This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരാറത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരാറത്ത്

Ararat

തുര്‍ക്കിയുടെ കിഴക്കനതിര്‍ത്തിയിലുള്ള പര്‍വതം. ഉയരം 5,165 മീ. പല ബൈബിള്‍ കഥകളുമായി ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. മഹാപ്രളയം തുടങ്ങി ഏഴാം മാസം പതിനേഴാം ദിവസം കടലിലൊഴുകിനടന്ന നോഹയുടെ പേടകം അരാറത്ത് പര്‍വതത്തില്‍ വന്നുറച്ചു എന്നാണ് ഒരു പരാമര്‍ശം (ഉത്. viii:4). അശ്ശൂര്‍ രാജാവായ സന്‍ഹേരിബിനെ വധിച്ചശേഷം തന്റെ പുത്രന്മാരായ അദ്രമ്മേലേക്കും ശരേസെരും അരാറത്ത് ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു എന്ന് മറ്റൊരു പ്രസ്താവവും കാണുന്നു. (2 രാജാ.xix:37; യെശ.xxxvii:38). അരാറാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ ബാബേലി (ബാബിലോണ്‍) നെതിരെ സംഘടിപ്പിക്കുവാന്‍ തനിക്ക് യഹോവായുടെ അരുളപ്പാടുണ്ടായെന്ന് യിരെമ്യാവിന്റെ പ്രവചനങ്ങളിലുണ്ട് (യിരെ. ii:27). ഇവിടെ പറയുന്ന അരാറത്ത് അസ്സീറിയന്‍ ലിഖിതങ്ങളില്‍ പ്രതിപാദിച്ചുകാണുന്ന ഉരാര്‍ത് എന്ന അര്‍മീനിയന്‍ രാജസ്ഥാനമാണെന്നു വിചാരിക്കാന്‍ ന്യായം കാണുന്നു.

അരാറത്ത് പര്‍വതത്തിന്റെ വിദൂരദൃശ്യം

അര്‍മീനിയക്കാര്‍ അരാറത്ത് പര്‍വതത്തെ ലോകമാതാവായി ആരാധിച്ചുപോരുന്നു. നശ്വരരായ ആര്‍ക്കും ഈ പര്‍വതം കയറിക്കൂടുവാന്‍ പറ്റില്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. 1829-ല്‍ ഡോ. പാരട്ട് എന്ന യൂറോപ്യന്‍ ഈ മലകയറി, അതിനുശേഷം ഇവിടം വിനോദസഞ്ചാരത്തിന്റെയും പര്‍വതാരോഹണത്തിന്റെയും കേന്ദ്രമാണ്. ഇതിലെ കൊടുമുടികള്‍ സദാ മഞ്ഞുമൂടി കിടക്കുന്നു. ഹിമനിരയും ഗന്ധകസ്വഭാവമുള്ള ആഗ്നേയ ശിലാശേഖരങ്ങളും ഈ പര്‍വതത്തിന്റെ സവിശേഷതകളാണ്. ശുഷ്കവും കഠിനവുമായ കാലാവസ്ഥയാണിവിടെ അനുഭവപ്പെടുന്നത്. മലഞ്ചരിവുകള്‍ പൊതുവേ ഊഷരപ്രദേശങ്ങളാണ്. അങ്ങിങ്ങായി മാത്രം പുല്‍മേടുകള്‍ കാണാം.

റഷ്യ, പേര്‍ഷ്യ, തുര്‍ക്കി എന്നീ സാമ്രാജ്യങ്ങളുടെ പൊതുവതിര്‍ത്തിയിലായിരുന്നു ഇതിന്റെ സ്ഥാനം; തന്നിമിത്തം കുര്‍ദ് കൊള്ളക്കാരുടെ സുരക്ഷിത സങ്കേതവുമായിരുന്നു. ആധുനികകാലത്ത് ഇവിടം കുര്‍ദ് വര്‍ഗത്തില്‍പ്പെട്ട ഇടയന്മാരുടെ മേച്ചില്‍ സ്ഥലങ്ങളായി. യൂഫ്റെട്ടീസ് നദിയുടെ ഉദ്ഭവം ഈ പര്‍വതത്തില്‍നിന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍