This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണപണ്ഡിതന്‍ (1340? - 1400?)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാരായണപണ്ഡിതന്‍ (1340? - 1400?)
ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍. 1340-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. ജന്മദേശമെവിടെയാണെന്ന് വ്യക്തമല്ല. അച്ഛന്റെ പേര് നൃപസിംഹന്‍. അങ്കഗണിതത്തിലും ബീജഗണിതത്തിലുമായിരുന്നു നാരായണന്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നത്. സംഖ്യാ സിദ്ധാന്തത്തിലായിരുന്നു മുഖ്യ സംഭാവന. സംഖ്യകളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഇദ്ദേഹം ഗണിതക്രിയകള്‍ വികസിപ്പിച്ചെടുത്തു. സംഖ്യകളെ ഗുണിക്കുന്നതിനും സംഖ്യകളുടെ വര്‍ഗങ്ങള്‍ കാണുന്നതിനും അല്‍ഗോരിത(algorithm)ങ്ങള്‍ തയ്യാറാക്കി. വര്‍ഗങ്ങള്‍ കാണുന്നതിന് ഏഴ് സമ്പ്രദായങ്ങള്‍ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ഗണിതശാസ്ത്രജ്ഞന്മാരാരും തന്നെ അന്നേവരെ ഇത്രയും വൈവിധ്യമുള്ള രീതികള്‍ കണ്ടുപിടിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അനിര്‍ധാര്യസമീകരണങ്ങളുപയോഗിച്ച് സംഖ്യകളുടെ വര്‍ഗമൂലം കണ്ടുപിടിക്കുന്നതിനുള്ള നിയമങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
NX2 + 1 = y2 എന്ന രൂപത്തിലുള്ള സമീകരണങ്ങളാണ് (N സംഖ്യ, x,y എന്നിവമൂലം root)) ഇദ്ദേഹം ഇതിന് പഠനവിധേയമാക്കിയത്. സംഖ്യാശ്രേണികളെക്കുറിച്ചുള്ള പഠനങ്ങളില്‍സമാന്തര ശ്രേണിയുടെ വിശദീകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വശങ്ങളുടെ അളവ് പൂര്‍ണസംഖ്യകളായുള്ള, ത്രികോണങ്ങള്‍ നിര്‍മിക്കാനുള്ള നിയമങ്ങള്‍ കണ്ടെത്താന്‍ നാരായണന് കഴിഞ്ഞു.
മാജിക് സ്ക്വയറുകള്‍ (Magic Squares) ഉണ്ടാക്കാനുള്ള നിരവധി വിധികള്‍ അവതരിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നെടുകേയും കുറുകേയും കോണോടുകോണും കൂട്ടിയാല്‍ ഒരേസംഖ്യ വരുന്ന വ്യത്യസ്ത സംഖ്യകളുടെ സമചതുരവ്യൂഹമാണ് മാജിക് സ്ക്വയര്‍. ഇരട്ടസംഖ്യകള്‍, ഒറ്റസംഖ്യകള്‍ എന്നിവ മാത്രമായുള്ള സ്ക്വയറുകള്‍ കണ്ടെത്താനും ഇദ്ദേഹത്തിനു സാധിച്ചു. ഇതുപോലെ മാജിക് ത്രികോണം, മാജിക് ദീര്‍ഘചതുരം, മാജിക് വൃത്തം എന്നിവയും നാരായണന്‍ വിശദീകരിച്ചിട്ടുണ്ട്. മാജിക് സക്വയറുകളും അങ്കഗണിത ശ്രേണികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള സൂത്രവാക്യങ്ങളും നിയമങ്ങളും നല്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഈ സ്ക്വയറുകളിലെ സംഖ്യകള്‍തമ്മിലുള്ള തിരശ്ചീന അന്തരം (horizontal difference), ലംബ അന്തരം (Vertical difference) എന്നിവ കാണുന്നതിനുള്ള രീതികള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വൃത്തത്തിന്റെ ചാപം കണ്ടുപിടിക്കുന്നതിനുള്ള നിയമവും ഇദ്ദേഹം ആവിഷ്കരിച്ചു.
ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ശ്രീധരന്‍, ഭാസ്കരന്‍ II എന്നീ ഗണിതാചാര്യന്മാരുടെ ഗണിതരീതികള്‍ പിന്‍തുടര്‍ന്ന ഗണിതശാസ്ത്രജ്ഞനാണ് നാരായണന്‍. ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ് അങ്കഗണിതത്തെക്കുറിച്ചുള്ള ഗണിതകൌമുദിയും ബീജഗണിതത്തെക്കുറിച്ചുള്ള ബീജഗണിതാവതംസവും. ബീജഗണിതാവതംസത്തിന് 2 ഭാഗങ്ങളുണ്ട്. ഭാസ്കരാചാര്യരുടെ ലീലാവതിക്കു നാരായണനെഴുതിയ വ്യാഖ്യാനമാണ് കര്‍മപ്രദീപിക. ഗണിതകൌമുദിയുടെ കൈയെഴുത്തുപ്രതിയുടെ ഒരു ഭാഗം കാശിയിലെ സരസ്വതീഭവന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.