This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലപ്പുഴ

കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു താലൂക്ക്. ഇതില്‍പ്പെട്ട രണ്ടു പഞ്ചായത്തുകളാണ് നോര്‍ത്ത് അമ്പലപ്പുഴയും സൗത്ത് അമ്പലപ്പുഴയും. പ. അറബിക്കടലും വ. ചേര്‍ത്തല താലൂക്കും കി. കുട്ടനാട്-കാര്‍ത്തികപ്പള്ളി താലൂക്കുകളും തെ. കാര്‍ത്തികപ്പള്ളി താലൂക്കും അതിര്‍ത്തിയായുള്ള അമ്പലപ്പുഴ താലൂക്കിന്റെ വിസ്തീര്‍ണം 178.70 ച.കി.മീ. ആണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ. കേരളസംസ്ഥാനപ്പിറവിക്കുശേഷം രൂപവത്കൃതമായ കുട്ടനാട് താലൂക്കിലേക്ക് അമ്പലപ്പുഴയില്‍നിന്നും തകഴി, നെടുമുടി, പുളിങ്കുന്ന്, കോയില്‍മുക്ക്, തലവടി തുടങ്ങിയ വില്ലേജുകള്‍ കൈമാറിയതിനാല്‍ ഈ താലൂക്കിന്റെ വിസ്തീര്‍ണം സാരമായി ചുരുങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട് എന്നീ പഞ്ചായത്തുകളുള്‍പ്പെടുന്ന അമ്പലപ്പുഴ സാമൂഹികവികസനബ്ളോക്കിന്റെ ആസ്ഥാനം ആലപ്പുഴ നഗരാതിര്‍ത്തിയിലുള്ള സനാതനപുരത്തും (കളര്‍കോട്) താലൂക്കിന്റെ ആസ്ഥാനം ആലപ്പുഴ നഗരത്തിലുമാണ്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വിസ്തീര്‍ണം 68.63 ച.കി.മീറ്ററും ആണ്. അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ: 28176; സൗത്ത് 22397.

കുഞ്ചന്‍ സ്മാരകസൗധം

ദേശീയപാത 47 കടന്നു പോകുന്ന അമ്പലപ്പുഴ കവലയില്‍നിന്ന് 1.56 കി.മീ. കി.മാറി പ്രസിദ്ധമായ പാര്‍ഥസാരഥിക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ നിത്യനിദാനങ്ങളിലുള്‍പ്പെട്ട പാല്‍പ്പായസം ഈ പ്രദേശത്തിനുതന്നെ ദേശീയ പ്രസിദ്ധി നേടിക്കൊടുത്തിട്ടുണ്ട് (നോ: അമ്പലപ്പുഴ പാല്‍പ്പായസം). പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ തലസ്ഥാനവും അതോടു ചേര്‍ന്ന രാജസൗധങ്ങളും ക്ഷേത്രപരിസരങ്ങളില്‍ പറയത്തക്ക കേടുപാടുകളൊന്നും കൂടാതെ ഇന്നും സ്ഥിതിചെയ്യുന്നു. (നോ: ചെമ്പകശ്ശേരി). ക്ഷേത്രത്തില്‍നിന്ന് ഒന്നര കി.മീ. കിഴക്കുമാറി തിരുവനന്തപുരം-ഷൊര്‍ണൂര്‍ ജലഗാതഗതമാര്‍ഗത്തിന്റെ കിഴക്കേക്കരയോടടുത്തു കാമപുരം ക്ഷേത്രസമീപമുള്ള കരുമാടിക്കുട്ടന്റെ (ബുദ്ധന്‍) പ്രതിമയും ഈ നാടിന്റെ സാംസ്കാരികചരിത്രത്തിലെ മുഖ്യമായ ഒരു നാഴികക്കല്ലാണ്. മഹാകവി കുഞ്ചന്‍നമ്പ്യാരുടെ സ്മരണയെ നിലനിര്‍ത്താന്‍ കേരള ഗവണ്‍മെന്റ് നിര്‍മിച്ചിട്ടുള്ള കുഞ്ചന്‍സ്മാരകസൗധം കൃഷ്ണസ്വാമിക്ഷേത്രത്തിനു തൊട്ടു കി. ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പുന്നപ്ര സമരം നടന്നത് അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിലാണ്. നോ: പുന്നപ്ര-വയലാര്‍ സമരം

കേരളത്തിന്റെ ഭാഷാസാഹിത്യസാംസ്കാരികമേഖലകളില്‍ അമ്പലപ്പുഴ വഹിച്ചിട്ടുള്ള പങ്കു വളരെ പ്രധാനപ്പെട്ടതാണ്. പ്രക്രിയാസര്‍വസ്വം തുടങ്ങിയ ചില പ്രൗഢകൃതികള്‍ എഴുതാന്‍ മേല്പുത്തൂര്‍ നാരായണഭട്ടതിരിക്കു പ്രചോദനം ലഭിച്ചത് അദ്ദേഹം ചെമ്പകശ്ശേരി രാജാവിന്റെ ആസ്ഥാനസദസ്യനായി കഴിയുമ്പോഴായിരുന്നു. കുഞ്ചന്‍നമ്പ്യാരുടെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഒരു നല്ല ഭാഗത്തിനു മാത്രമല്ല, തുള്ളല്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനുതന്നെയും അമ്പലപ്പുഴ സാക്ഷ്യം വഹിച്ചുവെന്നാണ് ഐതിഹ്യം. മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോന്‍ (സന്താനഗോപാലം, രുക്മാംഗദചരിതം), ഇരട്ടക്കുളങ്ങരവാരിയര്‍ (കിരാതം) എന്നീ പ്രസിദ്ധ ആട്ടക്കഥാകര്‍ത്താക്കളും അമ്പലപ്പുഴക്കാരാണ്.

അമ്പലപ്പുഴ കവലയില്‍നിന്നു 3 കി.മീ. വ.മാറി തിരുമല ദേവസ്വം മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്നു. അമ്പപ്പുഴ പട്ടണത്തിലും താലൂക്കിന്റെ ഇതര ഭാഗങ്ങളിലുമായി ഒരു ഒന്നാം ഗ്രേഡ് കോളജും അനേകം ഹൈസ്കൂളുകളും പുന്നപ്രയില്‍ കാര്‍മല്‍ പോളിടെക്നിക്കും പ്രവര്‍ത്തിക്കുന്നു.

മത്സ്യബന്ധനമാണു തീരദേശവാസികളുടെ പ്രധാന തൊഴില്‍. തോട്ടപ്പള്ളി മുതല്‍ പുന്നപ്ര വരെയുള്ള കടല്‍ത്തീരപ്രദേശങ്ങള്‍ മീന്‍പിടുത്തത്തിന്റെ മുഖ്യ കേന്ദ്രങ്ങളാണ്. മത്സ്യസംരക്ഷണത്തിനും മറ്റുമായി ഇവിടങ്ങളില്‍ ധാരാളം യന്ത്രവത്കൃത ശീതസംഭരണികളും സ്ഥാപിതമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങള്‍ വിട്ട് അമ്പലപ്പുഴ നഗരത്തിലേക്കു കടക്കുമ്പോഴേക്ക് കയര്‍ വ്യവസായത്തിനു പ്രാമാണ്യം ലഭിച്ചുകാണുന്നു.

താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ കുട്ടനാട് മേഖലയുടെ അതിര്‍ത്തി കുറിക്കുന്നു. ഇവിടത്തെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നെല്ലിനെയും നാളികേരത്തെയും ആശ്രയിച്ചാണിരിക്കുന്നത്. പുറക്കാട് വില്ലേജില്‍ കരിമണ്ണും കാണ്ടാമരങ്ങളും കൊണ്ടു നിറഞ്ഞുകിടക്കുന്ന പ്രദേശങ്ങള്‍ പല ഗവേഷണപരീക്ഷണപ്രവര്‍ത്തനങ്ങളുടെ ഫലമായി നെല്‍കൃഷിക്ക് ഉപയോഗയോഗ്യമായിത്തീര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ ബാധ ഉണ്ടാകാതിരിക്കാനും ഉപ്പുവെള്ളം കയറാതിരിക്കാനുമായി വിസ്തൃതമായ ഈ പാടശേഖരങ്ങളുടെ ചുറ്റും മണല്‍ച്ചിറകളും കല്‍ച്ചിറകളും കെട്ടാന്‍ ഗവണ്‍മെന്റ് കര്‍ഷകരെ സഹായിക്കുന്നു. ഇതേ ആവശ്യത്തിനായി നിര്‍മിതമായതാണ് തോട്ടപ്പള്ളിയിലെ കൂറ്റന്‍ സ്പില്‍വേ (1955). എന്നാല്‍ ഓരു വെള്ളം സ്ഥിരമായി തടയുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇതിനകം ബോധ്യമായിട്ടുണ്ട്.

അമ്പലപ്പുഴ താലൂക്കിലെ തീരപ്രദേശങ്ങള്‍ ഇടവപ്പാതിക്കാലത്ത് രൂക്ഷമായ കടലാക്രമണങ്ങള്‍ക്കു വിധേയമാകാറുണ്ട്. 2004 ഡി. 26-ന് ഉണ്ടായ സുനാമി ഈ തീരപ്രദേശങ്ങളില്‍ ഏറെ നാശം വിതയ്ക്കുകയുണ്ടായി. നോ: കുട്ടനാട്

(കാട്ടാക്കട ദിവാകരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍