This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപിള്ള, പറവൂര്‍ ടി.കെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപിള്ള, പറവൂര്‍ ടി.കെ. (1899 - 1969)

തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രിയും, തിരുകൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും. രാഷ്ട്രതന്ത്രജ്ഞന്‍, അഭിഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1899 ജ.-യില്‍ വടക്കന്‍ പറവൂരിനടുത്തുള്ള കരുമാലൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ചേരാനല്ലൂര്‍ കൃഷ്ണന്‍ കര്‍ത്താവ്. മാതാവ് താഴത്തുവീട്ടില്‍ മാധവിയമ്മ. തിരുവനന്തപുരം ലാ കോളജില്‍നിന്നും നിയമ ബിരുദം നേടിയ ഇദ്ദേഹം ദീര്‍ഘകാലം തിരുവനന്തപുരം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. 1920-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ ഇദ്ദേഹം മഹാത്മാഗാന്ധി ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനം, വിദേശവസ്ത്രബഹിഷ്കരണം, മദ്യവര്‍ജനപ്രസ്ഥാനം തുടങ്ങിയ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലും അംഗമായിരുന്നു. 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിലെ പ്രവര്‍ത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട നാരായണപിള്ള പില്ക്കാലത്ത് അതിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് പലതവണ അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ മൂലം 1948 ഒ. 18-ന് പട്ടം എ. താണുപിള്ള പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു.

ചരിത്രപ്രധാനമായ തിരുവിതാംകൂര്‍ കൊച്ചി സംയോജനകാലത്ത് ഇദ്ദേഹമായിരുന്നു തിരുവിതാംകൂര്‍ പ്രധാനമന്ത്രി. തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത് ടി.കെ. നാരായണപിള്ളയും ഇക്കണ്ടവാര്യരും (കൊച്ചി പ്രധാനമന്ത്രി) ആയിരുന്നു. 1949 ജൂല. 1-ന് തിരു-കൊച്ചി സംസ്ഥാനം നിലവില്‍വന്നപ്പോള്‍ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയായി ഇദ്ദേഹം സ്ഥാനമേറ്റു. നിരവധി എതിര്‍പ്പുകള്‍ ആ മന്ത്രിസഭയ്ക്ക് നേരിടേണ്ടിവന്നു. ശൂരനാട് കലാപത്തിലെ പൊലിസ് നരവേട്ട ശബരിമലക്ഷേത്രത്തിലെ തീവയ്പ് എന്നിവ അവയില്‍ ചിലതാണ്. അതോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അന്തച്ഛിദ്രം കൂടെയായപ്പോള്‍ 1951 ഫെ. 24-ന് ടി.കെ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സി. കേശവന്റെ നേതൃത്വത്തിലുള്ള അടുത്ത മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കി. 1952-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് (ഇന്നത്തെ ചിറയിന്‍കീഴ്) നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ച ടി.കെ. പരാജയപ്പെട്ടു. ഇതിനുശേഷം രാഷ്ട്രീയ ജീവിതത്തില്‍നിന്നും പിന്‍വാങ്ങിയ ഇദ്ദേഹം തിരുവനന്തപുരത്ത് അഭിഭാഷകനായി തുടര്‍ന്നു. അഭിഭാഷകവൃത്തിക്കുപുറമേ പത്രപ്രവര്‍ത്തനത്തിലും ഇദ്ദേഹം തത്പരനായിരുന്നു. സ്വതന്ത്രകാഹളം, അരുണോദയം എന്നീ പത്രങ്ങളുടെ നടത്തിപ്പിലും ഇദ്ദേഹം നേതൃത്വം നല്കി.

1969 മാ. 16-ന് സ്വദേശമായ കരുമാലൂരില്‍ വച്ച് ടി.കെ. നാരായണപിള്ള നിര്യാതനായി.

(പ്രൊഫ. നേശന്‍ ടി. മാത്യു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍