This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ക്കദിയാക്കോന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ക്കദിയാക്കോന്‍

Archdeacon

ക്രൈസ്തവ പൗരോഹിത്യശ്രേണിയില്‍ പട്ടക്കാരെക്കാള്‍ ഉയര്‍ന്നതും ബിഷപ്പിനെക്കാള്‍ താഴ്ന്നതും ആയ ഒരു പദവി.

അര്‍ക്കീദ്‍യക്കോന്‍ എന്ന സുറിയാനി പദത്തിന്റെ മലയാള തദ്ഭവമാണ് അര്‍ക്കദിയാക്കോന്‍. അര്‍ക്കിദിയാക്കോനോസ് (Archidiakonos) എന്ന ഗ്രീക് പദത്തില്‍നിന്നാണ് അര്‍ക്കീദ് യക്കോന്‍ എന്ന സുറിയാനി പദത്തിന്റെ ഉദ്ഭവം. ദിയാക്കോന്മാരില്‍ പ്രധാനി അല്ലെങ്കില്‍ ശെമ്മാശ്ശന്മാരില്‍ പ്രധാനി എന്നാണ് ഈ പദത്തിനര്‍ഥം.

ആദ്യകാലങ്ങളില്‍ ക്രൈസ്തവസഭയുടെ ഭദ്രാസനപ്പള്ളിയിലെ പ്രധാനപ്പെട്ട ഡീക്കന് ഈ സ്ഥാനം നല്കിയിരുന്നു. മധ്യകാലങ്ങളില്‍ അര്‍ക്കദിയാക്കോന്‍ ഇടവകയിലെ പ്രമുഖ വൈദികോദ്യോഗസ്ഥനായിരുന്നു. പട്ടക്കാര്‍ക്കു മുകളിലും ബിഷപ്പിനു താഴെയും ആണ് അര്‍ക്കദിയാക്കോന്റെ ഔദ്യോഗികസ്ഥാനം. 4-ാം ശ.-വരെ അര്‍ക്കദിയാക്കോന്‍ എന്നൊരു പദവി ഉണ്ടായിരുന്നില്ല. 4-ാം ശ.-ലാണ് അര്‍ക്കദിയാക്കോന്‍ സ്ഥാനത്തെക്കുറിച്ച് ആദ്യത്തെ രേഖ ലഭിച്ചത്. അന്നു റോമിലും അലക്സാണ്ട്രിയയിലും ഭദ്രാസനപ്പള്ളിയിലെ പ്രധാന ഡീക്കനെ അര്‍ക്കദിയാക്കോന്‍ എന്നു വിളിച്ചിരുന്നു. ബിഷപ്പ് നേരിട്ടാണ് അര്‍ക്കദിയാക്കോനെ നിയമിച്ചിരുന്നത്. മതപ്രസംഗത്തിനു പുറമേ ശെമ്മാശ്ശന്മാരുടെ മേല്‍നോട്ടവും അര്‍ക്കദിയാക്കോന്‍ വഹിച്ചിരുന്നു. പാവപ്പെട്ടവര്‍ക്കു സാമ്പത്തിക സഹായം നല്കുക, സഭയുടെ സാമ്പത്തിക മേല്‍നോട്ടം വഹിക്കുക, സഭാകൗണ്‍സിലുകളില്‍ ബിഷപ്പിന്റെ പ്രതിനിധി എന്ന നിലയില്‍ പങ്കെടുക്കുക തുടങ്ങിയ ചുമതലകളും അര്‍ക്കദിയാക്കോനുണ്ടായിരുന്നു. ബിഷപ്പിന്റെ മരണശേഷം പുതിയൊരാളെ തത്സ്ഥാനത്തേക്കു തെരഞ്ഞെടുക്കുന്നതുവരെ ഇടവകയുടെ ചുമതല വഹിച്ചിരുന്നത് അര്‍ക്കദിയാക്കോന്‍ ആണ്. 5-ാം ശ.-ത്തോടുകൂടി പുരോഹിതന്മാരുടെ വിദ്യാഭ്യാസച്ചുമതലയും വഹിക്കേണ്ടിവന്നു. ബിഷപ്പുമായി അടുത്തബന്ധം ഉണ്ടാവുകയും സഭാഭരണകാര്യങ്ങളില്‍ ചുമതല വഹിക്കുകയും ചെയ്തുതുടങ്ങിയതോടെ അര്‍ക്കദിയാക്കോന്റെ പദവി ഉയര്‍ന്നു. ബിഷപ്പു നിയമിക്കുന്ന ഒരാളായതിനാല്‍ ബിഷപ്പില്‍നിന്നു ലഭിച്ചിട്ടുള്ള അധികാരമേ അര്‍ക്കദിയാക്കോനുള്ളു. അതു പിന്‍വലിക്കപ്പെടാവുന്നതുമാണ്. ഒരു സഭയില്‍ ബിഷപ്പില്ലാത്ത സമയത്തു സഭയുടെ പൊതുവേയുള്ള മേല്‍നോട്ടവും അര്‍ക്കദിയാക്കോനില്‍ ക്രമേണ നിക്ഷിപ്തമായി. റോമില്‍ ബിഷപ്പായി നിയമിതനാകുന്നത് അര്‍ക്കദിയാക്കോനായിരുന്നു.

സ്ഥാനവും പദവിയും. അര്‍ക്കദിയാക്കോന്റെ സ്ഥാനവും പദവിയും എല്ലാ സഭകളിലും ഒരുപോലെ ആയിരുന്നില്ല. 8-ഉം 9-ഉം ശ.-ങ്ങളില്‍ ഫ്രാന്‍സില്‍ അര്‍ക്കദിയാക്കോന്റെ സ്ഥാനം വളരെ ഉയര്‍ന്നു. സഭകള്‍ സന്ദര്‍ശിക്കുവാനും പട്ടക്കാരുടെ മേല്‍നോട്ടം വഹിക്കുവാനും ഉള്ള ചുമതല അവര്‍ക്കു ലഭിച്ചു. 9-ാം ശ.-ത്തിനു ശേഷമാണ് അര്‍ക്കദിയാക്കോന് പാശ്ചാത്യക്രൈസ്തവസഭകളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്. 10-ാം ശ.-ത്തില്‍ ഇവര്‍ക്കു പ്രത്യേക പ്രാദേശികാധികാരപരിധി നല്കി. അധികാരം വര്‍ധിച്ചതോടെ ഇവര്‍ ബിഷപ്പിന്റെ എതിരാളികളായിത്തീര്‍ന്നു. 10-ഉം 11-ഉം ശ.-ങ്ങളില്‍ ബിഷപ്പിന്റെ എതിരാളി എന്ന നിലയ്ക്കാണ് അര്‍ക്കദിയാക്കോന്‍ പലയിടത്തും പ്രവര്‍ത്തിച്ചിരുന്നത്. 13-ാം ശ.-ത്തിലെ അര്‍ക്കദിയാക്കോന്‍ ബിഷപ്പിന്റെ എല്ലാ അധികാരങ്ങളും (പട്ടം കൊടുക്കുന്നതിനും അഭിഷേകം ചെയ്യുന്നതിനും ഉള്ളവയൊഴികെ) പ്രയോഗിച്ചിരുന്നു. ചില സാമ്പത്തിക പദവികളും ഇവര്‍ക്കുണ്ടായിരുന്നു.

അര്‍ക്കദിയാക്കോന്മാരുടെ അധികാരങ്ങള്‍ കാനോന്‍ നിയമങ്ങളില്‍ അധിഷ്ഠിതമായിരുന്നില്ല. തന്മൂലം ഇവരുടെ, അധികാരം ഇല്ലാതാക്കാന്‍ ബിഷപ്പിനു കഴിഞ്ഞിരുന്നില്ലെങ്കിലും സ്വാധീനത കുറയ്ക്കാന്‍ കഴിയുമായിരുന്നു. 13-ാം ശ.-ത്തോടുകൂടി സഭയില്‍ വികാരി, ജനറല്‍ തുടങ്ങി പുതിയ ചില വൈദികോദ്യോഗസ്ഥന്മാരെ ബിഷപ്പ് നിയമിച്ചതോടെ അര്‍ക്കദിയാക്കോന്മാരുടെ സ്ഥാനവും അധികാരവും ക്രമേണ കുറഞ്ഞു. 14-ഉം 15-ഉം നൂറ്റാണ്ടുകളായപ്പോഴേക്കും ഇവരുടെ അധികാരം ഗണ്യമായി കുറഞ്ഞു. 1564-ല്‍ ട്രെന്റില്‍ കൂടിയ കൗണ്‍സില്‍ അവരുടെ അധികാരം മിക്കവാറും എടുത്തുകളഞ്ഞു. ബിഷപ്പു നല്കുന്ന അധികാരമൊഴിച്ച് മറ്റു യാതൊരധികാരവും ഇല്ലാതായി എന്നുതന്നെ പറയാം.

കേരളത്തില്‍. കേരളത്തിലെ ക്രൈസ്തവസഭകളില്‍ അര്‍ക്കദിയാക്കോന്മാരായിരുന്നു ഒരുകാലത്തു സഭയുടെ ആഭ്യന്തര ഭരണച്ചുമതല വഹിച്ചിരുന്നത്. അന്നു സഭയുടെ ആത്മീയഭരണം നടത്തിയിരുന്നതു പേര്‍ഷ്യയില്‍നിന്നു വന്നിരുന്ന മെത്രാന്മാരായിരുന്നു. പകലോമറ്റം തറവാട്ടുകാരെ മാത്രമേ ആദ്യകാലത്ത് അര്‍ക്കദിയാക്കോന്മാരായി നിയമിച്ചിരുന്നുള്ളു. മധ്യശതകങ്ങളില്‍ മലങ്കരനസ്രാണികളെ ഭരിച്ചിരുന്നതു പ്രശസ്തമായ പകലോമറ്റം തറവാട്ടിലെ അര്‍ക്കദിയാക്കോന്മാരായിരുന്നു. പേര്‍ഷ്യയില്‍നിന്നു വന്ന ബിഷപ്പന്മാരായിരുന്നു അക്കാലത്തെ ആത്മീയ മേലധ്യക്ഷന്മാര്‍. രാഷ്ട്രീയവും സാമൂഹികവും ആയ എല്ലാ കാര്യങ്ങളിലും അര്‍ക്കദിയാക്കോന്മാരായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്. അവരുടെ ആസ്ഥാനം അങ്കമാലിയിലായിരുന്നു. കേരളത്തില്‍ അന്നുണ്ടായിരുന്ന പല രാജാക്കന്മാരുമായി അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. യുദ്ധകാലത്ത് നസ്രാണികളില്‍നിന്നു സൈനികസേവനവും ധനസഹായവും ലഭിക്കുന്നതിന് അര്‍ക്കദിയാക്കോന്മാരെയാണ് ഭരണാധിപന്മാര്‍ സമീപിച്ചത്. ഇടവകകളിലുള്ള തര്‍ക്കങ്ങള്‍ (Parish disputes), കുടുംബങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ മുതലായവ തീര്‍ക്കുന്നത് അവരായിരുന്നു. കല്‍ദായ (പേര്‍ഷ്യന്‍) മെത്രാന്മാര്‍ അവരുടെ ആലോചനപ്രകാരമാണു വര്‍ത്തിച്ചുവന്നത്. 1597-ല്‍ ഗീവറുഗീസ് അര്‍ക്കദിയാക്കോന്‍ പറങ്കി ആര്‍ച്ചുബിഷപ്പ് ഡോ. മെനെസീസിനെ സന്ദര്‍ശിച്ചത് 3000 അനുചരന്മാരോടുകൂടിയായിരുന്നു എന്ന വസ്തുത അര്‍ക്കദിയാക്കോന്റെ സ്ഥാനമഹിമയ്ക്കു തെളിവു നല്കുന്നു.

പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നപ്പോള്‍ മാര്‍ യാക്കോബ്, മാര്‍ അബ്രഹാം മുതലായ പേര്‍ഷ്യന്‍ മെത്രാന്മാരെക്കാള്‍ പകലോമറ്റം തറവാട്ടില്‍ പ്പെട്ട അര്‍ക്കദിയാക്കോന്മാരെയാണു കൂടുതല്‍ വകവയ്ക്കേണ്ടതെന്ന് അവര്‍ ധരിച്ചു. റോമാ പാപ്പായുടെ ആധിപത്യത്തിന്‍ കീഴിലല്ലാതെ സ്ഥിതിചെയ്ത സുറിയാനി സഭയെ റോമാ പാപ്പായുടെ കീഴില്‍ അമര്‍ത്തുന്നതിനു ഗോവയിലെ ആര്‍ച്ചുബിഷപ്പും അതിപ്രഗല്ഭനുമായ മെനെസീസ് നിശ്ചയിച്ചു. അന്നു മലങ്കരസഭയുടെ ആത്മീയ മേലധ്യക്ഷനായിരുന്ന മാര്‍ അബ്രഹാമിനെ നിര്‍ബന്ധിച്ചു പാപ്പായുടെ ആധിപത്യം സ്വീകരിക്കുന്നതിനു സമ്മതിപ്പിച്ചു. അന്നത്തെ അര്‍ക്കദിയാക്കോനായ ഗീവറുഗീസാകട്ടെ മെനെസീസിന്റെ ഉദ്യമത്തെ കഴിയുന്നത്ര എതിര്‍ത്തു. ഒടുവില്‍ സമ്മര്‍ദംകൊണ്ടു കീഴടങ്ങേണ്ടിവന്നു.

പോര്‍ച്ചുഗീസു ബിഷപ്പന്മാരുടെ ഭരണം, ആരാധനാരീതിയില്‍ അവര്‍ വരുത്തിയ വ്യത്യാസങ്ങള്‍ എന്നിവ സുറിയാനിക്കാരെ തുലോം അസംതൃപ്തരാക്കി. തന്‍നിമിത്തം സ്വാതന്ത്ര്യലബ്ധിക്കായുള്ള ഒരു ഉഗ്ര ശ്രമം നസ്രാണിജനത ആരംഭിച്ചു. അന്നത്തെ അര്‍ക്കദിയാക്കോനായിരുന്ന തോമസ് എന്ന വൈദികശ്രേഷ്ഠന്‍ ഇതിനു നേതൃത്വം നല്കി. തുടര്‍ന്ന് 1653-ല്‍ സുറിയാനിസഭ പറങ്കികളുടെ ആധിപത്യത്തില്‍നിന്നു സ്വതന്ത്രമായി. ഗീവറുഗീസ് അര്‍ക്കദിയാക്കോനും തോമസ് അര്‍ക്കദിയാക്കോനും അനിതരസാധാരണമായ ധൈര്യവും ആദര്‍ശസ്ഥിരതയും സ്വജനസ്നേഹവും ഉള്ള നേതാക്കന്മാരായിരുന്നു. തോമസ് അര്‍ക്കദിയാക്കോനെ ഒന്നാം മാര്‍ത്തോമ്മാ എന്ന സ്ഥാനപ്പേരോടുകൂടി 1653 മേയ് മാസം 22-നു ആലങ്ങാട്ടുപള്ളിയില്‍ വച്ചു മെത്രാനായി അഭിഷേകം ചെയ്തു. ഇതിനുശേഷം മലങ്കര സുറിയാനി സഭയെ ഭരിക്കുന്നതിനു മാര്‍ത്തോമ്മാ ഒന്നാമന്റെ പിന്‍ഗാമികളായ മെത്രാന്മാര്‍ ക്രമമായി ഉണ്ടായിരുന്നു. അക്കാരണത്താല്‍ അര്‍ക്കദിയാക്കോന്‍ സ്ഥാനം ഇല്ലാതായിത്തീര്‍ന്നെന്നു പറയാം.

ദശാബ്ദങ്ങള്‍ക്കുശേഷം മലങ്കരയിലെ സുറിയാനിസഭയിലും റോമന്‍ കത്തോലിക്കാസഭയിലും 'വികാരി ജനറല്‍' എന്ന സ്ഥാനമുള്ള ഒരു ഉന്നത വൈദികന്‍ നിയമിതനായി. മുന്‍പ് അര്‍ക്കദിയാക്കോന്‍ നിര്‍വഹിച്ചുവന്ന പല ചുമതലകളും വികാരി ജനറല്‍ ആണ് പിന്നീടു ചെയ്തത്. കാലക്രമേണ സഫ്രഗന്‍ (അസിസ്റ്റന്റ്) മെത്രാന്മാര്‍ നിയമിതരായപ്പോള്‍ വികാരി ജനറലിന്റെ ചുമതലകളും പ്രാധാന്യവും കുറഞ്ഞുവരികയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍