This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ക്കപ്രകാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ക്കപ്രകാശം

രാവണപ്രണീതമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വൈദ്യശാസ്ത്രഗ്രന്ഥം. അര്‍ക്കങ്ങളുടെ നിര്‍മാണവിധികളും ഉപയോഗക്രമങ്ങളും ഫലശ്രുതികളുമാണ് ഇതിലെ മുഖ്യമായ പ്രതിപാദ്യം. അനുഷ്ടുപ്പ് വൃത്തനിബദ്ധമായ പത്തു ശതകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒന്നു മുതല്‍ എട്ടുവരെയുള്ള ശതകങ്ങള്‍ അര്‍ക്കങ്ങളെപ്പറ്റിയും ഒന്‍പതാം ശതകം ഭസ്മപ്രയോഗങ്ങളെപ്പറ്റിയും ആണ്.

ഔഷധങ്ങള്‍ വാറ്റിയെടുക്കുന്ന ചാരായമാണ് അര്‍ക്കം. 'അരക്ക്' എന്ന ദ്രാവിഡശബ്ദത്തിന് മദ്യം അഥവാ ചാരായം എന്നും അര്‍ഥമുണ്ട്. കള്ളില്‍നിന്നു മാത്രമല്ല എല്ലാ ഔഷധരസങ്ങളില്‍നിന്നും അര്‍ക്കം എടുക്കാവുന്നതാണ്. അര്‍ക്കം രസോദ്ഭിന്നമാണെങ്കിലും രസത്തെക്കാള്‍ വീര്യവും ഗുണവും ഏറിയ പാനീയമാണ്; എത്രനാള്‍ വച്ചിരുന്നാലും അതിനു ദൂഷ്യം സംഭവിക്കുന്നതുമല്ല. ഔഷധപ്രയോഗങ്ങള്‍ കല്ക്കം, ചൂര്‍ണം, രസം, തൈലം, അര്‍ക്കം എന്നിങ്ങനെ അഞ്ചു പ്രകാരത്തില്‍ ഉണ്ട്. ഇവയില്‍ ആദ്യത്തെ നാലും ഗുണദോഷസമ്മിശ്രങ്ങളും അഞ്ചാമത്തേതായ അര്‍ക്കം 'ദോഷരഹിതവും ഗുണസംഘപ്രകാശക'വുമാണെന്ന് ഗ്രന്ഥകാരന്‍ സിദ്ധാന്തിക്കുന്നു.

ഔഷധങ്ങളെ അര്‍ക്കങ്ങളാക്കി പ്രയോഗിക്കുന്ന സമ്പ്രദായം ആര്യവൈദ്യത്തിലല്ല ദ്രാവിഡവൈദ്യത്തിലാണുള്ളത്. അതുകൊണ്ടാകാം ദ്രാവിഡനും ശാസ്ത്രപാരംഗതനെന്നു പുരാണപ്രസിദ്ധനുമായ രാവണനില്‍ ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം ആരോപിക്കപ്പെട്ടത്. പരമശിവന്‍ പാര്‍വതിക്കും പാര്‍വതി രാവണനും രാവണന്‍ മണ്ഡോദരിക്കും ഉപദേശിച്ചുകൊടുത്തതാണ് ഈ അര്‍ക്കവിദ്യ എന്നു ഗ്രന്ഥാരംഭത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. രാവണന്‍ ശിവഭക്തനായിരുന്നുവെന്നു പ്രസിദ്ധമാണ്. അതിനാല്‍ അര്‍ക്കവിദ്യ, രാവണനു ലഭിച്ചത് ശിവഭക്തിമൂലമാണെന്നു പറയുന്നതില്‍ യുക്തിയുണ്ട്.

വാറ്റുമുറകള്‍ക്കു പ്രാധാന്യമുള്ള യൂനാനി വൈദ്യത്തില്‍ നിന്നാണ് അര്‍ക്കവിദ്യ സ്വീകരിക്കപ്പെട്ടതെന്ന് ശ്രീലങ്കന്‍ ആയുര്‍വേദ ഡയറക്ടറായിരുന്ന ക്യാപ്റ്റന്‍ ഡോക്ടര്‍ എ.എന്‍.എന്‍. പണിക്കര്‍ അഭ്യൂഹിക്കുന്നു. ഈ വിദ്യ ആര്യവൈദ്യന്മാര്‍ക്കു കാമ്യമായി തോന്നുകയാല്‍ അവരില്‍ പ്പെട്ട ഏതോ പണ്ഡിതന്‍ സംസ്കൃതത്തില്‍ എഴുതിയതാകണം അര്‍ക്കപ്രകാശം. ശാലിഗ്രാമന്‍, പണ്ഡിതനാരായണപ്രസാദന്‍ ഇങ്ങനെ രണ്ടുപേര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിട്ടുണ്ട്. മലയാളത്തില്‍ കമ്മാഞ്ചേരി സി. ഗോവിന്ദന്‍വൈദ്യനും എം.എം. കൃഷ്ണനാശാനും ചേര്‍ന്ന് ഈ ഗ്രന്ഥത്തിന് മുകുരസ്ഥലി എന്ന പേരില്‍ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍