ സംഗീതത്തിന്റെ പ്രാധാന്യത്തെ ചോദ്യംചെയ്തു. രാജസഭകളിലും പ്രഭുമന്ദിരങ്ങളിലും തുടര്‍ന്നുവന്ന സംഗീതപരിപാടികള്‍ അനാശാസ്യങ്ങളായ നടപടികള്‍ക്കു വഴിതെളിക്കുന്നുവെന്നും അത്തരം നടപടികളില്‍ ഇടപെടുന്നവരുടെ സ്വാധീനശക്തി വര്‍ധിക്കുന്നുവെന്നും ഉള്ള ഒരു ആരോപണം സംഗീതത്തിനെതിരെ ശക്തമായിത്തീര്‍ന്നു. മതപരമായ കാര്യങ്ങളില്‍ സംഗീതത്തിനു നല്കിവന്ന പ്രാധാന്യം തുടര്‍ന്നു നല്കേണ്ടതില്ലെന്ന് ഇസ്ലാംമതാധികാരികള്‍ തീരുമാനിച്ചു. ഖുര്‍ആന്‍ ഓതുന്നതില്‍ സംഗീതത്തിന്റെ അംശം കലര്‍ന്നിട്ടുണ്ടെങ്കിലും അത് ഒരു പ്രത്യേക സാങ്കേതികരീതിയായി മാത്രം കരുതിയാല്‍ മതിയെന്നും വന്നു.

അറബിസംഗീതത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള കൃതികളില്‍ ഏറ്റവും പഴക്കമുള്ളത് ഒന്‍പതാം ശ.-ത്തിനുശേഷം ഉണ്ടായിട്ടുള്ളതാണ്. അല്‍-കിന്ദി, അല്‍ഫറാബി, അവിസെന്ന തുടങ്ങിയവരുടെ കൃതികള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അല്‍ഫറാബിയുടെ കിതാബ് അല്‍-മുസിക്വി അല്‍-കബിര്‍ എന്ന കൃതി ഹ്രസ്വഗള-ദീര്‍ഘഗളവീണകള്‍, ഫിഡില്‍, സാരംഗി, കിന്നരം, തംബുരു തുടങ്ങിയ തന്ത്രിവാദ്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങളുള്‍ ക്കൊള്ളുന്നു. മേല്‍ പ്രസ്താവിക്കപ്പെട്ടവരുടെ ഈ വക കൃതികളില്‍ എല്ലാംതന്നെ ആ കാലഘട്ടത്തിലെ സംഗീതകലയുടെ പ്രയോഗവിശേഷണങ്ങളെ സംബന്ധിച്ച് വിലപ്പെട്ട പല വിവരങ്ങളും നല്കുന്നുണ്ട്. 10-ാം ശ.-ത്തിലെ അറേബ്യന്‍ രാജധാനികളിലും പ്രഭുമന്ദിരങ്ങളിലും സംഗീതത്തിനു ലഭ്യമായിരുന്ന സ്ഥാനത്തെക്കുറിച്ചും ആ കാലഘട്ടത്തില്‍ അവിടെ ജീവിച്ചിരുന്ന ഗായകരെക്കുറിച്ചും കവികളെക്കുറിച്ചും പ്രതിപാദിക്കപ്പെട്ടിട്ടുള്ള കിതാബ് അല്‍ അഘനി ഇത്തരത്തില്‍ പ്പെട്ട മറ്റൊരു വിശിഷ്ട കൃതിയാണ്.

ഒന്‍പതും പത്തും ശ.-ങ്ങളില്‍ അറബിസംഗീതത്തിലുണ്ടായ പ്രവണതകള്‍ അതിനെ അതിന്റെ പാരമ്പര്യത്തില്‍ നിന്നും വിമുക്തമാക്കി ബഹുദൂരം കൊണ്ടെത്തിച്ചു. അര്‍ധസ്വരങ്ങളുടെയും മധ്യമങ്ങളുടെയും ആവിര്‍ഭാവമാണ് മാറ്റങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സഫി അല്‍-ദിന്‍ അല്‍-ഉര്‍മവി, കുത്തബ് അല്‍-ദിന്‍ ഷിറാസി, അബ്ദ് അല്‍-ക്വദിര്‍, അല്‍-ലധിക്വി തുടങ്ങിയ സംഗീതശാസ്ത്രജ്ഞന്മാര്‍ അറബി സംഗീതത്തെ വിശകലനം ചെയ്തു ക്രമപ്പെടുത്തി.

അറബി സംഗീതത്തിലെ പല പ്രാചീന സാങ്കേതിക സംജ്ഞകള്‍ക്കും അര്‍ഥകല്പന ചെയ്യുവാന്‍ ഇന്നു പ്രയാസമുണ്ട്. ഘടനാപരമായി അറബിസംഗീതത്തിന്റെ പ്രത്യേകതകളിലേക്ക് ആദ്യമായി പ്രകാശം കടത്തിവിട്ടത് അബ്ദ് അല്‍-ക്വദിര്‍ ആണ്. 13 മുതല്‍ 16 വരെയുള്ള ശ.-ങ്ങളില്‍ അറബി സംഗീതത്തിനുണ്ടായ നേട്ടങ്ങള്‍ പലതും പേര്‍ഷ്യന്‍ സംസ്കാരവുമായുണ്ടായ വേഴ്ചയുടെ ഫലമായിട്ടായിരുന്നു. അബ്ദ് അല്‍-ക്വദിര്‍, കുത്തബ് അല്‍-ദിന്‍ തുടങ്ങിയ പ്രഗല്ഭരായ അറബിസംഗീതജ്ഞന്മാരും കവികളും അറബിയിലെന്നപോലെ പേഴ്സ്യന്‍ ഭാഷയിലും അവഗാഹമുള്ളവരും പേഴ്സ്യന്‍ കവികളുടെ കൂട്ടത്തില്‍ത്തന്നെ അംഗീകാരം നേടിയിട്ടുള്ളവരുമായിരുന്നു.

3. 16 മുതല്‍ 19 വരെ ശ.-ങ്ങളില്‍. ഓട്ടോമന്‍ തുര്‍ക്കികളുടെ രാഷ്ട്രീയാധിപത്യത്തിന്‍ കീഴില്‍ അറബി ജനത കഴിഞ്ഞുകൂടിയ ഈ കാലഘട്ടം അറബിക്കലകളുടെ അധഃപതനദശയായിട്ടാണ് കണക്കാക്കപ്പെട്ടുവരുന്നത്. അറബിസംഗീതത്തിന്റെ നേര്‍ക്ക് തുര്‍ക്കികളുടെ ക്ലാസ്സിക്കല്‍ ശൈലി കടന്നാക്രമണം നടത്തി. എങ്കിലും ഘടനയില്‍ കാര്യമായ യാതൊരു മാറ്റവും സംഭവിക്കാതെ മൂന്നില്‍പ്പരം ശ.-ങ്ങള്‍ അറബിസംഗീതം നിലനിന്നുവെന്നതില്‍ ക്കവിഞ്ഞ് ഈ കാലഘട്ടത്തില്‍ ഗണ്യമായ വികാസമോ പരിവര്‍ത്തനമോ അറബിസംഗീതത്തിനുണ്ടായില്ല.

4.ആധുനികം. 20-ാം ശ.-ത്തിന്റെ ആവിര്‍ഭാവത്തോടുകൂടി അറബിസംഗീതത്തില്‍ പാശ്ചാത്യസ്വാധീനം ബലപ്പെട്ടുവന്നു. പാരമ്പര്യാധിഷ്ഠിതമായ ശൈലിയുടെ ഭാവിതന്നെ അപകടത്തിലാകുമെന്ന ആശങ്കയ്ക്കും ഇതു വഴിതെളിച്ചു. എങ്കിലും സംഗീതശാസ്ത്രസംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളും പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുള്ള പരിശ്രമങ്ങളും നടന്നുവരുന്നുണ്ട്. പാശ്ചാത്യ ക്ലാസ്സിക് സംഗീതത്തിന്റെ പ്രത്യേകതകള്‍ ഉള്‍ ക്കൊള്ളിച്ചുകൊണ്ട് അറബിദേശീയസംഗീതം പുഷ്ടിപ്പെടുത്താനും രണ്ടു സമ്പ്രദായങ്ങളെയും കൂട്ടിയിണക്കി പുതിയ സംഗീതപദ്ധതികള്‍ക്ക് രൂപം നല്കാനും ഉള്ള പരിശ്രമങ്ങള്‍ ആധുനിക അറബിസംഗീതജ്ഞന്മാര്‍ നടത്തി. ഗ്രാമീണജനതയുടെ പരിലാളനമേറ്റ് വളര്‍ന്നുവികസിച്ച നാടോടിസംഗീതം പാശ്ചാത്യസ്വാധീനത്തിന്റെ സ്പര്‍ശം ഏല്ക്കാതെതന്നെ അതിന്റെ എല്ലാ പ്രാദേശികവൈവിധ്യങ്ങളോടും വൈചിത്ര്യങ്ങളോടുംകൂടി പുലര്‍ന്നുപോരുന്നു. റേഡിയോ, സിനിമ, ടെലിവിഷന്‍ തുടങ്ങിയ ആധുനിക പ്രചരണമാധ്യമങ്ങള്‍വഴി പരിഷ്കൃതലോകത്തിലെ സംഗീതധാരകള്‍ അറബിരാജ്യത്ത് ആവോളം പകര്‍ന്നിട്ടും നാടോടിസംഗീതത്തെ വികലമാക്കാന്‍ അവയ്ക്കു കഴിഞ്ഞിട്ടില്ല.

അറബിസംഗീതത്തിന് ഉപയോഗിച്ചുവരുന്ന ഉപകരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തക്വിസം, ബഷറഹ് എന്നിവയാണ്. മാക്വം എന്ന ഗാനശൈലിയോടു ബന്ധപ്പെടുത്തിയാണ് തക്വിസം ഉപയോഗിക്കുന്നത്. തക്വിസത്തോടു ചേര്‍ന്നുള്ള വായ്പ്പാട്ടിന് ലയലി എന്നു പറയുന്നു. ഗായകന്‍ പാടുന്നതോടൊപ്പം വീണ വായിക്കുകയും ചെയ്യുമ്പോള്‍ ഇടവിട്ടിടവിട്ട് ഈ ഉപകരണം മുഴക്കിക്കൊണ്ടിരിക്കും. തഹ്റീര്‍ എന്ന വായ്പ്പാട്ട് സംഗീതസങ്കേതം പല അംശങ്ങളിലും പേര്‍ഷ്യന്‍ സംഗീതത്തിലെ സമാന സങ്കേതങ്ങളോട് സാദൃശ്യമുള്ളവയാണെങ്കിലും ഇറാക്കിലെ വിദഗ്ധന്മാരുടെ പ്രയോഗരീതികളില്‍നിന്നും അറബിസംഗീതം കടംകൊണ്ടിട്ടുള്ളതാണത്. ഇത് ഒരുതരം കണ്ഠകമ്പനമാണ്; ഇന്ത്യന്‍ സംഗീതത്തിലെ ബൃഗയ്ക്കു സദൃശമാണെന്നു പറയാം.

ഉപകരണസംഗീതത്തിന് അറബിസംഗീതത്തില്‍ വളരെയേറെ പ്രാധാന്യം നല്കിയിട്ടുണ്ട്. ഉദ് (ഹ്രസ്വഗളവീണ)-ഒറ്റയ്ക്കു വായിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും പ്രചാരം ഇതിനാണ്, റബാബ് - രണ്ടു തന്ത്രിയുളള ഫിഡില്‍, കമഞ്ജ-ഇത് യൂറോപ്യന്‍ വയലിന്‍, വയോള എന്നിവയ്ക്കു തുല്യമാണ്. തര്‍, ബറബുക്ക (ചഷകാകൃതിയിലുള്ളതും കൈവിരലുകള്‍കൊണ്ട് തട്ടി ശബ്ദമുണ്ടാക്കാവുന്നതുമായ ഒരിനം ചര്‍മവാദ്യം), നെ (ഒരിനം പുല്ലാങ്കുഴല്‍), ക്വിനന്‍ (തംബുരു പോലെയുള്ളതും യഹൂദന്മാര്‍ സാധാരണ ഉപയോഗിച്ചുവരുന്നതും. യൂദവാദ്യം എന്നും പേരുണ്ട്), തബല്‍ (തബല), റഫ്, നക്വാറാ (ചെറുചെണ്ട), ബെക് (കൊമ്പ്), നഫിര്‍ (കുഴല്‍, കാഹളം) എന്നിവയാണ് മറ്റു പ്രധാന സംഗീത ഉപകരണങ്ങള്‍. കൂടാതെ പ്രാചീനകാലത്ത് സൈനികസംഗീതത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന സമ്ര്, ഗെയ്ത എന്നീ ഉപകരണങ്ങളും നാടോടി സംഗീതോപകരണങ്ങളുടെ കൂട്ടത്തില്‍ ചില ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചുവരുന്നു. ഓട്ടോമന്‍ ആധിപത്യകാലഘട്ടത്തിലും അതിനു മുന്‍പും പ്രഭുമന്ദിരങ്ങളിലും രാജസഭാതലങ്ങളിലും ഉപയോഗിച്ചുവന്ന സംഗീതോപകരണങ്ങളുടെ കൂട്ടത്തില്‍ ടന്‍ബര്‍ അഥവാ ദീര്‍ഘഗളവീണ, ജങ്ക് അഥവാ കിന്നരം എന്നിവ ഉള്‍ പ്പെടുന്നു. കൂടാതെ ആധുനികരീതിയിലുള്ള പലതരം വീണ, ഫിഡില്‍, പുല്ലാങ്കുഴല്‍, തംബുരു, തപ്പ് തുടങ്ങിയ ഉപകരണങ്ങളും അറബിസംഗീതത്തിന് ഉപയോഗിച്ചുവരുന്നു. പാശ്ചാത്യസംഗീതശാഖകളെ അനുകരിച്ചുള്ള പല പ്രസ്ഥാനങ്ങളും ഉരുത്തിരിയുന്നുണ്ട്-പ്രത്യേകിച്ച് ദൃശ്യകലാവേദിയുമായി ബന്ധപ്പെട്ട്. ഇത് അറബിസംഗീതത്തിനു പരിപോഷകമായി വര്‍ത്തിക്കുന്നു.

(മാവേലിക്കര രാമചന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍