This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (NDDB)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:37, 26 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (NDDB)

ക്ഷീരോത്പാദകരുടെ നിയന്ത്രണത്തിലുള്ള സംഘടനകളെ ഉത്സാഹപ്പെടുത്തുന്നതിനും, ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികമായി സഹായിക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ട ബോര്‍ഡ്. കാര്‍ഷിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലും ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുവേണ്ടിയുള്ള ദേശീയ നയങ്ങളെ സഹായിക്കുന്നതിലും ഇത് ഒരു മുഖ്യ പങ്കു വഹിക്കുന്നു.

സൊസൈറ്റീസ് ആക്റ്റിന്‍ കീഴില്‍ ഒരു സൊസൈറ്റിയായിട്ടാണ് ഇത് ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് 1965-ല്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് രൂപവത്കരിച്ചു. ക്ഷീരവികസനത്തിലൂടെ ക്ഷീരകര്‍ഷകരെ നല്ല ഭാവിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്നു ധവളവിപ്ളവത്തിലൂടെ ഈ ലക്ഷ്യത്തിന് വേഗത കൂട്ടാനും ഇന്ത്യയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റാനും ഇതുവഴി സാധിച്ചു.

തുടക്കം മുതല്‍ ക്ഷീരവികസനത്തിന്റെ പ്രധാന പങ്ക് ക്ഷീര കര്‍ഷകര്‍ക്കു നല്‍കിക്കൊണ്ടാണ് ബോര്‍ഡ് പല ക്ഷീര പദ്ധതികളും ആസൂത്രണം ചെയ്തിട്ടുള്ളത്.

1988-ല്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ ഘടനയില്‍ ചില മാറ്റങ്ങളുണ്ടായി. ഈ വര്‍ഷം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത ബോര്‍ഡും, കമ്പനീസ് ആക്റ്റ് പ്രകാരം ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഡയറി കോര്‍പ്പറേഷനും ഒരു പാര്‍ലമെന്റ് ആക്റ്റ് പ്രകാരം ഒന്നാകുകയും സംയുക്ത പ്രസ്ഥാനത്തിന് നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് എന്ന പഴയ പേര് നിലനിര്‍ത്തുകയും ചെയ്തു. പ്രസ്തുത പാര്‍ലമെന്റ് ആക്റ്റ് എന്‍.ഡി.ഡി.ബി-യെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി പ്രഖ്യാപിക്കുന്നു. ബോര്‍ഡ് പടുത്തുയര്‍ത്തിയ സഹകരണപ്രസ്ഥാനം മറ്റുപല രാജ്യങ്ങള്‍ക്കും ക്ഷീരവികസനത്തിലേര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഒരു മാതൃകയാണ്.

നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്നു. ഡോ. വര്‍ഗീസ് കുര്യന്‍ ആയിരുന്നു ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍.

ക്ഷീരോത്പാദനത്തിനും വിപണനത്തിനും പുറമേ മറ്റു ചില മേഖലകളിലേക്കും ബോര്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കന്നുകാലികളെയും മറ്റും ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പിനായുള്ള മരുന്നു നിര്‍മിക്കുക, അത് വിപണനം ചെയ്യുക എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാകുന്നു. കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടെയും രോഗ നിയന്ത്രണത്തിലും നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് സുപ്രധാനമായ പങ്കു വഹിക്കുന്നു.

ആസൂത്രണത്തിലും നിര്‍വഹണത്തിലും, സഹകരണമേഖലയില്‍ കര്‍ഷകരുടെ നിയന്ത്രണത്തിലുള്ള സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലും നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് പ്രമുഖമായൊരു പങ്കു വഹിക്കുന്നു.

കേരളത്തില്‍ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ പ്രാദേശിക ആഫീസ് തിരുവനന്തപുരത്തെ വഴുതക്കാട്ട് പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍