This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ഥവിജ്ഞാനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അര്‍ഥവിജ്ഞാനീയം

Semantics

പദങ്ങളുടെ അര്‍ഥവ്യാപ്തി പ്രതിപാദിക്കുന്ന ഭാഷാശാസ്ത്രശാഖ. ഏറ്റവും പ്രകടനശേഷിയുള്ള ശാഖയും അര്‍ഥവിജ്ഞാനീയം തന്നെ. മനഃശാസ്ത്രത്തിന്റെയും തര്‍ക്കശാസ്ത്രത്തിന്റെയും ശാഖയായിട്ടും അര്‍ഥവിജ്ഞാനീയത്തെ കണക്കാക്കാവുന്നതാണ്. വ്യക്തിസത്തയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായ ഭാഷയുടെ കാതലായ അംശം അര്‍ഥവിഭാഗമാണെന്നാണ് പ്രസിദ്ധ ഭാരതീയ വൈയാകരണനായ പതഞ്ജലിയുടെ അഭിപ്രായം. ഭര്‍ത്തൃഹരിയാകട്ടെ വാക്കില്‍ സൂക്ഷ്മരൂപേണ ആശയം അടങ്ങിയിട്ടുണ്ടെന്നു തന്റെ വാക്യപദീയത്തില്‍ (കാരിക: 1-119) പ്രതിപാദിക്കുന്നു. പ്രാചീനകാലത്തു വ്യാകരണപഠനത്തില്‍ അര്‍ഥവ്യാപ്തിയെക്കുറിച്ചുള്ള പഠനത്തിനു മുന്‍തൂക്കമുണ്ടായിരുന്നു. പതഞ്ജലി പരാമര്‍ശിക്കുന്നതും ഇതുതന്നെയാണ്. വേദഗ്രന്ഥങ്ങള്‍ ഗ്രഹിക്കുന്നതിനു പദനിഷ്പത്തി, പദങ്ങളുടെ അര്‍ഥവ്യാപ്തി എന്നിവയെക്കുറിച്ചു നല്ല പരിജ്ഞാനം ആവശ്യമാണെന്നു യാസ്കനും സിദ്ധാന്തിക്കുന്നു.

ഭാഷാശാസ്ത്രശാഖകളായ സ്വനവിജ്ഞാനീയം (Phonology), രൂപിമവിജ്ഞാനീയം (Morphology), വാക്യവിചാരം (Syntax) എന്നിവയുമായെല്ലാം അഭേദ്യമായ ബന്ധമാണ് അര്‍ഥവിജ്ഞാനീയത്തിനുള്ളത്. അര്‍ഥവ്യത്യാസം വരുത്താന്‍ കഴിവുള്ള ഏകകങ്ങളാണ് ഭാഷയില്‍ സ്വനിമങ്ങള്‍ (phonemes). ഉദാ. കരി, കറി; ഉച്ചാരണസാദൃശ്യമുള്ള ഈ രണ്ടു പദങ്ങള്‍ക്കും ഭാഷയില്‍ രണ്ടര്‍ഥമാണ്. ര, റ എന്നീ രണ്ടു സ്വനിമങ്ങളാണ് ഇതിനു കാരണം. ഭാഷയിലെ അസംസ്കൃത വസ്തുവായ സ്വനം (phone) സ്വനിമമാകുന്നത് അതിന് അര്‍ഥവ്യത്യാസം വരുത്താന്‍ കഴിവുണ്ടെന്നു തെളിയുമ്പോഴാണ്. ഇതില്‍നിന്നും സ്വനവിജ്ഞാനീയത്തില്‍ അര്‍ഥത്തിനുള്ള പ്രാധാന്യം വ്യക്തമാണല്ലോ. പദം, പദഘടന, പദപ്രയോഗം തുടങ്ങിയവയാണ് രൂപിമവിജ്ഞാനീയത്തില്‍ പരിചിന്തനം ചെയ്യുന്നത്. ഇവിടെയും അര്‍ഥവിചാരം നടത്താതെ പദപഠനം സാധ്യമല്ല. വാക്യവിചാരത്തിലാകട്ടെ പദബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പദവിന്യാസവും പദവിന്യാസം കൊണ്ടു വാക്യത്തിനു ലഭിക്കുന്ന അര്‍ഥവ്യാപ്തിയും വിശകലനം ചെയ്യുന്നു. അര്‍ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് പദബന്ധവും പദവിന്യാസവും നടക്കുന്നത്.

അര്‍ഥവിജ്ഞാനീയത്തില്‍ ധ്വനി, പദം, വാക്യം എന്നിവയുടെ അര്‍ഥം വിശകലനം ചെയ്യുന്നുണ്ടെങ്കിലും പദാര്‍ഥത്തിനാണു ഊന്നല്‍ നല്കിയിരിക്കുന്നത്. ധ്വന്യാര്‍ഥത്തെയോ പദാര്‍ഥത്തെയോ സ്വതന്ത്രമായി കരുതാനാവില്ല. വാക്യാര്‍ഥവുമായി ഇവ ബന്ധപ്പെട്ടുകിടക്കുന്നു.

ആമുഖം

അര്‍ഥത്തെക്കുറിച്ചുള്ള പഠനനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഗ്രീക്-റോമന്‍ ചിന്തകരിലും ഭാരതീയ ദാര്‍ശനികരിലും ഈ വിഷയം ഗാഢമായ ചിന്തയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. അര്‍ഥത്തിന്റെ പ്രതിച്ഛായയായതുകൊണ്ടാണു വസ്തുക്കള്‍ക്ക് അവയുടെ സ്വഭാവം ലഭിക്കുന്നതെന്നു പ്രസിദ്ധ ഗ്രീക്കുതത്ത്വചിന്തകനായ പ്ളേറ്റോ സിദ്ധാന്തിക്കുന്നു. ആദിയില്‍ വചനം (word) ഉണ്ടായി എന്ന യോഹന്നാന്റെ സുവിശേഷം നാദത്തില്‍നിന്നും വിശ്വം ഉണ്ടായി എന്ന ഭാരതീയ ദര്‍ശനത്തെ അനുസ്മരിപ്പിക്കുന്നു. ഭാരതീയ വൈയാകരണന്റെ ശബ്ദബ്രഹ്മ ദര്‍ശനമായി ഈ ദര്‍ശനം പിന്നീട് അറിയപ്പെട്ടു. ഇപ്രകാരം ഭാഷാശാസ്ത്രത്തിലെ ശബ്ദദര്‍ശനം നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഭാരതത്തില്‍ രൂപംപ്രാപിച്ചുകഴിഞ്ഞു. ജെ.ആര്‍. ഫെര്‍ത്ത് തുടങ്ങിയ പല ശബ്ദശാസ്ത്രജ്ഞന്മാരും ഇതംഗീകരിച്ചിട്ടുമുണ്ട്.

പദനിര്‍വചനത്തില്‍ അര്‍ഥത്തിന്റെ സ്ഥാനം

പദനിര്‍വചനത്തിന് അര്‍ഥത്തെ മുഖ്യമായും ആധാരമാക്കാം. തുടര്‍ച്ചയായ പ്രയോഗം കൊണ്ടോ ലിഖിതരൂപംകൊണ്ടോ പദപരിധി സാമാന്യേന നിര്‍ണയിക്കാമെങ്കിലും അര്‍ഥമുള്‍ക്കൊണ്ട ഘടകങ്ങളായി തിരിയുമ്പോഴാണു പദമെന്ന പദവി അവയ്ക്കു ലഭിക്കുന്നത്. അതായത്, പദം തിരിക്കുന്നത് അര്‍ഥത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നര്‍ഥം. അപ്പോള്‍ പൂര്‍ണാര്‍ഥമുള്‍ക്കൊണ്ട ഏറ്റവും ചെറിയ ഘടകമാണു പദമെന്നു പദത്തെ നമുക്കു നിര്‍വചിക്കാം.

പദ-പദാര്‍ഥ ബന്ധം

പദത്തിന്റെ അര്‍ഥം എല്ലായ്പ്പോഴും വസ്തുക്കള്‍ ആയിരിക്കണമെന്നില്ല. അതു ചിലപ്പോള്‍ അമൂര്‍ത്തമായ വികാരമാകാം. ഉദാ. സാമര്‍ഥ്യം, ധൈര്യം. മറ്റു ചിലപ്പോള്‍ പദബന്ധങ്ങളാകാം. ഉദാ. സമുച്ചയങ്ങള്‍. ചിലപ്പോള്‍ ഇല്ലാത്ത ഒന്നാകാം. ഉദാ. ഗന്ധര്‍വന്‍. മിഥ്യാവസ്തുക്കള്‍ പദാര്‍ഥങ്ങളാകുന്നതിനെക്കുറിച്ചു ഭാഷാശാസ്ത്രജ്ഞന്മാരും ബുട്രണ്‍ഡ് റസ്സലിനെപോലുള്ള തത്ത്വചിന്തകന്മാരും ഗാഢമായി ചിന്തിച്ചിട്ടുണ്ട്. പദ-പദാര്‍ഥബന്ധത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ആശയവിനിമയോപാധിയായ ഭാഷയുടെ ചട്ടക്കൂട്ടില്‍നിന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ പദത്തെ ഒരു പ്രതീക(symbol)മായി കരുതാവുന്നതാണ്. സമൂഹത്തിന്റെ ബോധതലത്തില്‍ ഇതിനോടു ബന്ധപ്പെട്ട് ഒരു അര്‍ഥം പതിഞ്ഞുകഴിഞ്ഞിരിക്കും. ദീര്‍ഘകാല പ്രയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞതാകാം ഈ അര്‍ഥബോധം. വക്താവിന്റെയും ശ്രോതാവിന്റെയും ബോധതലത്തില്‍ ഭാഷണവേളയില്‍ ഈ പദ-പദാര്‍ഥബന്ധം ഉദിക്കുന്നു. ഉദാ. വടി എന്നു വക്താവ് ഉച്ചരിക്കുമ്പോള്‍ അതെന്താണെന്ന ബോധം അഥവാ അതിന്റെ അര്‍ഥം ശ്രോതാവില്‍ ഉളവാകുന്നു.

പദാര്‍ഥപഠനത്തില്‍ നിഘണ്ടുവിന്റെ പങ്ക്

പദാര്‍ഥപഠനവേളയില്‍ സ്വനവിജ്ഞാനീയം, രൂപിമവിജ്ഞാനീയം, വാക്യവിചാരം എന്നീ ഭാഷാശാസ്ത്രശാഖകളോടൊപ്പം നിഘണ്ടുവിജ്ഞാനീയംകൂടി പരിചിന്തിക്കേണ്ടതായുണ്ട്. പദങ്ങളെ വിഘടിപ്പിച്ചും സംയോജിപ്പിച്ചും പലതരത്തിലുള്ള പഠനങ്ങള്‍ക്കു വിധേയമാക്കുന്നുണ്ടു നിഘണ്ടു വിജ്ഞാനീയര്‍.

സാന്ദര്‍ഭികപ്രയോഗംകൊണ്ടുള്ള അര്‍ഥവ്യത്യാസം

പദാര്‍ഥപഠനത്തില്‍ സന്ദര്‍ഭത്തിന്റെ പ്രാധാന്യം എല്ലാ വൈയാകരണന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പദത്തിന്റെ സ്വയം പര്യാപ്തതയെപ്പോലും ചോദ്യംചെയ്യത്തക്ക നിലയിലാവും ചിലപ്പോള്‍ പ്രയോഗാര്‍ഥം വരിക. ചില പദങ്ങളുടെ അര്‍ഥം ഒരു നിശ്ചിതബിന്ദു (point) ആയിരിക്കില്ല. അതിന് ഒരു മേഖല (area of meaning) തന്നെ കാണും. ഉദാ. പച്ച. ഈ പദത്തിന്റെ അര്‍ഥം ഇളം പച്ചയാകാം. കടും പച്ചയുമാകാം. പച്ചയുടെ മറ്റു വകഭേദങ്ങളുമാകാം. സന്ദര്‍ഭത്തിലൂടെ ഇതു മനസ്സിലാക്കാം. വൈകാരികാര്‍ഥത്തില്‍ പല പദങ്ങളും പ്രയോഗിക്കാറുണ്ട്. തങ്കം (gold) എന്ന പദം കാമുകന്‍ കാമുകിയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. ചില പദങ്ങള്‍ക്ക് അര്‍ഥസങ്കോചം സംഭവിക്കാറുണ്ട്. ഇതു സന്ദര്‍ഭം കാട്ടിത്തരും. ഉദാ. 'വീട്ടുകാര്‍' എന്ന പദത്തിനര്‍ഥം വീട്ടിലുള്ള എല്ലാവരും എന്നാണ്. എന്നാല്‍ 'ഭാര്യ' എന്ന അര്‍ഥത്തിലും ചില സന്ദര്‍ഭത്തില്‍ പ്രയോഗിക്കാറുണ്ട്. നാനാര്‍ഥപദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പദത്തിന്റെ ഏതര്‍ഥമാണ് ഉദ്ദേശിക്കുന്നതെന്നു സന്ദര്‍ഭംകൊണ്ടേ മനസ്സിലാവുകയുള്ളു. ഉദാ. 'മതി' എന്ന പദത്തിന് മതിമുഖി എന്ന സമസ്ത പദത്തില്‍ ഒരര്‍ഥവും 'കുറച്ചു ചോറുമതി' എന്ന വാക്യത്തില്‍ മറ്റൊരര്‍ഥവുമാണ്. ഇങ്ങനെ ഒരു ഭാഷയില്‍ സന്ദര്‍ഭംകൊണ്ടു വ്യാഖ്യാനിക്കേണ്ട പദങ്ങള്‍ ഉണ്ടാകാമെങ്കിലും മിക്ക പദങ്ങളും രൂപംകൊണ്ടുമാത്രം അര്‍ഥം ഗ്രഹിപ്പിക്കാന്‍ പോന്നവയാണ്.

പര്യായപദങ്ങള്‍

ഒരേ അര്‍ഥമുള്ള പദങ്ങള്‍ (Synonyms) ഭാഷയില്‍ സുലഭമാണ്. അമരകോശം ഇത്തരം പദങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അവിടെയും ചില പദങ്ങള്‍ക്കു സാന്ദര്‍ഭികമായ അര്‍ഥകല്പനയുണ്ടാകാം. കവിതയില്‍ ഇത്തരം പദങ്ങള്‍ ധാരാളം ഉണ്ട്.

വിപരീതാര്‍ഥപദങ്ങള്‍

Antonyms

ഒരു പദത്തിനു പല അര്‍ഥങ്ങളുള്ളതുപോലെ വിപരീതാര്‍ഥങ്ങള്‍ ഉള്ള പദങ്ങളും ഭാഷയില്‍ ഉണ്ട്. ഉദാ. നന്മ X തിന്മ. സുഖം X ദുഃഖം. നിഷേധാര്‍ഥം കുറിക്കുന്നതിന് ഉപസര്‍ഗം ചേര്‍ക്കാറുണ്ട്.

ഉദാ. സുഖം X അസുഖം

പ്രത്യക്ഷം X അപ്രത്യക്ഷം

അനുകരണാത്മകശബ്ദങ്ങള്‍

Onomatopoeic

പദാര്‍ഥത്തില്‍ ധ്വനിക്കു വലിയ പങ്കില്ലെങ്കിലും പദങ്ങളുടെ ധ്വനി അര്‍ഥത്തെ സ്വാധീനിക്കുന്ന സന്ദര്‍ഭങ്ങളും ഭാഷയില്‍ ഉണ്ട്. ഉദാ. കലപില.

അര്‍ഥതലങ്ങള്‍

Levels of meaning

വ്യാകരണത്തില്‍ ചിലപ്പോള്‍ ഒരു പദംതന്നെയാണ് അതിന്റെ അര്‍ഥം. ഇതു ശാസ്ത്രജ്ഞര്‍ക്കിടയില്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 'സ്വരൂപം ശബ്ദസ്യ' എന്നു സംസ്കൃത വൈയാകരണര്‍ വ്യാഖ്യാനിക്കുന്നു. ഇന്നത്തെ ശബ്ദശാസ്ത്രത്തില്‍ ഇതു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ജെ.ആര്‍.ഫെര്‍ത്ത് തുടങ്ങിയ ഒരു സംഘം ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞര്‍ അര്‍ഥതലങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെന്നു പഠനം നടത്തിയിട്ടുണ്ട്. തത്ഫലമായി ഒരു പദത്തിന്റെ അര്‍ഥത്തെ ധ്വനിയുടെ തലത്തില്‍, നിഘണ്ടുവിന്റെ തലത്തില്‍, വസ്തുവിന്റെ തലത്തില്‍ എന്നിങ്ങനെ പല തലങ്ങളായി തിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അര്‍ഥപരിവര്‍ത്തനം

ഭൂഘടന, കാലം, സാമൂഹിക സാംസ്കാരിക സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്കനുസൃതമായി ഒരേ പദത്തിന്റെ അര്‍ഥത്തിനു വ്യതിയാനം സംഭവിക്കുന്നു. ബ്ളൂംഫീല്‍ഡ്, സി.എഫ്. ഹോക്കറ്റ്, ഓട്ടോ യെസ്പേഴ്സന്‍, എച്ച്.എ. ഗ്ളീസന്‍ തുടങ്ങിയ ആധുനിക ഭാഷാശാസ്ത്രജ്ഞര്‍ ഈ വിഷയത്തെക്കുറിച്ചു വിശദമായ പഠനം നടത്തിയിട്ടുണ്ട്. പാണിനി, യാസ്കന്‍, പതഞ്ജലി തുടങ്ങിയ ഭാരതീയ വൈയാകരണന്മാരും ഈ തലത്തില്‍ ഗാഢമായി ചിന്തിച്ചിട്ടുണ്ട്.

കാരണങ്ങള്‍

അര്‍ഥപരിവര്‍ത്തനത്തിനുള്ള കാരണങ്ങള്‍ നിരവധിയാണ്.

ഉച്ചാരണത്തിലുള്ള ബലപ്രയോഗം

പ്രയോഗിച്ചു പഴക്കം വരുമ്പോള്‍ സംയുക്ത പദങ്ങളില്‍ ചില പദങ്ങളുടെ ഏതെങ്കിലും ഒരു ഘടകപദത്തിനു ബലക്ഷയം സംഭവിക്കുകയും മറ്റേപദം ബലപ്പെടുത്തി ഉച്ചരിക്കുകയും ആ പദത്തിനു പ്രചാരം സിദ്ധിക്കുകയും ചെയ്യുന്നു.

ഉദാ. ഗോസ്വാമി. പശുക്കളുടെ അധിപന്‍ എന്നാണര്‍ഥം. പില്ക്കാലത്ത് സ്വാമി എന്ന പദം ബലംകൂട്ടി ഉച്ചരിക്കയും ആ വാക്കിനു പ്രാധാന്യം വര്‍ധിക്കുകയും സന്ന്യാസി എന്ന് അര്‍ഥാദേശം സംഭവിക്കുകയും ചെയ്തു.

തലമുറകളിലൂടെയുള്ള മാറ്റം

ചില പദങ്ങളുടെ അര്‍ഥങ്ങള്‍ തലമുറകളില്‍നിന്നും തലമുറകളിലേക്കു പകരുമ്പോള്‍ മാറിപ്പോകാറുണ്ട്. ഉദാ. പ്രവീണ എന്ന പദത്തിനു പ്രാചീനകാലത്ത് വീണ മീട്ടുന്നതില്‍ പ്രാഗല്ഭ്യമുള്ളവള്‍ എന്നായിരുന്നു അര്‍ഥം. പക്ഷേ തലമുറകള്‍ പിന്നിട്ടപ്പോള്‍ 'പ്രവീണ' എന്ന ശബ്ദത്തിനു ഏതിനും വൈദഗ്ധ്യമുള്ള എന്ന വികസിതാര്‍ഥം കൈവന്നു.

അന്യഭാഷാസമ്പര്‍ക്കം

ഒരു ഭാഷ മറ്റൊരു ഭാഷയില്‍നിന്നും വാക്കുകള്‍ കടംകൊള്ളുമ്പോള്‍ അവയ്ക്കു അര്‍ഥഭേദം സംഭവിക്കാറുണ്ട്. ഉദാ. 'കല്യാണം' എന്ന സംസ്കൃത ശബ്ദത്തിനു മംഗളകരം എന്നാണു മൂലാര്‍ഥമെങ്കിലും മലയാളത്തില്‍ ആ പദത്തിനു വിവാഹം എന്നാണര്‍ഥം.

അന്യപ്രദേശസമ്പര്‍ക്കം

ഏതെങ്കിലുമൊരു ഭാഷ സംസാരിക്കുന്ന വ്യക്തി മറ്റൊരു ഭാഷാപ്രദേശത്തു ചെല്ലുമ്പോള്‍ അവിടത്തെ ഭാഷയുടെ സ്വാധീനതയില്‍പ്പെട്ട് ചില വാക്കുകളുടെ അര്‍ഥം മാറിപ്പോകാറുണ്ട്.

സാമുദായികവും സാംസ്കാരികവുമായ മാറ്റം

സാമുദായികവും സാംസ്കാരികവുമായ ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന മാറ്റം പദങ്ങളുടെ അര്‍ഥത്തിനു പരിവര്‍ത്തനം വരുത്താറുണ്ട്. ഉദാ. ഇംഗ്ളീഷിലെ 'സിസ്റ്റര്‍' എന്ന പദത്തിനു സഹോദരി എന്നാണു അര്‍ഥമെങ്കിലും നഴ്സ് എന്നും കന്യാസ്ത്രീ എന്നും രണ്ടര്‍ഥം കൂടിയുണ്ട്.

അര്‍ഥപരിവര്‍ത്തനവിധങ്ങള്‍

അര്‍ഥപരിവര്‍ത്തനം സാധാരണമായി മൂന്നു വിധത്തിലാണ് ഉണ്ടാകാറുള്ളത്.

അര്‍ഥവികാസം

മൂലാര്‍ഥത്തിനു പുറമേ പുതിയ അര്‍ഥം ക്രമേണ വന്നുചേരുന്നു. ഒരു പദത്തിന്റെ അര്‍ഥം വികസിക്കുന്ന പ്രക്രിയയ്ക്ക് അര്‍ഥവികാസം എന്നു പറയുന്നു. എല്ലാ ഭാഷകളിലും ഇതു നടക്കുന്നുണ്ട്. ഉദാ. 'ഗവേഷണം' എന്ന സംസ്കൃതപദത്തിന്റെ മൂലാര്‍ഥം ഗോവിനെ അന്വേഷിക്കല്‍ എന്നായിരുന്നു. പക്ഷേ കാലാന്തരത്തില്‍ ഈ വാക്കിനു സൂക്ഷ്മമായ അന്വേഷണം (research) എന്ന അര്‍ഥംകൂടി പുതുതായുണ്ടായി. ഈ നവീനാര്‍ഥം ഈ പദത്തിന്റെ അര്‍ഥവികാസത്തെയാണു സൂചിപ്പിക്കുന്നത്.

അര്‍ഥസങ്കോചം

ചില പദങ്ങള്‍ക്കു ക്രമേണ അര്‍ഥസങ്കോചം സംഭവിക്കുക സ്വാഭാവികമാണ്. മൂലരൂപത്തിനു അനേകാര്‍ഥങ്ങളുണ്ടെങ്കിലും പ്രയോഗരാഹിത്യം മൂലം അവ ചുരുങ്ങി ഒന്നോ രണ്ടോ അര്‍ഥങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുന്നു. ഇതിന് അര്‍ഥസങ്കോചം എന്നു പറയുന്നു. പ്രാചീന കാലങ്ങളില്‍ ഭരിക്കപ്പെടുന്ന ഏതിനും ഭാര്യ എന്ന പദം പ്രയോഗിച്ചിരുന്നു. അന്ന് ഈ പദത്തിനു വ്യാപകമായ അര്‍ഥമായിരുന്നു. എന്നാല്‍ ഈ പദം മലയാളത്തിലേക്കു വന്നപ്പോള്‍ 'പത്നി' എന്ന ഒരര്‍ഥം മാത്രമായി ചുരുങ്ങി.

അര്‍ഥാദേശം

പുതിയ സാമൂഹികസാംസ്കാരിക പശ്ചാത്തലത്തില്‍ ഒരു പദത്തിന്റെ നിലവിലുള്ള അര്‍ഥം മാറിപ്പോകുകയും തത്സ്ഥാനത്തു മറ്റൊരു നൂതനാര്‍ഥം വന്നുചേരുകയും ചെയ്യുന്നു. ഇതിന് അര്‍ഥാദേശം എന്നു പറയുന്നു. ഉദാ. 'വരന്‍' എന്ന പദത്തിനു പ്രാചീന കാലത്ത് ശ്രേഷ്ഠന്‍ എന്നായിരുന്നു അര്‍ഥം. എന്നാല്‍ ഇന്ന് അതിനു ഭാഷയില്‍ വരിക്കുന്നവന്‍, ഭര്‍ത്താവ് എന്നാണല്ലോ അര്‍ഥം.

ഇപ്രകാരം അര്‍ഥപരിവര്‍ത്തനം വിവിധ രീതിയില്‍ സംഭവിക്കാറുണ്ട്. ഈ പരിവര്‍ത്തനദശകളെപ്പറ്റിയുള്ള ശാസ്ത്രീയാപഗ്രഥനം ഭാഷാശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. പ്രാചീനകാലം മുതല്‍ ഭാരതത്തിലെ പല ആചാര്യന്മാരും അര്‍ഥവിചാരം നടത്തിയിട്ടുണ്ട്. യാസ്കന്റെ നിരുക്തത്തില്‍ ഒരു ചര്‍ച്ച ഇതിനെക്കുറിച്ചുണ്ട്. വ്യാകരണം, ന്യായം. മീമാംസ, വേദാന്തം, കാവ്യശാസ്ത്രം എന്നിവയെ സംബന്ധിക്കുന്ന പുരാതന ഗ്രന്ഥങ്ങളിലെല്ലാം അര്‍ഥപരിവര്‍ത്തനത്തെപ്പറ്റിയുള്ള പരിചിന്തനം കാണാവുന്നതാണ്.

പാശ്ചാത്യദേശത്ത് പ്ളേറ്റോ കഴിഞ്ഞാല്‍ അര്‍ഥവിജ്ഞാനീയത്തെക്കുറിച്ചു ആധുനിക രീതിയില്‍ ഗവേഷണം നടത്തിയത് ജര്‍മന്‍ പണ്ഡിതനായ റീസിങ് ആണ്. തുടര്‍ന്ന് എ. ബെന്റി, ബ്രഗ്മാന്‍, ബേയ്ട്ടല്‍, സ്വെറ്റ് തുടങ്ങിയ പല ഭാഷാശാസ്ത്രജ്ഞരും ഈ തലത്തിലേക്കിറങ്ങി പഠനം നടത്തി പല നിഗമനങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. ജെ. ഫ്രിലീച്ച് അര്‍ഥവിജ്ഞാനശാഖയെ ആശയപരം, ലാക്ഷണികം, ശൈലീപരം, വ്യക്തി പ്രഭാവപരം, പ്രതിഫലനാത്മകം, സാന്ദര്‍ഭികം, പദവിന്യാസപരം എന്നിങ്ങനെ ഏഴു വിഭാഗങ്ങളായി തിരിച്ചു പഠനം നടത്തിയിരിക്കുന്നു. നോം ചോംസ്കിയാകട്ടെ വാക്യഘടനാപഠനം പരിപൂര്‍ണമാകണമെങ്കില്‍ അര്‍ഥതലത്തിലേക്കിറങ്ങിയാലേ സാധ്യമാകൂ എന്നു സിദ്ധാന്തിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്യത്തെ ഉപരിഘടന (surface structure), ആന്തരിക ഘടന (deep structure) എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിച്ചാണു പഠനം നടത്തിയിരിക്കുന്നത്.

വര്‍ണ-പദ-അര്‍ഥബന്ധത്തെക്കുറിച്ചുള്ള പതഞ്ജലിയുടെ സ്ഫോടവാദം ഭാരതീയ വൈയാകരണന്മാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. വര്‍ണം, പദം, ആശയം, വസ്തു ഇവയ്ക്കു തമ്മിലുള്ള ബന്ധമാണ് സ്ഫോടതത്ത്വത്തില്‍ പതഞ്ജലി പ്രതിപാദിക്കുന്നത്. ഇവയെ വേര്‍തിരിക്കാനാവില്ല. വര്‍ണങ്ങള്‍ പ്രത്യേകക്രമത്തില്‍ ഉച്ചരിച്ചു കേള്‍ക്കുമ്പോള്‍ത്തന്നെ പദരൂപം, ആശയം, വസ്തു എന്നിവ മിന്നല്‍ പോലെ മനസ്സില്‍ ഒന്നിച്ചു തിളങ്ങുന്നു. ഇതിനു സ്ഫോടം എന്നു പറയുന്നു. പതഞ്ജലിയുടെ ഈ തത്ത്വത്തെ ശങ്കര മിശ്ര, കുമാരില, പ്രഭാകര തുടങ്ങിയ പണ്ഡിതന്മാര്‍ എതിര്‍ക്കുന്നുണ്ട്. സ്ഫോട സിദ്ധാന്തം പ്രത്യേകിച്ചു വ്യാകരണത്തിന് ഒന്നും സംഭാവന ചെയ്യുന്നില്ല. പദരൂപവും ആശയവും വസ്തുവും സ്ഫോടത്തില്‍ ഉള്‍ക്കൊണ്ടിരിക്കെ ഈ തത്ത്വംകൊണ്ടു വ്യാകരണത്തിനു പ്രത്യേകിച്ച് മേന്മ ഒന്നും അവകാശപ്പെടാനില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍