This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയിരൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയിരൂര്‍

1. പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ താലൂക്കില്‍ പമ്പാനദീതീരത്തുള്ള ഒരു ഗ്രാമം. എക്കലടിഞ്ഞു വളക്കൂറാര്‍ന്നമണ്ണ് ഈ ഗ്രാമത്തെ ഒന്നാംതരം കാര്‍ഷികമേഖലയാക്കിയിരിക്കുന്നു. നെല്ല്, കുരുമുളക്, കരിമ്പ്, മരച്ചീനി തുടങ്ങിയ കാര്‍ഷികവിളകള്‍ ഇവിടെ സമൃദ്ധിയായിട്ടുണ്ട്. പമ്പാവാലി പ്രോജക്ടിലെ പ്രധാന അക്വിഡക്റ്റ് അയിരൂരില്‍ നിന്നും കോഴഞ്ചേരിയിലേക്കു പോകുന്നു. ജനനിബിഡമാണ് ഈ പ്രദേശം. പഞ്ചായത്തിന്റെ വിസ്തീര്‍ണം: 26.5 ച. കി.മീ.; ജനസംഖ്യ: 22,596 (2001). ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് അധികമായുള്ളത്; ക്രിസ്ത്യാനികളാണ് സാമ്പത്തികമായി മുന്നിട്ടുനില്ക്കുന്നത്. ഒരു പുരാതന ക്രൈസ്തവകേന്ദ്രമാണ് അയിരൂര്‍. ആറന്മുള ഭഗവാന്റെ ആരാധകരായി അറിയപ്പെടുന്ന അയിരൂര്‍ക്കാര്‍ ഇന്നും ആറന്മുള വള്ളംകളിക്ക് ഒരു ചുണ്ടന്‍വള്ളം അയച്ച് പങ്കുകൊള്ളുന്നു.

എ.ഡി. 974-ലെ മാമ്പള്ളി താമ്രശാസനം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ അന്ന് അയിരൂര്‍ വേണാടിന് അധീനമായിരുന്നു. ശ്രീവല്ലഭന്‍കോത എന്ന രാജാവാണ് അന്നു വേണാട് ഭരിച്ചിരുന്നത്. 'ആശാന്മാര്‍' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന 'തോട്ടാവള്ളിക്കുറുപ്പന്മാര്‍' അയിരൂരിലെ നാടുവാഴികളായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. കോയില്‍ എന്നു സ്ഥാനപ്പേരുള്ള ഒരുകൂട്ടം നാടുവാഴികളും അയിരൂര്‍ ഭരിച്ചിരുന്നു. തെക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാന്‍ സ്വേച്ഛാനുസരണം വിവാഹം കഴിക്കയാല്‍ നാടുവാഴിയുടെ വിരോധത്തിനു പാത്രമായി സ്വന്തം കോവിലകംവിട്ട് അയിരൂരില്‍ വന്നുതാമസിച്ചുവെന്നും, ഇദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് 'കോയില്‍മാര്‍' എന്നുമാണ് ഐതിഹ്യം. തെക്കുംകൂര്‍ രാജ്യം വേണാട്ടില്‍ ലയിച്ചതോടെ അയിരൂര്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു.

2. കൊല്ലംപട്ടണത്തിന് അല്പം കി.മാറി സ്ഥിതിചെയ്യുന്ന ഗ്രാമം. ഈ പ്രദേശം ഡച്ചുകാര്‍വഴി വേണാട്ടധിപന്റെ കൈവശം വന്നുചേര്‍ന്നതിനു ചരിത്രരേഖകളുണ്ട്. ഇളയിടത്തു സ്വരൂപത്തിലെ (കൊട്ടാരക്കര രാജവംശം) റാണി വേണാട്ടധിപനായ മാര്‍ത്താണ്ഡവര്‍മയുടെ ആക്രമണം (എ.ഡി. 1741) ഭയന്ന് തെക്കുംകൂറില്‍ അഭയം പ്രാപിച്ചു. ഡച്ചുകാര്‍ ഇവര്‍ക്കു സഹായവാഗ്ദാനം നല്കി തിരികെ വാഴിച്ചു. ഇതിനുള്ള പാരിതോഷികമായി അയിരൂര്‍, വെച്ചൂര്‍ എന്നീ സ്ഥലങ്ങള്‍ ഡച്ചുകാര്‍ക്കു ലഭിക്കുകയും ചെയ്തു. ഏറെത്താമസിയാതെ മാര്‍ത്താണ്ഡവര്‍മ ഇളയിടത്തു സ്വരൂപം ആക്രമിച്ചു കീഴടക്കി. തുടര്‍ന്ന് ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മയുമായി സന്ധിയിലേര്‍പ്പെടുകയും ഉടമ്പടിയനുസരിച്ച് അയിരൂര്‍ വേണാടിന്റെ ആധിപത്യത്തിലാകുകയും ചെയ്തു.

3.ആലുവ, ചിറയിന്‍കീഴ് തുടങ്ങിയ പല താലൂക്കുകളിലും അയിരൂര്‍ എന്നുപേരുള്ള വില്ലേജുകളുണ്ട്. ഇവയില്‍ ആലുവാ താലുക്കിലെ അയിരൂരാണ് പ്രസിദ്ധമായ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിന്റെയും അതോടനുബന്ധിച്ചുള്ള മറ്റു സ്ഥാപനങ്ങളുടെയും ആസ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍