This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ധകുംഭകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ധകുംഭകം

Dome

കെട്ടിടങ്ങള്‍ക്ക് അര്‍ധഗോളാകൃതിയിലോ അതിനു സദൃശമായ മറ്റു രൂപങ്ങളിലോ പണിയുന്ന മേല്‍പ്പുര. പകുതി മുറിച്ച കുടത്തിന്റെ ആകൃതിയില്‍നിന്നും അര്‍ധകുംഭകം എന്ന പേരു ലഭിച്ചു.

തിമൂറിന്റെ സ്മാരക മന്ദിരം,സമര്‍ഖണ്ട്

ഗോളാകൃതിയിലുള്ള മേല്‍ക്കൂരകള്‍ പണ്ടു നിര്‍മിച്ചിരുന്നത് ചെളിയും പുല്ലും കൂട്ടിക്കുഴച്ചാണ്. എസ്കിമോകളുടെ ഇഗ്ലു (Igloo) മറ്റൊരുദാഹരണമാണ്. ആകാശത്തിന്റെ ആകൃതിയുള്ളതുകൊണ്ട് അര്‍ധകുംഭകം പ്രപഞ്ചാത്മാവിന്റെ പ്രതീകമായി. അതുകൊണ്ടുതന്നെ അധികാരത്തിന്റെ ചിഹ്നമായും ഇവയെ പരിഗണിച്ചുപോന്നു.

ഓരോ സംസ്കാരത്തിലും ഇങ്ങനെ ഭിന്നങ്ങളായ ആശയപ്രതീകമായി വാസ്തുവിദ്യയില്‍ അര്‍ധകുംഭകനിര്‍മാണപ്രവണത നിലനിന്നു. ഇന്ത്യയില്‍ വേദകാലം മുതല്‍ ക്ഷേത്രങ്ങള്‍ക്ക് ഈ ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. സാഞ്ചിസ്തൂപത്തിലെ കൊത്തുവേലകളില്‍ ഈ രൂപം ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. ബുദ്ധമത സ്തൂപങ്ങളില്‍ അര്‍ധകുംഭകം സ്ഥിരപ്രതിഷ്ഠ നേടി. ചൈനയിലെ പഴയ കാലത്തെ ശവകുടീരങ്ങള്‍ അര്‍ധകുംഭക മേല്‍പ്പുരയുള്ള കുടിലുകളുടെ രൂപത്തിലാണ്. ഗ്രീസിലെ വൃത്താകൃതിയുള്ള ക്ഷേത്രങ്ങള്‍ (Tholos) ജനനമരണ ചക്രത്തിന്റെ അടയാളമായിരുന്നു. റോമിലെ പാന്തിയോണ്‍ (Pantheon) ക്ഷേത്രം പ്രപഞ്ചശക്തിയുടെ പ്രതിമാനമായി നിര്‍മിച്ചതാണ്. റോമില്‍ നിന്നും ക്രിസ്ത്യാനികള്‍ ഈ ആശയം സ്വീകരിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹോളി വിസ്ഡം പള്ളി എ.ഡി. 561-ല്‍ പുനരുദ്ധരിച്ചപ്പോള്‍ നിര്‍മിച്ച അര്‍ധകുംഭകാകൃതിയിലുള്ള മേല്‍പ്പുര ഈശ്വരമാഹാത്മ്യത്തിന്റെയും ക്രിസ്തുവിന്റെ അധികാരത്തിന്റെയും ചക്രവര്‍ത്തിമാരുടെ ശക്തിയുടെയും ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ശവകുടീരത്തിന്റെയും ഒക്കെ പ്രതീകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഈ നിര്‍മാണരീതി മധ്യേഷ്യയിലും ഇന്ത്യയിലും പ്രചാരം നേടിയത് ഇസ്ലാമിക സംസ്കാരവ്യാപനത്തില്‍ കൂടിയാണ്. അതേസമയം മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ഇതിന്റെ പ്രചാരം കുറഞ്ഞുവന്നു. നവോത്ഥാനത്തിനുശേഷം അര്‍ധകുംഭകം വീണ്ടും പ്രചാരത്തിലായപ്പോള്‍ അതിനോടനുബന്ധിച്ച പ്രതീകസൂചനകള്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. പിന്നീട് കാണാന്‍ കൌതുകമുള്ള ഒരു സംരചനാരൂപം എന്ന നിലയിലാണ് അര്‍ധകുംഭകത്തെ അധികവും പ്രയോജനപ്പെടുത്തിയത്.

നിര്‍മാണരീതി. 19-ാം ശ.-ത്തില്‍ വാസ്തുവിദ്യയില്‍ പല നൂതനപ്രവണതകളും ദൃശ്യമായി. കോണ്‍ക്രീറ്റിന്റെയും പ്രബലിത കോണ്‍ക്രീറ്റിന്റെയും കണ്ടുപിടിത്തം പഴയ നിര്‍മാണവസ്തുക്കളുടെ പരിമിതികളില്‍നിന്നും വാസ്തുവിദ്യയെ സ്വതന്ത്രമാക്കി. വിസ്താരമുള്ള അകത്തളങ്ങള്‍ക്ക് തൂണുകളുടെ പ്രതിബന്ധമില്ലാതെ മേല്‍പ്പുര പണിയാനുതകുന്ന ഒരു നിര്‍മാണരീതിയായിട്ടാണ് അര്‍ധകുംഭകം ഇന്നുപയോഗിക്കപ്പെടുന്നത്. സംരചനാവിശ്ലേഷണരീതിയുടെ പുരോഗതി ഇതിന്റെ രൂപകല്പന (design) കളിലും മാറ്റങ്ങള്‍ വരുത്തി. മെസോപ്പൊട്ടോമിയയിലെ നിനവേ നഗരത്തില്‍നിന്നും കിട്ടിയ ഒരു കുംഭകത്തിന്റെ ശിലാഫലകത്തിന് അഞ്ച് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.

എ.ഡി. 112-ല്‍ പണിതീര്‍ത്ത പാന്തിയോണ്‍ ക്ഷേത്രകുംഭകത്തിനാണ് പ്രാചീനകുംഭങ്ങളില്‍വച്ച് കൂടുതല്‍ ഭംഗിയും വലുപ്പവും.

അര്‍ധകുംഭകത്തിന്റെ നിര്‍മാണതത്ത്വം ചിത്രം 3-ല്‍ നിന്നും മനസ്സിലാക്കാം. ഇതിന്റെ ഒരു നേര്‍ത്ത പൂള് ഒരു കമാനം പോലെയാണ് പ്രവര്‍ത്തിക്കുക. സ്വഭാരത്താല്‍ മധ്യം കുഴിഞ്ഞും വശങ്ങള്‍ തള്ളിയും ഉള്ള ഒരാകൃതി ഇതു സ്വീകരിക്കും. ഇത്തരം അനേകം പൂളുകളുടെ ത്രിമാനസംയോഗമാണ് അര്‍ധകുംഭകമെന്നു പറയാം. ഈ പൂളുകളുടെ ഉപരിമേഖല ഒന്നിച്ചുകഴിയുന്നതിന്റെ ഫലമായി ദൃഢതയോടെ അത് അടഞ്ഞിരിക്കും. അധോമേഖലയിലാവട്ടെ പൂളുകള്‍ക്ക് പരസ്പരം വേറിട്ടു പോകാനുള്ള പ്രവണതയാണുണ്ടാവുക. അര്‍ധകുംഭകത്തിന്റെ ഭാരം തലങ്ങളിലൂടെ ആധാരത്തിലേക്ക് പ്രസരിക്കും.

അര്‍ധകുംഭകത്തിന്റെ പൂളുകള്‍ക്കുള്ളിലെ മര്‍ദവും വലിവും നിര്‍മാണവസ്തുക്കള്‍ തന്നെ താങ്ങണം. കല്ല്, ഇഷ്ടിക മുതലായ നിര്‍മാണവസ്തുക്കള്‍ക്ക് മര്‍ദം താങ്ങാനുള്ള ശക്തിയുണ്ട്. പക്ഷേ, വലിവിന്റെ കാര്യത്തില്‍ ദുര്‍ബലമാണവ. ഇക്കാരണത്താല്‍ അധോമേഖലയില്‍ നേര്‍ത്ത വിള്ളലുകള്‍ പ്രത്യക്ഷമാകാം. അപ്പോള്‍ ഓരോ പൂളും സ്വതന്ത്രമായ ഓരോ കമാനംപോലെ പ്രവര്‍ത്തിക്കാന്‍ ഇടവരാം. ഈ സാധ്യതയിലും ഭദ്രത കൈവരുത്തുന്നതിന് കുംഭകത്തിന്റെ കനം കൂട്ടേണ്ടതായി വരുന്നു. അതിന്റെ ഭാരം ആധാരത്തിന്മേല്‍ ചുറ്റും ഏകദേശം സമമായി പ്രസരിക്കുന്നു; അതുകൊണ്ട് അര്‍ധകുംഭകം നിര്‍മിക്കുന്നത് വൃത്താകൃതിയില്‍ ബലമുള്ള ആധാരത്തിലായിരിക്കണം. മറ്റാകൃതികളിലുള്ള കെട്ടിടങ്ങള്‍ക്ക് മേല്‍പ്പുരയായി ഇവ പണിയുന്നതിനുള്ള പ്രതിബന്ധമിതാണ്.

ബൈസാന്തിയന്‍ ശില്പികള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി; അര്‍ധകുംഭകത്തിന്റെ ഭാരപ്രസരണം തൂണുകളിലേക്കാക്കുന്നത് നന്നായിരിക്കുമെന്ന് അവര്‍ സ്ഥാപിച്ചു. സമചതുരാകൃതിയിലുള്ള മുറിയുടെ മൂലകളില്‍നിന്നും ഗോള ത്രികോണങ്ങള്‍ (spherical triangles) പോലെ തള്ളിനില്ക്കുന്ന പ്രലംബിനികള്‍ (pendatives) നിര്‍മിച്ചാല്‍ അവ മേല്‍പ്പുരയുടെ വിതാനത്തില്‍ വൃത്താകൃതിയുള്ള ആധാരമായിത്തീരും; മൂലകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമാനങ്ങളായും ഈ പ്രലംബിനികള്‍ പ്രവര്‍ത്തിക്കും. അര്‍ധകുംഭകത്തിന്റെ ഭാരം ഇവവഴി മൂലകളിലെ തൂണുകളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയും. മാത്രമല്ല, തൂണുകളുടെ ഇടയ്ക്ക് ആധാരത്തിനുവേണ്ടി മതില്‍കെട്ടി അടയ്ക്കേണ്ട ആവശ്യമില്ലാതെയും വരും. ഇതുമൂലം മുറിയുടെ വശങ്ങളില്‍ വാതിലുകള്‍ സ്ഥാപിക്കാനും സൗകര്യമുണ്ട് (ചി.4).

മൂലകളില്‍നിന്ന് പടിപടിയായി തള്ളിനില്ക്കുന്ന 'ഉത്സേധ'ങ്ങള്‍ (Corbels) നിര്‍മിച്ച് ചതുരാകൃതിയിലുള്ള ആധാരം അഷ്ടഭുജാകൃതിയിലും, പിന്നീട് വൃത്താകൃതിയിലും ആക്കിയെടുക്കുന്ന ഒരു നിര്‍മാണരീതിയാണ് മുഗള്‍ ഭരണകാലത്ത് ഇന്ത്യയില്‍ പരക്കെ സ്വീകരിച്ചിരുന്നത്; മറ്റു രീതികളും പ്രചാരത്തിലുണ്ടായിരുന്നു. ബിജാപ്പൂരിലെ ഗോള്‍ഗുംബാസിന്റെ നിര്‍മാണരീതിയാണ് ഇവയിലേറ്റവും ശ്രദ്ധാര്‍ഹമായിട്ടുള്ളത്. ഇവിടെ പരസ്പരം ബന്ധിക്കപ്പെട്ട അനേകം കമാനങ്ങള്‍ കെട്ടിടത്തിന്റെ അകത്തേക്കു ചരിഞ്ഞ് ഏതാണ്ട് വൃത്താകൃതിയിലുള്ള ആധാരം സൃഷ്ടിക്കുന്നു. അര്‍ധകുംഭകത്തിന്റെ ഭാരം ഈ കമാനങ്ങളിലേക്കാണ് പ്രസരിക്കുന്നത് (ചി. 5).

അര്‍ധകുംഭകത്തിന്റെ നിര്‍മാണം കമാനത്തിന്റേതെന്നപോലെ ആധാരങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. ഓരോ വിതാനത്തിലുമുള്ള വലയാകാരമായ നിരകള്‍ ക്രമേണ ചെറുതാക്കിക്കൊണ്ടുവന്ന് ഉച്ചിയിലെത്തിക്കുന്നു. ആധാരത്തില്‍ നിന്നും തുടങ്ങുന്ന കമാനങ്ങളുടെ ഒരു നിരയുണ്ടാക്കി ഇവയ്ക്കിടയിലെ ഭാഗം അടച്ചും നിര്‍മാണം സാധിക്കാം. ഇത്തരം അര്‍ധകുംഭകങ്ങള്‍ക്ക് 'ചാപകമാനകുംഭകം' (vaulted dome) എന്നു പറയുന്നു.

പ്രസിദ്ധമാതൃകകള്‍. അകത്തുനിന്നും നോക്കുമ്പോള്‍ കാഴ്ചയ്ക്ക് ഭംഗി അര്‍ധഗോളാകൃതിയിലുള്ള നിര്‍മിതിക്കാണ്. പക്ഷേ, പുറമേ നിന്നും നോക്കുമ്പോള്‍ ഇതിന് ഉയരം കുറവായതായി തോന്നിക്കും; ഭംഗിയും കുറയും. ഇതുകൊണ്ട് കെട്ടിടങ്ങള്‍ക്ക് രണ്ടോ മൂന്നോ പാളികളു(shells)ള്ള മേല്‍പ്പുര നിര്‍മിക്കാറുണ്ട്. ഒന്നില്‍ കൂടുതല്‍ പാളികളാവുമ്പോള്‍ സീലിംഗിന്റെ ഉപയോഗം നിര്‍വഹിക്കപ്പെടുമെന്ന മെച്ചവുമുണ്ട്. പാന്തിയോണിന്റെ മേല്‍പ്പുര ഒറ്റ അര്‍ധകുംഭകമാണ്. റോമിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിനു (ചി. 6) രണ്ടു പാളികളുണ്ട്; ലണ്ടനിലെ സെന്റ് പോള്‍സ് പള്ളിക്കാകട്ടെ മൂന്നു പാളികളാണുള്ളത്-ഏറ്റവും അകത്തേത് ഇഷ്ടികകൊണ്ടുള്ളതും, ഏറ്റവും പുറത്തേത് മരത്തിന്റെ ചട്ടക്കൂടില്‍ ഈയത്തകിടുകൊണ്ട് പൊതിഞ്ഞതുമാണ്. ഇവയ്ക്കിടയില്‍ ഇഷ്ടികകൊണ്ടുള്ള ഒരു വൃത്തസ്തൂപികയും നിര്‍മിച്ചിട്ടുണ്ട്. ഈ പാളി പ്രധാനമായും മേല്‍പ്പുരയിലെ വിളക്കിന്റെ ഭാരം താങ്ങാന്‍ ഉദ്ദേശിച്ചുണ്ടാക്കിയതാണ്. ഇന്ത്യയില്‍ താജ്മഹലിന് ഉള്ളിയുടെ ആകൃതിയില്‍ കാണുന്ന ഒരെണ്ണം പുറത്തും അര്‍ധഗോളാകൃതിയിലുള്ള മറ്റൊരെണ്ണം അകത്തും ഉണ്ട്.

മര്‍ദത്തിലും വലിവിലും കൂടുതല്‍ ശക്തിയുള്ള നിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ചാല്‍ കനം കുറഞ്ഞ അര്‍ധകുംഭകങ്ങള്‍ കൂടുതല്‍ വിസ്താരത്തില്‍ നിര്‍മിക്കാം. ഷെല്ലുകള്‍ പോലെയാണ് ഇവയുടെ പ്രവര്‍ത്തനം. പ്രബലിത സിമന്റ് കോണ്‍ക്രീറ്റ് (reinforced cement concrete ) ഉപയോഗിച്ചു നിര്‍മിച്ച ആദ്യത്തെ ഇത്തരം അര്‍ധകുംഭകം ജേനയിലെ ത്‍സെയ്സ്‍പ്ലാ‍നറ്റേറിയ(Zeiss planetarium)ത്തിന്റേതാണ്. കോണ്‍ക്രീറ്റില്‍ വെവ്വേറെ വാര്‍ത്തുണ്ടാക്കിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ലൂഗിനര്‍വി എന്ന ശില്പി റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ അര്‍ധകുംഭകം നിര്‍മിച്ചു. (ചി. 7). അര്‍ധകുംഭകനിര്‍മാണത്തില്‍ ഏറ്റവും ആധുനികമായ സംഭാവന ബക്മിന്‍സ്റ്റര്‍ ഫുള്ളര്‍ എന്ന ശില്പിയുടെ 'അല്പാന്തരീയകുംഭകം' (Deodesic dome) ആണ്. ഗോളത്തെ അടിസ്ഥാനപരമായി ത്രികോണങ്ങളായി ഭാഗിച്ച് ലോഹക്കുഴലുകള്‍ കൊണ്ട് ഈ ത്രികോണങ്ങള്‍ ഉണ്ടാക്കുകയും അവയ്ക്ക് അലുമിനിയത്തകിടോ കനംകുറഞ്ഞ മറ്റു വസ്തുക്കളോ കൊണ്ട് ഒരു നേര്‍ത്ത ആവരണം കൊടുക്കുകയും ചെയ്യുക എന്ന നിര്‍മാണരീതിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കനം കുറഞ്ഞ ചുവരിലോ, നേരിട്ടു ഭൂമിയിലോ ഉറപ്പിക്കാവുന്നവയാണ് ഇത്തരം അര്‍ധകുംഭകങ്ങള്‍.

(ടി.എസ്. ബാലഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍