This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുവിക്കര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരുവിക്കര

തിരുവനന്തപുരം നഗരപ്രാന്തത്തില്‍ നെടുമങ്ങാട് താലൂക്കിലെ കരകുളം വില്ലേജിലുള്ള ഒരു ഗ്രാമം. വെല്ലിങ്ടണ്‍ (തിരുവനന്തപുരം) ജലവിതരണപദ്ധതിയുടെ ആസ്ഥാനം ഇവിടെയാണ്. തിരുവനന്തപുരത്തുനിന്നും 16 കി.മീ. വ.മാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന കരമനയാറിന്റെ വലത്തെ കരയിലുള്ള ഭഗവതിക്ഷേത്രം പുരാതനവും പ്രസിദ്ധവുമാണ്. ഇവിടത്തെ ജലപാതവും പ്രകൃതിദൃശ്യവും മനോഹരങ്ങളാണ്.

അരുവിക്കര ഭഗവതിക്ഷേത്രം

നെടുമങ്ങാട് താലൂക്കിലെ ഇരുമ്പ, കുളത്തുകാല്‍ എന്നീ കരകളും, പെരുംകുളം വില്ലേജിലെ ചെറിയകൊണ്ണിക്കരയും, കടമ്പനാട് വില്ലേജിലെ കൊക്കോതമംഗലം കരയും ഉള്‍പ്പെടെ മൊത്തം 21.86 ച.കി.മീ. വിസ്തീര്‍ണവും 32,884 (2001) ജനസംഖ്യയുമുള്ള അരുവിക്കര പഞ്ചായത്ത് സമ്പന്നമല്ല. ഒരു ഇടത്തരം കാര്‍ഷികമേഖലയായ ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും ചെറുകിട കര്‍ഷകരും, കൃഷിപ്പണിക്കാരുമാണ്. അരുവിക്കര ക്ഷേത്രവും അണക്കെട്ടും പരിസരങ്ങളും നിത്യേന ഒട്ടേറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

വെല്ലിങ്ടണ്‍ (തിരുവനന്തപുരം) ജലവിതരണപദ്ധതി. അരുവിക്കരയിലൂടെ ഒഴുകുന്ന കരമനയാറ്റില്‍ അണകെട്ടി ജലം സംഭരിച്ച്, ശുദ്ധീകരിച്ചശേഷം പൈപ്പുലൈന്‍ വഴി തിരുവനന്തപുരത്തെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതി.

വാസ്തുവിദ്യാവിദഗ്ധന്‍ ബാലകൃഷ്ണറാവുവിന്റെ മേല്‍നോട്ടത്തില്‍ 1928-ല്‍ ആവിഷ്കരിച്ച ഈ പദ്ധതി കറയറ്റ സാങ്കേതിക നിര്‍ണയത്തിന് എന്‍ജിനീയറിങ് വൃത്തങ്ങളില്‍ പരക്കെ അറിയപ്പെടുന്ന ഒന്നാണ്. 1933-ലാണ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1961-ല്‍ 1,35,000 ജനസംഖ്യ ഉണ്ടാകുമെന്നുദ്ദേശിക്കപ്പെട്ട നഗരത്തിന്റെ ആവശ്യങ്ങള്‍ കണക്കാക്കി, ഒരാള്‍ക്ക് ശ.ശ. 150 ലിറ്റര്‍ എന്ന നിരക്കില്‍ മൊത്തം 2.05 കോടി ലിറ്റര്‍ ജലം പ്രതിദിനം വിതരണം ചെയ്യുക എന്നതായിരുന്നു പദ്ധതികൊണ്ടുദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ നഗരവികസനംകൊണ്ടും, ജനപ്പെരുപ്പംകൊണ്ടും 1961-ല്‍ 2,38,000 ആളുകള്‍ക്ക് ശുദ്ധജലം നല്കേണ്ടതായി വന്നപ്പോള്‍ ഈ പദ്ധതിയില്‍നിന്നുതന്നെ തൃപ്തികരമായി അതു നിറവേറ്റാന്‍ കഴിഞ്ഞു. ഒരു താത്കാലിക വികസനപരിപാടികൊണ്ട് ജലവിതരണശേഷി പ്രതിദിനം 4.09 കോടി ലിറ്ററായി ഉയര്‍ത്തുകയുണ്ടായി.

തിരുവനന്തപുരത്തുനിന്നും 16 കി.മീ. വ.കി. അരുവിക്കരയില്‍ കരമനയാറ്റിലെ ജലം സംഭരിച്ച് അവസാദനം (sedimentation) ചെയ്തശേഷം ശുദ്ധീകരിച്ച് പൈപ്പുലൈന്‍വഴി തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള വെല്ലിങ്ടണ്‍ വാട്ടര്‍ വര്‍ക്സില്‍ എത്തിക്കുന്നു. ഭിന്നവിതാനങ്ങളിലുള്ള രണ്ടു സംഭരണികളില്‍ ജലം ശേഖരിച്ച്, നഗരത്തിലെ ഉയര്‍ന്നതും താഴ്ന്നതുമായ മേഖലകളില്‍ പ്രത്യേകം പൈപ്പുലൈന്‍ വ്യൂഹങ്ങളില്‍കൂടിയാണ് വിതരണം ചെയ്യുന്നത്.

അരുവിക്കര അണക്കെട്ട്

1991-ല്‍ ഉണ്ടാകാവുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രതിദിനം 10.9 കോടി ലിറ്റര്‍ ജലവിതരണശേഷി സമ്പാദിക്കുന്നതിനുള്ള വികസനപരിപാടികള്‍ ഏറ്റെടുത്തു. ഇതിന്റെ ആദ്യഘട്ടം 1973 ജനുവരിയില്‍ പൂര്‍ത്തിയായി. 1988-ലും 1999-ലും പുതിയ പ്ലാന്റുകള്‍ പണിയുകയുണ്ടായി. ഇപ്പോള്‍ (2007) ജപ്പാന്‍ കുടിവെള്ള പദ്ധതിയിലുള്‍പ്പെടുത്തി ഒരു പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

(കെ.ആര്‍. വാര്യര്‍; കാട്ടാക്കട ദിവാകരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍