This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരുണന്‍

സൂര്യന്റെ തേരാളി; ദേവതാത്വം കല്പിക്കപ്പെട്ട ഉഷസ്സ് അരുണന്‍ എന്ന പേരില്‍ പുരാണങ്ങളില്‍ അറിയപ്പെടുന്നു. കശ്യപന്റെയും വിനതയുടെയും പുത്രന്‍. കശ്യപന്‍ രണ്ട് അണ്ഡങ്ങള്‍ വിനതയെ ഏല്പിച്ചു, ഭദ്രമായി സൂക്ഷിച്ചുകൊള്ളണമെന്ന നിര്‍ദേശത്തോടെ. അഞ്ഞൂറു വര്‍ഷത്തിനുശേഷം, സപത്നിയായ കദ്രുവിന്റെ ആയിരം മുട്ടകള്‍ വിരിഞ്ഞ് നാഗശിശുക്കള്‍ പുറത്തുവന്നു. തന്റെ രണ്ടു മുട്ട വിരിയാഞ്ഞതില്‍ ക്ഷമയറ്റ വിനത ഒരെണ്ണം ഉടച്ചു. അങ്ങനെ അപൂര്‍ണ ഗര്‍ഭത്തില്‍നിന്നും ജനിച്ചതിനാല്‍ അരുണന്‍ അനൂരുവാണ്. സപത്നിയായ കദ്രുവിന്റെ ദാസിയാകട്ടെ എന്ന് അമ്മയെ അരുണന്‍ ശപിച്ചു; അടുത്ത അണ്ഡം വളര്‍ച്ചയെത്തി അതില്‍ നിന്നു വിരിയുന്ന പുത്രന്‍ (ഗരുഡന്‍) ശാപമോചനം നല്കുമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഗരുഡന്‍ അരുണനെ എടുത്തുകൊണ്ടുപോയി കിഴക്കെ ദിക്കിലിരുത്തി. രാഹുവിന്റെ ശല്യം സഹിക്കവയ്യാതെ ക്രുദ്ധനായ സൂര്യന്‍ പടിഞ്ഞാറു നിന്നുകൊണ്ട് ലോകത്തെ മുഴുവന്‍ ദഹിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ദേവന്മാരും ഋഷികളും ബ്രഹ്മാവിനോട് ആവലാതിപ്പെട്ടു. ബ്രഹ്മാവിന്റെ നിയോഗപ്രകാരം അരുണന്‍ സൂര്യന്റെ തേരാളിയായി. ശ്യേനിയാണ് അരുണന്റെ ഭാര്യ. സമ്പാതി, ജടായു എന്നീ പക്ഷിശ്രേഷ്ഠന്മാര്‍ അവരുടെ സന്താനങ്ങളാണ്. സ്ത്രീരൂപം ധരിച്ച അരുണനില്‍ ഇന്ദ്രസൂര്യന്മാര്‍ക്ക് ബാലിയും സുഗ്രീവനും ജനിച്ചു എന്ന് ഉത്തരരാമായണത്തില്‍ കഥാവിവരണമുണ്ട്. അരുണന്റെ അപേക്ഷപ്രകാരം ഗൌതമപത്നിയായ അഹല്യ ഈ പുത്രന്മാരെ വളര്‍ത്തി. വേദങ്ങളിലെ പരാമര്‍ശമനുസരിച്ച് ഉഷസ്സിനു ശേഷമാണ് അരുണന്റെ ഉദ്ഭവം. പ്രഭാതകാന്തിക്ക് അരുണാഭ എന്നു പറയുന്നു. രുമ്രന്‍, അനൂരു, സൂര്യസൂതന്‍, ആശ്മനന്‍, കാശ്യപി, ഗരുഡാഗ്രജന്‍ എന്നീ പേരുകളിലെല്ലാം അരുണന്‍ അറിയപ്പെടുന്നു.

ഹൈന്ദവേതിഹാസങ്ങളില്‍ സൂര്യവംശത്തില്‍പ്പെട്ട ഒരു രാജാവിനും ചില ഋഷിമാര്‍ക്കും ചില ദൈത്യദാനവന്മാര്‍ക്കും അരുണന്‍ എന്ന പേരുള്ളതായി കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B5%81%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍