This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരക്കില്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരക്കില്ലം

പാണ്ഡവന്മാരെ ചതിച്ചു കൊല്ലാന്‍ ദുര്യോധനന്‍ പണിയിച്ച കെട്ടിടം. ഹസ്തിനപുരത്ത് ധൃതരാഷ്ട്രരുടെ സംരക്ഷണയില്‍ കൗരവന്മാരോടൊപ്പം പാണ്ഡവന്മാരും വളര്‍ന്നുവരവെ പാണ്ഡവന്മാര്‍ക്ക് ജനസമ്മതിയും ശക്തിയും വര്‍ധിച്ചു. യുധിഷ്ഠിരന്‍ രാജാവാകണമെന്ന ആഗ്രഹം പൗരന്മാര്‍ വഴിക്കവലകളിലും സദസ്സുകളിലും വച്ചു പ്രകടിപ്പിച്ചുതുടങ്ങി. ദുര്യോധനന്‍ ഇതില്‍ ഈര്‍ഷ്യാകുലനായിത്തീരുകയും കര്‍ണന്‍, ശകുനി, സൗബലന്‍, ദുശ്ശാസനന്‍ എന്നിവരുമായി കൂടിയാലോചിച്ച് പാണ്ഡവന്മാരെ കൗശലത്തില്‍ വാരണാവതത്തിലേക്കു മാറ്റിപ്പാര്‍പ്പിക്കണമെന്ന് പിതാവിന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. പുത്രവത്സലനായ ധൃതരാഷ്ട്രര്‍ക്ക് ഈ നിര്‍ദേശം നന്നേ ബോധിച്ചു. അദ്ദേഹം മിടുക്കന്മാരായ ചില മന്ത്രിമാരെ പറഞ്ഞുവിട്ട് വാരണാവതത്തിന്റെ മഹിമയെയും അവിടെ നടക്കാന്‍ പോകുന്ന ഒരു ഉത്സവത്തിന്റെ വിശേഷത്തെയും കുറിച്ച് വര്‍ണിച്ചു കേള്‍പ്പിച്ച് യുധിഷ്ഠിരന് അവിടെ ചെന്നു പാര്‍ക്കാന്‍ കൗതുകമുളവാക്കി. പാണ്ഡവന്‍മാര്‍ മാതാവുമൊത്ത് പുതിയ വസതിയിലേക്കു യാത്രയായി. ദുര്യോധനന്‍ കുറേക്കൂടി കടന്ന ഒരു പരിപാടി ആസൂത്രണം ചെയ്തു. അദ്ദേഹം പുരോചനന്‍ എന്ന സചിവനെ വിളിച്ച്, വാരണാവതത്തില്‍ ചെന്ന് നഗരത്തിനടുത്ത് അരക്കുകൊണ്ട് മെച്ചപ്പെട്ട ഒരു നാലുകെട്ടുപുര തീര്‍പ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തു. ആരു കണ്ടാലും അത് ആഗ്നേയഗൃഹമാണെന്ന സംശയം ജനിക്കരുത്. അവിടെ പാണ്ഡവന്മാരെ സത്കാരപൂര്‍വം താമസിപ്പിച്ച് തക്കം നോക്കി ഇല്ലത്തിന് തീ കൊളുത്തി അവരെ ചുട്ടു ചാമ്പലാക്കണം. സ്വഗൃഹത്തില്‍ കിടന്നു പാണ്ഡവന്മാര്‍ വെന്തുമരിച്ചാല്‍ അതിന്റെ പേരില്‍ ആരും കൗരവന്മാരെ പഴിക്കയുമില്ല. ഇതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. പാണ്ഡവന്മാര്‍ വാരണാവതത്തില്‍ ചെന്ന് പത്തു ദിവസം കഴിഞ്ഞപ്പോള്‍, പുരോചന സജ്ജീകൃതമായ ഈ ജതുഗൃഹത്തില്‍ അവര്‍ മാതൃസമേതം പ്രവേശിച്ചു; അത് ആഗ്നേയമാണെന്ന് അപ്പോള്‍ തന്നെ യുധിഷ്ഠിരന്‍ മനസ്സിലാക്കി. അദ്ദേഹം വിദുരന്‍ അയച്ച ഒരു ഖനകനെക്കൊണ്ട് തീ കടക്കാതെ ഭദ്രമായി പാര്‍ക്കാന്‍ പറ്റിയ ഒരു നിലവറ ഗൃഹാന്തര്‍ഭാഗത്തു തീര്‍പ്പിച്ചു. അവിടെനിന്നും പുറത്ത് കാട്ടിലേക്ക് ഒരു ഗുഹയുണ്ടാക്കി. രാത്രികാലത്ത് പാണ്ഡവര്‍ നിലവറയില്‍ കഴിച്ചുകൂട്ടി വന്നു. ഒരു കൊല്ലം കഴിഞ്ഞ് പാണ്ഡവന്മാര്‍ തന്നെ, തങ്ങള്‍ വെന്തു നശിച്ചുപോയെന്ന് അന്യര്‍ ഗ്രഹിക്കത്തക്ക സാഹചര്യം സൃഷ്ടിച്ച് ജതുഗൃഹത്തിനു തീ കൊളുത്തിയിട്ട് ഗുഹയിലൂടെ രക്ഷപ്പെട്ടു. ഗൃഹത്തോടുകൂടി പുരോചനനും പുറന്തളത്തില്‍ ഉറങ്ങിക്കിടന്ന ഒരു നിഷാദിയും അഞ്ചു മക്കളും വെന്തു മരിച്ചു. പാണ്ഡവന്മാര്‍ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്താല്‍ ദുര്യോധനപ്രഭൃതികള്‍ അവര്‍ക്ക് ശേഷക്രിയ നടത്തി. കൗരവന്മാരുടെ ദുരുദ്ദേശം മനസ്സിലാക്കിയ ജനങ്ങള്‍ അവരെ കൂടുതല്‍ പഴിക്കയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍