This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ഘ്യപാദ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ഘ്യപാദ്യങ്ങള്‍

അര്‍ഘ്യവും പാദ്യവും. പൂജയ്ക്കുവേണ്ടിയുള്ള ദൂര്‍വ (കറുക), അക്ഷതം (ഉണക്കലരി), ചന്ദനം, യവം, കുശാഗ്രം, എള്ള്, കടുക് എന്നിവ കലര്‍ത്തിയ ജലമാണ് അര്‍ഘ്യം. പാദപ്രക്ഷാളനത്തിനുള്ള ജലമാണ് പാദ്യം. ദേവതകള്‍ക്കും അതിഥികള്‍ക്കും മറ്റും സമര്‍പ്പിക്കുന്ന ആസനം മുതല്‍ നമസ്കാരപര്യന്തമുള്ള അനേകം ഉപചാരങ്ങളില്‍ രണ്ടെണ്ണമാണ് അര്‍ഘ്യവും പാദ്യവും. നോ: ഉപചാരങ്ങള്‍ പുരുഷസൂക്തത്തിലെ പതിനാറ് ഋക്കുകള്‍ യഥാക്രമം ചൊല്ലിയാണ് ഉപചാരങ്ങള്‍ ചെയ്യപ്പെടുന്നത്. 'ഏതാവാനസ്യ പുരുഷഃ' എന്നു തുടങ്ങുന്ന ഋക്ക് പാദ്യത്തിനും 'ത്രിപാദ് ഊര്‍ധ്വ ഉദൈത് പുരുഷഃ' എന്നു തുടങ്ങുന്ന ഋക്ക് അര്‍ഘ്യത്തിനും ഉപയോഗിക്കുന്നു.

ശ്രീകൃഷ്ണന്‍ നാരദനെ സത്കരിച്ചത് 'അര്‍ഘ്യാദികളായ സപര്യ' കൊണ്ടാണെന്നു മാഘന്‍ പ്രസ്താവിച്ചതില്‍ നിന്നു പൂജയില്‍ അര്‍ഘ്യത്തിനുള്ള പ്രാമുഖ്യം തെളിയുന്നുണ്ട്. പരശുരാമന്‍ അടുത്തെത്തിയപ്പോള്‍ ദശരഥന്‍, 'അര്‍ഘ്യം അര്‍ഘ്യം' എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഉപചാരത്തിനു ഒരുങ്ങിയതായി കാളിദാസന്‍ രഘുവംശത്തില്‍ പ്രസ്താവിച്ചിട്ടുള്ളതും അര്‍ഘ്യപാദ്യങ്ങള്‍ എന്ന വ്യവഹാരത്തില്‍ അര്‍ഘ്യത്തിന് ആദ്യത്തെ സ്ഥാനം നല്കിപ്പോരുന്ന വഴക്കത്തിനു സമര്‍ഥകമായിരിക്കാം.

സന്ധ്യാവന്ദനത്തില്‍ ഗായത്രീമന്ത്രം ഉരുവിട്ടുകൊണ്ട് മൂന്നുവേളകളിലും കൈക്കുമ്പിളില്‍ വെള്ളമെടുത്തു മുകളിലേക്കു എറിയുന്നതിനും അര്‍ഘ്യം എന്നു പറയാറുണ്ട്. ഗായത്രി ചൊല്ലിക്കൊണ്ടു വെള്ളം അപ്രകാരം എറിയുന്നതു മൂലം സൂര്യനെ ആക്രമിക്കുന്ന രാക്ഷസന്മാരെ 'മന്ദേഹാരുണം' എന്ന ദ്വീപിലേക്കു കൊണ്ടുചെന്നു തള്ളുന്നു എന്നാണ് സങ്കല്പം.

എവിടെയാണോ അര്‍ഘ്യവും പാദ്യവും ലഭിക്കാത്തത് അവിടെ ചെല്ലരുതെന്ന് ആപ്തവചനം ഉണ്ട്. വാമനാവതാരത്തില്‍ വിഷ്ണുവിനു ബ്രഹ്മാവു തന്റെ കമണ്ഡലുവില്‍ നിന്നു പാദ്യമായി സമര്‍പ്പിച്ച ജലമാണ് ഗംഗയായിഭവിച്ചതെന്നാണ് ഐതിഹ്യം.

ശ്രീകൃഷ്ണന്‍ കുചേലനു പാദ്യോപചാരം ചെയ്ത് ആ ജലം തനിക്കും തന്നെ സംബന്ധിച്ച എല്ലാവര്‍ക്കും തളിച്ചതായി രാമപുരത്തുവാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ വര്‍ണിച്ചിട്ടുള്ളതും ഇവിടെ അനുസ്മരണീയമാണ്.

(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍