This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ബുദജനകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ബുദജനകങ്ങള്‍

Carcinogens


അര്‍ബുദം എന്ന രോഗത്തെ ഉളവാക്കുന്നവ. ബാഹ്യമായി പ്രവര്‍ത്തിച്ച് അര്‍ബുദം ഉളവാക്കുന്ന 400-ല്‍ അധികം ഹേതുക്കള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അര്‍ബുദജനകങ്ങളാണോ എന്നു നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയിക്കപ്പെടുന്ന വേറെയും ഹേതുക്കളുണ്ട്. വികിരണങ്ങള്‍ (radiations), താപനില, വ്രണാദികള്‍, രാസവസ്തുക്കള്‍, വൈറസ്സുകള്‍, പരോപജീവികള്‍ (parasites), ബാക്റ്റീരിയ എന്നിങ്ങനെ അര്‍ബുദജനകങ്ങളെ പല ഇനങ്ങളായി തിരിക്കാം. അണുവിഭജനം സാധ്യമായതിനെത്തുടര്‍ന്ന് ജനമധ്യേസംസാരവിഷയമായിത്തീര്‍ന്നിട്ടുള്ള ഒന്നാണ് അര്‍ബുദവും വികിരണങ്ങളും തമ്മിലുള്ള ബന്ധം. എക്സ് രശ്മികള്‍, ഗാമാ രശ്മികള്‍, ഇലക്ട്രോണുകള്‍, ന്യൂട്രോണുകള്‍, പ്രോട്ടോണുകള്‍ എന്നിവ അര്‍ബുദജനകങ്ങളായ ഉച്ചോര്‍ജ വികിരണങ്ങളാണ്. സാമാന്യേന വികിരണപ്രേരിതമായ അര്‍ബുദത്തിന്റെ ആവൃത്തി നിശ്ചയിക്കുവാന്‍ പ്രയാസമുണ്ട്. ഒരാള്‍ റേഡിയേഷന് എത്രമാത്രം വിധേയനായിട്ടുണ്ട് എന്നു നിര്‍ണയിക്കുക അത്ര എളുപ്പമല്ല. റേഡിയേഷന്റെ മാത്ര എന്ത്? അഭികരണം (exposure) അല്പകാലികവും തീവ്രവുമായിരുന്നുവോ അതോ ദീര്‍ഘകാലികവും ലഘുവുമായിരുന്നുവോ? അഭികരണവിധേയമായ ടിഷ്യൂവിന്റെ വ്യാപ്തം (volume) എന്താണ്? അഭികരണം ഏതു രീതിയിലായിരുന്നു? ഇത്രയും കാര്യങ്ങള്‍ അത്ര കൃത്യമായി അറിയുവാന്‍ അസാധ്യമായതിനാലാണ് റേഡിയേഷന്‍ മൂലം മനുഷ്യനിലുണ്ടാകുന്ന അര്‍ബുദങ്ങളുടെ വിവരണം ഇന്നും ഒരു പരിധിവരെ അപൂര്‍ണമായിരിക്കുന്നത്.

വികിരണാര്‍ബുദങ്ങളുടെ (Radiation cancer) ആദ്യത്തെ രേഖകളില്‍ ഒന്ന് 1902-ല്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ നിന്നാണു ലഭിച്ചത്. എക്സ്റേ-ട്യൂബ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ ട്യൂബുകളെ പരിശോധിച്ചിരുന്നത് സ്വന്തം കൈകളില്‍ ആ വികിരണങ്ങള്‍ തട്ടിച്ചുനോക്കിയിട്ടായിരുന്നു. അയാള്‍ക്ക് കൈയിന്മേല്‍ പരന്ന ഒരു ചര്‍മത്തടിപ്പ് ആദ്യമുണ്ടായി, മൂന്നു വര്‍ഷത്തിനുശേഷം അയാള്‍ ചര്‍മാര്‍ബുദബാധിതനായിത്തീര്‍ന്നു. രോഗം ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്കും വ്യാപിച്ചു. ഈ നിരീക്ഷണത്തെത്തുടര്‍ന്ന് അസ്ഥി, ശ്വാസകോശം, രക്തനിര്‍മാണകാരികളായ കലകള്‍ എന്നിവയില്‍ വികിരണപ്രേരിതാര്‍ബുദങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ കണ്ടുകിട്ടിത്തുടങ്ങി. വാച്ചിന്റെ ഡയല്‍ (dial) പെയിന്റു ചെയ്യുന്നവരുടെ ഇടയിലാണ് ഇത്തരം ഉദാഹരണങ്ങള്‍ ഏറ്റവും അധികം പ്രകടമായിരുന്നത്. പ്രകാശിക്കുന്ന ഡയലുകള്‍ നിര്‍മിക്കുമ്പോള്‍ ദീപ്തിശീലങ്ങളായ (luminiscent) റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ബ്രഷ് ചുണ്ടില്‍തൊട്ടു നനച്ചാണ് പലരും പെയിന്റിങ് നടത്തിയിരുന്നത്. അത്തരക്കാരില്‍ അധരാര്‍ബുദം ഉണ്ടായിക്കണ്ടു. അത്യല്പമാത്രകളില്‍ വികിരണം ഏല്ക്കുന്നതുകൊണ്ടു വലിയ ദോഷമൊന്നും വരാനില്ല.

ഹിരോഷിമയിലും നാഗസാക്കിയിലും അണുവിപത്തില്‍ നിന്നു രക്ഷപ്പെട്ട് അവശേഷിച്ചവരില്‍ രക്താര്‍ബുദ ബാധാനിരക്ക് കൂടുതലുണ്ടായിരുന്നു. വികിരണനം ആണ് ഇതിന്റെ കാരണം. എലി, ഗിനിപ്പന്നി എന്നീ ജീവികളില്‍ വികിരണനം മൂലം പലതരം അര്‍ബുദങ്ങളും ഉത്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. സൂര്യകിരണങ്ങള്‍ അര്‍ബുദജനകം ആകാം. വെളുത്ത തൊലിയുള്ളവര്‍ക്കു കറുത്തവരെക്കാള്‍ കൂടുതലായി മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ കാണാവുന്നതാണ്. അക്കൂട്ടത്തില്‍ നാവികര്‍, ഉഷ്ണമേഖലകളില്‍ കൃഷിചെയ്യുന്നവര്‍ എന്നിവര്‍ക്കും അര്‍ബുദസാധ്യത കൂടുതലാണ്.

അര്‍ബുദജനകങ്ങളായ രാസവസ്തുക്കള്‍ അനവധിയാണ്. പുകക്കുഴല്‍ തൂപ്പുകാര്‍ക്കിടയില്‍ വൃഷണസഞ്ചിയില്‍ കാന്‍സര്‍ കൂടുതലായി ഉണ്ടാവുന്നതായി 1775-ല്‍ പേര്‍സിവല്‍ പോട്സ് (Percival Potts) എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചു. നൂറ്റിനാല്പതു കൊല്ലത്തിനുശേഷം എലികളുടെ ചെവികളില്‍ കോള്‍ടാര്‍ തേച്ചുവിട്ട് അര്‍ബുദം ഉത്പാദിപ്പിക്കുകയും അതിനു കാരണമായ രാസവസ്തുവിനെ വേര്‍തിരിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് കോള്‍ടാറില്‍നിന്ന് അര്‍ബുദജനകങ്ങളായ അനേകം രാസവസ്തുക്കളും കണ്ടുപിടിച്ചു.

അര്‍ബുദജനകങ്ങളായ രാസപദാര്‍ഥങ്ങളില്‍ ഏറ്റവും പ്രധാനം പോളിസൈക്ലികങ്ങളായ ആരൊമാറ്റിക് ഹൈഡ്രോകാര്‍ബണുകളും, തത്സമാനങ്ങളായ നൈട്രജന്‍ ഉള്ള ഹെറ്ററൊസൈക്ലിക യൗഗികങ്ങളും ചില സംശ്ലിഷ്ട ചായങ്ങളും (synthetic dyes) ആണ്. ചില ആരൊമാറ്റിക് അമീനുകള്‍ക്കും ചില കാര്‍ബമേറ്റുകള്‍ക്കും അര്‍ബുദജനകത്വം ഉണ്ട്. ഫിനാന്‍ഥ്രീന്‍, ബെന്‍സാന്‍ഥ്രസീന്‍, ബെന്‍സൊപൈറിന്‍, ബെന്‍സൊഫിനാന്‍ഥ്രീന്‍, ഫ്ളുവൊറോണ്‍ എന്നീ യൗഗികങ്ങള്‍ പോളിസൈക്ലിക ഹൈഡ്രൊകാര്‍ബണുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയും ഇവയുടെ വ്യുത്പന്നങ്ങളും, ബെന്‍സാക്രിഡിന്‍ എന്ന ഹെറ്ററൊസൈക്ലിക യൗഗികത്തിന്റെ വ്യുത്പന്നങ്ങളും, ആരൊമാറ്റിക് അമീന്‍ ആയ അനിലിനും, എഥില്‍ കാര്‍ബമേറ്റും, പാരാഡൈമെഥില്‍ അമിനൊ അസൊബെന്‍സീന്‍ അഥവാ ബട്ടര്‍ യെല്ലോ എന്ന അസൊ ചായവും (azodye) മറ്റുള്ളവയ്ക്ക് ഉദാഹരണങ്ങളാണ്. ഈ രാസവസ്തുക്കള്‍ ശരീരത്തിലെ ചില സെല്‍ പ്രോട്ടീനുകളുമായി രാസപരമായി യോജിക്കുകയും അവയുടെ സ്വതേയുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുന്നു എന്നാണു വിശ്വസിക്കപ്പെടുന്നത്. ചില എന്‍സൈമുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിനും ഇവയ്ക്കു കഴിവുണ്ട്. അസൊ ചായങ്ങളുടെ സൂക്ഷ്മവും വിശദവുമായ പഠനങ്ങള്‍ക്കുശേഷം അത്തരം യൗഗികങ്ങളിലുള്ള -N = N- എന്ന അപൂരിതഗ്രൂപ്പാണ്(unsaturated group) അര്‍ബുദനിദാനം എന്നും മനസ്സിലായിട്ടുണ്ട്. അസൊഗ്രൂപ്പിലെ ഇലക്ട്രോണ്‍സാന്ദ്രത (electron concentration) കൂടുന്നതിനനുസരിച്ച് അര്‍ബുദജനകത്വശേഷി വര്‍ധിക്കുന്നതായും കണ്ടിരിക്കുന്നു. എന്നാല്‍ ഗവേഷണങ്ങളുടെ ഫലമായി ചില അര്‍ബുദജനകങ്ങളായ വസ്തുക്കള്‍ക്ക് അര്‍ബുദസ്തംഭകത്വം (cancer inhibition) കൂടി ഉണ്ടെന്ന ആശ്ചര്യകരമായ സംഗതിയും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഏതായാലും അന്തിമമായ ഒരു തീരുമാനവും ഇനിയും കൈക്കൊള്ളാറായിട്ടില്ല.

പുകയിലയിലടങ്ങിയിട്ടുള്ള ചില രാസവസ്തുക്കള്‍ (പോളിസൈക്ലിക ഹൈഡ്രൊകാര്‍ബണ്‍ വ്യുത്പന്നങ്ങള്‍ ഉദാഹരണം) അര്‍ബുദജനകങ്ങള്‍ ആണ്. പുകവലിക്കാര്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദം കൂടുതലായി കാണുന്നുണ്ട്. ഒരു ദിവസം 20-40 സിഗരറ്റ് വലിക്കുന്നവര്‍ 10-20 സിഗരറ്റു വലിക്കുന്നവരെക്കാള്‍ രണ്ടിരട്ടിയോളം അര്‍ബുദവിധേയത്വമുള്ളവരാണ്. ഒരിക്കലും പുകവലിക്കാത്തവര്‍ക്കു ശ്വാസകോശത്തില്‍ അര്‍ബുദബാധ സുദുര്‍ലഭമത്രെ; പുകവലിക്കാര്‍ക്കിടയില്‍ വൃക്കയിലെ അര്‍ബുദവും (kidney cancer) വ്യാപകമാണ്.

ചിരസ്ഥായിയായ ടിഷ്യു ക്ഷതങ്ങള്‍ (chronic irritation of tissues), ഷിസ്റ്റൊസോമ ഹേമറ്റോബിയം (Schistosoma hematobium) എന്ന പരോപജീവിയുടെ (parasite) ആക്രമണം, മുമ്പെങ്ങാനുമുണ്ടായിട്ടുള്ള ക്ഷയരോഗബാധ മുതലായവയും അര്‍ബുദജനകങ്ങളാകാവുന്നതാണ്. പുകവലിക്കുന്നവര്‍ക്കു ദീര്‍ഘകാല ഉത്തേജനംനിമിത്തം ചുണ്ടിലും, പുകയില മുറുക്കുന്നവര്‍ക്ക് കവിളത്തും, മുറിഞ്ഞതോ തേഞ്ഞതോ ആയ പല്ലിന്‍മേല്‍ ചിരകാലമായി ഉരസുകമൂലം നാവിലും കവിളിലും അര്‍ബുദം ഉണ്ടാകാം. കാറ്റത്തും വെയിലത്തും ദീര്‍ഘകാലം വിവസ്ത്രരായി ജീവിക്കുന്നവര്‍ക്കും അര്‍ബുദസാധ്യതയുണ്ട്. എന്നാല്‍ നിരന്തരമായ ഉത്തേജനമുണ്ടായിട്ടും പ്രസ്തുത രോഗം ബാധിക്കാത്തവരുടെ എണ്ണവും വിരളമല്ല. ആകയാല്‍ ഉത്തേജനം അര്‍ബുദത്തിന് ഒരു പ്രത്യക്ഷകാരണമല്ലെന്നാണു കരുതേണ്ടത്. ഉത്തേജനംകൊണ്ട് കലകളില്‍ സംഭവിക്കുന്ന ഉത്പരിവര്‍ത്തനമോ മറ്റെന്തെങ്കിലുമോ ആയിരിക്കണം യഥാര്‍ഥത്തില്‍ അര്‍ബുദകാരണം.

പ്രകൃത്യാ ലഭിക്കുന്നതോ ശുദ്ധീകരിക്കപ്പെട്ടതോ ആയ ആഹാരസാധനങ്ങളൊന്നും പ്രായേണ അര്‍ബുദജനകമായിട്ട് അനുഭവപ്പെട്ടിട്ടില്ല. ആഹാരത്തെ ദൂഷിതമാക്കുന്ന കീടനാശിനികള്‍, ജന്തുക്കളുടെ ആഹാരത്തില്‍ കലര്‍ത്തുന്ന ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, ആഹാരത്തിന്റെ പരിരക്ഷകങ്ങള്‍ (preservatives) ആയ പദാര്‍ഥങ്ങള്‍, ആഹാരത്തിനു നിറവും മണവും കൊടുക്കുന്നതിനും ആഹാരം ചിലപ്പോള്‍ പരുവപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ മുതലായവ അര്‍ബുദജനകങ്ങള്‍ ആണോ എന്ന കാര്യം ഗാഢമായ ഗവേഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. സൌന്ദര്യവര്‍ധകങ്ങളായ വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ കഥയും ഇതുതന്നെ. ഇവയെല്ലാം ഒരുവിധം നിത്യോപയോഗസാധനങ്ങളാകയാല്‍ ഇവയുപയോഗിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള രാസവസ്തുക്കളുമായി ദീര്‍ഘകാലത്തെ അഭികരണം സംഭവിക്കാനിടയുണ്ട്.

വ്യവസായവത്കൃതനഗരങ്ങളില്‍ അന്തരീക്ഷം പൊതുവേ മലിനമാകുന്നതുമൂലം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് അര്‍ബുദസാധ്യത കൂടുതലാണ്. വിവിധരാസപ്രക്രിയകളില്‍ നിന്നും ഉദ്ഭവിക്കുന്ന വാതകങ്ങള്‍, കല്‍ക്കരി, എണ്ണ എന്നിവയുടെ ദഹനം (combustion) നിമിത്തം ഉത്പന്നമാകുന്ന വസ്തുക്കള്‍, മോട്ടോര്‍വാഹനങ്ങളില്‍നിന്നു വമിക്കുന്ന വാതകങ്ങള്‍, കരിയുടെ സൂക്ഷ്മകണങ്ങള്‍ എന്നീ അപദ്രവ്യങ്ങള്‍കൊണ്ടു നഗരാന്തരീക്ഷം പ്രായേണ പ്രദൂഷിതമായിരിക്കും. വ്യവസായവത്കരണം പുരോഗമിക്കുന്തോറും അര്‍ബുദബാധയില്‍ സമാന്തരമായ ഒരു വര്‍ധനവു കാണുന്നുണ്ട്, വിശേഷിച്ചും ശ്വാസകോശാര്‍ബുദബാധയില്‍. പ്രദൂഷിതാന്തരീക്ഷത്തിനും അര്‍ബുദത്തിനും തമ്മില്‍ നേരിട്ടു കാര്യകാരണബന്ധമുണ്ടോ എന്നു ഖണ്ഡിതമായി ഇനിയും തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ചില ഇനം വൈറസുകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളില്‍ അര്‍ബുദമുണ്ടാക്കുവാന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ രക്താര്‍ബുദത്തില്‍ വൈറസ് സദൃശകണങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. സാര്‍ക്കോമ (Sarcoma, ബന്ധക കലകളെ ബാധിക്കുന്ന അര്‍ബുദം) ബാധിച്ച കലകളുടെ കോശരഹിതനിഷ്യന്ദങ്ങള്‍ (cellfree filtrates) ചുണ്ടെലികളില്‍ ജനിച്ചയുടന്‍തന്നെ കുത്തിവച്ചപ്പോള്‍ അവയ്ക്ക് രക്താര്‍ബുദം ഉണ്ടാകുന്നതായി കണ്ടു. ആകയാല്‍ അത്തരം നിഷ്യന്ദങ്ങളില്‍ അര്‍ബുദജനകവസ്തു ഉണ്ടായിരിക്കണമെന്നും അതു മിക്കവാറും വൈറസ് പോലുള്ള എന്തെങ്കിലുമാണെന്നും അഭ്യൂഹിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം വൈറസ് മനുഷ്യരില്‍ രക്താര്‍ബുദം ഉണ്ടാക്കാനിടയുണ്ട്. പ്രസ്തുത വൈറസ് ആദ്യം നിരുപദ്രവമായിരുന്നിരിക്കാമെന്നും അതു പിന്നീട് ചില അര്‍ബുദജനകങ്ങളുടെ പ്രവര്‍ത്തനമോ പ്രേരണയോ നിമിത്തം സ്വയം അര്‍ബുദജനകമായിത്തീര്‍ന്നിരിക്കാമെന്നും സംശയിക്കപ്പെടുന്നു. രക്താര്‍ബുദജനകം കുത്തിവച്ച ചുണ്ടെലികളുടെ സീറത്തില്‍ (serum) നിന്നും ഉണ്ടാക്കിയ വാക്സിനുകള്‍ക്കു (vaccines) മറ്റു ജന്തുക്കളെ വൈറസ് ബാധയില്‍നിന്നു രക്ഷിക്കുവാന്‍ സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ സംബന്ധിച്ചിടത്തോളം നിരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. വൈറസുകള്‍ ചില ശരീരകോശങ്ങളെ ആക്രമിച്ച് അവയുടെ നിയന്ത്രക ക്രിയാതന്ത്രങ്ങളെ (regulatory mechanisms) വ്യത്യാസപ്പെടുത്തുന്നതുകൊണ്ടാണ് അര്‍ബുദജനകങ്ങള്‍ ആയിത്തീരുന്നത് എന്നു വൈറസ് ഗവേഷകര്‍ വിശ്വസിക്കുന്നു.

(പ്രൊഫ. ഐ. രാമഭദ്രന്‍; ഡോ. പോള്‍ അഗസ്റ്റിന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍