This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍മീനിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍മീനിയ

Armenia

തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളോടു ചേര്‍ന്നുകിടക്കുന്ന ഒരു സ്വതന്ത്രരാജ്യം. മുന്‍പ് ഇതു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991-ല്‍ സ്വതന്ത്രമായി. വിസ്തീര്‍ണം: 29,000 ച. കി.മീ.. ജനസംഖ്യ: 30,02,594. (2001) വ. ജോര്‍ജിയയും കി. അസെര്‍ബൈജാനുമാണ് അയല്‍ രാജ്യങ്ങള്‍. തലസ്ഥാനം: യെരെവാന്‍.

ഭൂപ്രകൃതി. കാക്കസസ് പ്രദേശത്തിന്റെ തെക്കേ അറ്റമായ ഈ ഭൂഭാഗം അര്‍മീനിയന്‍പീഠഭൂമിയില്‍പ്പെട്ടതാണ്. നിമ്നോന്നത ഭൂപകൃതിയുള്ള അര്‍മീനിയ പൊതുവേ ഭൂകമ്പമേഖലയാണ്. മിക്ക പ്രദേശങ്ങളും സമുദ്രനിരപ്പില്‍നിന്ന് സു. 900 മീറ്ററിലധികം ഉയരത്തിലാണ്. മൂന്നു കിലോമീറ്ററിലധികം ഉയരമുള്ള നിരവധി പര്‍വതശിഖരങ്ങളുണ്ട്. ഇവയില്‍ ഏറ്റവും ഉയരമുള്ളത് മൌണ്ട് അലഗസ് (4,082 മീ.) ആണ്. ചുറ്റുമുള്ള ഉയര്‍ന്ന പര്‍വതങ്ങള്‍ സംസ്ഥാനത്തെ ഏതാണ്ടൊരു മഴനിഴല്‍പ്രദേശമാക്കി മാറ്റിയിരിക്കുന്നു.

അര്‍മീനിയ

കാലാവസ്ഥ പൊതുവേ വരണ്ടതാണ്. ശീതകാലത്ത് അതിശൈത്യവും ഗ്രീഷ്മകാലത്ത് അത്യുഷ്ണവും അനുഭവപ്പെടുന്നു. അപൂര്‍വമായി മഴപെയ്യുന്നത് ശീതകാലത്താണ്. രൂക്ഷമായ ജലദൌര്‍ലഭ്യം ഇവിടെ അനുഭവപ്പെടുന്നു. പര്‍വതങ്ങള്‍ ശീതകാലത്ത് ഹിമാവൃതമാകും. വേനല്ക്കാലത്ത് മഞ്ഞുരുകുന്നതുനിമിത്തം നദികളില്‍ വെള്ളമുണ്ടായിരിക്കും. ഉയര്‍ന്ന ഭാഗങ്ങളില്‍ സമശീതോഷ്ണ-ആര്‍ദ്ര കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ സ്റ്റെപ്പ് (steppe) വിഭാഗത്തില്‍പ്പെട്ട പുല്‍മേടുകള്‍ ധാരാളമായി കാണാം.

ആഗ്നേയ ശിലകള്‍ പൊടിഞ്ഞുണ്ടായ ഇവിടത്തെ മണ്ണ് പൊതുവേ വളക്കൂറുള്ളതാണ്. ജലസേചിതപ്രദേശങ്ങള്‍ ഒന്നാംതരം വിളനിലങ്ങളാണ്. താഴ്ന്ന ഭാഗങ്ങളില്‍ പരുത്തിയും നെല്ലും സമൃദ്ധിയായി കൃഷിചെയ്തുവരുന്നു. അരാസ് നദീതടത്തില്‍ പഴവര്‍ഗങ്ങളാണ് പ്രധാന കൃഷി. ഒലീവ്മരങ്ങളും ധാരാളമായി വളരുന്നുണ്ട്. ഉയര്‍ന്ന ഭാഗങ്ങളിലെ പ്രമുഖ കാര്‍ഷികോത്പന്നങ്ങള്‍ ഗോതമ്പ്, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവയാണ്. മലഞ്ചരിവുകള്‍ നല്ല മേച്ചില്‍പ്രദേശങ്ങളാണ്. കന്നുകാലിവളര്‍ത്തലും ഗവ്യവ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ക്ഷീരോത്പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവയ്ക്കു പുറമേ തുകലും രോമവും ധാരാളമായി കയറ്റുമതി ചെയ്യുന്നു.

ചെമ്പിന്റെയും മോളിബ്ഡിനത്തിന്റെയും സമ്പന്നനിക്ഷേപങ്ങളുള്ളതിനാല്‍ യന്ത്രസാമഗ്രികളുടെയും വൈദ്യുതോപകരണങ്ങളുടെയും നിര്‍മാണം ഇവിടെ വന്‍തോതില്‍ നടന്നുവരുന്നു. കല്‍ക്കരി ഇല്ല; ജോര്‍ജിയയില്‍നിന്നും അതു കൊണ്ടുവരികയാണു പതിവ്. രാജ്യമൊട്ടാകെയും വിദ്യുച്ഛക്തി ലഭ്യമാക്കിയിട്ടുണ്ട്. 2,815 മീ. ഉയരത്തിലുള്ള സെവാന്‍ തടാകത്തിലെ ജലം പ്രവഹിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന എട്ട് പദ്ധതികളില്‍നിന്നുമാണ് വിദ്യുച്ഛക്തി വിതരണം സാധിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു കുറഞ്ഞതരം അലുമിനിയം അയിരുകളെ ശുദ്ധീകരിക്കുന്നു.

കൃത്രിമ റബ്ബര്‍, അലുമിനിയം, യന്ത്രോപകരണങ്ങള്‍ എന്നിവയുടെ വിപണനകേന്ദ്രമാണ് തലസ്ഥാനമായ യെരെവാന്‍. വടക്കന്‍ സ്റ്റൈപ്പ് പ്രദേശത്തെ നെയ്ത്തു കേന്ദ്രമായ ലെനിനാഖാന്‍ ആണ് രണ്ടാമത്തെ പ്രധാന പട്ടണം. രാജ്യത്തെ ജനങ്ങളില്‍ 85 ശ.മാ. വും അര്‍മീനിയന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.

ചരിത്രം. പ്രാചീന ശിലായുഗം മുതല്‍ അര്‍മീനിയയില്‍ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളില്‍ (ബി.സി. 2000) അര്‍മീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട്. ബി.സി. ഒന്‍പതാം ശ.-ത്തോടുകൂടി ഖാല്‍ദിയന്മാര്‍ അര്‍മീനിയയില്‍ ആധിപത്യം സ്ഥാപിച്ചു. അസീറിയര്‍ ഈ ഖാല്‍ദിയന്‍ സ്റ്റേറ്റിനെ ഉറാര്‍തു എന്നാണ് വിളിച്ചിരുന്നത്. അന്ന് തുസ്പസ് (ഇന്നത്തെ വാന്‍) ആയിരുന്നു തലസ്ഥാനം. ബി.സി. 624-ല്‍ അര്‍മീനിയര്‍ പഴയ ഉറാര്‍തു പ്രദേശത്ത് ഹയസ്താന്‍രാജ്യം പടുത്തുയര്‍ത്തി. 606-ല്‍ മീഡുകള്‍ അവരെ ആക്രമിച്ചു. 50 വര്‍ഷങ്ങള്‍ക്കുശേഷം പേര്‍ഷ്യയിലെ സൈറസിന്റെ ആക്രമണത്തിനും അവര്‍ വിധേയരായി. അക്കമീനിയന്‍ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന അര്‍മീനിയയെ ദാരിയൂസിന്റെ ബഹിസ്തൂണ്‍ ശിലാശാസനത്തില്‍ അര്‍മീനി എന്നു രേഖപ്പെടുത്തിക്കാണുന്നു. കുറേക്കാലത്തോളം ഒരു പേര്‍ഷ്യന്‍ സത്രപ് (satrap) ആയി നിലകൊണ്ടുവെങ്കിലും ഒരു പുത്രികാരാജ്യപദവി അതിനുണ്ടായിരുന്നു. ബി.സി. 331-ല്‍ അലക്സാണ്ടര്‍ ഇവിടം ആക്രമിച്ചു കീഴടക്കി; അതിനുശേഷം സെല്യൂസിദുകളുടെ കീഴിലായി. മഗ്നീഷ്യയില്‍വച്ച് ബി.സി. 190-ല്‍ അവര്‍ പരാജിതരായപ്പോള്‍ അര്‍ട്ടാക്സിയസ് (Artaxias), സെറിയാഡ്രസ് (Zariadress) എന്നീ രണ്ടു സത്രപുമാരെ അര്‍മീനിയയുടെ ഭരണാധികാരികളായി റോമാക്കാര്‍ അംഗീകരിച്ചു. അര്‍ടാക്സാറ്റ ആസ്ഥാനമാക്കി ഗ്രേറ്റര്‍ അര്‍മീനിയ സ്ഥാപിച്ചത് അര്‍ടാക്സിയസായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭംവരെ അര്‍ടാക്സിയസിന്റെ രാജവംശമാണ് അര്‍മീനിയ ഭരിച്ചത്. സെറിയാഡ്രസ് സോഫീന കേന്ദ്രമാക്കിയും ഭരണം നടത്തിയിരുന്നു. ടൈഗ്രേനസ് (ബി.സി. 94-56) ടൈഗ്രനോസെര്‍ട്ട എന്ന തലസ്ഥാനനഗരി സ്ഥാപിച്ച് രാജ്യം വിസ്തൃതമാക്കി. സോഫീനയും മറ്റു ചെറു രാജ്യങ്ങളും ഇദ്ദേഹം കീഴടക്കി; പാര്‍ത്തിയ, സിറിയ, കപ്പഡോഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ആക്രമിച്ചെടുത്തു. അന്ത്യോഖ്യപോലും ഈ രാജവംശത്തിന്റെ കീഴിലമര്‍ന്നു. ഇദ്ദേഹം പോണ്ടസ്സിലെ മിത്രിഡേറ്റിസിന്റെ സഹായത്തോടെ രാജ്യവികസനം ആരംഭിച്ചത് റോമാക്കാരുമായി യുദ്ധത്തിനു വഴിതെളിച്ചു. ഒടുവില്‍ ലക്കല്ലസിന്റെ ആക്രമണഫലമായി അര്‍മീനിയ റോമന്‍ മേധാവിത്വം അംഗീകരിച്ചു. റോമാക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ അര്‍മീനിയയുടെ പേരിലുണ്ടായിരുന്ന തര്‍ക്കം ഒഴിവാക്കുവാന്‍ നീറോചക്രവര്‍ത്തി എ.ഡി. 66-ല്‍ പേര്‍ഷ്യയിലെ അര്‍സാസിദ് വംശത്തിലെ ടിറിഡേറ്റ്സ് രാജകുമാരനെ അര്‍മീനിയയിലെ ഭരണാധികാരിയാക്കി. അര്‍സാസിദ് വംശക്കാരുടെ ഭരണകാലത്ത് രാജ്യത്ത് രാഷ്ട്രീയഭദ്രതയുണ്ടായി. ടിറിഡേറ്റ്സ് III-നെ വിശുദ്ധ ഗ്രിഗറി ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിപ്പിച്ചു. ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു റോമാക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ അര്‍മീനിയയുടെ ആധിപത്യത്തിനായി 4-ഉം, 5-ഉം ശ.-ങ്ങളില്‍ സമരം ചെയ്തു. അവസാനം 387-ല്‍ അര്‍മീനിയയെ ഇരുകൂട്ടരും പങ്കിട്ടെടുക്കുകയാണുണ്ടായത്.

8-ാം ശ-ത്തില്‍ നിര്‍മിതമായ ജഗാര്‍ഡ് ക്ഷേത്രത്തിന്റെ പൊതുവീക്ഷണം

റോമാക്കാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും പുറമേ ഗ്രീക്കുകാര്‍, അറബികള്‍, തുര്‍ക്കികള്‍ എന്നിവരും അര്‍മീനിയയെ അടിക്കടി ആക്രമിച്ചുകൊണ്ടിരുന്നു. പേര്‍ഷ്യയിലെ സസാനിദ് വംശക്കാരുടെ പതനത്തോടെ അറബികള്‍ പ്രബലരാവുകയും അര്‍മീനിയയുടെ അധീശത്വം പിടിച്ചെടുക്കുകയും ചെയ്തു. ഖലീഫയായ മുആവിയ ഒന്നാമനുമായി അര്‍മീനിയക്കാര്‍ 653-ല്‍ സന്ധിചെയ്ത് രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം ഒരതിരുവരെ നിലനിര്‍ത്തി. 7-ാം ശ. മുതല്‍ 9-ാം ശ.-ത്തിന്റെ അവസാനംവരെ അറബി ഖലീഫമാര്‍ക്കായിരുന്നു അവിടെ മേധാവിത്വം. വിദേശീയമേധാവിത്വത്തില്‍നിന്നു മോചിതമായതിനുശേഷം ബഗ്രതിദ് (Bagratid) രാജവംശത്തിന്റെ അധികാരത്തില്‍ അര്‍മീനിയ രണ്ടു ശ.-ങ്ങള്‍ കഴിച്ചുകൂട്ടി; 886-ല്‍ അഷോട് I ആണ് രാജാധികാരം പുനഃസ്ഥാപിച്ചത്. 11-ാം ശ.-ത്തില്‍ തുര്‍ക്കികളും തുടര്‍ന്ന് മംഗോളിയരും അര്‍മീനിയ കീഴടക്കി; 1405-ല്‍ തിമൂറിന്റെ മരണശേഷം യഥാക്രമം ടെക്കോമനുകള്‍, പേര്‍ഷ്യക്കാര്‍, ഓട്ടോമന്‍ തുര്‍ക്കികള്‍ എന്നിവരുടെ കീഴിലായി. 1639-ല്‍ അര്‍മീനിയയുടെ പടിഞ്ഞാറുഭാഗം തുര്‍ക്കിയോടും കിഴക്കുഭാഗം പേര്‍ഷ്യയോടും കൂട്ടിച്ചേര്‍ത്തു.

1828-ല്‍ റഷ്യയും പേര്‍ഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അര്‍മീനിയയുടെ കുറെ ഭാഗങ്ങള്‍ റഷ്യയുടെ അധീനതയിലായി. 1877-78-ല്‍ റഷ്യയും തുര്‍ക്കിയും തമ്മില്‍ നടന്ന യുദ്ധത്തിനു ശേഷം ബാക്കിഭാഗങ്ങള്‍കൂടി റഷ്യയുടെ അധീനതയിലാവാന്‍ സാധ്യത ഉണ്ടായിരുന്നുവെങ്കിലും, ബെര്‍ലിന്‍ കോണ്‍ഗ്രസ്സില്‍വച്ചു ഡിസ്രേലി ഇടപെട്ടതിനാല്‍ ഈ ഉദ്യമം സഫലമായില്ല.

സ്വാതന്ത്ര്യസമരം. അര്‍മീനിയയില്‍ ഇക്കാലമത്രയും ദേശീയബോധം വളര്‍ന്നുകൊണ്ടിരുന്നു. അന്യരാജ്യങ്ങളില്‍ താമസിച്ചിരുന്ന അര്‍മീനിയര്‍ തങ്ങളുടെ മാതൃരാജ്യം സ്വതന്ത്രമാക്കുന്നതിനുവേണ്ടി റഷ്യയുടെ സഹായത്തോടുകൂടി പല രഹസ്യസംഘടനകളുമുണ്ടാക്കി. റഷ്യയോടു ചേര്‍ന്നു കഴിഞ്ഞിരുന്ന അര്‍മീനിയയുടെ കി. ഭാഗക്കാര്‍ക്കു പല സ്വാതന്ത്ര്യങ്ങളും കിട്ടിയിരുന്നത് ഇവരെ പ്രോത്സാഹിപ്പിച്ചു. 1908-ലെ തുര്‍ക്കിഭരണഘടന അര്‍മീനിയര്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ അര്‍മീനിയരുടെ ദേശീയബോധത്തെ അമര്‍ഷത്തോടെ നോക്കിക്കൊണ്ടിരുന്ന തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് II (1842-1918) 1909 മാ.-ഏ.-ല്‍ അസംഖ്യം അര്‍മീനിയരെ വധിക്കുകയുണ്ടായി.

സെവാന്‍ തടാകതീരത്ത് ബി.സി.9-ാം ശ.-ത്തില്‍ നിര്‍മ്മിച്ച അപ്പോസ്തല ദേവാലയം

1908-ല്‍ അര്‍മീനിയര്‍ യുവതുര്‍ക്കികളുടെ വിപ്ളവത്തെ സഹായിച്ചിരുന്നു. അവര്‍ പ്രാദേശികഭരണത്തില്‍ മതപരിഗണന കൂടാതെ എല്ലാവര്‍ക്കും തുല്യത നല്കി. എന്നാല്‍ ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ സഹായസഹകരണം വാഗ്ദാനം ചെയ്തിരുന്നത് പാലിക്കാന്‍ അര്‍മീനിയര്‍ കൂട്ടാക്കാത്തതിനെ ത്തുടര്‍ന്ന് യുവതുര്‍ക്കികള്‍ അര്‍മീനിയരെ ഒന്നടങ്കം നാടുകടത്താനും 15 വയസ്സിനും 60 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്മാരെ നിര്‍ബന്ധമായി പട്ടാളത്തില്‍ ചേര്‍ക്കുവാനും തുടങ്ങി. ഇതിനെത്തുടര്‍ന്ന് 1916-ല്‍ റഷ്യാക്കാര്‍ അര്‍മീനിയ ആക്രമിച്ചു കീഴടക്കി.

സോവിയറ്റ് സ്റ്റേറ്റ്. 1917-ലെ ബോള്‍ഷെവിക്ക് വിപ്ലവത്തെത്തുടര്‍ന്ന് അര്‍മീനിയന്‍ രാജവംശവും ബൂര്‍ഷ്വാസംഘടനയായ ദഷ്നാക്കിസ്റ്റുകളും കൂടി അര്‍മീനിയയുടെ ഭരണം പിടിച്ചെടുത്തു. ആ ഭരണം അവസാനിപ്പിച്ചത് 1920 ന. 29-നു അര്‍മീനിയന്‍ തൊഴിലാളികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സായുധസമരത്തിലൂടെയായിരുന്നു. തുടര്‍ന്ന് അര്‍മീനിയ ഒരു സോവിയറ്റ് സ്റ്റേറ്റായിത്തീര്‍ന്നു. അവിടത്തെ കൃഷിഭൂമി, ഖനികള്‍, വ്യവസായശാലകള്‍, ബാങ്കുകള്‍, റയില്‍വേ, വനം തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടു. അര്‍മീനിയ, ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ട്രാന്‍സ്കക്കേഷ്യന്‍ ഫെഡറല്‍ റിപ്പബ്ലിക്കായി. എങ്കിലും 1918 മേയ് 26-നു അതു പിരിഞ്ഞ് അംഗരാഷ്ട്രങ്ങള്‍ സ്വതന്ത്രമായി. മൂന്നു രാജ്യങ്ങളും യു.എസ്.എസ്.ആറിലെ വ്യത്യസ്തഘടകങ്ങളായി അംഗീകരിക്കപ്പെട്ടു. അര്‍മീനിയ 1920 ഡി. 3-നു ഒരു പരമാധികാര റിപ്പബ്ലിക്കായിത്തീര്‍ന്നു. റിപ്പബ്ലിക്കായതിനെത്തുടര്‍ന്നു ദഷ്നാക്കിസ്റ്റുകളെ ഭരണകൂടത്തില്‍നിന്നും പുറത്താക്കി. ഇതിനെത്തുടര്‍ന്ന് എസ്. വ്രാത്സിയന്‍ (S.Vratzian) 1921 ഫെ.-ല്‍ ഒരു കമ്യൂണിസ്റ്റുവിരുദ്ധവിപ്ലവം നയിച്ചെങ്കിലും പരാജയപ്പെട്ടു. 1922 മാ. 12-നു അര്‍മീനിയ, ജോര്‍ജിയ, അസെര്‍ബൈജാന്‍ എന്നീ സ്റ്റേറ്റുകള്‍ ചേര്‍ന്ന ട്രാന്‍സ്കക്കേഷ്യന്‍ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപവത്കൃതമായി. ഇത് 1922 ഡി. 30-ന് യു.എസ്.എസ്.ആറുമായി സംയോജിപ്പിക്കപ്പെട്ടു. 1936 ഡി. 5-നു സോവിയറ്റ് യൂണിയന്‍ പുതിയ ഭരണഘടന അംഗീകരിച്ചതോടെ പ്രസ്തുത ഫെഡറേഷന്‍ നിലവിലില്ലാതാവുകയും അര്‍മീനിയ സോവിയറ്റ് യൂണിയനിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീരുകയും ചെയ്തു. സോവിയറ്റ് ഭരണത്തിന്‍കീഴില്‍ വ്യാവസായികമായി അര്‍മീനിയ വളരെ ഏറെ പുരോഗതി നേടി. മറ്റു രാജ്യങ്ങളില്‍ നിന്നും രണ്ടുലക്ഷത്തിലധികം അര്‍മീനിയക്കാര്‍ ഇക്കാലത്തു അര്‍മീനിയയില്‍ തിരിച്ചെത്തി. 1988-ല്‍ അര്‍മീനിയയിലുണ്ടായ ഭൂകമ്പത്തില്‍ 55,000 ത്തിലധികം പേര്‍ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിത്തീരുകയും ചെയ്തു.

1991-ല്‍ സ്വതന്ത്രറിപ്പബ്ലിക്കായതിനെത്തുടര്‍ന്ന് അടുത്തുള്ള അസര്‍ബൈജാനിലെ നഗോര്‍ണോ, കരാബാഖ് എന്നീ പ്രദേശങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അര്‍മീനിയ ശക്തമാക്കി. ഇത് അര്‍മീനിയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അസര്‍ബൈജാനിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. 1994-ല്‍ വെടിനിര്‍ത്തല്‍ നടപ്പിലായി.

അര്‍മീനിയന്‍ സംസ്കാരം. എ.ഡി. 396-ല്‍ അര്‍മീനിയന്‍ അക്ഷരമാല നിലവില്‍വന്നു. അതിനുശേഷം ബൈബിള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും അരിസ്റ്റോട്ടല്‍, പ്ലേറ്റോ, യുസീബിയസ് തുടങ്ങിയവരുടെ കൃതികളും അര്‍മീനിയന്‍ഭാഷയിലേക്കു തര്‍ജുമ ചെയ്യപ്പെട്ടു. നാലു മുതല്‍ ഏഴു വരെ ശ.-ങ്ങളില്‍ ചരിത്രം, തത്ത്വശാസ്ത്രം, കവിത, സംഗീതം, നാടകം ആദിയായവ അര്‍മീനിയയില്‍ അഭിവൃദ്ധിപ്പെട്ടു. അനാനി ഷിരാക്കാട്ട്സി എന്ന പ്രസിദ്ധ പണ്ഡിതന്‍ തത്ത്വജ്ഞാനം, ഗണിതം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അനേകം കൃതികള്‍ രചിച്ചു. ഈ കൃതികള്‍ക്കു വലിയ പ്രചാരമുണ്ടായി. കടുത്ത യുദ്ധങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോഴും അര്‍മീനിയയിലെ സര്‍വകലാശാലകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. സയ്യദ്നോവ (1712-95) എന്ന പ്രശസ്തനായ കവി അര്‍മീനിയന്‍ ഭാഷയില്‍ മാത്രമല്ല, ജോര്‍ജിയന്‍, അസര്‍ബൈജാന്‍ ഭാഷകളിലും കവിതകള്‍ എഴുതിയിരുന്നു. റാഫി എന്ന നോവലിസ്റ്റ്, ഗബ്രിയല്‍ സാന്‍ഡൂക്കിയര്‍ എന്ന നാടകകൃത്ത്, യര്‍വാന്‍ഡ് ഓട്ടിയന്‍ എന്ന ഫലിതസാഹിത്യകാരന്‍, ആധുനിക അര്‍മീനിയന്‍ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന കചാട്ടര്‍ അബോവ്യാന്‍ എന്നിവര്‍ 19-ാം ശ.-ത്തിലും വഹാന്‍ടെക്കേയന്‍ എന്ന കവി 20-ാം ശ.-ത്തിലും സാഹിത്യസേവനം ചെയ്തിരുന്നവരാണ്. ആദ്യത്തെ അര്‍മീനിയന്‍ അച്ചടിശാല വെനീസിലാണ് സ്ഥാപിതമായത്. വെനീസില്‍നിന്നു തന്നെയാണ് അര്‍മീനിയരുടെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകൃതമായതും. ആദ്യത്തെ അര്‍മീനിയന്‍ പത്രം പ്രസിദ്ധീകരിച്ചതു ചെന്നൈയില്‍ നിന്നായിരുന്നു. ചെന്നൈയില്‍ ഇന്നും ഒരു അര്‍മീനിയന്‍ തെരുവുണ്ട്.

മതം. ലോകത്തില്‍ ഒന്നാമതായി ക്രിസ്തുമതം രാഷ്ട്രമതമായി അംഗീകരിച്ചത് അര്‍മീനിയയാണ്. വ്യക്തിപരമായ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി മതത്തെയും ഭരണകൂടത്തെയും ഇന്നു വേര്‍തിരിച്ചിരിക്കുന്നു. ഗ്രിഗറി ഇല്ലൂമിനേറ്റര്‍ സ്ഥാപിച്ച അര്‍മീനിയന്‍സഭയാണ് ഇപ്പോള്‍ ഏറ്റവും പ്രമുഖം. രണ്ടാമത്തേത് അര്‍മീനിയന്‍ കത്തോലിക്കാസഭയാണ്. യെരെവാനില്‍ നിന്നു 15 കി.മീ. ദൂരത്തുള്ള എച്ച്മയാഡീസിന്‍ ആണ് ഈ സഭയുടെ മുഖ്യഭരണകര്‍ത്താവ് (കതോലിക്കോസ്) ആസ്ഥാനമാക്കിയിട്ടുള്ളത്. ഇവിടെ പുരാതനമായ ഒരു ഭദ്രാസനപ്പള്ളിയുണ്ട്. ഈ രണ്ടു വിഭാഗക്കാരെയും കൂടാതെ കുറെ പ്രൊട്ടസ്റ്റന്റുകാരും അര്‍മീനിയയിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍