This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപിള്ള, എം.പി. (1939 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപിള്ള, എം.പി. (1939 - 98)

Image:Narayanapilla.M.png

കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, കോളമിസ്റ്റ്. 1939 ന. 22-ന് പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയില്‍ മാളികത്താഴത്തുവീട്ടില്‍ ജനിച്ചു. വിളയില്‍ ചിറങ്ങര ഹൈസ്കൂള്‍, മുവാറ്റുപുഴ നിര്‍മല കോളജ്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവയില്‍ പഠനം. അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എസ്സി അഗ്രിക്കള്‍ച്ചര്‍ ബിരുദം നേടി. പിന്നീട് ദില്ലി ഈസ്റ്റ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇക്കാലയളവില്‍ ദില്ലിയിലെ മലയാളി എഴുത്തുകാരുമായുള്ള സൌഹൃദവും സാഹിത്യത്തോടുള്ള അഭിനിവേശവും എഴുതാനുള്ള പ്രേരകശക്തിയായി. അഞ്ചുവര്‍ഷം കേന്ദ്ര ആസൂത്രണ കമ്മിഷനില്‍ ഇക്കണോമിക് ഇന്‍വെസ്റ്റിഗേറ്ററായി ജോലി നോക്കുന്ന സമയത്താണ്, കഥാരചനയിലും വ്യാപൃതനായത്. പത്രപ്രവര്‍ത്തനത്തിന്റെ സ്വാധീനശക്തി നന്നായി മനസ്സിലാക്കിയിരുന്ന ഇദ്ദേഹത്തിന്റെ പ്രതിഭാവിലാസം, മാധ്യമലോകത്തിന് പല നൂതന സംഭാവനകളും നല്കിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ ജോലി ഉപേക്ഷിച്ച് ഹോങ്കോങ്ങിലെ 'ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു'വില്‍ ഉപപത്രാധിപരായി സ്ഥാനമേറ്റെടുത്തു. ധനകാര്യപത്രപ്രവര്‍ത്തനത്തില്‍ പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനും കാലാനുസൃതമായ മാര്‍ക്കറ്റിങ് ചേരുവകള്‍ ആവിഷ്കരിക്കാനും എം.പി. നാരായണപിള്ളയ്ക്ക് കഴിഞ്ഞു. പിന്നീട് 1970-72 വരെ മുംബൈയിലെ കൊമേഴ്സ് ഗ്രൂപ്പിന്റെ ചീഫ് ഒഫ് പബ്ളിക്കേഷന്‍സ്, മക്ഗ്രാഹില്‍ 'വേള്‍ഡ് ന്യൂസി'ന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ എന്നീ നിലകളില്‍ ഇദ്ദേഹം ശ്രദ്ധ നേടി. 'മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റിവ്യു' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കൌമുദി പ്രസിദ്ധീകരണമായ 'ട്രയല്‍' വാരികയുടെ പത്രാധിപര്‍, 'ഏഷ്യന്‍ ഇന്‍ഡസ്ട്രീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍' എന്ന സ്ഥാപനത്തിറെ ചീഫ് എക്സിക്യൂട്ടീവ് എന്നീ പദവികളിലും ഇദ്ദേഹം തിളങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പത്രമാസികകളില്‍ പലതരം വിഷയങ്ങളെപ്പറ്റി ഒട്ടേറെ പംക്തികള്‍ എഴുതിയിരുന്നു. അസാധാരണമായ വിശകലനപാടവവും മൂര്‍ച്ചയേറിയ യുക്തികൌശലവും മൌലികത്വമാര്‍ന്ന നിരീക്ഷണവുമായിരുന്നു എം.പി. നാരായണപിള്ളയുടെ രചനകളെ വേറിട്ടുനിര്‍ത്തിയത്. വിയോജിപ്പും വിശകലനവും വിശേഷബുദ്ധിയുമായിരുന്നു എം.പി.യുടെ സാമൂഹിക നിരീക്ഷണങ്ങളുടെ തുറുപ്പുചീട്ട്. സാഹിത്യമേഖലയ്ക്കപ്പുറം രാഷ്ട്രീയം, കല, സ്പോര്‍ട്സ്, മതം, ജ്യോതിഷം, യുക്തിവാദം, ബിസിനസ് തുടങ്ങിയ രംഗങ്ങളില്‍ ഇദ്ദേഹം താത്പര്യം പുലര്‍ത്തിയിരുന്നു.

യാഥാസ്ഥിതിക രചനാസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മിത്തിന്റെയും അതിഭൗതികത്വത്തിന്റെയും പഴങ്കഥകളുടെയും കഥാവഴികളായിരുന്നു ഇദ്ദേഹം തെരെഞ്ഞെടുത്തത്. കറുത്ത ഫലിതം, നാണപ്പന്‍ രചനകളുടെ അന്തര്‍ധാരയാണെന്ന് കാണാം.

മുരുകന്‍ എന്ന പാമ്പാട്ടിയാണ് ആദ്യകഥ. മുരുകന്‍ എന്ന പാമ്പാട്ടി, അന്തിക്കൂട്, സത്രഗലി എന്നീ കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തനാക്കി. ഞങ്ങള്‍ അസുരന്മാര്‍ എന്ന നോവലിലൂടെ യുക്തിവാദികളുടെ മതസമീപനത്തെയും നിലപാടുകളെയും രൂക്ഷമായി വിമര്‍ശിക്കുന്ന രസഭാവനയാണ് നാണപ്പന്‍ പകര്‍ന്നു നല്കിയത്. മലയാള നോവല്‍ ചരിത്രത്തിന് മുതല്‍ക്കൂട്ടായി മാറിയ പരിണാമത്തില്‍ നായകകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത് ഒരു നായയാണ്. നിശിതമായ രാഷ്ട്രീയ വിമര്‍ശമായി നിരൂപകര്‍ വിലയിരുത്തിയ ഈ കൃതി, രചയിതാവിന്റെ ധിഷണാവൈഭവവും രചനാ ശില്പചാതുരിയും കൂടി അരക്കിട്ടുറപ്പിക്കുന്നു. അപ്രതീക്ഷിതമായ നര്‍മ മാധുരി, എം.പി.യുടെ കഥകളിലുടനീളമുണ്ട്. പ്രകോപനത്തിന്റെ ചൂടും ചൂരും നിറച്ച രചനകളിലൂടെ ഒട്ടേറെ വായനക്കാരെ സ്വന്തമാക്കിയ എം.പി., അനുവാചകന്റെ മനസറിഞ്ഞ എഴുത്തുകാരനായിരുന്നു. അപൂര്‍വ കഥാഘടനയോടെ പുറത്തുവന്ന പരിണാമം 1991-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയെങ്കിലും ഇദ്ദേഹം അത് നിരസിച്ചു. എം.പി. നാരായണപിള്ളയുടെ കഥകള്‍, മൂന്നാം കണ്ണ്, അവസാനത്തെ പത്തുരൂപാനോട്ട്, എം.പി. നാരായണപിള്ളയുടെ കാഴ്ചപ്പാടുകള്‍, 56 സത്രഗലി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍.

ഭാര്യ: പ്രഭാപിള്ള. രണ്ട് ആണ്‍മക്കള്‍. 1998 മേയ് 19-ന് മുംബൈയില്‍ അന്തരിച്ചു. വി.കെ.എന്‍., മാധവിക്കുട്ടി, കാക്കനാടന്‍, പ്രഭാപിള്ള തുടങ്ങിയവരുടെ നാണപ്പന്‍ സ്മരണകള്‍ പ്രസിദ്ധമാണ്.

(എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍