This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരണാടന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരണാടന്മാര്‍

മലപ്പുറം ജില്ലയില്‍ ഏറനാടു താലൂക്കില്‍ വസിക്കുന്ന ഒരു ഗോത്രവിഭാഗം. (കണ്ണൂര്‍ ജില്ലയിലെ ചില സ്ഥലങ്ങളിലും ഇവരെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.) ഏറനാട്ടുകാര്‍ എന്ന അര്‍ഥമുള്ള ഏറനാടന്മാര്‍ (Eranadans) എന്ന വാക്കിന്റെ ദൂഷിതരൂപമാണ് അരണാടന്മാര്‍ (Aranadans). ഏറനാട്ടു താലൂക്കിലെ നിലമ്പൂര്‍ അംശത്തില്‍പ്പെട്ട വഴിക്കടവ്, എടക്കര, കരുള, ശങ്കരക്കുളം തുടങ്ങിയ ഉള്‍നാടന്‍പ്രദേശങ്ങളിലെ കുന്നിന്‍ചരിവുകളിലാണ് ഇക്കൂട്ടര്‍ വസിക്കുന്നത്. ഇപ്പോള്‍ അരണാടകുളം എന്നറിയപ്പെടുന്ന പ്രദേശം ഒരു കാലത്ത് ഇവരുടെ മുഖ്യവാസകേന്ദ്രമായിരുന്നു. ഒരു ആദിമ ജനവിഭാഗമായ അരണാടന്മാര്‍ ഇന്നും ആദിവാസികളുടെ പ്രത്യേകതകള്‍ നിലനിര്‍ത്തുന്നു. തടിച്ച മൂക്കും ഇടതൂര്‍ന്ന പുരികങ്ങളും വണ്ണംകുറഞ്ഞ് ദൃഢപേശിയായ ഉടലും നീണ്ട ബാഹുക്കളും ഇരുണ്ട തവിട്ടുനിറവുമുള്ള ഇക്കൂട്ടര്‍ക്ക് ഗോത്രവര്‍ഗക്കാരുടെ എല്ലാ ബാഹ്യലക്ഷണങ്ങളുമുണ്ട്. വസ്ത്രധാരണത്തില്‍ ഇവര്‍ തീരെ അശ്രദ്ധരാണ്. പേരിനുവേണ്ടി നഗ്നത മറയ്ക്കുന്നു എന്നുമാത്രം. അരണാടത്തികള്‍ കല്ലുമാലകളും കുപ്പിവളകളും ലോഹമോതിരങ്ങളും ധരിക്കുന്നു. തമിഴും മലയാളവും തുളുവും കലര്‍ന്ന ഒരു പ്രാക്തനഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

അരണാടന്മാരുടെ ആവിര്‍ഭാവം തെളിയിക്കുന്ന ചരിത്രരേഖകളില്ല. അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലെത്തിച്ചേര്‍ന്ന നെഗ്രിറ്റോ വംശജരായ ഒരു ആദിദ്രാവിഡ ജനവര്‍ഗമാവാം ഇവര്‍ എന്നു കരുതപ്പെടുന്നു. ഏതായാലും തങ്ങള്‍ ഏറനാടിന്റെ അധിപരാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താന്‍ അരണാടന്മാര്‍ക്കിടയില്‍ പണ്ട് വര്‍ഗവിഭജനം ഉണ്ടായിരുന്നതായി ഊഹിക്കപ്പെടുന്നു. എന്നാല്‍ അതിനു വസ്തുതാപരമായ തെളിവില്ല. മക്കത്തായമാണ് ഇവരുടെ ദായക്രമം.

അരണാടന്മാര്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഒരു ഗോത്ര ജനവിഭാഗമാണ്. പ്രത്യേക തരത്തിലുള്ള വിവാഹസമ്പ്രദായവും ജനനനിയന്ത്രണത്തിനുപയോഗിക്കുന്ന പ്രാകൃതമായ ഔഷധങ്ങളും ഹേതുവായി അരണാടന്മാരുടെ വംശവര്‍ധനശേഷി നന്നേ കുറഞ്ഞിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍