This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരണ

ലസെര്‍ട്ടീലിയ (Lacertilia) എന്ന ഉരഗ ഉപഗോത്രത്തിലെ ഒരംഗം. നാല്പതോളം സ്പീഷിസുണ്ട്. ദക്ഷിണേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. വിവിധ സ്ഥലങ്ങളിലുള്ളവയ്ക്ക് നിറത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങള്‍ കാണാം. കരയില്‍ പാറകള്‍ക്കിടയിലും മറ്റു പ്രകാശം കുറഞ്ഞ ഭാഗങ്ങളിലുമാണ് സാധാരണ കാണപ്പെടുന്നത്. ചില അംഗങ്ങള്‍ ഭാഗികമായി ജലജീവികളാണ്. നീണ്ട ശരീരവും കുറുകിയ കാലുമാണുള്ളത്. ചിലയിനം അരണകളുടെ കാലുകള്‍ അനിതരസാധാരണമാംവിധം ചെറുതാണ്. തന്മൂലം ഇവ പാമ്പുകളാണെന്നു തോന്നാനിടയുണ്ട്. ശരീരം മിനുസവും തിളക്കവുമുള്ള ചെതുമ്പലുകള്‍കൊണ്ട് പൊതിഞ്ഞിരിക്കുന്നു. തലയിലുള്ള ചെതുമ്പലുകള്‍ വിസ്താരം കൂടിയവയാണ്. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവില്‍ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. പുറത്ത് നെടുകെ ഒന്നും പാര്‍ശ്വഭാഗങ്ങളില്‍ ഈരണ്ടും വെളുത്ത വരകള്‍ കാണാം. ശരീരത്തിന്റെ ഉപരിഭാഗത്തിനു തവിട്ടുനിറമാണ്. അടിവശം മഞ്ഞയോ വെള്ളയോ ആയിരിക്കും.

അരണ

അരണ മുട്ടയിട്ടാണ് പ്രത്യുത്പാദനം നടത്തുന്നത്. 'അരണ കടിച്ചാല്‍ ഉടനെ മരണം' എന്നൊരു ചൊല്ലുണ്ട്. ഇത് വെറും അന്ധവിശ്വാസമാണ്. അരണയ്ക്ക് വിഷപ്പല്ലുകളോ വിഷഗ്രന്ഥികളോ ഇല്ല. ഇതിന്റെ മാംസം വിഷമുള്ളതാണെന്നു കരുതപ്പെടുന്നു. എന്നാല്‍ അരണയ്ക്ക് വിഷമുണ്ടെന്നും കടിക്കാന്‍ ചെല്ലുമ്പോഴേക്കും അക്കാര്യം അത് മറന്നുപോകുമെന്നും ഒരു വിശ്വാസം പരന്നിട്ടുണ്ട്. ഈ സങ്കല്പത്തിന്റെ ഫലമായാണ് ഓര്‍മക്കുറവുള്ള ആളുകളെ പരിഹസിക്കാന്‍ 'അരണബുദ്ധി' എന്ന ശൈലി മലയാള ഭാഷയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

സര്‍പ്പങ്ങളെപ്പോലെ അരണയും ഒരു ഉരഗമായതുകൊണ്ട് ഇതിന്റെ വായിലും മാണിക്യരത്നമുണ്ടെന്ന് ഒരു കവി സങ്കല്പമുണ്ട്. 'അരണമാണിക്യം' എന്ന പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍