This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിയിട്ടുവാഴ്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിയിട്ടുവാഴ്ച

പ്രാചീന കേരളീയ നാടുവാഴികള്‍ സ്ഥാനാരോഹണം സംബന്ധിച്ചു നടത്തിവന്ന ഒരു കര്‍മം. മൂപ്പേല്‍ക്കുന്ന രാജാവിന്റെ ശിരസ്സില്‍ ആശീര്‍വാദത്തോടുകൂടി പുരോഹിതന്‍ അരിവിതറുന്നതാണ് ഇതിലെ മുഖ്യമായ ചടങ്ങ്. പഴയ രാജപരമ്പരയുടെ അനന്തരഗാമികള്‍ യഥാശക്തി ഇന്നും ഈ ആചാരം അനുവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ ഹിന്ദുക്കള്‍ പുണ്യകര്‍മങ്ങള്‍ക്ക് അരി (വിശേഷിച്ചും ഉണക്കലരി), പുഷ്പങ്ങള്‍, ദര്‍ഭപ്പുല്ല് മുതലായവയാണ് ഉപയോഗിച്ചുവരുന്നത്.

സാമൂതിരി, 'സാമൂതിരി'യാകണമെങ്കില്‍ അരിയിട്ടുവാഴ്ച നടത്തിയേ തീരൂ എന്നാണ് പഴയ വ്യവസ്ഥ. സാമൂതിരി ചരമം പ്രാപിച്ചാലുടന്‍ അദ്ദേഹത്തിന്റെ 'വലിയ തേവാരി'യായ തലപ്പണ നമ്പൂതിരി അടുത്ത അവകാശിയായ ഏറാള്‍പ്പാട്ടു തമ്പുരാനെ തേവാരി മുഖേന വിവരമറിയിക്കണം. 'തിരുവന്തളി' കഴിപ്പിക്കാനും അരിയിട്ടുവാഴ്ച നടത്തിക്കാനും പുതിയ സാമൂതിരിയെ അയയ്ക്കണമെന്ന് അതോടൊപ്പം അപേക്ഷിക്കയും വേണ്ടതാണ്. അരിയിട്ടുവാഴ്ചയില്‍ പങ്കുകൊള്ളാന്‍ അവകാശപ്പെട്ടവര്‍ ഒട്ടേറെയുണ്ട്. 14-ാം ദിവസം തോന്നിയില്‍ നായര്‍ എന്നൊരവകാശിയുടെ ആഗമനമുണ്ടാകും. അയാള്‍ അരിയിട്ടുവാഴ്ച നടത്തുന്ന മണ്ഡപത്തിനു സമീപം എത്തുമ്പോള്‍ പ്രധാനമന്ത്രിയായ മങ്ങാട്ടച്ചനുമായി കൂട്ടിമുട്ടുന്നു. മങ്ങാട്ടച്ചന്‍ നായരെ പുറത്താക്കാന്‍ ആജ്ഞാപിക്കും; നായര്‍ ഉടനെ തന്റെ വാള്‍ താഴ്ത്തി ലജ്ജിതനായി സ്ഥലം വിടും. 15-ാം ദിവസം കാലത്തു പുലകുളിയാണ്. അവകാശിയായ അത്തിക്കുറിശ്ശി നായരാണ് മുന്‍പതിവനുസരിച്ച് 'തളി' കര്‍മം നിര്‍വഹിക്കുന്നത്. സാമൂതിരി അതിനുശേഷം ബ്രാഹ്മണര്‍ക്കു ദാനം നടത്തുന്നു; പ്രധാനദാനം ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് ആയിരം പണം നല്കലാണ്. അതിനെത്തുടര്‍ന്നു സാമൂതിരി കുളത്തില്‍ ചെന്നു കുളിക്കും. പുണ്യാഹം തളിച്ചശേഷം തന്ത്രി നല്കുന്ന തീര്‍ഥം സേവിച്ച് ചേരമാന്‍ പെരുമാള്‍ കൊടുത്തതെന്നു കരുതപ്പെടുന്ന വീരശൃംഖല വലതുകാലില്‍ ധരിക്കുന്നതാണ് അടുത്ത ചടങ്ങ്.

തുടര്‍ന്ന് വയറാട്ടമാണ്. കോല്‍കുന്നത്തു ശിവാങ്കള്‍ എന്ന സിദ്ധന്റെ ഉപദേശപ്രകാരം നടത്തിവരുന്ന ചടങ്ങാണത്. പരേതനുവേണ്ടിയുള്ള ബലി മുതലായവയ്ക്കുശേഷം സാമൂതിരിമാരുടെ തന്ത്രിയായ ചേന്നാസ്സുനമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗ്രഹശാന്തി നടത്തുന്നു; നവഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയാണ് അതിന്റെ ലക്ഷ്യം. അതുകഴിഞ്ഞ ഉടനെ പൂജിക്കപ്പെട്ട കലശങ്ങള്‍ സാമൂതിരിയുടെയും കൂറുവാഴ്ചക്കാരുടെയും ശിരസ്സില്‍ അഭിഷേകം ചെയ്യുന്നു; അതിനു 'തിരുമുടി കലശം' എന്നാണ് പേര്. 'മന്ത്രം കേള്‍പ്പിക്കല്‍' ആണ് അടുത്ത ചടങ്ങ്. സാമൂതിരിയുടെയും കൂറുവാഴ്ചക്കാരുടെയും കര്‍ണങ്ങളില്‍ തന്ത്രി മന്ത്രോപദേശം ചെയ്യുന്നു. പിന്നീടു തമ്പുരാന്‍ കുലദേവതയായ ഭഗവതിയെയും ചേരമാന്‍ ഖഡ്ഗത്തെയും വന്ദിച്ചിട്ട് കളരിയില്‍ പോയി അവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള 27 ദേവതമാരെ ആയുധവിദ്യാഗുരുവായ ധര്‍മോത്ത് പണിക്കര്‍ ഉപദേശിക്കുന്നവിധം വന്ദിച്ചു ഗുരുദക്ഷിണ നല്കി അദ്ദേഹം കൊടുക്കുന്ന ഉടവാള്‍ വാങ്ങുന്നു.

ആഴ്വാഞ്ചേരി തമ്പ്രാക്കളെ മുഖം കാണിച്ചു വന്ദിക്കുവാന്‍ പോവുകയാണ് അടുത്ത ചടങ്ങ്. തമ്പുരാന്‍ തമ്പ്രാക്കളുടെ സന്നിധിയില്‍ സാഷ്ടാംഗനമസ്കാരം ചെയ്യുന്നു. തമ്പ്രാക്കള്‍ ആജ്ഞാഗൌരവത്തോടെ 'ഗോക്കളെയും ബ്രാഹ്മണരെയും രക്ഷിച്ചു കുന്നലക്കോനാതിരിയായി വാഴുക' എന്നനുഗ്രഹിക്കുന്നു. അവിടെനിന്നു കോവിലകത്ത് തിരിച്ചെത്തി പരമ്പരാസിദ്ധമായ ആഭരണങ്ങളണിയുന്നു. സാമൂതിരിമാര്‍ കിരീടത്തിനു പകരം സ്വര്‍ണം കൊണ്ടുള്ള തിരുമുടിപ്പട്ടമാണ് ധരിക്കാറുള്ളത്. തമ്പുരാന്‍ ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ധരിക്കുന്ന സമയം 'പള്ളിമാറാടി എഴുന്നള്ളിക്കല്‍' എന്ന ചടങ്ങു നടത്തുന്നു. അതിനുശേഷം സാമൂതിരി വലംകൈ തലപ്പണ നമ്പൂതിരിയുടെയും ഇടംകൈ നന്ദാവനത്തില്‍ നമ്പിയുടെയും ചുമലുകളില്‍ വച്ചുകൊണ്ട് 'വയറത്തള'ത്തിലേക്ക് എഴുന്നള്ളുന്നു. അവിടെ നിറപറ മുതലായ മംഗളദ്രവ്യങ്ങള്‍ യഥാസ്ഥാനം വച്ചിരിക്കും; ഭദ്രദീപങ്ങള്‍ കത്തിക്കൊണ്ടിരിക്കും; സാമൂതിരിക്ക് ഇരിക്കുവാന്‍ വേണ്ടി വെള്ളയും കരിമ്പടവും വിരിച്ചിരിക്കും; (സാമൂതിരിക്കു സിംഹാസനമില്ല). ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ചു കൊണ്ടുവന്ന ഭഗവതിയുടെ വാള്‍ അവിടെ ഒരു പ്രധാന സ്ഥാനത്തുണ്ടായിരിക്കും. അദ്ദേഹം സദസ്സിനു മുന്‍പില്‍ ഉപവിഷ്ടനായി ഭഗവതിയുടെ വാളിനെ പൂജിച്ചുവണങ്ങിയശേഷം ഒഴുകില്‍ മേനോന്‍ വായിക്കുന്ന പട്ടികയനുസരിച്ചു ഗുരുഭൂതമാര്‍ക്കെല്ലാം ദക്ഷിണ നല്കും. പഴയ സചിവനും സൈന്യാധിപനുമായ തിനയഞ്ചേരി ഇളയതിന്റെ അനന്തരാവകാശികളില്‍ ഒരാള്‍ ഉണക്കലരിയും തുമ്പപ്പൂവും കലര്‍ത്തിവച്ചിട്ടുള്ള ഒരു വെള്ളിത്താലം തമ്പുരാന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കും. അതില്‍നിന്നു പൂമുള്ളി, വരിക്കമാഞ്ചേരി, കീരാങ്ങാട്ട് എന്നീ നമ്പൂതിരിമാര്‍ ഓരോരുത്തരായി മുമ്മൂന്നു പ്രാവശ്യം അരിയും പൂവും വാരി സാമൂതിരിയുടെ ശിരസ്സില്‍ അര്‍പ്പിക്കുന്നു. അതോടുകൂടി തമ്പുരാന്‍ സാമൂതിരിയായിത്തീരുന്നു. മാലൂര്‍ കണിയാന്‍, കുലാചാര്യന്‍, പ്രഭുക്കന്മാര്‍ എന്നിവര്‍ക്കു ദാനം ചെയ്യുക, തീട്ടൂരം ഒപ്പിടുക, കരാറുകള്‍ എഴുതുക എന്നീ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതോടുകൂടി ചടങ്ങ് അവസാനിക്കുന്നു. സാമൂതിരി അന്തരിച്ച സ്ഥലത്തുവച്ച് പുതിയ സാമൂതിരി അരിയിട്ടുവാഴ്ച നടത്തണമെന്നാണ് വിധി.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കുടുംബദേവതയായ ആറ്റിങ്ങല്‍ തിരുവാറാട്ടുകാവില്‍ഭഗവതിയുടെ സന്നിധിയില്‍വച്ച് ആണ്ടുതോറും മകരമാസത്തില്‍ (10-നു) അരിയിട്ടുവാഴ്ച നടത്താറുണ്ട്. അത് രാജാവിന്റെയും രാജവംശത്തിന്റെയും ഐശ്വര്യത്തെ മുന്‍നിറുത്തി നടത്തുന്ന ഒരു ചടങ്ങാണ്.

കൊച്ചിരാജാവിന്റെ സ്ഥാനാരോഹണത്തിനു 'തിരുമൂപ്പുവാഴ്ച' എന്നാണു പേര്. അവിടെയും അരിയിടുന്ന ചടങ്ങുണ്ട്. കണയന്നൂര്‍, തൃപ്പൂണിത്തുറ, കൊച്ചി എന്നീ സ്ഥലങ്ങളില്‍വച്ചാണ് ഈ ചടങ്ങുകള്‍ നിര്‍വഹിച്ചുപോരാറുള്ളത്.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; കെ. ശിവരാമമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍