This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണമേനോന്‍, നാലപ്പാട്ട് (1887 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണമേനോന്‍, നാലപ്പാട്ട് (1887 - 1954)

മലയാള കവിയും ഗദ്യസാഹിത്യകാരനും. 1887 ഒ. 7 - ന് വന്നേരിയിലെ നാലപ്പാട്ടു കുടുംബത്തില്‍ മാധവിയമ്മയുടെയും ആമയൂര് കണ്ണന്‍ പുരുഷോത്തമന്‍ നമ്പൂതിരിയുടെയും മകനായി ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ല. സ്വന്തമായി വായിച്ചും പഠിച്ചും സാഹിത്യത്തില്‍ അവഗാഹം നേടി. സംസ്കൃതവും ഇംഗ്ലീഷും പഠിക്കുകയും ചെയ്തു. മഞ്ചേരി രാമയ്യര്‍ നേതൃത്വം നല്കിയ തിയോസഫിക് സൊസൈറ്റിയില്‍ അംഗമായിരുന്നു. മാനസികമായ വീര്‍പ്പുമുട്ടലുകള്‍ കാരണം നാടുവിട്ടുപോയി. സുഹൃത്തുക്കള്‍ തിരിച്ചുകൊണ്ടുവന്നു. വള്ളത്തോളിന്റെ സന്തതസഹചാരിയും കുട്ടിക്കൃഷ്ണമാരാരുടെ സുഹൃത്തുമായിരുന്നു ഇദ്ദേഹം. 23-ാമത്തെ വയസ്സില്‍ കാളിപ്പുറത്തു   മാധവിയമ്മയെ വിവാഹം കഴിച്ചു. അവരുടെ മരണം കവിയിലുളവാക്കിയ ദുഃഖത്തിന്റെ പ്രതിഫലനമാണ് കണ്ണുനീര്‍ത്തുള്ളി എന്ന കാവ്യം. 16 വര്‍ഷത്തിനു ശേഷം അവരുടെ അനുജത്തിയെ വിവാഹം കഴിച്ചു. 50 വയസ്സു കഴിഞ്ഞപ്പോള്‍ രോഗബാധിതനായി. കവയിത്രി ബാലാമണിയമ്മ ഭാഗിനേയിയാണ്.

Image:Nalapattu narayanamenon.png

കവനകൗമുദിയില്‍ കവിതയെഴുതിക്കൊണ്ടാണ് നാരായണമേനോന്‍ സാഹിത്യരംഗത്തു പ്രവേശിച്ചത്. തുടര്‍ന്ന് ഗദ്യപദ്യവിഭാഗങ്ങളിലായി 12 കൃതികള്‍ രചിച്ചു. കൈതപ്പൂ, നക്ഷത്രങ്ങള്‍, മടി, മാതൃഭൂമി, രാജസിംഹന്‍, വാനപ്രസ്ഥന്റെ വിരക്തി എന്നിവയാണ് ആദ്യകാല കാവ്യങ്ങള്‍. എന്നാല്‍ കണ്ണുനീര്‍ത്തുള്ളി, പുളകാങ്കുരം, ചക്രവാളം, സുലോചന, ലോകം, ദൈവഗതി എന്നിവയാണ് നാലപ്പാടനെ പ്രശസ്തനാക്കിയത്. വള്ളത്തോള്‍ പാരമ്പര്യത്തില്‍പ്പെട്ടവയാണ് ആദ്യകാല കാവ്യങ്ങള്‍.

നാലപ്പാട്ടു നാരായണമേനോന്റെ കൃതികളില്‍ ഏറ്റവും പ്രധാനമാണ് കണ്ണുനീര്‍ത്തുള്ളി എന്ന വിലാപകാവ്യം. സ്വന്തം ജീവിതദുഃഖത്തെ പ്രപഞ്ചസ്വഭാവമെന്ന് ചിത്രണം ചെയ്തുകൊണ്ടാണ് കാവ്യം തുടങ്ങുന്നത്. 12 ഖണ്ഡങ്ങളിലായി 112 പദ്യങ്ങളുള്ള ഈ കാവ്യത്തില്‍ സ്വപ്രേയസിയുടെ വിയോഗം മൂലം കവിക്കുണ്ടായ ദുഃഖം അകൃത്രിമമായി ചിത്രീകരിച്ചിരിക്കുന്നു. ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഒരു വേദാന്തിയുടെ പാരമ്പര്യസിദ്ധമായ മനോഭാവത്തോടെ കാവ്യസുന്ദരമായി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാള വിലാപ കാവ്യങ്ങളില്‍ വച്ച് ഏറ്റവും ശ്രദ്ധേയമാണ് ഈ കൃതി.

നാലപ്പാടന്റെ ആധ്യാത്മിക തത്ത്വദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്ന കാവ്യങ്ങളാണ് പുളകാങ്കുരവും ചക്രവാളവും. തത്ത്വചിന്തയുടെ ഏറ്റവും മികച്ച ആവിഷ്കരണമാണ് ചക്രവാളം. നാരായണമേനോനെ കവിതാസാഹിത്യത്തിന്റെ അത്യുന്നതസ്ഥാനത്ത് എത്തിച്ചവയാണ് മേല്പറഞ്ഞ കൃതികള്‍. ആശയപ്രധാനമാണ് നാലപ്പാടന്റെ കവിത. ടാഗൂര്‍ കവിതകളിലെ ദാര്‍ശനികാന്തരീക്ഷം നാലപ്പാടന്റെ രചനകളില്‍ കാണാന്‍ കഴിയും. രചനാരീതിയില്‍ വള്ളത്തോളിനെയും ചിന്താശക്തിയില്‍ കുമാരനാശാനെയും അനുകരിച്ചിട്ടുണ്ടെന്നാണ് നിരൂപകരുടെ അഭിപ്രായം. കണ്ണുനീര്‍ത്തുള്ളിയും ചക്രവാളവും ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പാവങ്ങള്‍, പൗരസ്ത്യദീപം, വേശുവമ്മയുടെ വിശറി, ലവിന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, രതിസാമ്രാജ്യം, ആര്‍ഷജ്ഞാനം, വള്ളത്തോള്‍ (ജീവചരിത്രം) എന്നിവയാണ് നാലപ്പാട്ടു നാരായണമേനോന്റെ ഗദ്യകൃതികള്‍. വിക്ടര്‍ യൂഗോവിന്റെ ലെ മിറാബെളയുടെ പരിഭാഷയാണ് പാവങ്ങള്‍. ജീവിത സങ്കീര്‍ണതകള്‍ ചിത്രീകരിച്ചിട്ടുള്ള ഈ കൃതിയുടെ പരിഭാഷ പില്ക്കാലത്ത് പാശ്ചാത്യസാഹിത്യ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതിന് വര്‍ധിച്ച പ്രേരകമായി. നാലപ്പാടന്റെ ഈ വിവര്‍ത്തന കൃതി മലയാള സാഹിത്യകാരന്മാരെ ഏറെ സ്വാധീനിച്ചു. ഇതു വായിച്ചിട്ടാണ് 'രാമായണവും ഭാഗവതവും പോലെ വിളക്കുവച്ച് വായിക്കേണ്ടതാണ് 'പാവങ്ങള്‍' എന്ന് വള്ളത്തോള്‍ പറഞ്ഞത്. ബുദ്ധന്റെ ജീവചരിത്രം അടിസ്ഥാനമാക്കി എഡ്വിന്‍ അര്‍നോള്‍ഡ് രചിച്ചിട്ടുള്ള ദ് ലൈറ്റ് ഒഫ് ഏഷ്യ എന്ന കൃതിയുടെ വിവര്‍ത്തനമാണ് പൗരസ്ത്യദീപം. ലൈംഗികവിജ്ഞാനം സംബന്ധിച്ച ഗൗരവമേറിയ പഠനമാണ് രതിസാമ്രാജ്യം. മൌലികത, സമഗ്രത, പ്രതിപാദനശൈലി എന്നിവ ഈ കൃതിയെ ആകര്‍ഷകമാക്കിയിട്ടുണ്ട്. ബ്രഹ്മാണ്ഡം, ത്രിമൂര്‍ത്തികള്‍, ഭക്തിയോഗം എന്നിവയെപ്പറ്റിയാണ് ആര്‍ഷജ്ഞാനത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. വള്ളത്തോളിന് 35 വയസ്സുള്ളപ്പോള്‍ ഇദ്ദേഹം രചിച്ച ലഘുവും ആപൂര്‍വവുമായ ജീവചരിത്രമാണ് വള്ളത്തോള്‍ നാരായണമേനോന്‍.

1954 ഒ. 31-ന് (കൊ.വ. 1130 തുലാം 14) നാലപ്പാട്ട് നാരായണമേനോന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍