This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരഗോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരഗോണ്‍

Aragon

ഐബീരിയന്‍ ഉപദ്വീപിന്റെ വ.ഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു രാജ്യം. ഇപ്പോഴിതു സ്പെയിനിലെ മൂന്നു പ്രവിശ്യകളായി-ഹ്വാസ്ക, ടെറൂല്‍, സാരഗോസ-വിഭജിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ മാത്രമാണ് അരഗോണ്‍ എന്നപേരിന് ഇന്നു സ്ഥാനമുള്ളത്. അരഗോണ്‍ ഭരിച്ചിരുന്നവര്‍ തൊട്ടടുത്തുകിടന്ന ബാര്‍സലോണയും (കറ്റലോണിയ) വാലന്‍ഷ്യയും മെഡിറ്ററേനിയനിലെ സമുദ്രാന്തരപ്രദേശങ്ങളും കൈയടക്കിവച്ചിരുന്നു. സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ കറ്റലോണിയയും വാലന്‍ഷ്യയും പ്രാധാന്യം നേടിയിരുന്നെങ്കിലും അരഗോണുമായി ചേര്‍ന്നാണ് അവയ്ക്കു ചരിത്രത്തില്‍ സ്ഥാനം ലഭിച്ചിട്ടുള്ളത്.

റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അരഗോണ്‍ എ.ഡി. 5-ാം ശ.-ത്തില്‍ ഒരു ബാര്‍ബേറിയന്‍ വര്‍ഗമായ വിസിഗോത്തുകളുടെ കൈവശമായി. 711-ല്‍ ഈ ഭൂവിഭാഗം മൂറുകള്‍ (അറബി-നീഗ്രോ സങ്കരവര്‍ഗം) കൈയടക്കി. മൂറുകളില്‍നിന്നും രക്ഷപ്പെട്ട ചില ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ അരഗോണിന്റെ വടക്കുഭാഗത്തെത്തി സ്വതന്ത്രഭരണം സ്ഥാപിച്ചു. വളരെക്കാലം ഗോഥിക് പ്രഭുക്കന്മാരാണ് അവിടെ നേതൃത്വം വഹിച്ചത്. പിന്നീടത് നവാറെയുമായി യോജിച്ചു; നവാറെയിലെ സാന്‍ചൊ III 1035-ല്‍ അരഗോണ്‍ എന്ന രാജ്യത്തിന് അടിത്തറ പാകി. പിരണിയന്‍ കൌണ്ടിയായ ഈ പ്രദേശം സാന്‍ചൊ III തന്റെ മൂന്നാമത്തെ പുത്രനായ റാമിറോ I (1035-63) ന് ഭാഗിച്ചുകൊടുത്തു. പര്‍വതങ്ങള്‍നിറഞ്ഞ ഈ ഭൂവിഭാഗത്തെ ശക്തമായ ഒരു രാഷ്ട്രമാക്കിത്തീര്‍ത്തതു റാമിറോ I ആണ്. അദ്ദേഹം അടുത്ത കൌണ്ടികളായ സൊബ്രര്‍ബും റീബഗോസയും അരഗോണിനോടു ചേര്‍ത്തു. 1104 ആയപ്പോഴേക്കും അരഗോണ്‍ ഒരു വിസ്തൃത രാജ്യമായി. അരഗോണിലെ രാജാവായ അല്‍ഫോന്‍സൊ I (1104-34) 1125-ല്‍ അല്‍മൊ റാവിദു തലസ്ഥാനമായിരുന്ന സാരഗോസ പിടിച്ചടക്കി രാജ്യത്തോടു ചേര്‍ത്തു. ജലോണ്‍-ജകാര്‍ നദീതീരങ്ങളും എബ്രോയുടെ ചില ഭാഗങ്ങളും പിന്നീട് അരഗോണിന്റെ ഭാഗമായി. അല്‍ഫോന്‍സൊ II (1162-96) കസ്റ്റീലിലെ അല്‍ഫോന്‍സൊ VIII നോടുചേര്‍ന്നു കസോര്‍ല കരാറില്‍ ഒപ്പുവച്ച്, രണ്ടുഭാഗത്തുകൂടെവന്ന് മൂറുകളുടെ രാജ്യം ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കി.

1150-ല്‍ കറ്റലോണിയയിലെ ഭരണാധിപനായ റാമണ്‍ ബെറന്‍ഗര്‍ IV, അരഗോണിലെ രാജ്യാവകാശിനിയായ ഒരു രാജകുമാരിയെ വിവാഹം ചെയ്തു. ഇതോടെ അരഗോണിന്റെ ഭരണം കറ്റലോണിയരുടെ കൈകളിലായി. 1410 വരെ ഈ സ്ഥിതി തുടര്‍ന്നു. 1076 വരെ അരഗോണിന്റെ കീഴിലായിരുന്ന നവാറെ 1134-ല്‍ സ്വാതന്ത്ര്യം നേടി. എന്നാല്‍ അരഗോണിലെ ജോണ്‍ II-ന് 1425-ല്‍ നവാറെ തിരിച്ചുപിടിച്ചു അരഗോണില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നു ചില പ്രദേശങ്ങള്‍ കൈയടക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അതു കഴിഞ്ഞില്ല. പിരണീസിന് വ. അരഗോണിനു അവകാശപ്പെടാനുണ്ടായിരുന്ന ഏക കൗണ്ടി റൂസിലോണ്‍ ആയിരുന്നു. 1228-ല്‍ ബലേറിക്ക് ദ്വീപുകളും 1238-ല്‍ മൂറുകളുടെ രാജ്യമായ വാലെന്‍ഷ്യയും പിടിച്ചെടുത്ത് ജോണ്‍ സാമ്രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. അങ്ങനെ കസോര്‍ല കരാറിലെ വ്യവസ്ഥയനുസരിച്ച് മൂറുകളുടെ പ്രദേശങ്ങളെല്ലാം അരഗോണ്‍ കീഴടക്കി. പിന്നീട് മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി. സിസിലി (1282), സാര്‍ഡീനിയ (1320), നേപ്പിള്‍സ് (1442) എന്നിവ അരഗോണിനോട് സംയോജിപ്പിച്ചു. അരഗോണിലെ പീറ്റര്‍ IV (1336-87) കസ്റ്റീലുമായി 1356-69-നുമിടയ്ക്ക് അപകടകരമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടു. യുദ്ധഫലം അരഗോണില്‍ ദൂരവ്യാപകങ്ങളായ വ്യതിയാനം സൃഷ്ടിച്ചു. അരഗോണ്‍ പ്രഭുക്കന്മാര്‍ക്ക് കസ്റ്റീലിലെ ഭരണാധികാരികളോടായിരുന്നു ആഭിമുഖ്യം. 1410-ല്‍ ബാര്‍സലോണാവംശം നാമാവശേഷമായി. 1412-ല്‍ കസ്റ്റീലിലെ രാജകുമാരനായ ഫെര്‍ഡിനന്റ് ട്രസ്റ്റമാറ അരഗോണിലെ രാജാവായതോടുകൂടി കറ്റലോണിയരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. അല്‍ഫോന്‍സൊ V (1416-58) 1443-ല്‍ അരഗോണ്‍ തലസ്ഥാനം നേപ്പിള്‍സിലേക്കു മാറ്റിയതോടെ അരഗോണിലെ കറ്റലോണിയന്‍ അധികാരം അസ്തമിച്ചു. കറ്റലോണിയര്‍ യുദ്ധത്തിനു മുതിര്‍ന്നെങ്കിലും അതില്‍ പുരോഗതി ഉണ്ടായില്ല. ജോണ്‍ II തന്റെ രാജ്യാവകാശിയായ ഫെര്‍ഡിനന്റിനെക്കൊണ്ട് കസ്റ്റീലിലെ ഹെന്റി IV-ന്റെ രാജ്യാവകാശിനിയായ ഇസബെല്ലയെ വിവാഹം കഴിപ്പിച്ചു. ജോണ്‍ II നിര്യാതനായതോടെ 1479-ല്‍ അരഗോണും കസ്റ്റീലും ഏകീകരിക്കപ്പെട്ടു; അതോടെ അരഗോണിന്റെ പ്രശസ്തി നിലച്ചു. സ്പെയിനില്‍ ചാള്‍സ് I-ന്റെ ഭരണകാലത്ത് 1516-ല്‍ അരഗോണിനെ ആ രാജ്യത്തില്‍ ലയിപ്പിച്ചു. ഒരു ഭരണഘടകമെന്നനിലയ്ക്ക് അരഗോണ്‍ 1833-വരെ നിലനിന്നു. അതിനുശേഷം ഹ്വാസ്ക, സാരഗോസ, ടെറൂല്‍ എന്നിങ്ങനെ മൂന്നു പ്രവിശ്യകളായി അരഗോണ്‍ എന്ന പ്രാചീന രാജ്യം രൂപാന്തരപ്പെട്ടു. അരഗോണില്‍ നിന്ന് ആദ്യമായി കണ്ടുകിട്ടിയതുകൊണ്ടാണ്, അരഗൊണൈറ്റ് എന്ന ധാതുവിനു ആ സംജ്ഞ കിട്ടിയത്.

നോ: അരഗൊണൈറ്റ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%97%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍