This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ച്ചനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ച്ചനം

ഭക്തിമാര്‍ഗപ്രകാരം ഇഷ്ടദേവതയെ ആരാധിക്കുന്ന ഒരു രീതി. ശിവന്‍, വിഷ്ണു മുതലായ ദേവതകള്‍ക്ക് അവരുടെ നാമങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പുഷ്പങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ഇതിന്റെ സ്വഭാവം.

ധ്യാനം, ആവാഹനം, ആസനം, പാദ്യം, അര്‍ഘ്യം, ആചമനീയം, സ്നാനം, വസ്ത്രം, ഉപവീതം, ചന്ദനം, അക്ഷത സമര്‍പ്പണം, ആഭരണം, പുഷ്പസമര്‍പ്പണം, ധൂപം, ദീപം, നൈവേദ്യം, താംബൂലം, നീരാഞ്ജനം, മന്ത്രപുഷ്പം, പ്രദക്ഷിണം, നമസ്കാരം എന്നിവയില്‍ പുഷ്പസമര്‍പ്പണം എന്ന ഉപചാരമാണ് അര്‍ച്ചനം എന്നറിയപ്പെടുന്നത്. അതതു ദേവതയ്ക്കു പ്രിയപ്പെട്ട പുഷ്പംകൊണ്ട് അര്‍ച്ചനം നടത്തുന്നത് അനിഷ്ടശാന്തിക്കും ഇഷ്ടലാഭത്തിനും കൂടുതല്‍ സഹായകമാണെന്നു ഭക്തന്മാര്‍ വിശ്വസിക്കുന്നു. വില്വം (കൂവളം) കൊണ്ടു ശിവനെയും തുളസികൊണ്ടു വിഷ്ണുവിനെയും കറുകകൊണ്ട് ഗണപതിയെയും ചെത്തി (തെച്ചി, തെറ്റി) മുതലായ ചുവന്ന പുഷ്പങ്ങള്‍കൊണ്ടു ഭഗവതിയെയും അര്‍ച്ചിക്കുന്നത് ഇതിനു ദൃഷ്ടാന്തമായിട്ടെടുക്കാം.

ദേവതകളെ പ്രതിമകളിലോ മറ്റോ സങ്കല്പിച്ച് പുഷ്പസമര്‍പ്പണം ചെയ്യുന്ന രീതി ക്ഷേത്രങ്ങളിലും ഗൃഹങ്ങളില്‍ പ്രത്യേകം ഏര്‍പ്പാടുചെയ്തിട്ടുള്ള പൂജാമുറികളിലും നടത്താറുണ്ട്. ഇതു ബാഹ്യമായ അര്‍ച്ചനമാണ്. എന്നാല്‍ ആന്തരമായ അര്‍ച്ചനത്തിനു കൂടുതല്‍ ശക്തിയും ഫലവും ഉണ്ടെന്നാണ് അനുഭവസ്ഥന്മാരുടെ അഭിപ്രായം. മനസ്സുകൊണ്ടു ധ്യാനരൂപമായ പുഷ്പസമര്‍പ്പണമാണ് ആന്തരമായ അര്‍ച്ചനം. ഭീമസേനന്‍ വലിയ ശിവഭക്തനായിരുന്നു. എന്നാല്‍ അദ്ദേഹം പ്രത്യക്ഷത്തില്‍ ശിവാര്‍ച്ചനം നടത്തിയിരുന്നില്ല. ആന്തരമായിട്ടാണു നിര്‍വഹിച്ചിരുന്നത്. വനവാസകാലത്തും മറ്റും പ്രഭാതത്തില്‍ എഴുന്നേറ്റു പുറത്തേക്കു നോക്കുന്ന സമയം ആ വനത്തില്‍ക്കണ്ട പുതുപൂക്കളെല്ലാം മനസ്സുകൊണ്ടു ശിവാര്‍പ്പണമായി വിചാരിക്കുകയായിരുന്നുപോലും അദ്ദേഹത്തിന്റെ പതിവ്. തന്മൂലം അദ്ദേഹം നിരന്തരം ശിവപ്രീതിക്കു പാത്രമായിരുന്നു എന്നും തന്റെ അമിതമായ വീര്യശൗര്യപരാക്രമങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടിവരുമ്പോള്‍ പരമശിവന്റെ അനുഗ്രഹം അദ്ദേഹത്തിനു പ്രത്യേകമായി ലഭിച്ചിരുന്നു എന്നും ഐതിഹ്യമുണ്ട്.

പുരാണങ്ങളില്‍ നവവിധ ഭക്തിയെപ്പറ്റി പറയുന്നതില്‍ അര്‍ച്ചനവും ഉള്‍ പ്പെടുത്തിയിട്ടുണ്ട്. ഭഗവദ്ഗീതയില്‍ സ്വകര്‍മാനുഷ്ഠാനം എന്ന അര്‍ഥത്തിലും അര്‍ച്ചനത്തെ പ്രസ്താവിച്ചു കാണുന്നു.

(വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍