This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ക്കന്‍സാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ക്കന്‍സാ

Arkansas


യു.എസ്സിലെ ദക്ഷിണ സംസ്ഥാനങ്ങളിലൊന്ന്; വിസ്തീര്‍ണം: 1,37,741 ച.കി.മീ.; ജനസംഖ്യ: 26,73,400 (2000). സംസ്ഥാനത്തിന്റെ കിഴക്കേ അതിര്‍ത്തി മിസിസിപ്പി നദിയാണ്; മറ്റ് അതിര്‍ത്തികള്‍ വ. മിസ്സൌറിയും പ. ഒക്ലഹാമായും തെ. ലൂസിയാനയും. തലസ്ഥാനം: ലിറ്റില്‍ റോക്ക്.

ഭൂപ്രകൃതിയനുസരിച്ച് സംസ്ഥാനത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാം; തെ.കിഴക്കന്‍ സമതലവും വ.പടിഞ്ഞാറന്‍ ഉന്നതപ്രദേശവും. എക്കല്‍മണ്ണിന്റേതായ സമതല പ്രദേശം ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണ്. മുഖ്യമായ ഉത്പന്നം പരുത്തിയാണ്; രണ്ടാമത് സോയാതുവരയും. ജലസേചിതപ്രദേശങ്ങളില്‍ നെല്‍ക്കൃഷിയും ധാരാളം നടന്നുവരുന്നു. ഉന്നതപ്രദേശത്തെ മൂന്ന് ഉപവിഭാഗങ്ങളായിതിരിക്കാം: ഒസാര്‍ക് മലനിരകള്‍, ഒവാചിതോ മലനിരകള്‍, ഇവയ്ക്കിടയിലുള്ള അര്‍ക്കന്‍സാ നദീതടം. നദീതീരംമാത്രം കൃഷിക്ക് അനുയോജ്യമാണ്. പൊതുവേ വനപ്രദേശങ്ങളാണ്. വനങ്ങള്‍ സംസ്ഥാനത്തിന്റെ 60 ശതമാനത്തോളംവരും. മരത്തടിവ്യവസായം വികസിച്ചിട്ടുണ്ട്. ചരിവുകളില്‍ കന്നുകാലി വളര്‍ത്തലും ഗവ്യവ്യവസായവും സാമാന്യം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കടലാസു നിര്‍മാണവും പ്രധാനമാണ്. തടികൊണ്ടുള്ള ഉപകരണങ്ങളും ധരാളമായി നിര്‍മിക്കപ്പെടുന്നു.

ധാതുസമ്പത്തിന്റെ കാര്യത്തില്‍ അര്‍ക്കന്‍സായ്ക്കു പ്രത്യേകം പ്രാധാന്യമുണ്ട്. യു.എസ്സിലെ പ്രധാന ബോക്സൈറ്റ് (അലുമിനിയം) ഖനികളും ഏകവജ്രനിക്ഷേപവും (മുര്‍ഫ്രീസ്ബോറോ) ഇവിടെയാണ്. പെട്രോളിയമാണു മുഖ്യഖനിജം. അല്പമായ തോതില്‍ കല്‍ക്കരിയും പ്രകൃതിവാതകവും ഖനനം ചെയ്യപ്പെടുന്നു. സംസ്ഥാനത്തെ ജലാശയങ്ങളെ മത്സ്യവ്യവസായത്തിനു വിപുലമായ തോതില്‍ പ്രയോജനപ്പെടുത്തിവരുന്നു. ബ്രോമിന്‍ ഉത്പാദനത്തിലും അര്‍ക്കന്‍സാ മുന്നിലാണ്.

കാര്‍ഷിക സംസ്ഥാനമായ അര്‍ക്കന്‍സായിലെ 60 ശ.മാ.-ത്തില്‍ കൂടുതല്‍ ജനങ്ങളും ഗ്രാമവാസികളാണ്; ജനങ്ങളില്‍ കാല്‍ഭാഗത്തോളം കറുത്ത വര്‍ഗക്കാരും. പ്രതിശീര്‍ഷവരുമാനത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലാണ് അര്‍ക്കന്‍സാ. ഉഷ്ണ ധാതുജല ഉറവകള്‍ക്കും നാഷണല്‍ പാര്‍ക്കിനും പ്രസിദ്ധമാണ് 'അര്‍ക്കന്‍സാ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍