This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയനം

Solstice

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരവേളയില്‍ സൂര്യന്‍ തെക്കോട്ടും വടക്കോട്ടും ആണ്ടില്‍ ഓരോ പ്രാവശ്യം നീങ്ങുന്നതായി അനുഭവപ്പെടുന്ന പ്രതിഭാസം. സൂര്യപഥത്തിന്റെ ഇപ്രകാരമുള്ള വ്യതിചലനങ്ങളുടെ അന്ത്യങ്ങളാണ് അയനാന്തങ്ങള്‍. അയനാന്തങ്ങളില്‍ സൂര്യന്‍ അചരമായി നിന്നതിനുശേഷം മടക്കയാത്ര ആരംഭിക്കുന്നതായാണ് തോന്നുന്നത്. സൂര്യന്‍ അചരമായി നില്ക്കുന്നതിനാലാണ് ഈ സ്ഥാനങ്ങള്‍ക്ക് അയനാന്തങ്ങള്‍ (Solst ice) എന്നു പേരുണ്ടായത്. സൂര്യന്‍ ഈ സ്ഥാനങ്ങളില്‍ എത്തുന്ന സമയത്തെയും 'അയനാന്തങ്ങള്‍' എന്ന പദംകൊണ്ടു വിവക്ഷിക്കാറുണ്ട്.

ഭൂമധ്യരേഖാതല (equatorial plane) വും ഭൂമി സൂര്യനെ ചുറ്റുന്ന ക്രാന്തിവൃത്ത (ecliptic) തലവും സമാന്തരമല്ലാത്തതിനാലാണ് സൂര്യന്‍ ഇങ്ങനെ തെക്കോട്ടും വടക്കോട്ടും ചരിക്കുന്നതായി തോന്നുന്നത്. ഭൂമിയുടെ ഭ്രമണാക്ഷം (axis of rotation) ക്രാന്തിവൃത്തത്തിനു ലംബമല്ല. തന്മൂലം ഭൂമധ്യരേഖയ്ക്കു സമാന്തരമായ ആകാശഗോളത്തില്‍ സങ്കല്പിക്കുന്ന വൃത്തമായ ഖ. മധ്യരേഖയും ക്രാന്തിവൃത്തത്തോട് ചരിഞ്ഞിരിക്കുന്നു. ഈ രണ്ടു വൃത്തങ്ങളുടെയും പ്രതിച്ഛേദബിന്ദുക്കളായ വിഷുവങ്ങ (equinoxes) ളില്‍ മാത്രമേ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ മുകളില്‍ വരുന്നതായി തോന്നുകയുള്ളു. വിഷുവം കഴിഞ്ഞ് ഭൂമി ക്രാന്തിവൃത്തതലത്തില്‍ മുന്നോട്ടു നീങ്ങുന്തോറും ഖമധ്യരേഖയും സൂര്യനുമായുള്ള കോണം (ക്രാന്തി: declination) വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു; സൂര്യന്‍ ഉത്തരായനമോ ദക്ഷിണായനമോ ചെയ്യുന്നതായി ഭൂമിയിലുള്ളവര്‍ക്കു തോന്നുകയും ചെയ്യും. വിഷുവങ്ങളില്‍നിന്ന് സൂര്യന്‍ ഏറ്റവും അകലെയുള്ള സ്ഥാനത്ത് എത്തുമ്പോള്‍ ക്രാന്തി ഉച്ചകോടിയിലാകുന്നതാണ് അയനാന്തം. ഇവിടെ സൂര്യന്‍ അചരമായി നില്ക്കുന്നതായി തോന്നിക്കുന്നു. അയനാന്തത്തിനുശേഷം ഭൂമി അടുത്ത വിഷുവത്തിലേക്കു നീങ്ങുകയായി; ക്രാന്തിയും കുറഞ്ഞുവരുന്നു. സൂര്യന്‍ ഖമധ്യരേഖയിലേക്കു നീങ്ങുന്നതായി പ്രകടമാകുന്നു. വിഷുവത്തില്‍ സൂര്യന്‍ മധ്യരേഖയ്ക്കു നേരെ മുകളില്‍ എത്തിയശേഷം ഭൂമിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മറുവശത്തേക്കുള്ള ക്രാന്തി വര്‍ധിച്ചുവരുന്നു. സൂര്യന്‍ അടുത്ത അയനാന്തത്തിലേക്കു നീങ്ങുന്നതായി തോന്നിക്കുന്നു. അയനാന്തത്തിലെത്തുമ്പോള്‍ വീണ്ടും ക്രാന്തി ഉച്ചതമമായിരിക്കും.

ക്രാന്തി ഉച്ചതമമാകുന്ന സ്ഥാനങ്ങള്‍-ക്രാന്തിവൃത്തത്തിലുള്ള ബിന്ദുക്കള്‍-ആണ് അയനാന്തങ്ങള്‍ എന്നും പറയാം. ക്രാന്തിവൃത്തത്തില്‍ ആ ബിന്ദുക്കള്‍ വിഷുവങ്ങള്‍ക്കു സമദൂരസ്ഥങ്ങളായിരിക്കും; അയനാന്തങ്ങളെ യോജിപ്പിക്കുന്ന രേഖ വിഷുവരേഖയ്ക്കു ലംബവുമായിരിക്കും. അയനാന്തങ്ങള്‍ രണ്ടെണ്ണമുണ്ട് : (1) ഉത്തര അയനാന്തം, (2) ദക്ഷിണ അയനാന്തം. ഉത്തര-അയനാന്തം ഗ്രീഷ്മകാലത്ത് ജൂണ്‍ 21-നും ദക്ഷിണ അയനാന്തം ശീതകാലത്ത് ഡി. 22-നുമാണ്. ഉത്തര അയനാന്തത്തില്‍ സൂര്യന്‍ ഉത്തരായനരേഖ (Tropic of Cancer)യെയും ദക്ഷിണ അയനാനന്തത്തില്‍ ദക്ഷിണായനരേഖ(Tropic of Capricorn)യെയും സ്പര്‍ശിക്കുന്നു. ഭ്രമണാക്ഷത്തിന്റെ ചരിവുമൂലം ഉത്തരായനാന്തത്തില്‍ ഭൂമിയുടെ ഉത്തരധ്രുവം സൂര്യന്റെ വശത്തേക്കു ചരിഞ്ഞിരിക്കുന്നു. അതിനാല്‍ 66°.5 അക്ഷാംശത്തിന് മുകളിലുള്ള ഭൂവിഭാഗങ്ങള്‍ക്ക് സൂര്യന്‍ അസ്തമിക്കുന്നില്ല; അര്‍ധരാത്രിയില്‍പ്പോലും സൂര്യന്‍ ആകാശത്തില്‍ ദൃശ്യമാകുന്നു. ഉത്തരധ്രുവവൃത്തത്തിനുള്ളിലുള്ള ജനങ്ങള്‍ക്കു സൂര്യന്‍ ആകാശത്ത് ഒരു വൃത്താകാരപഥത്തില്‍ സഞ്ചരിക്കുന്നതായി കാണാം. ദക്ഷിണായനാന്തത്തില്‍ ദക്ഷിണധ്രുവത്തോടടുത്ത പ്രദേശങ്ങളിലെ സ്ഥിതിയും ഇതുതന്നെ. സൂര്യന്‍ ആകാശത്തില്‍ കറങ്ങുന്നതായി കാണാം.

ഉത്തരായണാന്തത്തില്‍ ദക്ഷിണധ്രുവപ്രദേശങ്ങളില്‍ എല്ലാ സമയവും ഇരുട്ടായിരിക്കും. അതുപോലെ ദക്ഷിണായനാന്തത്തില്‍ ഉത്തരധ്രുവപ്രദേശങ്ങളിലും പകല്‍ ഉണ്ടായിരിക്കില്ല.

ദീര്‍ഘവൃത്തപഥത്തില്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഭൂമി സൂര്യന്റെ സമീപത്താകുന്നതു ദക്ഷിണായനാന്തത്തില്‍ ആകയാല്‍ അപ്പോള്‍ 6 ശ.മാ. കൂടുതല്‍ സൗരോര്‍ജം ഭൂമിയില്‍ പതിക്കുന്നു. എങ്കിലും രശ്മികളുടെ തിര്യക് പതനം മൂലം ഉത്തരാര്‍ധഗോളത്തില്‍ ചൂട് കുറവായിട്ടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ദക്ഷിണാര്‍ധഗോളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ളത് ഈ സമയത്താകുന്നു.

സൂര്യന്‍ മൂലമുള്ള അയനഭ്രംശം മൂര്‍ധന്യത്തിലെത്തുന്നത് അയനാന്തങ്ങളിലാണ്; കാരണം ഭൂമിയുടെ ഭ്രമണാക്ഷത്തെ ക്രാന്തിവൃത്തത്തിനു ലംബമാക്കുവാന്‍ പോരുന്ന ബലയുഗ്മം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് അയനാന്തങ്ങളിലാണെന്നതുതന്നെ; പ്രത്യേകിച്ച് ഭൂമി സൂര്യനു സമീപമാകുന്ന ദക്ഷിണായനാന്തത്തില്‍. നോ: അയനഭ്രംശം; അയനാന്ത-ഉന്‍മണ്ഡലം.

(പ്രൊഫ. എസ്.എല്‍. തോമസ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍