This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരങ്ങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരങ്ങ്

നൃത്തനാടകാദി ദൃശ്യകലകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം. അഭിനയവേദി, നടനവേദി, രംഗവേദി തുടങ്ങിയ സംജ്ഞകള്‍ ഇതിനു പര്യായമായി നല്കപ്പെട്ടിട്ടുണ്ട്. രണ്ട് യവനികാപാതങ്ങള്‍ക്കിടയ്ക്ക് അഭിനയിക്കാനുള്ള ഭാഗം, നാടകാദി പ്രദര്‍ശനം കാണാന്‍ വന്നിരിക്കുന്ന ആളുകള്‍, പ്രേക്ഷകര്‍, സഭ, സദസ്, ആകര്‍ഷകമായ കാഴ്ച എന്നെല്ലാം അരങ്ങിന് അര്‍ഥകല്പന ചെയ്യാറുണ്ട്. രംഗം എന്ന സംസ്കൃതപദത്തിന്റെ ദ്രാവിഡതദ്ഭവമാണ് അരങ്ങ്.

അവതരിപ്പിക്കപ്പെടുന്ന ദൃശ്യകലയുടെ സ്വഭാവമനുസരിച്ച് അരങ്ങിന്റെ ആകൃതിപ്രകൃതികള്‍ക്കു മാറ്റം ഉണ്ടാകുക സ്വാഭാവികമാണ്. കാലദേശഭേദങ്ങളും അരങ്ങിനെ സ്വാധീനിക്കാറുണ്ട്. വാസ്തുശില്പശാസ്ത്രപ്രകാരം പാശ്ചാത്യവും പൗരസ്ത്യവുമായ രംഗസങ്കല്പങ്ങള്‍ വിശദമായ പഠനം അര്‍ഹിക്കുന്നു. അരങ്ങിനെക്കുറിച്ച്, ഉയര്‍ത്തിക്കെട്ടിയ തറ എന്ന സങ്കല്പമാണ് ഇന്ന് എല്ലാദേശങ്ങളിലും ഏറെക്കുറെ നിലനിന്നുപോരുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തില്‍ രംഗമണ്ഡപത്തിന്റെ നിര്‍മിതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആധുനികശാസ്ത്രം കലയുടെ വികാസത്തിനൊത്തു രംഗവേദിയില്‍ പല പരിവര്‍ത്തനങ്ങളും വരുത്തിവരുന്നു. ചെത്തിയൊരുക്കിയ വെറും തറയില്‍നിന്ന് ആരംഭിക്കുന്ന രംഗവേദിയുടെ പരിണാമത്തില്‍ ആധുനികശാസ്ത്രത്തിന്റെ പല നേട്ടങ്ങളും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രകാശവിന്യാസം, ശബ്ദക്രമീകരണം, പശ്ചാത്തലസജ്ജീകരണം ഇവയിലെല്ലാം ഉണ്ടായിട്ടുള്ള പുരോഗതിക്കു നിദാനം മുഖ്യമായും ഈ സ്വാധീനതയാണ്.

ദൃശ്യകലയ്ക്ക് കാലാകാലങ്ങളിലുണ്ടാവുന്ന വികാസത്തിന് അനുഗുണമായ മാറ്റങ്ങള്‍ രംഗവേദിയുടെ സംവിധാനത്തിലും ഉണ്ടായിക്കൊണ്ടിരിക്കും. പൌരസ്ത്യവും പാശ്ചാത്യവുമായ ദൃശ്യവേദിയുടെ ചരിത്രം ഈ വസ്തുത തെളിയിക്കുന്നു. ഗ്രീസ്, റോം, ചൈന, ഇന്ത്യ തുടങ്ങിയ ജനപദങ്ങള്‍, മധ്യകാലം, നവോത്ഥാനകാലം തുടങ്ങിയ കാലഘട്ടങ്ങള്‍, ജനകീയ നാടകവേദി, കാല്പനിക നാടകവേദി, നാച്വറലിസം, സിംബലിസം, തിയെറ്ററിക്കലിസം, സോഷ്യലിസ്റ്റ് റിയലിസം, എപിക് തിയെറ്റര്‍ തുടങ്ങിയ പ്രസ്ഥാനവിശേഷങ്ങള്‍ ഇവയെല്ലാം രംഗവേദിയുടെ വിവിധഘട്ടങ്ങളിലെ വികാസങ്ങള്‍ക്കു കളമൊരുക്കിയിട്ടുണ്ട്.

അരങ്ങ് എന്ന സംജ്ഞ സാമാന്യേന നാടന്‍ കലാരൂപങ്ങളുമായി ബന്ധപ്പെടുത്തിയാണ് പൊതുവേ ഉപയോഗിച്ചുവരുന്നത്. കൂത്ത്, കൂടിയാട്ടം, തെയ്യം, തിറ, കഥകളി എന്നിവയുടെ പ്രദര്‍ശനവേദിയായ അരങ്ങിനെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

കൂത്ത്, കൂടിയാട്ടം എന്നീ ദൃശ്യകലാപ്രകടനങ്ങളില്‍ (ചാക്യാന്മാര്‍ക്കു) അഭിനയിക്കുന്നതിനും കഥാകഥനം നടത്തുന്നതിനും ഉള്ള ലക്ഷണയുക്തവും നിയതവുമായ അരങ്ങുകള്‍ക്ക് കൂത്തമ്പലം എന്നാണ് പറയുക. കൂടിയാട്ടത്തില്‍നിന്ന് ആരംഭിച്ച് കൃഷ്ണനാട്ടം, തെയ്യം, തിറ, പയറ്റ് തുടങ്ങിയ കലാരൂപങ്ങളുമായി ബന്ധപ്പെട്ടു വികസിച്ച കഥകളിക്ക് തികച്ചും ലളിതവും ശാലീനവുമായ അരങ്ങാണുള്ളത്. കൊട്ടാരങ്ങളുടെയും മനകളുടെയും അങ്കണങ്ങളിലോ പാടത്തോ പറമ്പിലോ എവിടെയും കഥകളിക്ക് അരങ്ങു ചമയ്ക്കാം. അതിനു ലക്ഷണയുക്തവും നിയതവുമായ കൂത്തമ്പലം ആവശ്യമില്ല. തറയില്‍ നാലുകോല്‍ സമചതുരത്തില്‍ അടിച്ചൊരുക്കിയ തറ മതിയാകും. പന്തല്‍ക്കാലുകള്‍ ഉറപ്പിച്ച് മീതേ അലകുചീന്തി തട്ടുപാകി പനമ്പുപരത്തി ഒരു കളിപ്പന്തലുണ്ടാക്കിയാല്‍ കഥകളിക്കുള്ള അരങ്ങായി. കുരുത്തോലകൊണ്ടും മാന്തൊത്തുകൊണ്ടും നിര്‍മിക്കപ്പെടുന്ന അലങ്കാരങ്ങള്‍ക്ക് അരങ്ങുതൂക്കല്‍ എന്നാണ് പറയുക. അരങ്ങിനോടു ചേര്‍ന്ന് അണിയറയും ഉണ്ടായിരിക്കും. അരങ്ങിന്റെ പിന്നിലോ വശങ്ങളിലോ താത്കാലികമായി കെട്ടിയുണ്ടാക്കുന്ന ഈ അറകളില്‍വച്ചാണ് നടന്മാര്‍ വേഷം അണിഞ്ഞ് ഒരുങ്ങുന്നത്. ക്ഷേത്രങ്ങളിലോ ഗൃഹാങ്കണങ്ങളിലോ ആണ് അരങ്ങെങ്കില്‍ അഗ്രശാലയോ ഒഴിഞ്ഞ പത്തായപ്പുരത്തിണ്ണയോ അണിയറയായി മാറും. അരങ്ങ് ഒരുക്കുന്ന ജോലി കഥകളിയോഗത്തിലെ പെട്ടിക്കാരനാണ് നിര്‍വഹിക്കുക. നോ: കഥകളി; രംഗവേദി; അണിയറ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍